ആമുഖം
തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി അമ്പൂരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു. ആയൂര്‍വേദാചര്യനായ അഗസ്ത്യമുനിയുടെ ആശ്രമമുണ്ടായിരുന്നിടമെന്ന് വിശ്വസിക്കപ്പെടുന്ന അഗസ്ത്യാര്‍കൂടത്തില്‍ നിന്നും 40 കിലോ മീറ്റര്‍ ദൂരത്തായാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. ചുറ്റും മലനിരകളാല്‍ ചുറ്റപ്പെട്ട്, പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തായാണ് അമ്പൂരിയുടെ സ്ഥാനം. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് തമിഴ്നാടാണ്. തെക്കുഭാഗത്ത് വെള്ളറട ഗ്രാമപഞ്ചായത്തും തെക്കുപടിഞ്ഞാറ് ആര്യന്‍കോട് പഞ്ചായത്തും പടിഞ്ഞാറ് കള്ളിക്കാട് പഞ്ചായത്തുമാണ് മറ്റ് അതിരുകള്‍. നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ നിബിഡവനത്താല്‍ ചുറ്റപ്പെട്ടതാണ് അമ്പൂരിയുടെ കിഴക്കുഭാഗം. അതിവിപുലമായ റബ്ബര്‍ കൃഷിയിടങ്ങള്‍ക്ക് പേരുകേട്ട നാടാണ് അമ്പൂരി. അമ്പൂരിയുടെ പടിഞ്ഞാറുള്ള മലനിരകളിലായാണ് ചരിത്രപ്രസിദ്ധമായ “ദ്രവ്യപ്പാറ” സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായുള്ള പലായനത്തിനിടയില്‍ ഈ ദ്രവ്യപാറയുടെ മുകളില്‍ ഒളിച്ചുതങ്ങിയിരുന്നു എന്നതാണ് ഐതിഹ്യം. ദ്രവ്യപ്പാറയ്ക്കു മുകളിലുള്ള ഗുഹാക്ഷേത്രത്തിലേക്ക് കയറിയെത്താന്‍ പാറയില്‍ തീര്‍ത്ത 72 പടികളുണ്ട്. തറനിരപ്പില്‍ നിന്ന് 700 അടിയും സമുദ്രനിരപ്പില്‍ നിന്ന് 1500 അടിയുമാണ് ദ്രവ്യപ്പാറയുടെ ഏകദേശം ഉയരം. ദ്രവ്യപ്പാറയുടെ ഏറ്റവും മുകളിലായാണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുരാതനകാലം മുതലേ “കാണിക്കാര്‍” എന്ന ഗിരിവര്‍ഗ്ഗക്കാരുടെ ആവാസപ്രദേശമായിരുന്നു അമ്പൂരി.