പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കേരളത്തില്‍ തീരസമതലത്തില്‍പെടുന്ന മേഖലയാണ് അമ്പലപ്പുഴ.പടിഞ്ഞാറ് അറബിക്കടലും വടക്ക് പൂമീന്‍ പൊഴി മുതല്‍  പമ്പാനദി വരെയുള്ള കുറവന്‍ തോട് റോഡും കിഴക്ക് പൂക്കൈതയാറും തെക്ക് അപ്പാത്തികരിയും വെളാത്തലി തോടും പായല്‍ കുളങ്ങര ബീച്ചു റോഡും അതിരിടുന്നു ആകെ വീസ്തീര്‍ണ്ണം 13.29 ച.കി.മീറ്റര്‍ ആണ്. സമൂദ്രതീരത്ത് ചേര്‍ന്നുകിടക്കുന്ന ഭാഗം നിരപ്പായ മണല്‍പ്രദേശമാണ്. സിലിക്കാ, അംഭ്രം മുതലായ അപൂര്‍വ്വങ്ങളായ ലോഹാംശങ്ങളും പലതരം കക്കകളും അടങ്ങിയ മണ്ണാണിവിടെ കാണപ്പെടുന്നത്. തെങ്ങുകൃഷിക്ക് യോജിച്ചതാണ് ഈ മണ്ണ്. കശുമാവും വളരുന്നു. നദീതീരത്തോടു ചേര്‍ന്നുകിടക്കുന്ന വയലുകള്‍ സമുദ്രനിരപ്പില്‍ നിന്നും താഴെയാണ്. അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് ഒരു കാര്‍ഷിക ഗ്രാമമാണ്. പമ്പാനദിയുടെ ഭാഗമായ പൂകൈതയാറിന്റെ സമീപത്തുള്ള നെല്‍പാടങ്ങളും അറബിക്കടിന്റെ തീരത്തുളള സമതലവുമാണ് കൃഷിയ്ക്കു പ്രധാനമായിട്ടുള്ളത്. പ്രധാന വിളകള്‍ തെങ്ങും നെല്ലും ആണ് ഇടവിളകളും കാണാവുന്നതാണ്. ഇവിടെയുള്ള മിക്കവാറും ഭൂമി ബ്രഹ്മസ്വം ദേവസ്വം ഭണ്ഡാരം വകകളായിരുന്നു. അമ്പലപ്പുഴ പഞ്ചായത്ത് ഒരു തീരദേശ ഗ്രാമപഞ്ചായത്ത് ആണ്. പഞ്ചായത്തില്‍ 1,4,5,9 എന്നീ വാര്‍ഡുകള്‍ അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പായല്‍കുളങ്ങര ക്ഷേത്രത്തിന്റെ വടക്കുവശം കിഴക്ക് പടിഞ്ഞാറായി കിടക്കുന്ന റോഡു മുതല്‍ വടക്കോട്ട് കുറവന്‍ തോടിന് പടിഞ്ഞാറു ഭാഗത്തുള്ള പൂമീന്‍പൊഴി വരെയുള്ള 6 കിലോമീറ്റര്‍ ദൈര്‍ഘ്യം ഈ പഞ്ചായത്തിന്റെ തീരപ്രദേശത്തിനുണ്ട്.

അടിസ്ഥാന മേഖലകള്‍

തുഞ്ചത്തെഴുച്ഛന്‍ , മേല്പത്തൂര്‍ ഭട്ടതിരിപ്പാട്, കുഞ്ചന്‍നമ്പ്യാര്‍ , ഇരട്ടകുളങ്ങര രാമവാര്യര്‍  തുടങ്ങിയ പ്രതിഭകളുടെ സാന്നിദ്ധ്യം കൊണ്ടും  പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രശസ്തി നേടുവാന്‍ കഴിഞ്ഞിട്ടുള്ള പ്രദേശമാണ് അമ്പലപ്പുഴ. വിദ്യാഭ്യാസപരമായി അമ്പലപ്പുഴക്കുണ്ടായിരുന്ന പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം അമ്പലപ്പുഴ ക്ഷേത്രത്തിന് തെക്കു കിഴക്കുള്ള ഗവ.പ്രാഥമിക വിദ്യാലയമാണ്. ആദ്യത്തെ അപ്പര്‍ പ്രൈമറി സ്ക്കൂള്‍ കച്ചേരി ജംഗ്ഷനില്‍ 1883-ല്‍ ആരംഭിച്ച ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു മെഡിക്കല്‍ കോളേജും അമ്പലപ്പുഴ ഗവ.മോഡല്‍  ഹൈസ്ക്കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും പ്രവര്‍ത്തിക്കുന്നു. കാക്കാഴത്ത് അദ്ധ്യാപക പരിശീലന ഇന്‍‌സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തിക്കുന്നു. സാങ്കേതിക വിദ്യഭ്യാസ രംഗത്ത് രണ്ട് ഐ.റ്റി.സിയും പ്രവര്‍ത്തിക്കുന്നു. പ്രാഥമിക വിദ്യാലയ രംഗത്ത് 27 ആശാന്‍ കളരിയും 37 അംഗന്‍വാടികളും കൂടി ചേരുന്നാതാണ് അമ്പലപ്പുഴയുടെ അനൌപചാരിക വിദ്യാഭ്യസ മേഖല. പ്രധാന ഗതാഗത മാര്‍ഗ്ഗം റോഡായിരിക്കുന്നു. ആദ്യകാലങ്ങളില്‍  റോഡു ഗതാഗതത്തോടൊപ്പം തന്നെ ജലഗതാഗതമാര്‍ഗ്ഗവും ഈ പഞ്ചായത്തില്‍ പ്രധാനമായിരുന്നു. ചരക്കു ഗതാഗതത്തിന് അടുത്ത കാലത്തുവരെ ജലമാര്‍ഗ്ഗം തന്നെയായിരുന്നു പ്രാധാന്യം. വണ്ടാനം, നീര്‍ക്കുന്നം, കൊപ്പാറക്കടവു, കാക്കാഴം, അമ്പലപ്പുഴ, കിഴക്കേനട എന്നിവിടങ്ങളിലേക്ക് ജലമാര്‍ഗ്ഗം വഴി ചരക്കുകള്‍ എത്തിയിരുന്നു. ദേശീയ പാതയും അമ്പലപ്പുഴ തകഴി റോഡും എസ്.എസ്.എന്‍ കവല റോഡും ആണ് പ്രധാനമായും പഞ്ചായത്തില്‍ ബസ് സര്‍വ്വീസ് ഉള്ളത്.