ആമുഖം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ളോക്കിലാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ, പുന്നപ്ര എന്നീ വില്ലേജുകളും ഭാഗികമായി കരുമാടി വില്ലേജുമുള്‍പ്പെടുന്നതാണ് 10.88 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത്. 2000 സെപ്തംബറിലാണ് അമ്പലപ്പുഴ പഞ്ചായത്ത് വിഭജിക്കപ്പെട്ട് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകള്‍ രൂപീകൃതമാവുന്നത്. രണ്ടായിരമാണ്ട് സെപ്റ്റംബര്‍ മാസം 30-ാം തീയതി രൂപംകൊണ്ട അമ്പലപ്പുഴ വടക്കു പഞ്ചായത്തിന്റെ ചരിത്രം അവിഭക്ത അമ്പലപ്പുഴ പഞ്ചായത്തിന്റെ തന്ന ചരിത്രമാണ്. അംബര നദിയുടെ തീരത്ത് മഹാക്ഷേത്രം (ഇന്നത്തെ അമ്പലപ്പുഴ ക്ഷേത്രം) സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയിലാണ് ഇവിടം അമ്പലപ്പുഴ എന്നു വിളിക്കപ്പെട്ടത്. കടല്‍ നീങ്ങി കരയായ ഈ പഞ്ചായത്തു പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലും കിഴക്കുഭാഗത്ത് പൂക്കൈതയാറും തെക്കുഭാഗത്ത് അമ്പലപ്പുഴ സൌത്ത് പഞ്ചായത്തും വടക്കുഭാഗത്ത് പുന്നപ്ര സൌത്ത് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. അമ്പലപ്പുഴ മഹാക്ഷേത്രവും, കരുമാടിക്കുട്ടനും ഉള്‍പ്പെടെയുള്ള ചരിത്ര, ഐതിഹ്യാദി സ്മാരകങ്ങള്‍ വിഭജനത്തെ തുടര്‍ന്ന് അമ്പലപ്പുഴ തെക്കു പഞ്ചായത്തിന്റെ ഭാഗമായി മാറിയെങ്കിലും ഇവ രണ്ടും, അതുമായി ബന്ധപ്പെട്ട കഥകളും പഞ്ചായത്തിന്റെ സാംസ്കാരിക മേഖലകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണ്. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ ചരിത്ര പശ്ചാത്തലം പഞ്ചായത്തിലെ നീര്‍ക്കുന്നം കടപ്പുറമാണ്.