ആമുഖം

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി ബ്ളോക്കിലാണ് അമ്പലവയല്‍, തോമാട്ടുചാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന് 60.65 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 12 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് സുല്‍ത്താന്‍ബത്തേരി, മീനങ്ങാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെന്മേനി പഞ്ചായത്തും, തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് മേപ്പാടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മേപ്പാടി, മുട്ടില്‍ പഞ്ചായത്തുകളുമാണ്. ഏറെ പൌരാണികമായ ശിലാചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ചരിത്രപ്രധാനമായ എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകളുടെ മടിത്തട്ടിലാണ് അമ്പലവയല്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പഠനഗവേഷണങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള ഒരു ഹെറിറ്റേജ് മ്യൂസിയവും സമീപകാലത്ത് ഗുഹാഭിമുഖമായി അമ്പലവയലില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.വയലുകളും അതിനോടുചേര്‍ന്ന് ക്ഷേത്രങ്ങളുമുള്ള നാടാണ് അമ്പലവയലായത്. 1956-ലാണ് അമ്പലവയല്‍ റവന്യൂവില്ലേജ് രൂപീകൃതമായത്. സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന റവന്യൂവില്ലേജ് പുന:സംഘടന പ്രകാരം മേപ്പാടി പഞ്ചായത്തിലെ മുപ്പൈനാട്, പുറക്കാടി, നെന്മേനി വില്ലേജുകളുടെ ഭാഗങ്ങള്‍ ചേര്‍ത്താണ് അമ്പലവയല്‍ വില്ലേജ് രൂപീകരിക്കുന്നത്. വീണ്ടും 1986-ല്‍ അമ്പലവയല്‍ വില്ലേജിനെ വിഭജിച്ച് ഇന്നത്തെ നിലയിലുള്ള അമ്പലവയല്‍, തോമാട്ടുചാല്‍ എന്നീ വില്ലേജുകളായി പുനര്‍നിര്‍ണ്ണയം നടത്തുകയുണ്ടായി. 1961-ല്‍ സംസ്ഥാന വ്യാപകമായി നടന്ന പഞ്ചായത്തുകളുടെ പുന:സംഘടനയുടെ ഭാഗമായാണ് അമ്പലവയല്‍ പഞ്ചായത്ത് രൂപീകൃതമായത്. അതുവരെ മേപ്പാടി പഞ്ചായത്തില്‍ ആയിരുന്ന കടല്‍മാട്, നെല്ലാറച്ചാല്‍, പുറ്റാട്, കോട്ടൂര്‍, തോമാട്ടുചാല്‍, ആണ്ടൂര്‍, ചീങ്ങവല്ലം പ്രദേശങ്ങളും; കിടങ്ങനാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന കുപ്പമുടി അമ്പലവയല്‍ ഭാഗങ്ങളും; പുറക്കാടി പഞ്ചായത്തിന്റെ ഭാഗമായിരുന്ന കളത്തുവയല്‍, കാരച്ചാല്‍, കുമ്പളേരി പ്രദേശങ്ങളടങ്ങിയ ചീങ്ങേരി ദേശവും എന്നിവ ചേര്‍ത്തുകൊണ്ടാണ് അമ്പലവയല്‍ പഞ്ചായത്ത് രൂപീകൃതമായത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗത്തില്‍ 17.12.63-ന് ടി.പി.മാധവന്‍ നായരെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. 1982-83 വര്‍ഷത്തില്‍ വിവിധ വികസന മേഖലകളില്‍ സഫലീകരിച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തായി അമ്പലവയല്‍ പഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 974 മീറ്റര്‍ ഉയരത്തില്‍ വയനാടിന്റെ തെക്കുകിഴക്ക് ദിശയിലായി തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നാണ് അമ്പലവയല്‍ സ്ഥിതിചെയ്യുന്നത്. ഏകദേശം പടിഞ്ഞാറോട്ട് ചരിഞ്ഞാണ് ഭൂമിയുടെ കിടപ്പ്. പാറക്കെട്ടുകളും ചെറുകുന്നുകളും ധാരാളമായുള്ളതും ഒരു കുന്നിന് ഒരു താഴ്വര എന്ന അനുപാതത്തില്‍ നിമ്നോന്നതവുമായ ഈ പ്രദേശത്തിന്റെ സൌന്ദര്യം ഏതൊരു പ്രകൃതിസ്നേഹിയേയും ഹഠാദാകര്‍ഷിക്കുന്നതാണ്. പഞ്ചായത്തിന്റെ കിഴക്കേയതിര്‍ത്തിയിലൂടെ കോട്ടൂര്‍പുഴ തെക്കോട്ടും, പടിഞ്ഞാറേയതിര്‍ത്തിയിലൂടെ കാരാപ്പുഴ വടക്കോട്ടും ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗങ്ങള്‍ സാമാന്യം നിരപ്പാര്‍ന്ന സമതലപ്രദേശങ്ങളാണ്. ചതുപ്പുനിറഞ്ഞ വയലുകള്‍ ഈ മേഖലയുടെ പ്രത്യേകതയാണ്. സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നു സ്ഥിതിചെയ്യുന്നതിനാല്‍ മിതശീതോഷ്ണാവസ്ഥയുള്ള ഈ പഞ്ചായത്തില്‍ അതുകൊണ്ടുതന്ന പ്രസ്തുത കാലാവസ്ഥയ്ക്കനുസൃതമായുള്ള വൈവിധ്യമാര്‍ന്ന വിളകളും നന്നായി വളരുന്നു. നല്ല കാലാവസ്ഥയാലും മറ്റു കാര്‍ഷിക ചുറ്റുപാടുകളാലും അനുഗ്രഹീതമാണ് ഈ ഗ്രാമം. തോട്ടവിളകള്‍, സുഗന്ധവിളകള്‍, പുഷ്പഫലസസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, പച്ചക്കറികള്‍ എന്നീ വിവിധയിനം കൃഷികള്‍ക്ക് വളരെ അനുയോജ്യമായ പ്രദേശമാണിവിടം. വാണിജ്യപ്രധാനമായ കോഴിക്കോട്, മൈസൂര്‍, ടൂറിസ്റ് കേന്ദ്രമായ ഊട്ടി എന്നീ സ്ഥലങ്ങളുടെ ഇടത്താവളമായി മാറാന്‍ കഴിയുന്ന രീതിയിലാണ് അമ്പലവയലിന്റെ സ്ഥാനം. പ്രകൃതിദത്തമായ നിരവധി കരിങ്കല്‍ശില്പരൂപങ്ങള്‍ നിറഞ്ഞ ചീങ്ങേരി പാറ, ആറാട്ടുപാറ, മഞ്ഞപ്പാറ എന്നിവയും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്.