പഞ്ചായത്തിലൂടെ

അനങ്ങനടി - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന അനങ്ങനടി പഞ്ചായത്തിനെ ഉയര്‍ന്ന കുന്നിന്‍പുറങ്ങള്‍, ചെരിവുപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം. അനങ്ങന്‍മല, പക്കിമല, രണ്ടുമലക്കാട്, നിലവറക്കാട്, ആറുകാട് എന്നിവ പഞ്ചായത്തിലെ ചില കുന്നുകളാണ്. കുന്നിന്‍ പുറങ്ങളില്‍ നിന്ന് താഴേക്ക് ചെരിഞ്ഞ പ്രദേശങ്ങളില്‍ മിക്കതും തട്ടുകളായി തിരിച്ച് ജനങ്ങള്‍ കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ലാറ്ററൈറ്റ് കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്നത്. ആകെ 1294 ഹെക്ടര്‍ സ്ഥലത്ത് ഒന്നും രണ്ടും വിളകളായി പഞ്ചായത്തില്‍ നെല്‍ കൃഷി ചെയ്യുന്നുണ്ട്. തെങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷിയിനങ്ങള്‍. പഞ്ചായത്തിന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നത് കാഞ്ഞിരപ്പുഴ കനാലാണ്. 1961-ലാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. എന്നാല്‍ 10 വാര്‍ഡുകളുള്ള പഞ്ചായത്ത് പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1963 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ്. 20.78 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 22078-ആണ്. 87% സാക്ഷരതയുള്ള ഇവരില്‍ 10242 പേര്‍ പുരുഷന്‍മാരും 11836 പേര്‍ സ്ത്രീകളുമാണ്. 44 കുളങ്ങളും 47 പൊതുകിണറുകളും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ ജല സ്രോതസ്സ്. കാഞ്ഞിരപ്പുഴ കനാല്‍ മറ്റൊരു പ്രധാന ജലസ്രോതസ്സാണ്. പഞ്ചായത്തില്‍ പരിസ്ഥിതി വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു വരുന്ന പ്രദേശമാണ് അനങ്ങന്‍മല. ഒരു മാവേലിസ്റ്റോറും 7 റേഷന്‍കടകളുമുള്‍പ്പെടെ പൊതുവിതരണ രംഗത്ത് ശക്തമാക്കുന്ന 8 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 133 പൊതുടാപ്പുകളും 381 വഴിവിളക്കുകളും പഞ്ചായത്തിലുണ്ട്. നെല്ലുകുത്ത് മില്ല്, എണ്ണമില്ല്, മരമില്ല്, പായ, ചെരിപ്പ് എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ദീര്‍ഘനാളുകളായി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ രംഗത്ത് ആധുനിക വ്യവസായമെന്ന നിലയില്‍ പരാമര്‍ശിക്കാവുന്ന ഒന്നാണ് സര്‍ജിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ യൂണിറ്റ്. ഗാര്‍മെന്റ്സ്, കുടനിര്‍മ്മാണം എന്നിവയാണ് മറ്റുള്ളവ. കളിമണ്‍പാത്ര നിര്‍മ്മാണം, കൊട്ട, വട്ടി, പനമ്പ്, കത്തി, അമ്മി, മടവാള്‍, ആട്ടുകല്ല്, പായ, പപ്പടം തുടങ്ങിയ ഗാര്‍ഹിക ഉത്പന്നങ്ങളുടെ നിര്‍മ്മാണമാണ് പരമ്പരാഗത വ്യവസായത്തില്‍ മുഖ്യം. 1892-ല്‍ പള്ളിക്കൂടമായി ആരംഭിച്ച പാലക്കാട് യു.പി.സ്കൂളാണ് പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസ കേന്ദ്രം.   പതിമൂന്ന് വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള ഈ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍ അനങ്ങനടിയിലാണ്. പാലക്കാട്ടും പനമണ്ണയിലുമാണ് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് എല്‍.പി.സ്കൂളുകളും രണ്ട് യു.പി.സ്കൂളുകളുമടക്കം നാല് വിദ്യാലയങ്ങളാണ് ഇവിടെയുള്ളത്. പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസും, പോസ്റ്റ് ഓഫീസും കോതകുര്‍ശ്ശിയിലും ടെലിഫോണ്‍ എക്സ്ചേഞ്ച് പനമണ്ണയിലും സ്ഥിതി ചെയ്യുന്നു. ആരോഗ്യമേഖലയില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലായി മൂന്നു ആശുപത്രികള്‍ പഞ്ചായത്തിലുണ്ട്. വിവാഹം, പൊതുപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് പാലക്കാട് മദ്രസ ഹാള്‍, നൂറുമഹല്‍ കല്യാണമണ്ഡപം എന്നിവിടങ്ങളാണ് ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. പാലക്കാട് പ്രവര്‍ത്തിക്കുന്ന തയ്യല്‍ കമ്പനി, കോതകുര്‍ശ്ശിയിലുള്ള മരമില്ല്, പാലക്കാട് തുണിമില്ല് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യവസായ സ്വകാര്യ സ്ഥാപനങ്ങള്‍. പത്തംകുളത്താണ് കൃഷിഭവനും കാര്‍ഷികവിത്തുല്‍പ്പാദനകേന്ദ്രവും സ്ഥിതി ചെയ്യുന്നത്. ബാങ്കിംഗ് രംഗത്ത് പഞ്ചായത്തില്‍ ആകെ 4 സ്ഥാപനങ്ങളാണുള്ളത്. ദേശസാല്‍കൃത ബാങ്കായ  എസ്.ബി.ടി, കോതകുര്‍ശ്ശി സര്‍വ്വീസ് സഹകരണ ബാങ്ക്, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്, അനങ്ങനടി വനിത സഹകരണ ബാങ്ക് എന്നിവയാണവ. പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗം റോഡുകളാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം, തുറമുഖം, റെയില്‍വേ സ്റ്റേഷന്‍ എന്നിവ യഥാക്രമം കോഴിക്കോടും, കൊച്ചിയും, ഷൊര്‍ണ്ണൂരുമാണ്. പനമണ്ണ അമ്പലവട്ടം റോഡ്, വട്ടപറമ്പ് റോഡ്, പത്തകുളം കോളനിറോഡ് തുടങ്ങിയവയാണ് പ്രധാന റോഡുകള്‍. ഒറ്റപ്പാലത്തും ചെര്‍പ്പുളശ്ശേരിയിലുമാണ് ബസ് സ്റ്റാന്റുകളുള്ളത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളുള്ളത് കോതകുര്‍ശ്ശിയിലാണ്. കെ.ടി.കോംപ്ളക്സ്, ആയിഷ കോംപ്ളക്സ് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. പഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്നത് മുസ്ളീങ്ങളും, ഹിന്ദുക്കളുമായതു കൊണ്ടു തന്നെ ഉത്സവങ്ങളും, നേര്‍ച്ച ആഘോഷങ്ങളും കൂടുതല്‍ നടക്കുന്നത് ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ടാണ്. ചേറമ്പറ്റക്കാവ് ഭഗവതി ക്ഷേത്രം, ഗണപതിപ്പാറ ഗണപതിക്ഷേത്രം, കാഞ്ഞിരത്തില്‍ ചാത്തന്‍ സേവാമഠം, കടുക്കാവ് അമ്പലം, മൂച്ചിക്കുണ്ട് ജുമാമസ്ജിദ്, തെക്കേക്കാട് ജുമാമസ്ജിദ്, പാവുക്കോണം ജുമാമസ്ജിദ് തുടങ്ങി 35-ല്‍പരം ആരാധനാലയങ്ങളാണ് പഞ്ചായത്തിലുള്ളത്. ചേറമ്പറ്റക്കാവ് പൂരം, മലോല്‍ മക്കാവ് പൂരം, പത്തംകുളത്തില്‍ ഭഗവതിയുടെ പൂരം, പത്തായത്തില്‍ നേര്‍ച്ച, അനങ്ങനടി നേര്‍ച്ച, മണിപള്ളി നേര്‍ച്ച, ചാണ്ടന്‍കുഴി നേര്‍ച്ച എന്നിവയാണ് പ്രധാന ദേവാലയോത്സവങ്ങള്‍. മുന്‍ ബീഹാര്‍ ഗവര്‍ണ്ണറായിരുന്ന വി.പി.മേനോന്‍, സ്വതന്ത്ര്യസമരസേനാനി  കയറാട്ടു കുട്ടപ്പന്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാപ്പല ശങ്കരനാരായണമേനോന്‍ തുടങ്ങിയവരാണ് പഞ്ചായത്തിലെ മണ്‍മറഞ്ഞ പ്രശസ്തരായ വ്യക്തികള്‍. സിനിമാ മേഖലയില്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികളില്‍ ഒരാളാണ് ആര്‍.നമ്പിയത്ത്. തായമ്പക വിദ്വാന്‍ കലാമണ്ഡലം പനമണ്ണശ്ശി, സാഹിത്യകാരനായ ശശി വാര്യര്‍, കുറുങ്കുഴല്‍-മദ്ദളം വിദ്വാന്മാരായ   പനമണ്ണ മനോഹരന്‍, പനമണ്ണ മണി എന്നിവര്‍ ശ്രദ്ധേയരായ കലാകാരന്‍മാരാണ്. പഞ്ചായത്തിന്റെ കലാകായിക സാംസ്കാരിക രംഗത്ത് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പലവട്ടം യുവജന കലാവേദി, പനമണ്ണ നവോദയം കലാസമിതി, വടക്കുമുറി വായനശാല, ലിറ്റില്‍ ഫ്ളവര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ് എന്നിവയെ കൂടാതെ മറ്റു നിരവധി കലാസമിതികളും രംഗത്തുണ്ട്. ആരോഗ്യചികിത്സാരംഗത്ത് അലോപ്പതി,ആയൂര്‍വ്വേദം,ഹോമിയോപ്പതി എന്നിവയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സൌകര്യം ലഭ്യമാവുന്നുണ്ട്. പത്തംകുളത്തും അനങ്ങനടിയിലുമാണ് ഈ ആശുപത്രികള്‍ സ്ഥിതിചെയ്യുന്നത്. അനങ്ങനടിയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അമ്പലവട്ടം, പാവുക്കോണം, തരുവക്കോണം, കാഞ്ഞിരം എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുമുണ്ട്.