ആനക്കര

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് ആനക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനക്കര പഞ്ചായത്തിന് 20.95 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഭാരതപ്പുഴയും, തെക്കുഭാഗത്ത് കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഭാരതപ്പുഴ, മലപ്പുറം ജില്ലയും കിഴക്കുഭാഗത്ത് പട്ടിത്തറ പഞ്ചായത്തുമാണ്. കേരളോല്‍പ്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യത്തില്‍ സ്ഥാനംപിടിച്ച കേരളത്തിലെ 64 ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പന്നിയൂര്‍ ഗ്രാമത്തിന്റെ തലസ്ഥാനമായിരുന്ന പന്നിയൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പൌരാണികകാലം മുതല്‍ ഈ ഗ്രാമം കേരളത്തിന്റെ സാമൂഹിക - സാംസ്ക്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ചുപോന്നു. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ പന്നിയൂര്‍ ഗ്രാമത്തെ സംബന്ധിച്ചും അതിന്റെ സാമൂഹിക-സാംസ്ക്കാരിക സംഭാവനകളെ സംബന്ധിച്ചും വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. 3 വേദങ്ങളും പഠിപ്പിച്ചുപോന്ന മഠങ്ങള്‍ അക്കാലത്ത് പന്നിയൂര്‍ ക്ഷേത്രത്തിനോടനുബന്ധിച്ച് നിലനിന്നിരുന്നു. കേരളഭരണത്തിനു വേണ്ടി പെരുമാക്കന്‍മാരെ തെരഞ്ഞെടുക്കുന്നതിലും, വാഴിയ്ക്കുന്നതിലും ഈ ഗ്രാമം പ്രധാനമായ പങ്കു വഹിച്ചുപോന്നു. കൂടല്ലൂരില്‍ നിന്നും പേരാറിന്റെ ഒരു കൈവഴി പന്നിയൂര്‍ ക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടെ ഒഴുകി തുറയാറ്റിന്‍കുന്നിനു സമീപത്തുവെച്ച് വീണ്ടും പേരാറുമായി സന്ധിച്ചിരുന്നതായും പിന്നീട് അന്തര്‍വാഹിനിയായി പോയതായും വിശ്വസിക്കപ്പെടുന്നു. ഇവിടെയുള്ള പ്രസിദ്ധമായ പന്നിയൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ, യാഗദേവതയായ ശ്രീഭൂവരാഹമാണ്. കേരളത്തില്‍ ഈ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതുതന്നെയാണ്. പെരുന്തച്ചന്റേതെന്ന് വിശ്വസിക്കപ്പെടുന്ന തുരുമ്പുകയറാത്ത ഉളിയും, കരിങ്കല്ലില്‍ കൊത്തിവെച്ച മുഴക്കോലും ഇന്നും ഇവിടെയുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. അഷ്ടവൈദ്യന്‍മാരില്‍ പ്രധാനികളായ തൈക്കാട്ടു മൂസിന്റെ മൂലസ്ഥാനവും പന്നിയൂരിനോട് തൊട്ടുസ്ഥിതിചെയ്യുന്ന മുണ്‍ട്രക്കോട് ദേശത്താണ്. അനേകം അശ്വമേധങ്ങളുടെയും പടയോട്ടങ്ങളുടെയും കുതിരക്കുളമ്പടികള്‍ കേട്ട പേരാറിന്റെ ഈ തീരത്തിലൂടെയാണ് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പാലക്കാട്ട്-ബേപ്പൂര്‍ പാത കടന്നുപോകുന്നത്. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ബഹുമുഖപ്രതിഭ എം.ടി.വാസുദേവന്‍നായര്‍ ഈ പഞ്ചായത്തിലെ കൂടല്ലൂരിലാണ് ജനിച്ചുവളര്‍ന്നത്. വിശ്വപ്രസിദ്ധനര്‍ത്തകിയും നാട്യവിദുഷിയുമായ മൃണാളിനി സാരാഭായിയും ദേശീയോല്‍ഗ്രഥനത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നൃത്തശില്‍പങ്ങളുടെ അവതരണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മല്ലികാ സാരാഭായിയും ആനക്കര വടക്കത്ത് കുടുംബാംഗങ്ങളാണ്.നിളയുടെ ഈ തീരത്ത് ജനിച്ചുവളര്‍ന്ന മറ്റൊരു പ്രതിഭയാണ് സുപ്രസിദ്ധ ചിത്രകാരനായ അച്യുതന്‍ കൂടല്ലൂര്‍.