ചരിത്രം

സാമൂഹിക ചരിത്രം

ധാരാളം വയലുകളും അതിനോടുചേര്‍ന്ന് ക്ഷേത്രങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് ഈ ഗ്രാമത്തിന് അമ്പലവയല്‍ എന്നു പേരുണ്ടായത്. ചരിത്രാതീതകാലത്ത് തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നതിന് എടക്കല്‍ ഗുഹാചിത്രങ്ങള്‍, മുനിയറകള്‍, ഈ പ്രദേശത്തുനിന്നും ലഭിച്ച ശിലായുധങ്ങള്‍ ഗൃഹോപകരണങ്ങള്‍ എന്നിവ തെളിവുകളാണ്. ചെമ്പുതകിടുകള്‍ കൊണ്ടു മേഞ്ഞ മേല്‍ക്കൂരയുള്ളതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഇവിടുത്തെ ചീങ്ങേരി അമ്പലം വളരെ പ്രസിദ്ധമാണ്. കുറുമര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, ഊരാളിമാര്‍ എന്നിവരായിരുന്നു ഇവിടുത്തെ ആദിമനിവാസികള്‍. 18-ാം നൂറ്റാണ്ടില്‍ ചെട്ടിമാര്‍ ഈ പ്രദേശത്ത് എത്തിയതോടുകൂടി ക്യഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവ വ്യാപകമായി. തുടര്‍ന്ന് തച്ചനാടന്‍ മൂപ്പന്‍മാരും ഇവിടെ എത്തിയതായി കാണുന്നു. പണിയര്‍ ഏറിയ പങ്കും ഇവരുടെ അടിമകളായിരുന്നു. ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും നിലമ്പൂര്‍ കോവിലകം വകയായിരുന്നു. കോവിലകത്തേക്ക് അളക്കേണ്ട നെല്ല് പാട്ടം കോവിലകം വകയായ ബഡേരി കുന്നത്തുകോട്ട ക്ഷേത്രത്തില്‍ എത്തിച്ചതായി ചരിത്രരേഖകളില്‍ കാണുന്നു. കൃഷിക്കാര്‍ താമസിക്കുന്ന കരഭൂമിക്കും, തൊട്ടുചേര്‍ന്ന അപൂര്‍വ്വം വയലുകള്‍ക്കും മാത്രമായിരുന്നു മദ്രാസ് ഗവണ്‍മെന്റ് പട്ടയം നല്‍കിയിരുന്നത്. ഇക്കാലത്തെ വീടുകള്‍ മണ്ണുകുഴച്ചു പിടിപ്പിച്ചും മുളകൊണ്ട് മെടഞ്ഞു മണ്ണുതേച്ചുണ്ടാക്കിയ ഭിത്തികളോടുകൂടിയതുമായിരുന്നു. നാണയവ്യവസ്ഥയോ മിച്ചധാന്യം വില്‍ക്കാന്‍ പ്രത്യേക ചന്തയോ ഇവിടെ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്നും മൈസൂരില്‍ നിന്നും ഊടുവഴികളിലൂടെ ഇവിടെയെത്തിയിരുന്ന കച്ചവടക്കാരില്‍ നിന്നും ആവശ്യമായ വസ്ത്രം, പുകയില, ഉപ്പ്, എണ്ണ മുതലായ സാധനങ്ങള്‍ വാങ്ങുകയും പകരം ധാന്യങ്ങള്‍, നെയ്യ്, തേന്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ പകരം കൊടുത്തുമുള്ള കൈമാറ്റരീതിയാണ് നിലനിന്നിരുന്നത്. അമ്പും വില്ലും നരിക്കുന്തവും അന്ന് ആയുധങ്ങളായി ഉപയോഗിച്ചിരുന്നു. ആയുധങ്ങളില്‍ ഉപയോഗിച്ചിരുന്ന ലോഹമുനകള്‍ ഊരാളിമാരുടെ ലോഹവിദ്യയ്ക്ക് തെളിവാണ്. ഇവര്‍ കൊരമ്പക്കുട, ധാന്യം സൂക്ഷിക്കുന്നതിനുള്ള കൊമ്മ, കൂട്ട, ഒറ്റമൂലമുറം, മീന്‍ പിടിക്കുന്നതിനുള്ള കൂര്‍ത്ത എന്നിവയും ഒന്നാന്തരം മണ്‍പാത്രങ്ങളും നിര്‍മ്മിച്ചിരുന്നു. പണിയരും കുടനിര്‍മ്മാണത്തില്‍ തല്പരരായിരുന്നു. ചില പ്രത്യേക വിശേഷാവസരങ്ങളില്‍ ആദിവാസിഗോത്രങ്ങള്‍ പ്രത്യേകമായി വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് തിറ ഉത്സവം നടത്തുകയും അതില്‍ എല്ലാ വിഭാഗങ്ങളും അവരുടേതായ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തിറ, ഊച്ചാല്‍, പുത്തരി എന്നിവയായിരുന്നു ഇവരുടെ പ്രധാനാഘോഷങ്ങള്‍. ചില അവസരങ്ങളില്‍ എല്ലാ ഗോത്രവിഭാഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള നരി പിടുത്തവും നടത്തിയിരുന്നു.ആദിവാസികളുടെ ഇടയില്‍ ഒന്നാന്തരം വൈദ്യന്‍മാര്‍ ഉണ്ടായിരുന്നു. പച്ചമരുന്ന് ഉപയോഗിച്ചുള്ള ചികിത്സ കൂടാതെ മന്ത്രവാദവും ചികിത്സവിധിയായി കല്പിച്ചിരുന്നു.

കാര്‍ഷിക ചരിത്രം

കരഭാഗത്ത് ചോളം, മുത്താറി, പുകയില, ചാമ, കറുത്തന്‍ നെല്ല്, മത്തന്‍, കുമ്പളം, ചേന, ചേമ്പ് എന്നിവയും, വയലുകളില്‍ വാളിച്ച, തൊണ്ടി, കൊട്ടത്തൊണ്ടി, വെളിയന്‍ ഗന്ധകശാല ജീരകശാല, പുന്നാടന്‍തൊണ്ടി, കോതണ്ടന്‍, ചോമാല, വെളുമ്പാല എന്നീ നെല്ലിനങ്ങള്‍ ക്യഷി ചെയ്തിരുന്നു. കീടബാധയകറ്റുന്നതിന് ഒറ്റമൂല മുറംകൊണ്ട് വീശുകയും, വയലിന്‍ കരക്ക് ചപ്പുചവറുകളും, ഉണങ്ങിയ ഇല്ലിക്കമ്പുകളും കൂട്ടി തീയിട്ട് ചാഴികളെ ആകര്‍ഷിച്ച് വക വരുത്തുകയുമാണ് ചെയ്തിരുന്നത്. കൊയ്ത്തു കഴിഞ്ഞുള്ള മെതിക്ക് പകരം കന്നുകാലികളെ കെട്ടിയുള്ള ‘ഒക്കല്‍ രീതിയാണ് സ്വീകരിച്ചിരുന്നത്.കന്നുകാലികളെ വിട്ടു മേയ്ക്കുന്ന സമ്പ്രദായമായിരുന്നു അന്ന് നിലനിന്നിരുന്നത്. ഇവയെ വന്യമ്യഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി പെടത്തിയാല, പൊതാല എന്നിവ നിര്‍മ്മിച്ചിരുന്നു. വിട്ടു മേയ്ക്കുന്ന കന്നുകാലികളുടെ ഗതിയറിയുന്നതിനുവേണ്ടി അവയുടെ കഴുത്തില്‍”തട്ട കെട്ടുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.ക്യഷിപ്പണിയില്ലാതിരുന്ന സമയങ്ങളില്‍ പണിയാര്‍, നായ്ക്കര്‍ തുടങ്ങിയവര്‍ തേനും കാട്ടുകിഴങ്ങും ശേഖരിച്ചും കുറുമര്‍ കുഴംകുത്തിയും ജീവിച്ചിരുന്നു. കുറുമരും ചെട്ടിമാരും പരസ്പരം നടീലിനും കൊയ്ത്തിനും സഹായിച്ചിരുന്നു. നടീല്‍ തീരുന്ന ദിവസം പണിയര്‍ താളമേളങ്ങളോടെ വയല്‍ വരമ്പിലും അവരുടെ സ്ത്രീകള്‍ നാടുന്നതിനിടയില്‍ താളാത്മകമായി നൃത്തം വെച്ചും കൂകിവിളിച്ചും”കമ്പളം നടത്തിയിരുന്നു.ഭക്ഷണക്രമം കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്നു. ഇടവപ്പാതിക്കാലത്ത് ചാമയും കന്നിപ്പതിനഞ്ച് കഴിഞ്ഞ് കറുത്തന്‍ നെല്ലും ഉപയോഗിച്ചിരുന്നു. പണിയര്‍ ഞണ്ട്, ഉഞ്ചി, താള് മുതലായവയും ഭക്ഷണമായി ഉപയോഗിച്ചിരുന്നു.1850 ഓടുകൂടി വെള്ളക്കാര്‍ വയനാട്ടില്‍ തോട്ടങ്ങള്‍ തുറക്കുകയും അതിന്റെ ഭാഗമായി കപ്പമുടി ,മഞ്ഞപ്പാറ എന്നീ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ചീങ്ങവല്ലം, മട്ടപ്പാറ എന്നീ നാട്ടുകാരുടെ എസ്റേറ്റുകളും ഉണ്ടായിരുന്നതായി കാണാം. കുരുമുളകില്‍ ആരംഭിച്ച തോട്ടകൃഷി ക്രമേണ കാപ്പികൃഷിയിലേയ്ക്ക് മാറി. എന്നാല്‍ മഞ്ഞപ്പാറയില്‍ ആദ്യം തന്ന റബ്ബര്‍ കൃഷിയാണ് നടത്തിയിരുന്നത്. ഈ തോട്ടങ്ങളില്‍ കങ്കാണി വ്യവസ്ഥയില്‍ പുറമേനിന്ന് കൊണ്ടുവരുന്ന വ്യത്യസ്ഥ വിഭാഗങ്ങളില്‍പെട്ട തൊഴിലാളികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലത്ത് ബഡേരി വഴി കടന്നുപോകുന്ന ഊട്ടി റോഡില്‍ നിന്ന് മഞ്ഞപ്പാറ വരെ എത്തുന്ന ഒരു കാളവണ്ടി പാത ഒഴിച്ച് ഈ പ്രദേശത്ത് ഒരു റോഡും ഉണ്ടായിരുന്നില്ല. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അപൂര്‍വ്വമായ സസ്യലതാതികള്‍ കൊണ്ട് ധന്യമാണ് ഈ പഞ്ചായത്ത്. പനമെരു, മെരു, കുരങ്ങ്, മുള്ളന്‍പന്നി തുടങ്ങിയ ജീവികളും സര്‍വ്വസുഗന്ധി, കര്‍പ്പൂരം, വാനില, മുറുവുണക്കി, തുടങ്ങിയ സസ്യങ്ങളും ഇവയില്‍ ചിലതു മാത്രമാണ്. കുരുമുളകിന്റെ വൈവിധ്യമാര്‍ന്ന ജൈവശേഖരവും ഇവിടെയുണ്ട്. ആറാട്ടുപാറയില്‍ കരിങ്കുരങ്ങും ചീങ്ങേരി പാറയില്‍ കാട്ടാടും ഉള്ളതായി കാണാം.വീടുകള്‍ വയലിനോട് ചേര്‍ന്നായിരുന്നു. വീട്ടുപരിസരത്ത് കുരുമുളക്, കവുങ്ങ്, മുതലായവയും നട്ടുവളര്‍ത്തി പോന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രട്ടീഷ് കമ്പനികള്‍ വയനാട്ടില്‍ തോട്ടകൃഷി ആരംഭിച്ചതോടുകൂടിയാണ് റബ്ബര്‍, കാപ്പി, ഓറഞ്ച് കൃഷി എന്നിവയുടെ ആവിര്‍ഭാവം.ചെട്ടിമാര്‍ക്കും കുറുമര്‍ക്കും ചുരുങ്ങിയ തോതില്‍ മദ്രാസ് സര്‍ക്കാരിന്റെ പട്ടയ ഭൂമി ഉണ്ടായിരുന്നു. പണിയരും, നായ്ക്കരും, ഊരാളിമാരും ഇവരുടെ കീഴില്‍ കുടിയാന്മാരായിരുന്നു. കൃഷി ഭൂമി ഭൂരിഭാഗവും നിലമ്പൂര്‍ കോവിലകം വകയായിരുന്നതിനാല്‍ പാട്ടവ്യവസ്ഥയിലാണ് ചെട്ടിമാരും കുറുമാരും കൃഷി നടത്തിയിരുന്നത്. കോവിലകത്തിന്റെ കങ്കാണിമാരായി വന്നിരുന്ന നായന്‍മാര്‍ ക്രമേണ ഭൂപ്രഭുക്കളായി. പണ്ടുകാലത്തെ നാടന്‍ കന്നുകാലികളെയും ഉഴവ് മാടുകളെയും ആടുകളേയും കൂട്ടത്തോടെ വളര്‍ത്തിയിരുന്നു. കാലികളെ മേയ്ക്കുന്നതിന് ധാരാളം മേച്ചില്‍പ്പുറങ്ങളും തരിശായി കിടക്കുന്ന കൃഷിസ്ഥലങ്ങളും ഉണ്ടായിരുന്നു. കാലികളുടെ കഴുത്തില്‍ മരംകൊണ്ടുണ്ടാക്കിയ തട്ട കെട്ടി ഒറ്റപ്പെട്ടുപോകാതെ സംരക്ഷിച്ചും വൈകുന്നരങ്ങളില്‍ വയലുകളില്‍ നിര്‍മ്മിച്ച മുളകൊണ്ടുണ്ടാക്കിയ “പ്ളാത്തിയില്‍ കൂട്ടിയും വളര്‍ത്തുന്ന രീതി നിലനിന്നിരുന്നു. ആദിവാസികള്‍ വളര്‍ത്തുന്ന കന്നുകാലികളെ മാംസത്തിനായി വില്പന നടത്തിയിരുന്നില്ല. നെല്ല് ഒക്കല്‍ ഇടുന്ന അപൂര്‍വ്വ രീതിയും നിലനിന്നിരുന്നു.

വിദ്യാഭ്യാസ ചരിത്രം

1980-ല്‍ ആദിമജാതി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലാറച്ചാലിലാണ് ആദ്യമായി ഒരു വിദ്യാലയും ആരംഭിക്കുന്നത്. ഈ സ്കൂളില്‍ ആദ്യകാലത്ത് കുറുമര്‍ ഒഴികെയുള്ള ആദിവാസികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു, എന്നാല്‍ ഇതിനുമുമ്പുതന്നെ ചെട്ടിമാരുടെ വരവോടെ പുറമേനിന്നും ആശാന്മാരെ കൊണ്ടുവന്ന് വീടുകളില്‍ താമസിപ്പിച്ച് വിദ്യ അഭ്യസിപ്പിച്ചരുന്നു. 1894ല്‍ അന്നത്തെ മലബാര്‍ ജില്ലാപോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസറ്റ് കുപ്പമുടി എസ്റ്റേറ്റ് സന്ദര്‍ശിക്കുകയും യാദൃച്ചികമായി എടക്കല്‍ ഗുഹയിലെത്തിച്ചേരുകയും ചെയ്തു. ഇതിനെയാണ് എടക്കല്‍ ഗുഹയുടെ പ്രാധാന്യം പുറംലോകം അറിയാന്‍ ഇടയായത്.1945-ല്‍ വിമുക്ത ഭടന്മാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി മദിരാശി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് വയനാട് ലാന്റ് കോളനൈസേഷന്‍ സ്കീമില്‍ ഈ പ്രദേശം ഉള്‍പ്പെട്ടുവന്നതാണ് പില്‍ക്കാലമാറ്റങ്ങള്‍ക്ക് നാന്ദിയായത്. സമഗ്രമായ വികസനം ലക്ഷ്യം വെട്ടുകൊണ്ട് ആശുപത്രി, കൃഷി, ഫാം, റോഡുകള്‍, വിദ്യാലയങ്ങള്‍, ഒഫീസുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഇന്‍സ്പെഷന്‍ ബംഗ്ളാവുകള്‍ മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അമ്പലവയല്‍ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം നെല്ലാറച്ചാലിലാണ് ആരംഭിച്ചത് 1980-ല്‍ മുപ്പൈനാട് ആദിമജാതി സമാജം സ്കൂള്‍ എന്നപേരോടുകൂടി പ്രവര്‍ത്തിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. എന്നാല്‍ ഇതിനുനുമ്പു തന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നത്തി ഇവിടുത്തെ ചെട്ടിമാരുടെയും മറ്റു വീടുകളില്‍ താമസിച്ചു പഠിപ്പിച്ചിരുന്ന സമ്പ്രദായത്തെക്കുറിച്ചും ചില രേഖകള്‍ ഉണ്ട്. വിദ്യാഭ്യാസത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് കോളനൈസേഷന്‍ സ്കീമിന്റെ ആവിര്‍ഭാവത്തോടെയാണ്. അമ്പലവയലില്‍ സ്കൂളിനു ആരംഭം കുറിക്കുന്നത് 1944-ല്‍ ആണ്. ഒരു സ്കൂളിനുവേണ്ടിയുള്ള പ്രവര്‍ത്തനം 1952ല്‍ തോമാട്ടുചാവില്‍ കുമാരി കൌസല്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചാതായി കാണാം. വടുവന്‍ചാല്‍ എയിഡഡ് എല്‍.പി. സ്കൂള്‍ എന്നായിരുന്നു സ്കൂളിന്റെ പേര്. ഓടിട്ട സ്കൂള്‍ കെട്ടിടത്തില്‍ ഒന്നാം ക്ളാസ്സും രണ്ടാം ക്ളാസ്സും ഒരുമിച്ചാണ് ആരംഭിച്ചത് ഒന്നാം ക്ളാസ്സില്‍ 26 ഉം രണ്ടാം ക്ളാസ്സില്‍ 10-ല്‍ താഴെയും കുട്ടികളാണ് അന്നുണ്ടായിരുന്നത്.

സാംസ്കാരിക ചരിത്രം

വിമുക്തഭട പൂനരധിവാസ കോളനികളുടെ രൂപീകരണവും, ചീങ്ങേരി ദേശത്തെ കുടിയേറ്റവുമാണ്, ഈ പ്രദേശത്ത് ഗതാഗത സൌകര്യങ്ങള്‍ക്ക് നാന്ദിയായത്. ആദികാലങ്ങളില്‍ ആദിവാസികളും, ചെട്ടിമാരും ഉപയോഗിച്ചിരുന്നത് വനനിബിഡമായ പ്രദേശത്തെ ഊടുവഴികളായിരുന്നു. എന്നാല്‍ കോഴിക്കോട് ഊട്ടി റോഡില്‍വടുവഞ്ചാലില്‍ നിന്നും മഞ്ഞപ്പാറവരെയുള്ള കാളവണ്ടിപാത ഉണ്ടായിരുന്നു.ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരയോട് ചേര്‍ന്നു കിടക്കുന്ന അമ്പലവയല്‍, വിമുക്തഭട പുനരധിവാസ പദ്ധതി ആരംഭത്തോടെയാണ് സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ കുറെ അധികം പുരോഗതി കൈവരിച്ചത്.കൃഷിയും കന്നുകാലി വളര്‍ത്തലുമായി നിലനിന്നിരുന്ന ഗോത്രസംസ്കാരമാണ് ഇവിടുത്തേത്. ലഭ്യമായ അറിവ് വച്ച് കുറുമ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇവിടെ അധിവസിച്ചിരുന്ന ഏറ്റവും പ്രാചീന ഗോത്രവിഭാഗം. കൂടാതെ പണിയര്‍, ഊരാളിമാര്‍, കാട്ടുനായ്ക്കര്‍ എന്നീ ആദിവാസി വിഭാഗങ്ങളും പണ്ടു മുതല്‍ തന്നെ ഇവിടെ ഉണ്ടായിരുന്നു ചെട്ടിമാരും തച്ചനാടന്‍ മൂപ്പന്‍മാരും പില്‍ക്കാലത്താണ് ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നത്. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ അധിഷ്ഠിതമായിരുന്നു ഭൂരിപക്ഷം ഗോത്രങ്ങളുടെയും ജീവിതക്രമം. ഈ ഗോത്രസമൂഹങ്ങള്‍ക്ക് എല്ലാം തനതായ ഭാഷ, വേഷം, വിവാഹരീതി, ചികില്‍സാവിധി, ആചാരാനുഷ്ഠാനങ്ങള്‍, ജീവിത ആയോജന രീതി എന്നിവ നിലനിന്നിരുന്നു.ഈ ഗോത്രസംസ്ക്കാരങ്ങളുടെ തനത് കലാരൂപങ്ങളായ തിറ, തുടികൊട്ട്, കോല്‍ക്കളി, വട്ടക്കളി, ദൈവം കാണല്‍, പണിച്ചിക്കളി, നാടന്‍ പാട്ടുകള്‍ എന്നിവ ഇപ്പോഴും നാമമാത്രമായി നിലവിലുണ്ട്.ഇന്ന് വിവിധപ്രദേശങ്ങളിലായി വായനശാലകള്‍ ആര്‍ട്സ്&സ്പോര്‍സ് ക്ളബുകള്‍, മഹിളാസമാജങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. വിവിധ മതവിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്ത് എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുടെയും മതപരമായ ആഘോഷങ്ങളും ഉത്സവങ്ങളും നിലവിലുണ്ട്.