ആനക്കയം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍, മലപ്പുറം ബ്ളോക്കിലാണ് ആനക്കയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനക്കയം, പന്തല്ലൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആനക്കയം ഗ്രാമപഞ്ചായത്തിനു 45.23 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മഞ്ചരി മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് പാണ്ടിക്കാട്, കീഴാറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മങ്കട, കൂട്ടിലങ്ങാടി, കീഴാറ്റൂര്‍ പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത് മലപ്പുറം, മഞ്ചരി മുനിസിപ്പാലിറ്റികളും, പൂക്കോട്ടൂര്‍ പഞ്ചായത്തുമാണ്. ആന മുങ്ങിയാല്‍ പോലും ആഴം കാണാനാവാത്ത കയം ഉള്ള സ്ഥലം എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിനു ആനക്കയം എന്ന സ്ഥലനാമം കൈവന്നതെന്നു അനുമാനിക്കപ്പെടുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ ചരിത്രത്തിന്റെ മൂകസാക്ഷികളായി സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കള്‍ക്കും, ഭൂജന്മിമാര്‍ക്കും എതിരായുള്ള 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഉത്ഭവിച്ച്, കിഴക്കു - പടിഞ്ഞാറ് ദിശയില്‍ ഒഴുകുന്ന കടലുണ്ടിപ്പുഴ, പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ പന്തലൂര്‍മല ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കുറുക്കക്കുന്ന്, കോട്ടമല, ഈര്‍പ്പനച്ചി, ആര്യാപറമ്പ്, മുണ്ടിക്കുളംകുന്ന്, വട്ടമ്മല്‍കുന്ന്, കുറവത്തലമല, കുമ്മിക്കാട്, നമ്പൂതിരിക്കാട്, എണങ്ങാംപറമ്പ്, നിരപ്പറമ്പ്, ആയിരംകുന്ന്, തൂവ്വക്കുന്ന്, വയപ്പാറമല എന്നിവയാണ് മറ്റു പ്രധാന കുന്നുകള്‍. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചെരിഞ്ഞ പ്രദേശം, സമതലം, പുഴയോരപ്രദേശം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. പഴയ മലബാര്‍ജില്ലാ ബോര്‍ഡിന്റെ കീഴിലായിരുന്ന ആനക്കയത്ത്, ആദ്യമായി പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത് 1962-ലാണ്. എങ്കിലും 1963 ഡിസംബര്‍ 20-തിനാണ് തെരഞ്ഞെടുത്ത ബോര്‍ഡ് നിലവില്‍ വന്നത്. കെ.വി.എം.ചേക്കുട്ടിഹാജിയായിരുന്നു അന്നത്തെ പഞ്ചായത്തു പ്രസിഡന്റ്.