അമ്പലപ്പുഴ തെക്ക്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ളോക്കിലാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 24.17 ച.കി.മീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന അമ്പലപ്പുഴ പഞ്ചായത്ത് വിഭജിച്ചതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തും (13.29 ച.കി.മീ), അമ്പലപ്പുഴ വടക്ക് പഞ്ചായത്തും  (10.80) രൂപീകൃതമായത്. അമ്പലപ്പുഴ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. അമ്പലപ്പുഴ, പുന്നപ്ര എന്നീ വില്ലേജുകളും ഭാഗികമായി കരുമാടി വില്ലേജുമുള്‍പ്പെടുന്നതാണ് 13.29 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത്. 2000 സെപ്തംബറിലാണ് അമ്പലപ്പുഴ പഞ്ചായത്ത് വിഭജിക്കപ്പെട്ട് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകള്‍ രൂപീകൃതമാവുന്നത്. രണ്ടായിരമാണ്ട് സെപ്റ്റംബര്‍ മാസം 30-ാം തീയതി രൂപംകൊണ്ട അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ ചരിത്രം അവിഭക്ത അമ്പലപ്പുഴ പഞ്ചായത്തിന്റെ തന്നെ ചരിത്രമാണ്. അംബര നദിയുടെ തീരത്ത് മഹാക്ഷേത്രം (ഇന്നത്തെ അമ്പലപ്പുഴ ക്ഷേത്രം) സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയിലാണ് ഇവിടം അമ്പലപ്പുഴ എന്നു വിളിക്കപ്പെട്ടത്. അംബര നദീതരത്ത് അമ്പലപ്പുഴ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്  ഈ സ്ഥലത്തിന് അമ്പലപ്പുഴ എന്ന് പേരുവന്നതെന്ന് പറയപ്പെടുന്നു. അമ്പലപ്പുഴ മഹാക്ഷേത്രവും, കരുമാടിക്കുട്ടനും ഉള്‍പ്പെടെയുള്ള ചരിത്ര, ഐതിഹ്യാദി സ്മാരകങ്ങള്‍ വിഭജനത്തെ തുടര്‍ന്ന് അമ്പലപ്പുഴ തെക്കു പഞ്ചായത്തിന്റെ ഭാഗമായി മാറിയെങ്കിലും ഇവ രണ്ടും, അതുമായി ബന്ധപ്പെട്ട കഥകളും രണ്ടു പഞ്ചായത്തിന്റെയും സാംസ്കാരിക മേഖലകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണ്. തീരപ്രദേശത്തെ ജനങ്ങളുടെ തൊഴില്‍ മത്സ്യബന്ധനവും വിപണനവും വ്യവസായവും അതിനോടനുബന്ധിച്ചുള്ള മറു ജോലികളുമാണ്. പഞ്ചായത്തിന്റെ  കിഴക്കന്‍ വാര്‍ഡുകളില്‍ താമസിക്കുന്ന ഏറെ കുടുംബങ്ങള്‍ പൂക്കൈത ആറ്റിലും  അതിന്റെ കൈത്തോടുകളിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.