ആമുഖം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് ആനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യസ്ഥിതിയും ജാതിസമ്പ്രദായങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍വിഭജനങ്ങളും സ്വാതന്ത്യ്രനിഷേധങ്ങളും അടിച്ചമര്‍ത്തലുകളും അതിന്റെ എല്ലാ സവിശേഷതയോടും കൂടി മുന്‍കാലത്ത് ഇവിടെയും നിലനിന്നിരുന്നു. ആനക്കൂട്ടങ്ങളുടെ കേന്ദ്രീകരണത്താല്‍ ആനാട് (ആനകളുടെ നാട്) എന്ന പേര്‍ ലഭിച്ച ഈ ഗ്രാമത്തില്‍ കടുവ, പുലി തുടങ്ങിയ ഹിംസ്രജന്തുക്കളും, പുള്ളിമാന്‍കൂട്ടങ്ങളും സ്വൈരവിഹാരം നടത്തിയിരുന്നതിന് തെളിവേകുന്ന സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും വേണ്ടുവോളമുണ്ട്. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായി പരിഗണിക്കുന്ന തീര്‍ത്ഥകര ആനാട് വില്ലേജിലാണ്. വാമനപുരം നദിയെ പോഷിപ്പിക്കുന്ന ഒരു ചെറുതോട് ആരംഭിക്കുന്നത് ഈ വില്ലേജിലെ കിഴക്കതിര്‍ത്തിയില്‍ നിന്നാണ്. കുന്നും, ചരിവും, താഴ്വരകളും പാറക്കൂട്ടങ്ങളും വയലേലകളും നിറഞ്ഞതാണ് ആനാട് ഗ്രാമം. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി കുടിപള്ളികൂടങ്ങള്‍ വിദ്യകേന്ദ്രങ്ങളായി നിലനിന്നിരുന്നു. പഞ്ചായത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയിട്ടുണ്ട്. 75 വര്‍ഷം മുമ്പ് ഫാദര്‍ മാനുവല്‍ അമ്പുടയന്റെ നേതൃത്വത്തില്‍ ചുള്ളിമാനൂര്‍ ആര്‍.സി പള്ളി കുടിപള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം പില്‍ക്കാലത്ത് എസ്.എച്ച്.യു.പി.എസ് ആയി വളര്‍ന്നു. 65 വര്‍ഷം മുമ്പ് തങ്കരാജ നെയ്ത്തുപുരയില്‍ ആരംഭിച്ച കുടിപള്ളികൂടം ചുള്ളിമാനൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസായി. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ എസ്.എന്‍.വി.എച്ച്.എസ് പഞ്ചായത്തിന്റെ മധ്യഭാഗമായ ആനാട് സ്ഥിതി ചെയ്യുന്നു. ഈ നൂറ്റാണ്ടില്‍െ ആദ്യപാദങ്ങളില്‍ ഗ്രാമത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ നിലവില്‍ വന്നുതുടങ്ങി.ഭൂമിയുടെ ഉടമസ്ഥത കല്‍പ്പിച്ചുകിട്ടിയിരുന്നത് ബ്രാഹ്മണര്‍ക്കും ദേവസ്വങ്ങള്‍ക്കുമായിരുന്നു. അവരും, അവരുടെ ആജ്ഞാനുവര്‍ത്തികളായി നായന്മാര്‍, വെള്ളാളര്‍ മുതലായ കാണക്കുടിയന്മാര്‍ എന്നറിയപ്പെട്ട സവര്‍ണ്ണരും, മണ്ണില്‍ പണിയെടുക്കുന്ന ഈഴവര്‍, നാടാര്‍, മുസ്ളീം തുടങ്ങിയ പിന്നാക്കജാതിക്കാരും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ജനപ്രകൃതി.നാനാജാതിമതസ്ഥരുടേയും ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അവയുമായി ബന്ധപ്പെട്ട ഉത്സവാദി ആഘോഷങ്ങള്‍ ജാതിമതഭേദമെന്യെ ഈ പഞ്ചായത്തിലെ എല്ലാവരും ചേര്‍ന്നാണ് ആഘോഷിക്കാറുള്ളത്. ഗ്രാമപഞ്ചായത്തില്‍ ഇരുപത്തെട്ട് ക്ഷേത്രങ്ങളും പതിമൂന്ന് ക്രിസ്ത്യന്‍പള്ളികളും അഞ്ച് മുസ്ളീംപള്ളികളും സ്ഥിതി ചെയ്യുന്നു.