ചരിത്രം

സാമൂഹിക-സാംസ്കാരിക ചരിത്രം

വിശാലമായ പാടശേഖരങ്ങളും സമുദ്രതീരവും തോടുകളും ഉള്‍ക്കൊള്ളുന്ന ഈ പ്രദേശം ചേരന്‍ ചെങ്കുട്ടവന്റേയും, വേമ്പനാട്ടു രാജാവിന്റേയും, ചെമ്പകശ്ശേരി ദേവനാരായണന്മാരുടേയും മാര്‍ത്താണ്ഡ വര്‍മ്മയുടേയും ഭരണത്തിന്‍ കീഴില്‍ ഇരുന്നിട്ടുണ്ട്. നമ്പൂതിരി രാജാക്കന്മാര്‍ ക്രിസ്തുവര്‍ഷം 1425 മുതല്‍ ഏകദേശം മൂന്ന് നൂറ്റാണ്ടിലധികം ചെമ്പകശ്ശേരി രാജ്യത്ത് ഭരണം നടത്തി. 1746-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ ചെമ്പകശ്ശേരി കീഴടക്കി തിരുവിതാംകൂറില്‍ ലയിപ്പിച്ചു. പഴയ തമിഴ് കൃതികളിലും സഞ്ചാരികളുടെ യാത്രാകുറിപ്പിലും നര്‍ക്കിണ്ട എന്ന തുറമുഖത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇത് നീര്‍ക്കുന്നം ആണെന്ന് പറയപ്പെടുന്നു. കഞ്ഞിപ്പാടം ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ക്ക് നല്ല അരിയിട്ട് കഞ്ഞിയുണ്ടാക്കുവാന്‍ വേണ്ട അരി കഞ്ഞിപ്പാടം പ്രദേശങ്ങളില്‍ നിന്നുമാണ് കൊടുത്തയച്ചിരുന്നത്. അങ്ങനെയാണ് ഈ പ്രദേശത്തിന് കഞ്ഞിപ്പാടം എന്ന പേര്‍ ലഭിച്ചത്. ചെമ്പകശ്ശേരി രാജാവിന്റെ സൈന്യത്തെ പരിശീലിപ്പിച്ചിരുന്ന കളരികള്‍ ഈ പ്രദേശത്ത് ധാരാളമുണ്ടായിരുന്നു. ഇതില്‍ പ്രസിദ്ധമായ കളരിയാണ് കഞ്ഞിപ്പാടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വട്ടപ്പായിത്ര കളരി. പ്രധാനപ്പെട്ട കളരി ആശാനായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മയുമായി ഏറ്റുമുട്ടി വീരചരമമടഞ്ഞ അരീപ്പുറത്ത് ചേന്നിക്കുറുപ്പ്. സ്വാതന്ത്ര്യ സമരത്തില്‍ അമ്പലപ്പുഴയുടെ പങ്ക് എടുത്തുപറയത്തക്കതാണ്. കെ.കെ.കുഞ്ചുപിളള, എന്‍ ശ്രീകണ്ഠന്‍ നായര്‍ , കെ.സി.എസ്.മണി എന്നിവരോടൊപ്പം കഞ്ഞിപ്പാടം രാമകൃഷ്ണപ്പണിക്കരും, രാഘവപ്പണിക്കരും ബ്രിട്ടീഷ് ഭരണിത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ഉത്തേജനം പകരുന്നതിനും ഗാന്ധിജി ഈ പ്രദേശത്തു വന്ന് നേരിട്ട് നേതൃത്വം കൊടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗമായിരുന്ന കരുമാടി മുസാവരി ബംഗ്ളാവില്‍ (ഇന്നത്തെ ആയൂര്‍വേദ ആശുപത്രി) ഗാന്ധിജി താമസിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. മുന്‍കാലത്ത് ഈ പ്രദേശത്തെ ഏറിയപങ്കു ഭൂമിയും ബ്രഹ്മസ്വം, ദേവസ്വം, പണ്ടാരം വകകളായിരുന്നു. കൂടാതെ രാജകൊട്ടാരത്തിലേക്കു നേരിട്ടു പാട്ടം നല്‍കിയിരുന്ന കണ്ടുകൃഷി വസ്തുക്കളും ഉണ്ടായിരുന്നു. കാര്യസ്ഥന്മാരും, പാട്ടക്കാരും, പണിയാളന്മാരുമായിരുന്നു കൃഷി നടത്തിയിരുന്നത്. ഭൂപരിഷ്ക്കരണ നിയമങ്ങള്‍ ഭൂവുടമാ സങ്കല്‍പത്തെ കീഴുമേല്‍ മറിച്ചു. ഭൂമി തുണ്ടുതുണ്ടുകളാക്കപ്പെടുകയും നാമമാത്ര ചെറുകിട കര്‍ഷകര്‍ ഭൂമിയുടെ അവകാശികളായി തീരുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് എച്ച് അബ്ദുള്‍ സലാമായിരുന്നു.