പഞ്ചായത്തിലൂടെ

ആനക്കയം - 2010

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ മലപ്പുറം ബ്ളോക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. 1964-ല്‍ രൂപീകൃതമായ ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 45.23 ച.കി.മീറ്ററാണ്. 43,284 വരുന്ന ജനസംഖ്യയില്‍ 21,097 പുരുഷന്‍മാരും, 22,187 സ്ത്രീകളും ഉള്‍പ്പെടുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 97% മാണ് പഞ്ചായത്തിലെ സാക്ഷരത. കടലുണ്ടിപുഴയുടെ ഇരുകരകളിലുമായി ഉയര്‍ന്ന കുന്നുകളും സമതലങ്ങളും ചേര്‍ന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കുരുമുളക്, കവുങ്ങ്, റബ്ബര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍. കടലുണ്ടിപ്പുഴയും മുപ്പതോളം വരുന്ന കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകള്‍. 9 പൊതുകിണറുകളെയും, 135 പൊതുകുടിവെള്ള ടാപ്പുകളെയും ശുദ്ധജലത്തിനായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്നു. രാത്രികാലസഞ്ചാരം സുഗമമാക്കുന്നതിന് 452 വഴിവിളക്കുകളാണ് പഞ്ചായത്തിന്റെ വീഥികളില്‍ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തില്‍ നിരവധി തോടുകളുണ്ട്. കാരത്തോട്, അവുഞ്ഞിത്തോട്, പുളിക്കല്‍ തോട്, ഓളിക്കല്‍ തോട് എന്നീ തോടുകളെ ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ പന്തല്ലൂര്‍ മല പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ആര്യന്‍കുന്ന്, മുണ്ടിക്കുളം കുന്ന്, തുവ്വ കുന്ന് തുടങ്ങിയ കുന്നുകള്‍ ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന   വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂര്‍ വിമാനത്താവളം, അങ്ങാടിപ്പുറം, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബേപ്പൂര്‍ തുറമുഖം തുടങ്ങിയവയാണ്. പഞ്ചായത്തില്‍ നിന്നും 6 കി.മീ ദൂരത്തിലായി പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റും സ്ഥിതിചെയ്യുന്നു. പഞ്ചായത്തിന്റെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഈ ഭാഗങ്ങളിലാണ്. ഇരുമ്പുഴിയിലെ രണ്ട് കടവുകളില്‍ ജലഗതാഗതം കാര്യക്ഷമമാണ്. ആനക്കയം, മുടിക്കോട് എന്നിവിടങ്ങളും പ്രധാന ജലഗതാഗതകേന്ദ്രങ്ങളാണ്. മഞ്ചരി-തിരൂര്‍, മഞ്ചരി-പെരിന്തല്‍ മണ്ണ റോഡുകള്‍ പഞ്ചായത്തിലെ മുഖ്യ റോഡുകളാണ്. ആനക്കയം പാലവും, ചിറ്റത്ത്പാറ പാലവും നാടിന്റെ ഗതാഗതവികസനത്തിന്റെ മറ്റൊരു മുഖമാണ്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങളൊന്നും പഞ്ചായത്തിലില്ലെങ്കിലും ഇരുമ്പുഴിയില്‍ പ്രവര്‍ത്തിക്കുന്ന മൈദ ഫാക്ടറിയും ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റും ഇടത്തരം വ്യവസായ മേഖലയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. പൊതുവിതരണ രംഗത്തും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവക്കുന്നത്. 13 റേഷന്‍കടകളും, പന്തല്ലൂരും, ആനക്കയത്തും സ്ഥിതിചെയ്യുന്ന ഓരോ മാവേലി നീതി സ്റ്റോറുകളുമാണിവിടുത്തെ പൊതുവിതരണക്കാര്‍. ആനക്കയം, ഇരുമ്പുഴി, പാഞ്ഞായി, പന്തല്ലൂര്‍ എന്നിവിടങ്ങള്‍ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്.  ഹിന്ദു-മുസ്ളീം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ വസിക്കുന്ന പഞ്ചായത്താണിത്. പന്തല്ലൂര്‍ സെന്റ് പോള്‍സ് ചര്‍ച്ച്, ഇരുമ്പുഴി വിഷ്ണുക്ഷേത്രം, ആനക്കയം ജുമാമസ്ജിദ് തുടങ്ങി 13 ആരാധനാലയങ്ങളാണ് പഞ്ചായത്തില്‍ നിലകൊള്ളുന്നത്. മുട്ടിപ്പാലം നേര്‍ച്ചയിലും പള്ളിപ്പെരുന്നാളിലും, ക്ഷേത്രോല്‍സവങ്ങളിലുമെല്ലാം പഞ്ചായത്തുനിവാസികള്‍ ജാതിമത ഭേദമെന്യേ പങ്കുകൊള്ളുന്നു. 1921-ലെ  മലബാര്‍ കലാപത്തില്‍ പങ്കെടുത്ത ഇന്‍സ്പെക്ടര്‍ ഖാന്‍ ബഹദൂര്‍ ചേക്കുട്ടി, പതിനഞ്ചു വര്‍ഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ച് പഞ്ചായത്തിനെ വികസനത്തിന്റെ പാതയിലെത്തിച്ച കെ.വി.എം ചേക്കുട്ടി ഹാജി തുടങ്ങി നിരവധി പ്രമുഖരുടെ നാമം  ആനക്കയം പഞ്ചായത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളതാണ്. ഏഷ്യന്‍ വെറ്ററന്‍ മീറ്റില്‍ രണ്ട് പ്രാവശ്യം സ്വര്‍ണ്ണമെഡല്‍ നേടിയ കുഞ്ഞിമുഹമ്മദ് ഹാജി കായികരംഗത്ത് പഞ്ചായത്തിന്റെ യശസ്സുയര്‍ത്തിയ വ്യക്തിത്വമാണ്. കേരളാ കര്‍ഷകശ്രീ അവാര്‍ഡ് നേടിയ പാപ്പിനിപ്പാറ  കരീം കര്‍ഷകര്‍ക്ക് ഒരു മാതൃകയാണ്. പഞ്ചായത്തു നിവാസികളുടെ  സാംസ്കാരിക പുരോഗതിക്കായി പന്തല്ലൂര്‍, ആനക്കയം, പാഞ്ഞായി, ഇരുമ്പുഴി, പെരിമ്പലം എന്നീ സ്ഥലങ്ങളില്‍ വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.എച്ച്.എസ്.മുടിക്കോട്, ഫ്രണ്ട്സ് കിഴക്കും പറമ്പ്, നവോത്ഥാനം കിടങ്ങഴി, പാസ്ക് പന്തല്ലൂര്‍, സിറ്റി ബോയ്സ് ഫ്രണ്ട്സ് പാപ്പിനിപ്പാറ എന്നിവ കലാകായികരംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്ന സംഘടനകളാണ്.  ആനക്കയത്തുള്ള ആയുര്‍വേദ ആശുപത്രിയും, മുടിക്കോട് പി.എച്ച്.സിയും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖല. പഞ്ചായത്തിനുള്ളില്‍ ആംബുലന്‍സ് സൌകര്യം ഇല്ലാത്തതിനാല്‍ മഞ്ചരി, മലപ്പുറം എന്നിവിടങ്ങളിലെ ആംബുലന്‍സ് സര്‍വ്വീസ് കേന്ദ്രങ്ങളാണിവിടെ ഈ സൌകര്യം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണത്തിനായി കടംപോട് ഗവ: വെറ്റിനറി ആശുപത്രിയും വീട്ടിപ്പടിയില്‍ അതിന്റെ ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.  വിദ്യാഭ്യാസ മേഖലയിലും മികച്ച നിലവാരം പുലര്‍ത്തുന്ന പഞ്ചായത്താണിത്. 16 എല്‍.പി.സ്കൂളുകള്‍, 5 യു.പി.സ്കൂളുകള്‍, 2 ഹൈസ്കൂളുകള്‍, 2 ഹയര്‍ സെക്കന്ററി സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ സര്‍ക്കാരേതര 25 വിദ്യാലയങ്ങളാണ് ഇവിടെ ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ബി.എഡ്.ട്രെയിനിംഗ് കോളേജും, സാങ്കേതിക വിദ്യാഭ്യാസത്തിനായി ടി.ടി.സിയും പഞ്ചായത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.  വിവിധമേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയും ഇരുമ്പുഴി, പന്തല്ലൂര്‍ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളും വനിതാ സഹകരണ സംഘങ്ങളും ഉള്‍പ്പെടുന്നതാണിവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആനക്കയത്ത് ഒരു കമ്മ്യൂണിറ്റി ഹാളും ഈ പഞ്ചായത്തില്‍ ഉണ്ട്. വൈദ്യുതിബോര്‍ഡ്, കൃഷിഭവന്‍ എന്നിവ ആനക്കയത്താണ് സ്ഥിതിചെയ്യുന്നത്. ആനക്കയത്തുള്ള കശുവണ്ടി ഗവേഷണ കേന്ദ്രം ഇവിടുത്തെ പ്രധാന മേഖലാ സര്‍ക്കാര്‍ ഓഫീസാണ്. കടമ്പോട്, ഇരുമ്പുഴി, പെരിമ്പലം, പാപ്പിനിപ്പാറ, ആനക്കയം, പന്തല്ലൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിഫോണ്‍ എക്സ്ചേഞ്ചും, വില്ലേജ് ഓഫീസുകളും ആനക്കയത്തും പന്തല്ലൂരുമാണ്.