ആമ്പല്ലൂര്‍

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ബ്ളോക്കില്‍ ആമ്പല്ലൂര്‍, കീച്ചേരി, കുലയറ്റിക്കര എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്താണ് ആമ്പല്ലൂര്‍ പഞ്ചായത്ത്. 22.6 വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് ഉദയംപേരൂര്‍, ചെമ്പ്(കോട്ടയം ജില്ല), മുളന്തുരുത്തി പഞ്ചായത്തുകള്‍, വടക്ക് മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തുകള്‍, തെക്ക്  കോട്ടയം ജില്ലയിലെ വെള്ളൂര്‍, ചെമ്പ് പഞ്ചായത്തുകള്‍, കിഴക്ക് എടയ്ക്കാട്ടുവയല്‍, വെള്ളൂര്‍(കോട്ടയം ജില്ല) പഞ്ചായത്തുകള്‍ എന്നിവയാണ്. ആമ്പല്‍ ധാരാളമുള്ള ഊരായതുകൊണ്ട് ആമ്പല്‍ + ഊര് = ആമ്പല്ലൂര്‍എന്ന പദം പിന്നീട് ആമ്പല്ലൂര്‍ ആയിത്തീര്‍ന്നു എന്ന് പൂര്‍വ്വികര്‍ അഭിപ്രായപ്പെടുന്നു.എറണാകുളം - തലയോലപ്പറമ്പ് റൂട്ടില്‍ വടക്ക് പാണാര്‍പ്പാലം മുതല്‍ തെക്ക് നീര്‍പ്പാറ വരെ 9 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന പ്രദേശമാണ് ആമ്പല്ലൂര്‍ പഞ്ചായത്ത്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ആവശ്യത്തിന് വീതികൂട്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു റോഡിന്റെ ഇരുവശങ്ങളിലുമായി 1 കി. മീറ്റര്‍ മുതല്‍ 3 കി. മീറ്റര്‍ വരെ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു ഈ പഞ്ചായത്ത്. റോഡിന്റെ പടിഞ്ഞാറു ഭാഗം കാഞ്ഞിരമറ്റം - കീച്ചേരി കരിനിലങ്ങളും റോഡിന്റെ കിഴക്കുവശം മധ്യഭാഗം മുതല്‍ തെക്കോട്ട് തോട്ടറ പുഞ്ചയും സ്ഥിതി ചെയ്യുന്നു. ആമ്പല്ലൂര്‍ പഞ്ചായത്തിലെ പ്രധാന നെല്ലുല്‍പ്പാദന കേന്ദ്രങ്ങളാണിവ. കുന്നുകളും താഴ്വരകളുമായി കാണുന്ന റോഡിന്റെ കിഴക്കുഭാഗം പ്രകൃതി രമണീയമാണ്. മലനാട്, ഇടനാട്, തീരപ്രദേശം എന്ന കേരളത്തിന്റെ ഭൂപ്രകൃതിയുടെ ഒരു ചെറിയ പതിപ്പാണ് ആമ്പല്ലൂര്‍ പഞ്ചായത്ത്. കാര്‍ഷിക മേഖലയായ ഈ പഞ്ചായത്തില്‍ റബ്ബര്‍, തെങ്ങ്, നെല്ല്, എന്നിവ മുഖ്യമായും കൃഷി ചെയ്തു വരുന്നു.വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും പഞ്ചായത്ത്  ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. തെക്കേ ഇന്‍ഡ്യയിലെതന്നെ അതിപുരാതനവും അതിപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രവുമായ ദക്ഷിണേന്ത്യയിലെ മെക്ക എന്നറിയപ്പെടുന്ന കാഞ്ഞിരമറ്റം മുസ്ളീംപള്ളി സ്ഥിതിചെയ്യുന്നത് ആമ്പല്ലൂര്‍ പഞ്ചായത്തിലാണ്. ഗരുഡന്‍ തൂക്കങ്ങള്‍ക്ക് പേരുകേട്ട പ്രശസ്തമായ അരയന്‍കാവ് ദേവീക്ഷേത്രവും ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടു പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയവും ഇവിടെയുണ്ട്. മതബോധത്തിലധിഷ്ഠിതമായ ആരാധനാരീതികളിലും ജാത്യാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാമൂലുകളിലുമെല്ലാം അടിയുറച്ചവരാണ്  ഇവിടത്തുകാര്‍.പഞ്ചായത്തിലെ മാമ്പുഴ ദേശം ജ്യോത്സ്യത്തിന് പേരുകേട്ട ഇടമായിരുന്നു. നടന-കലാ-സംഗീതാദി സാഹിത്യങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി വിദ്വാന്‍മാരും പ്രശസ്ത ഗായിക പി. ലീലയും  ഈ പഞ്ചായത്തിന്റെ  അഭിമാനമായിരുന്നു.