ചരിത്രം

പുരാതനകാലം മുതലേ “കാണിക്കാര്‍” എന്ന ഗിരിവര്‍ഗ്ഗക്കാരുടെ ആവാസപ്രദേശമായിരുന്നു അമ്പൂരി. രണ്ടാം ലോകമഹായുദ്ധാനന്തരം തിരുവിതാംകൂര്‍ നാട്ടുരാജ്യത്താകെ കടുത്ത ക്ഷാമം നേരിടുകയുണ്ടായി. തന്‍മൂലം തിരുവിതാംകൂര്‍ രാജാവിന്റെ അനുമതിയോടെ, പാലായില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള ക്രിസ്ത്യാനികള്‍ പശ്ചിമഘട്ടമലനിരകളില്‍ കൃഷി ചെയ്യപ്പെടാതെ കിടന്ന പ്രദേശങ്ങളില്‍ കുടിയേറുകയുണ്ടായി. ഇത് തദ്ദേശീയരായ ആദിവാസിജനതയെ തങ്ങളുടെ വാസപ്രദേശങ്ങളില്‍ നിന്നു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കി. അമ്പൂരിയുടെ വടക്കുഭാഗത്തായി ‘മായ’ ത്തിന് സമീപത്തുള്ള “പാന്ത”യിലായിരുന്നു ആദ്യത്തെ ക്രിസ്ത്യന്‍ കുടിയേറ്റമുണ്ടായത്. മായത്ത് സ്ഥാപിതമായ സെന്റ് മേരീസ് പള്ളിയാണ് ഈ നാട്ടിലെ ആദ്യ റോമന്‍ കത്തോലിക്കാദേവാലയം. മായത്തു തന്നെയുള്ള സെന്റ് മേരീസ് സ്കൂളാണ് ഈ പ്രദേശത്തെ ആദ്യത്തെ സ്കൂള്‍. പില്‍ക്കാലത്ത് നെയ്യാര്‍ ജലസംഭരണിയുടെ നിര്‍മ്മാണം ഹേതുവായി പന്തയിലെ ക്രിസ്ത്യാനികളും പുലയരും, പറയരുമുള്‍പ്പെടെയുള്ള ജനവിഭാഗം വന്‍തോതില്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അവരില്‍ ഭൂരിഭാഗത്തെയും അമ്പൂരിയിലാണ് പുനരധിവസിപ്പിച്ചത്. അമ്പൂരിയെന്ന് വിളിക്കപ്പെടുന്ന കുന്നിന്‍പ്രദേശത്ത് 1947-ലാണ് മധ്യതിരുവിതാംകൂറില്‍ നിന്നുള്ള 25 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കുടിയേറുന്നത്. അക്കാലത്ത് വാഹനത്തിലെത്താന്‍ കഴിയുന്ന അവസാന പോയിന്റായ പനച്ചമൂട്ടില്‍ നിന്നും 12 കിലോമീറ്ററോളം ദൂരത്തുള്ള അമ്പൂരിയിലേക്ക് കാല്‍നടയായി, തലച്ചുമടായാണ് കുടിയേറ്റക്കാര്‍ തങ്ങളുടെ വസ്തുവകകള്‍ കൊണ്ടെത്തിച്ചത്. അമ്പൂരിയില്‍ താമസമാക്കിയവര്‍ക്ക് ആദ്യത്തെ മൂന്നുവര്‍ഷക്കാലം വന്യമൃഗങ്ങളോടും മലേറിയയോടും പോരടിക്കേണ്ടി വന്നു. 1950-തോടു കൂടി പാല, ചങ്ങനാശ്ശേരി, തൊടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 50 കുടുംബങ്ങള്‍ കൂടി അമ്പൂരിയിലേക്ക് കുടിയേറുകയുണ്ടായി.

ഐതിഹ്യങ്ങള്‍

അമ്പൂരിയുടെ പടിഞ്ഞാറുള്ള മലനിരകളിലായാണ് ചരിത്രപ്രസിദ്ധമായ “ദ്രവ്യപ്പാറ” സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായുള്ള പലായനത്തിനിടയില്‍ ഈ ദ്രവ്യപ്പാറയുടെ മുകളില്‍ ഒളിച്ചുതങ്ങിയിരുന്നു എന്നതാണ് മറ്റൊരു ഐതിഹ്യം. ദ്രവ്യപ്പാറയ്ക്കു മുകളിലുള്ള ഗുഹാക്ഷേത്രത്തിലേക്ക് കയറിയെത്താന്‍ പാറയില്‍ തീര്‍ത്ത 72 പടികളുണ്ട്. തറനിരപ്പില്‍ നിന്ന് 700 അടിയും സമുദ്രനിരപ്പില്‍ നിന്ന് 1500 അടിയുമാണ് ദ്രവ്യപ്പാറയുടെ ഏകദേശം ഉയരം. ദ്രവ്യപ്പാറയുടെ ഏറ്റവും മുകളിലായാണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്രവ്യപ്പാറയില്‍ കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന ദേവിയോട് ഇന്നാട്ടിലെ ദരിദ്രരായ ആളുകള്‍ തങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിച്ച് അഭീഷ്ട സിദ്ധി നേടാറുണ്ട് എന്നാണ് വിശ്വാസം. ദ്രവ്യപ്പാറയുടെ വടക്കുകിഴക്കന്‍ ചരിവിലുള്ള കൂറ്റന്‍ കവാടത്തിനരികെ ചെന്നുനിന്ന് ആവശ്യങ്ങള്‍ ഉറക്കെപ്പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്, ദേവി പ്രാര്‍ത്ഥന സ്വീകരിച്ചാല്‍ കവാടത്തിന്റെ തെക്കുകിഴക്കന്‍ അരികിലുള്ള ശിലാപാത്രം നിറയെ പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെട്ട അത്രയും ധനം വന്നുനിറയുമെത്ര. സാമ്പത്തികാനുഗ്രഹം ലഭിച്ച വ്യക്തി ആ തുക നിശ്ചിതസമയത്തിനകം ശിലാപാത്രത്തില്‍ തിരികെ നിക്ഷേപിച്ചുകൊണ്ട് ആ വിവരം അവിടെ നിന്ന് ഉറക്കെ വിളിച്ചുപറയണമായിരുന്നു. ആരും കവാടത്തിനുള്ളിലേക്ക് കടന്നെത്തി നോക്കരുതെന്നാണ് അലിഖിതനിയമം. എന്നിട്ടും ഒരിക്കല്‍ പിതാവിന്റെ കടം തിരികെ കൊണ്ടുവെക്കാനെത്തിയ ഒരു ചെറുപ്പക്കാരന്‍ ആരാണ് പണമെടുക്കാന്‍ വരുന്നതെന്ന് നോക്കാന്‍ കൌതുകപൂര്‍വ്വം അവിടെ കാത്തുനിന്നുവത്രെ. അല്പനേരത്തിനുള്ളില്‍ കവാടത്തിനുള്ളില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീ നഗ്നയായി പ്രത്യക്ഷയായി പണവുമെടുത്തു ഉള്ളിലേക്ക് പോവുകയുണ്ടായി. പൊടുന്നനെ യുവാവിനെ കണ്ട സ്ത്രീരൂപം ഉഗ്രകോപത്തോടെ, ദ്രവ്യപ്പാറയുടെ കവാടം ഇടിമുഴക്കത്തോടുകൂടി എന്നെന്നേക്കുമായി അടച്ചുകളഞ്ഞുവെന്നാണു ഐതിഹ്യം. ഒരിക്കല്‍ കവാടം വീണ്ടും തുറക്കപ്പെടുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഇതിനായി ഇടുങ്ങിയ മൂന്നു പ്രവേശനദ്വാരങ്ങളുള്ള തെക്കുകിഴക്കേ കവാടത്തിനരികിലായി ഗ്രാമീണര്‍ നിത്യവും വിശ്വാസപൂര്‍വ്വം പൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നുണ്ട്. ദ്രവ്യപ്പാറയില്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്തുവന്ന പുരാതനകാലത്തെ ഒരു ഭക്തന് ദേവി പ്രത്യക്ഷപ്പെട്ടതായി കാണിക്കാര്‍ വിശ്വസിച്ചുപോരുന്നതാണ് മറ്റൊരു ഐതിഹ്യം.