ചരിത്രം

സാമൂഹിക-സാംസ്കാരിക ചരിത്രം

ചേരന്‍ ചെങ്കുട്ടുവന്‍, വേമ്പനാട്ട് രാജാവ്, ചെമ്പകശ്ശേരി രാജാവ്, മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് എന്നിവര്‍ ഈ പ്രദേശം ഭരിച്ചിരുന്നു. വേമ്പനാട്ട് രാജാവ് ഭരിച്ചിരുന്ന അമ്പലപ്പുഴ കുട്ടനാടിന്റെ ഭാഗമായിരുന്നു. കുടമാളൂര്‍ രാജാവ് അമ്പലപ്പുഴ വെട്ടിപ്പിടിച്ച ശേഷം ഇവിടെ രാജാധാനിയും അമ്പലപ്പുഴ മഹാക്ഷേത്രവും പണികഴിപ്പിച്ചു. രാജധാനി അമ്പലപ്പുഴയില്‍ സ്ഥാപിച്ചതോടെ ഇതിനെ ചെമ്പകശ്ശേരി രാജ്യം എന്നറിയപ്പെടാന്‍ തുടങ്ങി. ദേവനാരായണന്‍ എന്ന സ്ഥാനപേരില്‍ അറിയപ്പെട്ടിരുന്ന മലയാള ബ്രാഹ്മണരായ നമ്പൂതിരി രാജാക്കാന്മാരായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ അധിപന്മാര്‍. രാജ്യഭരണത്തിനുപരിയായി കലാസമ്പത്തിനെ വിലകല്‍പിച്ചുപോന്ന അവര്‍ ഏകദേശം ക്രിസ്ത്വാബ്ദം 1425 മുതല്‍ മൂന്നു നൂറ്റാണ്ടിലധികം ചെമ്പകശ്ശേരി രാജ്യത്തെ സമര്‍ത്ഥമായി ഭരിച്ചിരുന്നു. ഒരാദ്ധ്യാത്മിക സംസ്കാരിക കേന്ദ്രമെന്ന നിലയില്‍ ചെമ്പകശ്ശേരിയുടെ ഖ്യാതി കേരളക്കരയിലുടനീളം മുഴങ്ങിയിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ ചെമ്പകശ്ശേരി കീഴടക്കി 1746-ല്‍ തിരുവിതാംകൂറില്‍ ലയിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ നിത്യഭാസുരമായ ഒരു സ്ഥാനമാണ് ചെമ്പകശ്ശേരിക്ക്  അഥവാ ഇന്നത്തെ അമ്പലപ്പുഴയ്ക്കുള്ളത്. ഈ നാട്ടുരാജ്യത്തിന്റെ അധിപന്‍മാരായിരുന്ന ദേവനാരായണന്‍മാരുടെ കാലം  ചെമ്പകശ്ശേരിയുടെ സുവര്‍ണ്ണകാലമായിരുന്നു. ചെമ്പകശ്ശേരി തമ്പുരാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കേന്ദ്രമായിരുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. ദേവനാരായണന്‍മാരുടെ പ്രശസ്തി മൂലം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കലാകാരന്മാരും സാഹിത്യകാരന്മാരും ചെമ്പകശ്ശേരിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ വന്നുചേര്‍ന്ന   മഹാപ്രതിഭകളുടെ നിരയില്‍ പ്രമുഖരാണ് മേല്‍പ്പത്തൂര്‍ നാരായണഭട്ടിതിരി, തുഞ്ചത്തു രാമാജനുജനെഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയവര്‍  മേല്‍പ്പത്തൂരിന്റെ പല ഉല്‍കൃഷ്ട കൃതികളും അമ്പലപ്പുഴയില്‍ വെച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ചതും  തന്റെ പ്രമുഖമായ തുളളല്‍ കൃതികള്‍ രചിച്ച് കേരളക്കരയുടെ മഹാകവിയായതും അമ്പലപ്പുഴയില്‍ വച്ചാണ്. വൈക്കം സത്യാഗ്രഹത്തിനു മുന്‍പ് തന്നെ അമ്പലപ്പുഴ ക്ഷേത്രറോഡില്‍ കൂടി വഴി നടക്കാന്‍ അവസരം ലഭിക്കണമെന്ന അവകാശവുമായി പിന്നോക്കജനതയുടെ റോഡ് സത്യാഗ്രഹം എന്ന പേരില്‍ അറിയപ്പെട്ട വിഖ്യാതമായ  സമരത്തിനു അമ്പലപ്പുഴ സാക്ഷ്യം വഹിച്ചിരുന്നു. ടി.കെ.മാധവന്‍ ഈ സമരനിരയില്‍ ഉണ്ടായിരുന്ന പ്രമുഖനാണ്. 1936-ലെ ക്ഷേത്രപ്രവേശന വിളംബര പ്രക്ഷോഭണ വേളയില്‍ വൈക്കത്ത് സന്ദര്‍ശനം നടത്തിയ ഗാന്ധിജി മുസാവരി ബംഗ്ളാവില്‍ (ആയൂര്‍വേദാശൂപത്രി) താമസിച്ചിരുന്നു എന്നു കാണുന്നു. ഇന്ത്യയിലെ സാമ്രാജ്യഭരണത്തെ താങ്ങി നിര്‍ത്തിയിരുന്ന അറൂന്നൂറോളം  നാട്ടുരാജ്യങ്ങളില്‍  തിരുവിതാംകൂര്‍  സംസ്ഥാനം ഏറ്റവും ശക്തമായ ഒന്നായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിനീത ദാസന്മാരില്‍ അഗ്രഗണ്യനായിരുന്നു ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍. മോചനത്തിന്റെ മാര്‍ഗം പോരാട്ടം തന്നെയാണെന്ന് ജനം തിരിച്ചറിഞ്ഞു. 1945 ഒക്ടോബര്‍ 22-നു ആരംഭിച്ച പൊതുപണിമുടക്കിന്റെ രണ്ടാം നാള്‍  ഒക്ടോബര്‍  24-നു പുന്നപ്ര പോലീസ് ക്യാമ്പിലേക്ക് പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഉത്തരവാദഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനുമായി നടന്ന ഈ പ്രക്ഷോഭത്തിനും അമ്പലപ്പുഴയുടെ പങ്ക് അഭിമാനത്തിനു വകതരുന്നു. ഈ സമരത്തോടുനുബന്ധിച്ച്  കിരാതനെന്ന  ഖ്യാതി നേടിയ സര്‍ സി.പി.യെ മൂക്ക് മുറിച്ച് നാട്ടില്‍ നിന്ന് ഓടിക്കുന്നതിനു കാരണക്കാരനായ കെ.സി.എസ്.മണിയും അമ്പലപ്പുഴയുടെ അഭിമാനമാണ്. അദ്ദേഹം പഞ്ചായത്തിലെ പ്രതിനിധിയുമായിരുന്നു. കൂത്തും കൂടിയാട്ടവും കഥകളിയും തുള്ളലും കൈകൊട്ടിക്കളിയും കാക്കാരശിയും പടയണിയും അമ്പലപ്പുഴയുടെ സാംസ്കാരിക മണ്ഡലത്തിലെ നിറം മങ്ങാത്ത കലാവൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് രൂപം കൊടുത്ത അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല അമ്പലപ്പുഴയുടെ സാംസ്കാരിക വളര്‍ച്ചക്കും പുരോഗതിക്കും മഹത്തായ  സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മണ്ഡപത്തുംവാതുക്കല്‍ (താലൂക്ക് കച്ചേരി) ടൌണ്‍ ഹാള്‍ , കാക്കാഴം പള്ളിക്ക് ഡച്ചുകാര്‍ സൌഹൃദ പ്രതീകമായി കൊടുത്ത് നാഴികമണി എന്നിവ കഴിഞ്ഞകാല ചരിത്രത്തിന്റെ അടയാളങ്ങളാണ്. പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് അമ്പലപ്പുഴ എന്‍ എന്‍ ഇളയതാണ്.