പഞ്ചായത്തിലൂടെ

വിവരണം

അമ്പൂരി ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ആയൂര്‍വേദാചാര്യനായ അഗസ്ത്യമുനിയുടെ ആശ്രമമുണ്ടായിരുന്നിടമെന്ന് വിശ്വസിക്കപ്പെടുന്ന അഗസ്ത്യാര്‍കൂടത്തില്‍ നിന്നും 40 കിലോ മീറ്റര്‍ ദൂരത്തായാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്.  ചുറ്റും മലനിരകളാല്‍ ചുറ്റപ്പെട്ട്, പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തായാണ് അമ്പൂരിയുടെ സ്ഥാനം. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് തമിഴ്നാടാണ്. തെക്കുഭാഗത്ത് വെള്ളറട ഗ്രാമപഞ്ചായത്തും തെക്കുപടിഞ്ഞാറ് ആര്യന്‍കോട് പഞ്ചായത്തും പടിഞ്ഞാറ് കള്ളിക്കാട് പഞ്ചായത്തുമാണ് മറ്റ് അതിരുകള്‍. നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ നിബിഡവനത്താല്‍ ചുറ്റപ്പെട്ടതാണ് അമ്പൂരിയുടെ കിഴക്കുഭാഗം. അതിവിപുലമായ റബ്ബര്‍ കൃഷിയിടങ്ങള്‍ക്ക് പേരുകേട്ട നാടാണ് അമ്പൂരി. എങ്കിലും തെങ്ങും, കുരുമുളകും, ഫലവൃക്ഷങ്ങളും, ഔഷധസസ്യങ്ങളും എല്ലാമിവിടെ കൃഷി ചെയ്യപ്പെടുന്നുണ്ട്. പുണ്യവും വിശുദ്ധവുമായി കരുതിപ്പോരുന്ന രുദ്രാക്ഷമരത്തിന്റെ കൃഷിയും അമ്പൂരിയിലുണ്ട്. നെയ്യാര്‍ വന്യമൃഗസങ്കേതത്തെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചുനിറുത്തുന്നത് നെയ്യാര്‍ ജലസംഭരണിയുടെ വൃഷ്ടിപ്രദേശമാണ്. അമ്പൂരിയുടെ പടിഞ്ഞാറുള്ള മലനിരകളിലായാണ് ചരിത്രപ്രസിദ്ധമായ “ദ്രവ്യപ്പാറ” സ്ഥിതി ചെയ്യുന്നത്. സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂള്‍; സെന്റ് ജോസഫ്സ് പ്രൈമറി സ്കൂള്‍; സെന്റ് മേരീസ് അപ്പര്‍ പ്രൈമറി സ്കൂള്‍, മായം; ട്രൈബല്‍ പ്രൈമറി സ്കൂള്‍, പുരവിമല; കോവില്ലൂര്‍ എല്‍.പി.എസ്; കണ്ണന്നൂര്‍ ഗവ.എല്‍.പി സ്കൂള്‍; കുട്ടമല യു.പി സ്കൂള്‍; സെന്റ് മേരീസ് എല്‍.പി സ്കൂള്‍, തേക്കുപാറ; തേക്കുപാറ നഴ്സറിസ്കൂള്‍; കുട്ടമല ഐ.റ്റി.സി തുടങ്ങിയവയാണ് അമ്പൂരിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. “ഗോപാലന്‍ മെമ്മോറിയല്‍ ലൈബ്രറി”യും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കുട്ടാപ്പുവിലാണ് സ്ഥിതി ചെയ്യുന്നത്.  2001-ലെ സെന്‍സസ് പ്രകാരം 9839 ആണ് അമ്പൂരി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. ഏതാണ്ട് 40% ത്തോളം വരുന്ന നാടാര്‍ സമുദായമാണ് ആകെ ജനസംഖ്യയില്‍ ഭൂരിഭാഗവും. കത്തോലിക്കര്‍, പുലയര്‍, ഈഴവര്‍, നായന്മാര്‍ തുടങ്ങിയവിഭാഗക്കാരാണ് ബാക്കിയുള്ളവരില്‍ ഏറെയും. ഏകദേശം 2000 അംഗങ്ങളുള്ള കാണി സമുദായക്കാരായ ഗിരിവര്‍ക്കാരാണ് ഈ പ്രദേശത്തെ മറ്റൊരു പ്രബല വിഭാഗക്കാര്‍. “കാണിക്കാര്‍ കാണി” എന്നാണ് ഇവര്‍ വിളിക്കപ്പെടുന്നത്. “കാണിക്കാര്‍” എന്ന ആദിവാസി വിഭാഗക്കാരായിരുന്നു ഇവിടുത്തെ ആദിമനിവാസികള്‍. 2001 നവംബര്‍ 9 ന് അമ്പൂരിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 39 ആളുകള്‍ ദാരുണമായി മൃതിയടയുകയുണ്ടായി. ഒരു ആഘോഷചടങ്ങില്‍ പങ്കെടുക്കാന്‍ ആളുകള്‍ ഒത്തുകൂടിയ വീടിനു മുകളിലേക്ക് കനത്തമഴയില്‍ മലയിടിഞ്ഞു വീഴുകയായിരുന്നു.