ചരിത്രം

വിപുലമായ ഒരു സാംസ്കാരിക പശ്ചാത്തലമാണ് ഈ പഞ്ചായത്തിനുള്ളത്. അമ്പലങ്ങള്‍, പള്ളികള്‍, മുസ്ളീം പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളുള്ള പഞ്ചായത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ തികഞ്ഞ സഹവര്‍ത്തിത്വത്തോടെ കഴിയുന്നു.ഒരു കാര്‍ഷിക പ്രധാനമായ പ്രദേശമെന്ന നിലയ്ക്ക് ഏറിയഭാഗം ചെറുകിട ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധിവസിക്കുന്ന ആമ്പല്ലൂര്‍പഞ്ചായത്തിന്റെ സാംസ്ക്കാരികത ശാന്തതയുടെയും നിര്‍മ്മലതയുടെയും ആണ്.ആമ്പല്ലൂരിന് അന്‍പ് (അലിവ്) ഉള്ള ഊര് എന്ന വ്യാഖ്യാനം ഇത്തരത്തില്‍ ഔചിത്യമേകുന്നു. നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ അനൌപചാരിക വിദ്യാഭ്യാസ രംഗത്ത് കീച്ചേരി വായനശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആമ്പല്ലൂര്‍,കാഞ്ഞിരമറ്റം,അരയന്‍കാവ് വായനശാലകള്‍ക്ക് ഈ രംഗത്ത് അരനൂറ്റാണ്ടിലേറെ വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുണ്ട്. ആമ്പല്ലൂര്‍,കാഞ്ഞിരമറ്റം വായനശാല കണയന്നൂര്‍ താലൂക്കിലെ ഏറ്റവും വലിയ വായനശാലയാണ്. കേരളത്തിലെ പൊതുവായ സാംസ്കാരിക ഉറവിടങ്ങളുടെ അനുകരണങ്ങള്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലും ദൃശ്യമാണ്. വ്യത്യസ്ത മത സമുദായങ്ങള്‍ ഒന്നിച്ച് സഹവസിക്കുന്ന ഇവിടെ സൌഹാര്‍ദ്ദവും സഹിഷ്ണുതയും പ്രസക്തമായ സന്ദര്‍ഭങ്ങളിലൂടെ ഊട്ടിഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവിടത്തെ ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം എല്ലാവരുടേയും ഐക്യത്തിന്റേയും ഇഴുകിച്ചേരലിന്റെയും നിദര്‍ശനങ്ങളാണ്. അരയന്‍കാവ്,കൂട്ടേക്കാവ് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള ഗരുഡന്‍ തൂക്കങ്ങള്‍ ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നതാണ്. പള്ളിപെരുന്നാളുകള്‍ സര്‍വ്വമത ആഘോഷങ്ങളായാണ് കൊണ്ടാടുന്നത്. മുടിയേറ്റ്, കൂടിയാട്ടം മുതലായ അനുഷ്ഠാനകലകളും, കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ ക്ഷേത്രകലകളും ക്ഷയോന്‍മുഖമായി നിലനില്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ പേരുകേട്ട മുസ്ളീം ദേവാലയമായ ഷേയിക്ക് ഫരിദ്ദുദ്ദീന്‍ (റ) മഖ്ബറ ഈ പഞ്ചായത്തിന്റെ ഹൃദയഭാഗമായ കാഞ്ഞിരമറ്റത്താണ് സ്ഥിതിചെയ്യുന്നത്. ഈ ദേവാലയത്തിലെ കൊടികുത്ത് ചന്ദനക്കുട മഹോത്സവത്തിന് പുറം ദേശക്കാരായ പതിനായിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുമ്പോള്‍ ഇവിടെയുള്ളവര്‍ ജാതി മതഭേദമന്യേ സര്‍വ്വാത്മന ഈ പെരുന്നാളുമായി പങ്കുചേരുന്നു. സൌത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ ഒരു ശാഖ കാഞ്ഞിരമറ്റത്തും യൂണിയന്‍ ബാങ്കിന്റെ ഒരു ശാഖ അരയന്‍കാവിലും പ്രവര്‍ത്തിക്കുന്നു. സഹകരണ മേഖലയില്‍ വന്‍കുതിച്ചുകയറ്റം തന്നെ നടത്തിയിരിക്കുന്ന ഈ പഞ്ചായത്തില്‍ മൂന്ന് സര്‍വ്വീസ് സഹകരണ ബാങ്കുകളും അവയുടെ രണ്ട് ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു.അരയന്‍കാവ്, കാഞ്ഞിരമറ്റം, ആമ്പല്ലൂര്‍ എന്നിവടങ്ങളിലായി മൂന്നു ക്ഷീരോല്പാദക സഹകരണസംഘങ്ങളും, കാഞ്ഞിരമറ്റത്തും അരയന്‍കാവിലിലും ഓരോ കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ കാഞ്ഞിരമറ്റത്ത് ഒരു വനിതാ സഹകരണ സംഘവും ഉണ്ട്.