ചരിത്രം

സാമൂഹികചരിത്രം

ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ പന്നിയൂര്‍ ഗ്രാമത്തെ സംബന്ധിച്ചും അതിന്റെ സാമൂഹിക-സാംസ്ക്കാരിക സംഭാവനകളെ സംബന്ധിച്ചും വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുവെന്നതില്‍ നിന്നുതന്നെ ഈ ഗ്രാമത്തിന്റെ പൌരാണികത ഉറപ്പാകുന്നു. കൂടല്ലൂരില്‍ നിന്നും പേരാറിന്റെ ഒരു കൈവഴി പന്നിയൂര്‍ ക്ഷേത്രത്തിന്റെ വടക്കുവശത്തുകൂടെ ഒഴുകി തുറയാറ്റിന്‍കുന്നിനു സമീപത്തുവെച്ച് വീണ്ടും പേരാറുമായി സന്ധിച്ചിരുന്നതായും പിന്നീട് അന്തര്‍വാഹിനിയായി പോയതായും വിശ്വസിക്കപ്പെടുന്നു. ആനക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നുഭാഗവും ഭാരതപ്പുഴയുടെ തീരപ്രദേശമാണ്. ഭാരതപ്പുഴയിലേക്ക് തൂതപ്പുഴ വന്നുചേരുന്ന സംഗമത്തിന് കൂട്ടക്കടവ് എന്ന് വിളിക്കുന്നു. ഒരു കാലത്ത് ഭാരതപ്പുഴ ഗതിമാറി ഒഴുകിയിരുന്നുവെന്നതിന്റെ തെളിവായി ഈ പ്രദേശത്തിലെ പല സ്ഥലങ്ങളില്‍ നിന്നും വന്‍മരങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. 3 വേദങ്ങളും പഠിപ്പിച്ചുപോന്ന മഠങ്ങള്‍ അക്കാലത്ത് പന്നിയൂര്‍ ക്ഷേത്രത്തിനോടനുബന്ധിച്ച് നിലനിന്നിരുന്നു. കേരളഭരണത്തിനു വേണ്ടി പെരുമാക്കന്‍മാരെ തെരഞ്ഞെടുക്കുന്നതിലും, വാഴിയ്ക്കുന്നതിലും ഈ ഗ്രാമം പ്രധാനമായ പങ്കു വഹിച്ചുപോന്നു. പ്രസിദ്ധമായ പന്നിയൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ, യാഗദേവതയായ ശ്രീഭൂവരാഹമാണ്. കേരളത്തില്‍ ഈ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതുതന്നെയാണ്. പെരുന്തച്ചന്റേതെന്ന് വിശ്വസിക്കപ്പെടുന്ന തുരുമ്പുകയറാത്ത ഉളിയും, കരിങ്കല്ലില്‍ കൊത്തിവെച്ച മുഴക്കോലും ഇന്നും ഇവിടെയുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. പിന്നീട് സാമൂതിരിയുടെ ഭരണകാലത്ത് പന്നിയൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തില്‍ വെച്ചാണ് നീതിന്യായപരിപാലനം നടത്തിപോന്നിരുന്നത്. വധശിക്ഷ നടപ്പിലാക്കിയിരുന്ന കഴുതട്ടിപറമ്പ, ക്ഷേത്രത്തില്‍ നിന്നും സുമാര്‍ 500 മീറ്റര്‍ ദൂരത്ത് ഇന്നും സ്ഥിതിചെയ്യുന്നു. പ്രസ്തുത ഗോപുരം ഇന്നവിടെയില്ല. എങ്കിലും ന്യായാധിപന്‍മാരായിരുന്ന പാറ നമ്പീശന്‍മാരുടെ ഒരു ശാഖ ഇന്നും ഇവിടെത്തന്നെയുണ്ട്. അതുപോലെ തന്നെ സാമൂതിരി നേരിട്ടു വിചാരണ ചെയ്ത്, വിധി കല്‍പ്പിച്ചിരുന്ന കുടശാലും വധശിക്ഷ നടപ്പാക്കിയിരുന്ന കഴുതട്ടിപറമ്പും കൂടല്ലൂരില്‍ ചരിത്രസ്മരണകളുണര്‍ത്തികൊണ്ട് ഇന്നും സ്ഥിതിചെയ്യുന്നു. സാമ്പത്തികമായ കനത്ത ശിക്ഷകളും കുത്തഴിഞ്ഞ സദാചാരക്രമവും സമൂഹത്തെ മലിനപ്പെടുത്തിയെങ്കിലും വധശിക്ഷ ഇവിടെ അത്യപൂര്‍വ്വമായിരുന്നു. തെക്കെ മലബാറില്‍ മിഷണറിമാരുടെ പ്രവര്‍ത്തനം മിക്കവാറും കുറവായിരുന്നു. ആധുനിക സാമൂഹ്യജീവിതത്തിലേക്കും ആധുനിക വിദ്യാഭ്യാസത്തിലേക്കും കടന്നുചെല്ലാതെ പഴയ വ്യവസ്ഥിതി കൂടുതല്‍കാലം നിലനിന്നുപോന്നതിനും ഇത് കാരണമായിട്ടുണ്ട്. മലബാറില്‍ ഇസ്ളാംമതം പ്രചരിച്ചു തുടങ്ങിയത് സുമാര്‍ 1000 കൊല്ലം മുമ്പാണ്. ഹിന്ദുമതത്തിലെ ഉച്ചനീചത്തവും സവര്‍ണ്ണജാതിമേല്‍ക്കോയ്മയും കീഴാളപീഡനവും കാരണം ജനങ്ങള്‍ ഇസ്ളാംമതത്തിലേക്ക് ആകൃഷ്ടരായി. സമ്പത്ത് ബ്രാഹ്മണ-നാടുവാഴി വിഭാഗത്തിന്റേതായിരുന്നു. ആനക്കരയിലെ പ്രസിദ്ധമായ മുസ്ളീം തറവാടായിരുന്നു കൊടാക്കാട്ടില്‍ വീട്. പാരമ്പര്യ ആയുധാഭ്യാസികളും ഗുരുക്കന്‍മാരുമുണ്ടായിരുന്ന ഈ കുടുംബത്തിലെ അന്നത്തെ കാരണവര്‍ ആനക്കര കുഞ്ഞാവു ഗുരുക്കളായിരുന്നു. മലബാര്‍ കലാപകാലത്ത് അദ്ദേഹത്തെ കോഴിക്കോട് വെച്ച് പോലീസ് അറസ്റ്റുചെയ്തു. അന്ന് കോഴിക്കോട് സ്റ്റാന്‍ഡേര്‍ഡ് ഫര്‍ണീച്ചര്‍ എന്ന സ്ഥാപനം നടത്തിയിരുന്ന ചേക്കോട് വടക്കത്ത് കൃഷ്ണമേനോന്‍ ഇദ്ദേഹത്തെ ജാമ്യത്തിലിറക്കി ആനക്കരയിലെത്തിച്ചു. നല്ല ജനസ്വാധീനമുള്ള ഗുരുക്കള്‍ എല്ലാവിഭാഗം ജനങ്ങളേയും സംഘടിപ്പിച്ച് കലാപത്തിന് പ്രതിരോധം സൃഷ്ടിക്കുകയും ഈ പ്രദേശത്തെ മുഴുവനും അന്ന് രക്ഷിക്കുകയും ചെയ്തു. അഷ്ടവൈദ്യന്‍മാരില്‍ പ്രധാനികളായ തൈക്കാട്ടു മൂസിന്റെ മൂലസ്ഥാനവും പന്നിയൂരിനോട് തൊട്ടുസ്ഥിതിചെയ്യുന്ന മുണ്‍ട്രക്കോട് ദേശത്താണ്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് ഒല്ലൂരിലേക്ക് ഈ കുടുംബം താമസം മാറ്റി. തൈക്കാട്ടുപടി നിലവും നശിച്ചുപോയ ധന്വന്തരീക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇന്നും ഇവിടെ കാണാം. അനേകം അശ്വമേധങ്ങളുടെയും പടയോട്ടങ്ങളുടെയും കുതിരക്കുളമ്പടികള്‍ കേട്ട പേരാറിന്റെ ഈ തീരത്തിലൂടെയാണ് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പാലക്കാട്ട്-ബേപ്പൂര്‍ പാത കടന്നു പോകുന്നത്. എക്കാലത്തും മതസൌഹാര്‍ദ്ദത്തിന്റേയും പ്രതീകമായി മുത്തുവിളയുംകുന്ന് ശിവക്ഷേത്രവും, കൂടല്ലൂര്‍ ജുമാ അത്ത് പള്ളിയും ഇവിടെ തോളോടുതോളുരുമ്മി നിലകൊള്ളുന്നു. സുപ്രസിദ്ധ മതപണ്ഡിതനും സൂഫിവര്യനും സര്‍വ്വാദരണീയനുമായ തുറക്കല്‍ ഇബ്രാഹിംമൊല്ല ഇവിടെയായിരുന്നു ജീവിച്ചിരുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിലും ഈ പഞ്ചായത്തിന് സ്തുത്യര്‍ഹമായ സ്ഥാനമുണ്ട്. മുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ ഈ ഗ്രാമം അന്നത്തെ പൊന്നാനിതാലൂക്കിലായിരുന്നു. പൊന്നാനി താലൂക്ക് ബോര്‍ഡ് വൈസ് പ്രസിഡന്റായിരുന്ന പി.കെ.കുഞ്ഞുമുഹമ്മദ് സാഹബിന്റെ പുത്രനായ പി.കെമൊയ്തീന്‍കുട്ടി സാഹബ് 1940-ല്‍ കെ.പി.സി.സി.പ്രസിഡന്റും, എ.ഐ.സി.സി മെമ്പറുമായിരുന്നു. തീവ്രദേശീയവാദിയായ ഈ സ്വാതന്ത്ര്യസമരസേനാനി 1937-ല്‍ മദിരാശി അസംബ്ളിയില്‍ അംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍ത്തിവെക്കപ്പെട്ട കുറ്റിപ്പുറം പാലത്തിന്റെ പണി പുനരാരംഭിച്ചത് മൊയ്തീന്‍കുട്ടി സാഹബിന്റെ ശ്രമഫലമായിട്ടായിരുന്നു. പ്രസവിച്ച ഉടനെ തന്റെ കൈക്കുഞ്ഞുമായി ജയിലറയിലടയ്ക്കപ്പെട്ട ശ്രീമതി ആനക്കര വടക്കത്ത് കുട്ടിമാളുഅമ്മ എന്ന സ്വാതന്ത്ര്യസമരസേനാനി കെ.പി.സി.സി.പ്രസിഡന്റും മലബാറിലെ മഹിളാപ്രസ്ഥാനങ്ങളുടെ തീപ്പന്തവുമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലും, കലാ-സാംസ്ക്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രശോഭിച്ച നിരവധി സമുന്നതവ്യക്തികളെ രാഷ്ട്രത്തിനു സംഭാവന ചെയ്ത നാടാണ് ആനക്കര വടക്കത്ത് വീട്. സ്വാതന്ത്ര്യസമരസേനാനിയും മദിരാശി അസംബ്ളി അംഗവുമായിരുന്ന ശ്രീമതി അമ്മു സ്വാമിനാഥന്‍ മറ്റൊരു പ്രമുഖ വ്യക്തിത്വമാണ്. ഇവരുടെ മകളായ ശ്രീമതി ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു സുഭാഷ്ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ ഝാന്‍സിറാണി റജിമെന്റിന് നേതൃത്വം നല്‍കിയത്. ഇന്നും സാമൂഹികപ്രവര്‍ത്തനരംഗത്ത് കര്‍മ്മനിരതയായി ഇവര്‍ കാണ്‍പൂരില്‍ ജീവിതസായാഹ്നം കഴിച്ചുകൂട്ടുന്നു. വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളിലെ സൂര്യതേജസ്വിയായിരുന്ന എ.വി.കുട്ടികൃഷ്ണമേനോന്‍ കേരളത്തിലെ മികച്ച വിദ്യാഭ്യാസവിചക്ഷണനും കറകളഞ്ഞ ഗാന്ധിയനുമായിരുന്നു. അധ്യാപകവൃത്തിയെ സുരഭിലമാക്കിത്തീര്‍ത്ത ഈ മഹത്‌വ്യക്തി രവീന്ദ്രനാഥടാഗോറിന്റെ ശാന്തിനികേതനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍, തന്റെ സഹോദരീഭര്‍ത്താവായ സ്വാമിനാഥന്റെ സ്മരണയ്ക്കായി സ്വാമിനാഥവിദ്യാലയം സ്ഥാപിച്ചു. ദേശീയതയ്ക്കും സ്വഭാവരൂപീകരണത്തിനും ഈ സ്ഥാപനം ഊന്നല്‍ കൊടുത്തുപോന്നു. ഈ സ്ക്കൂള്‍ പിന്നീട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ഇന്നു കാണുന്ന ഡി.ഐ.ഇ.ടി. ആയി പിന്നീട് രൂപാന്തരപ്പെടുകയും ചെയ്തു. ക്ഷീണിതമായ വര്‍ദ്ധക്യത്തിലും സ്വന്തം വീട്ടില്‍വെച്ച് അദ്ദേഹം നിരവധി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുപോന്നു. ആനക്കരയില്‍ ഇന്ന് ലോക്കല്‍ ലൈബ്രറിയായി പ്രവര്‍ത്തിക്കുന്ന വായനശാലയും അദ്ദേഹത്തിന്റെ സംഭാവനയാണ്. ആനക്കര ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിനും നേതൃത്വം കൊടുത്തത് അദ്ദേഹമാണ്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരം സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന വടക്കത്ത് സുശീലഅമ്മയും സ്മരണാര്‍ഹയായ വ്യക്തിയാണ്. അയിത്തോച്ചാടന പ്രസ്ഥാനത്തിനും ക്ഷേത്രപ്രവേശനസമരങ്ങള്‍ക്കും ഇവിടെ നിന്നും നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സുപ്രീംകോടതി ജഡ്ജി പാറക്കുളങ്ങര ഗോവിന്ദമേനോന് ജന്‍മം നല്‍കിയതും ഈ പഞ്ചായത്താണ്. മലബാര്‍ കുടിയായ്മ നിയമത്തെ സാധൂകരിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒഴിപ്പിക്കല്‍ വിരുദ്ധവിധി ദുരിതമനുഭവിക്കുന്ന നിരവധി പാട്ടകൃഷിക്കാര്‍ക്ക് വളരെയധികം ആശ്വാസം പ്രദാനം ചെയ്തു. ഈ കാലഘട്ടത്തില്‍ ആനക്കരയില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. 1942-43 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച കോളറ ജനജീവിതത്തെ ആകമാനം താറുമാറാക്കി. വളരെപ്പേര്‍ ഇവിടെ ചത്തൊടുങ്ങി. അന്ധവിശ്വാസത്തില്‍പെട്ട ജനങ്ങള്‍ പ്രതിവിധിയായി പൂജകളിലും പ്രാര്‍ത്ഥനകളിലും അഭയംതേടി. അക്കാലത്ത് ഓരോ വീടുകളിലും കയറിയിറങ്ങി രോഗികള്‍ക്ക് മരുന്നുകൊടുക്കാന്‍ ധൈര്യപൂര്‍വ്വം സന്നദ്ധത കാണിച്ച സാമൂഹ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി വളരെയേറെ പേര്‍ രക്ഷപ്പെടുകയുണ്ടായി. വടക്കത്ത് സുശീലഅമ്മ, സരോജിനിഅമ്മ, കെ.ഐ.അച്യുതന്‍കുട്ടിമേനോന്‍, പി.കുട്ടപ്പനമ്പ്യാര്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ സംഭവങ്ങളാണ് ആനക്കരയില്‍ ഒരു ആശുപത്രി സ്ഥാപിക്കാന്‍ എ.വി. ഗോവിന്ദമേനോനു പ്രചോദനം നല്‍കിയത്. അദ്ദേഹം സ്വന്തം സ്ഥലത്ത് ആശുപത്രികെട്ടിടം പണിചെയ്ത് സര്‍ക്കാരിനെ ഏല്‍പ്പിക്കുകയും 1946-ല്‍ ആശുപത്രി പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തു. അക്കാലത്ത് നാട്ടുവൈദ്യത്തെ ആശ്രയിച്ചിരുന്ന ഇവിടുത്തുകാര്‍ക്ക് ചികിത്സ നല്‍കിയിരുന്നത് മാട്ടുമ്മല്‍ കളരിക്കല്‍ കുറുപ്പന്‍മാരായിരുന്നു. എല്ലുചികിത്സാവിദഗ്ദ്ധനായ കുട്ടപ്പക്കുറുപ്പ് അവരില്‍ പ്രധാനിയായിരുന്നു. ഇന്നും ആയുര്‍വ്വേദ ചികിത്സാസമ്പ്രദായം സജീവമായിതന്നെ പി.കെ.കെ.ഹുറയര്‍കുട്ടിവൈദ്യര്‍ ഇവിടെ നടത്തിവരുന്നു. 1964-ല്‍ രൂപീകരിക്കപ്പെട്ട ആദ്യഭരണസമിതിയുടെ അധ്യക്ഷന്‍ പാറക്കുളങ്ങര അപ്പുണ്ണിമേനോനായിരുന്നു. പിറപ്പ് പദ്ധതി, ഭാരതപ്പുഴയുമായി ബന്ധപ്പെട്ടുള്ള ജലസേചനപദ്ധതികള്‍, റോഡുകള്‍, കുളങ്ങള്‍, ഗതാഗതം എന്നീ രംഗങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചക്കും വികസനത്തിനും ഈ ഗ്രാമം സാക്ഷ്യം വഹിച്ചു.

സാംസ്കാരികചരിത്രം

കൂടല്ലൂരിലെ മുത്തുവിളയുംകുന്ന് ക്ഷേത്രവും കൂടല്ലൂരിലെ ജുമാഅത്ത് പള്ളിയും അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. പള്ളിയോടനുബന്ധിച്ച് പുഴക്കരയിലെ കോമുശഫീദ് ജാറത്തില്‍ നടന്നുവരുന്ന നേര്‍ച്ചയും ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും സ്വച്ഛവും സമാധാനപൂര്‍ണ്ണവുമായ സാമുദായിക സ്നേഹത്തിന്റെ പ്രതീകമാണ്. കൊയ്ത്തു കഴിഞ്ഞ് നെല്ലറകള്‍ നിറഞ്ഞ വേനല്‍ക്കാലം പണ്ട് ഗ്രാമീണജനതയുടെ സമൃദ്ധകാലമായിരുന്നു. അക്കാലത്ത് തുടങ്ങിവെച്ച ഉത്സവങ്ങളും ആഘോഷങ്ങളും പൂര്‍വ്വാധികം ഗംഭീരമായിതന്നെ ഇന്നും ഇവിടെ തുടര്‍ന്നുവരുന്നു. സംഘകാലം മുതല്‍ കേരളത്തില്‍ നിലനിന്നുപോന്ന പറയ സമുദായത്തിന്റെ ചില നാടന്‍കലകളാണ് ഇന്ന് കാണുന്ന ശാസ്ത്രീയകലകളുടേയും ക്ഷേത്രകലകളുടേയും അസ്ഥിവാരമായി തീര്‍ന്നിട്ടുള്ളത്. പ്രധാനമായും തിറയും കോലവും ഇവയില്‍ വളരെ ആകര്‍ഷകമാണ്. അതാതു സമയത്ത് കെട്ടിയുണ്ടാക്കുന്ന, കവടികൊണ്ട് അലുക്ക് പിടിപ്പിച്ച കിരീടവും മയില്‍പ്പീലി കൊണ്ടുള്ള മുടിക്കെട്ടും അരമണിയും ചിലമ്പും ധരിച്ച വേഷങ്ങള്‍, പറയുടേയും ചെണ്ടയുടേയും ഇലത്താളത്തിന്റേയും താളശബ്ദങ്ങള്‍ക്കു ചുവടൊപ്പിച്ച് നൃത്തം വെക്കുന്നു. മരംകൊണ്ടു നിര്‍മ്മിച്ചലങ്കരിച്ച വലിയ വട്ടക്കിരീടവും പിച്ചള കൊണ്ടലങ്കരിച്ച മാര്‍വ്വിടവും ഓട്ടുവളകളും ധരിച്ച സ്ത്രീരൂപങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. മരണവേളകളില്‍ പോലും കലാപ്രകടനവും ദുഖാചരണസമയത്തെ തോറ്റംപാട്ടും ഈ സമൂഹത്തിന്റെ പ്രത്യേകതകളാണ്. മഹാഭാരത കഥ അഞ്ചുദിവസം കൊണ്ട് വാദ്യ പശ്ചാത്തലത്തില്‍ ചൊല്ലിത്തീര്‍ക്കുന്ന സമ്പ്രദായം ഇന്നു ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. കര്‍ഷകത്തൊഴിലാളി വിഭാഗമായ കണക്ക സമുദായത്തിന്റേതായ കലാപ്രകടനമാണ് കൈക്കൊട്ടിക്കളിയും, കോല്‍ക്കളിയും. ഇതിഹാസപുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗാനങ്ങളും ചുവടുവെച്ച് വട്ടംചുറ്റി ചിലമ്പിട്ട കോലുകളടിച്ചു കൊണ്ട് നടത്തുന്ന കലാപ്രകടനമാണിത്. ആഘോഷവേളകളിലും പൂരപ്പറമ്പുകളിലും കണ്ടുവന്നിരുന്ന ഈ കല ഇന്ന് അന്യംനിന്നിരിക്കുന്നു. പെരുവണ്ണാന്‍ സമുദായത്തിന്റെ തുറയും പൂതനും ക്ഷേത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്നു. ഈ നാടന്‍കല വീടുകളില്‍ കളിച്ച് പ്രതിഫലം വാങ്ങി, ഉത്സവദിവസം ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. ഈഴവ വിഭാഗത്തിന്റേയും കമ്മാള വിഭാഗത്തിന്റേയും പരിചമുട്ടുകളി കല്യാണവേളകളില്‍ നടത്തിയിരുന്ന കലയാണ്. ഇതും അന്യംനിന്നു പോയിരിക്കുന്നു. ഈ വിഭാഗത്തിന്റെ ആരാധനാ സമ്പ്രദായമായ കരിങ്കുട്ടിയാട്ടം അപൂര്‍വ്വമായി നിലവിലുണ്ട്. നായര്‍ സമുദായത്തിന്റെ ആരാധനാ സമ്പ്രദായമായ “പാന” ഇപ്പോള്‍ ക്ഷേത്രങ്ങളിലൊതുങ്ങിയിരിക്കുന്നു. അറിപ്രപാട്ടെന്ന ഭഗവതിപ്പാട്ടും നാഗത്തുള്ളലും അപൂര്‍വ്വമായിരിക്കുന്നു. പക്ഷേ അയ്യപ്പന്‍വിളക്ക് മാത്രമാണ് ഇന്ന് സാര്‍വ്വത്രികമായും പ്രചാരത്തിലുള്ളത്. ആനക്കര പഞ്ചായത്തില്‍ മുസ്ളീം സമുദായത്തിന്റേതായ 2 നേര്‍ച്ചകളാണുള്ളത്. കൂടല്ലൂര്‍ നേര്‍ച്ചയും പുറമതില്‍ശ്ശേരി ജാറത്തിലെ നേര്‍ച്ചയും, ബാന്‍ഡുവാദ്യവും ദഫുമുട്ടുകളിയും ഇവിടെ നടക്കാറുണ്ട്. ആനക്കര പഞ്ചായത്തില്‍ നിരവധി കലാ സാംസ്ക്കാരിക സമിതികളും വായനശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. 1920-കള്‍ക്കു മുമ്പു തന്നെ ഇവിടെ ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എ.വി. കുട്ടികൃഷ്ണമേനോന്‍ സ്ഥാപിച്ച ആനക്കര വായനശാല ഇപ്പോഴും ലോക്കല്‍ ലൈബ്രറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ അമൂല്യമായ വലിയൊരു പുസ്തകശേഖരമുണ്ട്. സാംസ്ക്കാരിക രംഗത്തും നിരവധി പ്രതിഭകളെ പ്രദാനം ചെയ്യാന്‍ ഈ പഞ്ചായത്തിന് കഴിഞ്ഞു. ബഹുമുഖപ്രതിഭയായ ജ്ഞാനപീഠപുരസ്ക്കാരജേതാവു എം.ടി.വാസുദേവന്‍നായര്‍ ഈ പഞ്ചായത്തിലെ കൂടല്ലൂരിലാണ് ജനിച്ചുവളര്‍ന്നത്. വിശ്വപ്രസിദ്ധ നര്‍ത്തകിയും നാട്ടവിദൂഷികയുമായ മൃണാളിനി സാരാഭായിയും ദേശീയോല്‍ഗ്രഥനത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നൃത്തശില്‍പങ്ങള്‍ക്ക് അവതരണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മല്ലികാ സാരാഭായിയും ആനക്കര വടക്കത്ത് കുടുംബാംഗങ്ങളാണ്. നിളയുടെ ഈ തീരത്ത് ജനിച്ചുവളര്‍ന്ന മറ്റൊരു പ്രതിഭയാണ് സുപ്രസിദ്ധ ചിത്രകാരനായ അച്യുതന്‍ കൂടല്ലൂര്‍. തായമ്പകയില്‍ മലമക്കാവുശൈലി ചിട്ടപ്പെടുത്തിയ മലമക്കാവു കേശവപൊതുവാള്‍, കളമെഴുത്തുപാട്ട് വിദഗ്ദ്ധനായ കല്ലാറ്റു രാമക്കുറുപ്പ് എന്നിവരും സ്മരണീയരാണ്. സോപാന ഗായകനായിരുന്ന ഞരളത്ത് രാമപൊതുവാളും ഈ പഞ്ചായത്തിന്റെ സന്തതിയാണ്. ചിത്രകലാപരിഷത്തിന്റെ സ്ഥാപകനും അദ്ധ്യാപകനുമായിരുന്ന ടി.വി.ബാലകൃഷ്ണന്‍നായര്‍ പക്ഷിനിരീക്ഷകനും എഴുത്തുകാരനും ഫോട്ടോഗ്രാഫിയില്‍ സംസ്ഥാന അവാര്‍ഡുനേടിയ വ്യക്തിയുമായ എം.ടി.ബി. നായരും ഇവിടുത്തുകാരാണ്. ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും കാലമായ മകരമാസം ഗ്രാമീണജനതക്ക് ആഹ്ളാദത്തിന്റേയും ഉത്സവത്തിന്റേയും ലഹരി പകരുന്നു. കൊയ്ത്തുകഴിഞ്ഞൊഴിഞ്ഞ പാടങ്ങള്‍ ഉത്സവങ്ങള്‍ക്ക് കളമൊരുക്കുന്നു. രാജവാഴ്ചയുടെ പലഘട്ടങ്ങളിലും തെക്കന്‍ മലബാറില്‍ പെട്ട പ്രദേശങ്ങളില്‍ ജന്‍മി-നാടുവാഴി ഭരണമാണ് നിലനിന്നിരുന്നത്. ഭൂമി പരിപൂര്‍ണ്ണമായും ക്ഷേത്രങ്ങളുടേയും ബ്രാഹ്മണരുടേയും അധീനതയിലായിരുന്നു. ജനങ്ങള്‍ ബ്രാഹ്മണ സമൂഹത്തേയും ക്ഷേത്രങ്ങളേയും ആശ്രയിച്ചു ജീവിച്ചുപോന്നു. ബ്രാഹ്മണ സമൂഹങ്ങളില്‍ സംസ്കൃതഭാഷയ്ക്കായിരുന്നു പ്രാധാന്യം. കൂടിയാട്ടം, കൂത്ത് മുതലായ ഹാസ്യകലാരൂപങ്ങള്‍ വിമര്‍ശനങ്ങളിലൂടെ, അന്നത്തെ സമൂഹത്തില്‍ സഹിഷ്ണുതാപരമായ ഒരു സംസ്ക്കാരം വളര്‍ത്തിയെടുത്തു.