അനങ്ങനടി
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ഒറ്റപ്പാലം ബ്ളോക്കിലാണ് അനങ്ങനടി വില്ലേജ് ഉള്‍പ്പെടുന്ന അനങ്ങനടി പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961-ലാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. എന്നാല്‍ 10 വാര്‍ഡുകളുള്ള പഞ്ചായത്ത് പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് 1963 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ്. 20.78 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ പ്രധാന ജല സ്രോതസ്സുകള്‍ കാഞ്ഞിരപ്പുഴ കനാല്‍ ഉള്‍പ്പടെയുള്ള 44 കുളങ്ങളും 47 പൊതുകിണറുകളും ആണ്.പരിസ്ഥിതി പ്രേമികളേയും വിനോദസഞ്ചാരികളെയും ആകര്‍ഷിച്ചു വരുന്ന പ്രദേശമാണ് പഞ്ചായത്തിലെ അനങ്ങന്‍മല. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന അനങ്ങനടി പഞ്ചായത്തിനെ ഉയര്‍ന്ന കുന്നിന്‍പുറങ്ങള്‍, ചെരിവുപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം. അനങ്ങന്‍മല, പക്കിമല, രണ്ടുമലക്കാട്, നിലവറക്കാട്, ആറുകാട് എന്നിവ പഞ്ചായത്തിലെ ചില കുന്നുകളാണ്. കുന്നിന്‍ പുറങ്ങളില്‍ നിന്ന് താഴേക്ക് ചെരിഞ്ഞ പ്രദേശങ്ങളില്‍ മിക്കതും തട്ടുകളായി തിരിച്ച് ജനങ്ങള്‍ കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ലാറ്ററൈറ്റ് കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്നത്.നെല്‍കൃഷിയാണ് പ്രധാന വിള എങ്കിലും തെങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷിയിനങ്ങള്‍.പഞ്ചായത്തിന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നത് കാഞ്ഞിരപ്പുഴ കനാലാണ്.നെല്ലുകുത്ത് മില്ല്, എണ്ണമില്ല്, മരമില്ല്, പായ, ചെരിപ്പ് എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ദീര്‍ഘനാളുകളായി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ രംഗത്ത് ആധുനിക വ്യവസായമെന്ന നിലയില്‍ പരാമര്‍ശിക്കാവുന്ന ഒന്നാണ് സര്‍ജിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ യൂണിറ്റ്. ഗാര്‍മെന്റ്സ്, കുടനിര്‍മ്മാണം,കളിമണ്‍പാത്ര നിര്‍മ്മാണം, കൊട്ട, വട്ടി, പനമ്പ്, കത്തി, അമ്മി, മടവാള്‍, ആട്ടുകല്ല്, പായ, പപ്പടം തുടങ്ങിയ ഗാര്‍ഹിക ഉത്പന്നങ്ങളുടെ നിര്‍മ്മാണമാണ് ചെറുകിട പരമ്പരാഗത വ്യവസായത്തില്‍ മുഖ്യം.പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസും, പോസ്റ്റ് ഓഫീസും കോതകുര്‍ശ്ശിയിലും ടെലിഫോണ്‍ എക്സ്ചേഞ്ച് പനമണ്ണയിലും സ്ഥിതി ചെയ്യുന്നു. ആരോഗ്യമേഖലയില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലായി മൂന്നു ആശുപത്രികള്‍ പഞ്ചായത്തിലുണ്ട്.പത്തംകുളത്താണ് കൃഷിഭവനും കാര്‍ഷികവിത്തുല്‍പ്പാദനകേന്ദ്രവും സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗം റോഡുകളാണ്. പനമണ്ണ അമ്പലവട്ടം റോഡ്, വട്ടപറമ്പ് റോഡ്,പത്തകുളം കോളനിറോഡ് തുടങ്ങിയവയാണ് പ്രധാന റോഡുകള്‍.ഒറ്റപ്പാലത്തും ചെര്‍പ്പുളശ്ശേരിയിലുമാണ് ബസ് സ്റ്റാന്റുകളുള്ളത്.പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കോതകുര്‍ശ്ശിയിലാണ്.