പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കേരളത്തിന്റെ തീരസമതലങ്ങളില്‍പ്പെടുന്ന മേഖലയാണ് അമ്പലപ്പുഴ. പടിഞ്ഞാറ് അറബിക്കടലും, വടക്ക് പൂമീന്‍ പൊഴി മുതല്‍ പൂക്കൈതയാറു വരെയുള്ള കുറവന്‍കോട് റോഡും കിഴക്ക് പൂക്കൈതയാറും തെക്ക് പി ബി റോഡും കാക്കാഴം തോടും അതിരിടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 10.88 ച.കി.മീറ്റര്‍ ആണ്. സമുദ്ര തീരത്തോടു ചേര്‍ന്നു കിടക്കുന്ന ഭാഗം നിരപ്പായ മണല്‍ പ്രദേശമാണ്. സിലിക്കാ, അഭ്രം തുടങ്ങിയ അപൂര്‍വ്വങ്ങളായ ലോഹാംശങ്ങളും പലതരം കക്കകളും അടങ്ങിയ മണ്ണാണ് ഇവിടെ കാണുന്നത്. ഈ മണ്ണ് തെങ്ങുകൃഷിക്ക് യോജിച്ചതാണ്. കശുമാവും വളരുന്നു. നദീതീരത്തോടു ചേര്‍ന്നു കിടക്കുന്ന വയലുകള്‍ സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ്. ജൈവാശം കലര്‍ന്ന പശിമരാശി മണ്ണാണ് പൊതുവേ കാണപ്പെടുന്നത്. വയലുകളുടെ ആകെ വിസ്തീര്‍ണ്ണം 502 ഹെക്ടര്‍ ആണ്. മഴയും നദീജലവും ആവോളം ലഭിക്കുന്നതിനാല്‍ ഇവിടെ നെല്‍കൃഷിയാണു ചെയ്യുന്നത്. ചിറകള്‍ മിക്കവാറും വീതികൂടിയ പുരയിടങ്ങളായി മാറിക്കഴിഞ്ഞു. ജൈവ സമ്പുഷ്ടവും ഫലഭൂയിഷ്ഠവുമായ ഇവിടെ തോടുകളുടേയും നദികളുടേയും സാന്നിധ്യവുമുണ്ട്. അതുകൊണ്ടുതന്നെ തെങ്ങും, മാവും, വാഴയും മറ്റു സസ്യങ്ങളും നല്ലതുപോലെ വളരുന്ന മണ്ണാണിത്. കടല്‍ത്തീരത്തിനും വയലുകള്‍ക്കുമിടയ്ക്കുള്ള കരഭാഗം ചെളികലര്‍ന്ന മണലാണ്. നാഷണല്‍ ഹൈവേയ്ക്ക് പടിഞ്ഞാറ് സമുദ്ര തീരത്തോടു ചേര്‍ന്ന ഭാഗത്ത് മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നു. കടലിന്റേയും ആറിന്റേയും സാമീപ്യവും സസ്യജാലങ്ങളുടെ നിബിഡതയും കൊണ്ട് സമശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റുമാസം വരെ കാലവര്‍ഷവും, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മഞ്ഞും, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനലും അനുഭവപ്പെടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ കുറച്ചു വേനല്‍ മഴ ലഭിക്കുന്നു. ഒരു വര്‍ഷം ശരാശരി 2500 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നതു. അമ്പലപ്പുഴ വടക്കു ഗ്രാമപഞ്ചായത്തില്‍ പമ്പാനദിയുടെ ഭാഗമായി പൂക്കൈതയാറിന്റെ സമീപത്തുള്ള നെല്‍പ്പാടങ്ങളും അറബിക്കടലിന്റെ തീരത്തുള്ള സമതലവുമാണ് പ്രധാനമായിട്ടുള്ളത്. പണ്ടുകാലത്ത് ഏറിയപങ്കു ഭൂമിയും ബ്രഹ്മസ്വം, ദേവസ്വം, പണ്ടാരം വകകളായിരുന്നു. കൂടാതെ രാജകൊട്ടാരത്തിലേക്കു നേരിട്ടു പാട്ടം നല്‍കിയിരുന്ന കണ്ടുകൃഷി വസ്തുക്കളും ഉണ്ടായിരുന്നു. കാര്യസ്ഥന്മാരും, പാട്ടക്കാരും, പണിയാളന്മാരുമായിരുന്നു കൃഷി നടത്തിയിരുന്നത്. ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പിലായതോടെ ഭൂമി തുണ്ടുതുണ്ടുകളാക്കപ്പെടുകയും നാമമാത്ര ചെറുകിട കര്‍ഷകര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 502 ഹെക്ടര്‍ പുരയിടമാണുള്ളത്. പ്രധാന കൃഷി തെങ്ങാണ്.

അടിസ്ഥാന മേഖലകള്‍

പഞ്ചായത്തിലെ പൂമീന്‍ പൊഴി മുതല്‍ പി.ബി.ജംഗ്ഷന്‍ വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സമുദ്രതീരം പഞ്ചായത്തിനുണ്ട്. ഗ്രാമപ്രദേശത്തിന്റെ സമ്പദ്ഘടനയിലുണ്ടാകുന്ന ഗതിവിഗതികള്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് മത്സ്യമേഖലയെയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റിന് കീഴിലുള്ള 5 സബ്സെന്ററുകളാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ആരോഗ്യ-ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കഞ്ഞിപ്പാടം, കാക്കാഴം, വളഞ്ഞവഴി, നീര്‍ക്കുന്നം, ചാലടി എന്നീ സബ് സെന്ററും 2 പ്രധാന സ്വകാര്യ ക്ളിനിക്കുകളും അലോപ്പതി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയപാത കഴിഞ്ഞാല്‍ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് നീര്‍ക്കുന്നം (എസ് എന്‍ കവല)-കഞ്ഞിപ്പാടം റോഡ്. പ്രധാന ഗതാഗതമാര്‍ഗ്ഗം റോഡാണ്. ആദ്യ കാലങ്ങളില്‍ ജലഗതാഗത മാര്‍ഗ്ഗവും പഞ്ചായത്തില്‍ പ്രധാനമായിരുന്നു. അടുത്തകാലം വരെ ചരക്കുനീക്കത്തിനു ജലഗതാഗത മാര്‍ഗ്ഗത്തിനായിരുന്നു പ്രാധാന്യം. വണ്ടാനം, നീര്‍ക്കുന്നം, കൊപ്പാറക്കടവ്, കാക്കാഴം, കഞ്ഞിപ്പാടം എന്നിവിടങ്ങളില്‍ ജലമാര്‍ഗ്ഗം ചരക്കുകള്‍ എത്തിയിരുന്നു. തീരദേശറോഡ്, പഴയനടക്കാവ് റോഡ് എന്നിവ എന്‍ എച്ച്-ന് സമാന്തരമായി പോകുന്നു. പഞ്ചായത്തിലെ റോഡ് ലഭ്യത സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നതാണ്. പഞ്ചായത്തില്‍ വൈദ്യുതി ലഭിക്കുന്നത് പ്രധാനമായും പുന്നപ്ര 110 കെ.വി.സബ്സ്റ്റേഷന്‍ , കരുവാറ്റ 66 കെ.വി. സബ്സ്റ്റേഷന്‍ , മങ്കൊമ്പ് സബ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. കൃഷിക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമാണ് വൈദ്യുതി പ്രധാനമായി ഉപയോഗിക്കുന്നത്. ജലലഭ്യതയില്‍ പഞ്ചായത്ത് മുന്‍പന്തിയിലാണെങ്കിലും ശുദ്ധജല ലഭ്യതക്കുറവ് മുഖ്യപ്രശ്നമാണ്. വണ്ടാനം പമ്പ് ഹൌസില്‍ നിന്നാണ് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നത്. കിഴക്കന്‍ മേഖലകളില്‍ കഞ്ഞിപ്പാടം കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.