പഞ്ചായത്തിലൂടെ
വടക്ക്, പനവൂര്‍, നന്ദിയോട് പഞ്ചായത്തുകളും തെക്ക് നെടുമങ്ങാട് മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് വെമ്പായം പഞ്ചായത്തും കിഴക്ക് തൊളിക്കോട് പഞ്ചായത്തും അതിരുകളായ ഭൂഭാഗമാണ് ആനാട് ഗ്രാമപഞ്ചായത്ത്. ഭൂപ്രകൃതി അനുസരിച്ച് നാലായി തിരിക്കാവുന്ന ഗ്രാമപഞ്ചായത്തിന്‍റെ പൊതുവായ കിടപ്പ്, വടക്കുനിന്ന് തെക്കോട്ടാണ്.
ഉയര്‍ന്ന കുന്നിന്‍പ്രദേശം
പോത്തുപാറ, പാട്ടുവിളക്കുന്ന്, പച്ചക്കാട്, ഒറ്റക്കൊമ്പ്, ആനപ്പാറ, തിരുചിറ്റൂര്‍, ശ്രീമാന്‍കുന്ന്, മേക്കോണം, കുളപ്പള്ളി, കല്ലടക്കുന്ന്, മണിയംകോട്, പുനവക്കുന്ന്, താഴ്ന്ന മല, കരിങ്കടക്കുന്ന്, കൊടിപ്പാറ, കുന്നത്തുമല, നെടുംപാറ, ശാസ്താംപാറ, തേവന്‍പാറ തുടങ്ങി നിരവധി ചെറുതും വലുതുമായ കുന്നുകളുടെ നാടാണ് ആനാട് ഗ്രാമപഞ്ചായത്ത്. ചരല്‍ നിറഞ്ഞ കറുത്ത മണ്ണും ചെമ്മണ്ണും ഇവിടങ്ങളില്‍ കാണുന്നു.
സമതലങ്ങള്‍
കുന്നുകള്‍ ധാരാളമുള്ളതിനാല്‍ ഉയര്‍ന്ന സമതലങ്ങളും, കുന്നുകള്‍ക്കിടയിലുള്ള സമതലങ്ങളും ഉണ്ട്. പഞ്ചായത്തില്‍ അതിവിസ്തൃതങ്ങളായ സമതലങ്ങള്‍ വിരളമാണ്. ചെറുതും വലതുമായി നിരവധി തോടുകള്‍, ചിറകള്‍, പൊതു കിണറുകള്‍, സ്വകാര്യകിണറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സമതലപ്രദേശങ്ങളിലെ ജലസ്രോതസ്സുകളെ ആശ്രയിച്ചാണ് പഞ്ചായത്തിലെ കുടിവെള്ളജലസേചനാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കേരളത്തില്‍െ മൂന്ന് ഭൂമിശാസ്ത്രമേഖലകളിലൊന്നായ ഇടനാടിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന്‍റെ ഭൂപ്രദേശമാകെ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞതാണ്. പഞ്ചായത്തിലെ ഒന്ന്, രണ്ട്, പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ വിസ്തൃതസമതലങ്ങളിലായി പരന്നുകിടക്കുന്ന വയലേലകളുമുണ്ട്. ആനാട് ഗ്രാമപ്പഞ്ചായത്തിലെ ചുള്ളിമാനൂര്‍ മുതല്‍ പണ്ടാരക്കോണം ഒറ്റിപ്പുരയിടം എന്നറിയപ്പെടുന്ന പ്രദേശംവരെ ഖനനസാധ്യത ഉള്ളതായി പരിഗണിക്കപ്പെടുന്നു. തിരിച്ചിട്ടുര്‍ മുതല്‍ വടക്കോട്ടു നീളുന്ന പാറയുടെ ഒരു ശൃംഖലയില്‍ കാണുന്ന അഭ്രപാളികളുടെ സാന്നിധ്യം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ ഭൂവിഭാഗത്തിലെ മണ്ണിനെ സംബന്ധിച്ച പഠനം പൂര്‍ത്തിയായിട്ടില്ലെങ്കിലും ലാറ്ററൈറ്റ് മണ്ണുകളുടെ രൂപീകരണം അതിവേഗത്തില്‍ നടക്കുന്ന പ്രദേശമാണിതെന്ന് അനുമാനിക്കാം. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായി പരിഗണിക്കുന്ന തീര്‍ത്ഥകര ആനാട് വില്ലേജിലാണ്. വാമനപുരം നദിയെ പോഷിപ്പിക്കുന്ന ഒരു ചെറുതോട് ആരംഭിക്കുന്നത് ഈ വില്ലേജിലെ കിഴക്കതിര്‍ത്തിയില്‍ നിന്നാണ്.
കൃഷിയും ജലസേചനവും
കുന്നും ചരിവും താഴ്വരകളും പാറക്കൂട്ടങ്ങളും വയലേലകളും നിറഞ്ഞതാണ് ആനാട് ഗ്രാമം. റബ്ബര്‍, തെങ്ങ്, നെല്ല്, വാഴ, മരച്ചീനി, കുരുമുളക് എന്നിവയാണ് പ്രധാന കൃഷികള്‍. ഇടവിളകളായി ചേന, ചേമ്പ്, കാച്ചില്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഇഞ്ചി, മഞ്ഞ, കൂവ, ജാതി, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. ഇടയ്ക്കിടെ കമുക് കൃഷിയും ഉണ്ട്. മുന്‍കാലങ്ങളില്‍ ഈ പഞ്ചായത്തില്‍ നെല്‍കൃഷി മുഖ്യമായിരുന്നെങ്കിലും ഇന്ന് നാമമാത്രമായി മാറി. പുരയിടങ്ങളില്‍ തെങ്ങുകൃഷി കുറയുകയും റബ്ബര്‍കൃഷി കൂടുകയും ചെയ്തു.
ആരോഗ്യരംഗം
ആരോഗ്യരംഗത്ത് പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രവും അതിന്റെ 5 സബ്സെന്ററുകളും ആയുര്‍വേദം, ഹോമിയോ ഇവയുടെ ഓരോ ആശുപത്രിയുമാണ് സര്‍ക്കാര്‍ വകയായിട്ടുള്ളത്. 3 സ്വകാര്യ അലോപ്പതി ആശുപത്രികളും ഒരു മര്‍മ്മചികിത്സാകേന്ദ്രവും ഇവിടെയുണ്ട്. താലൂക്കില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയുര്‍വേദാശുപത്രി അനുവദിക്കപ്പെട്ടപ്പോള്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന എന്‍.എന്‍.പണ്ടാരത്തില്‍, ആശുപത്രിക്കെട്ടിടം ആനാട് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായി, പഞ്ചായത്തുവക കെട്ടിടം ആശുപത്രി തുടങ്ങുന്നതിനുവേണ്ടി വിട്ടുകൊടുത്തു. ആയൂര്‍വേദ ആശുപത്രിക്കുവേണ്ടി പഞ്ചായത്ത് പൊന്നുംവിലയ്ക്ക് സ്ഥലമെടുത്ത് ആരോഗ്യവകുപ്പിന് നല്‍കുകയായിരുന്നു. ഹോമിയോ ആശുപത്രി അനുവദിച്ചപ്പോള്‍ പഞ്ചായത്തുവക കെട്ടിടത്തിലാണ് തുടങ്ങിയത്. ഇത് പിന്നെ ജി.കൃഷ്ണന്‍പോറ്റി സാര്‍ നല്‍കിയ സ്ഥലത്ത് എന്‍.സി.സി സഹായത്തോടെ പണിത കെട്ടിടത്തിലേക്ക് മാറ്റി.