സാമൂഹ്യചരിത്രം
പ്രാചീന കാലത്തെ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നും റോം,പേര്‍ഷ്യ,അറേബ്യ തുടങ്ങിയ പുരാതന കാലത്തെ രാജ്യങ്ങളുമായി പോലും വ്യാപാര ബന്ധമുണ്ടായിരുന്ന പൌരാണികതുറമുഖവുമായ പുറക്കാട് ഇന്ന് അമ്പലപ്പുഴ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് കടല്‍ മൂടി കിടന്നിരുന്നതും പിന്നീട് കടല്‍ നീങ്ങി കരയായി മാറിയതുമായ പ്രദേശങ്ങളിലൊന്നാണ് അമ്പലപ്പുഴ ബ്ളോക്ക് പ്രദേശം. കേരളത്തില്‍ ബുദ്ധമതസംസ്കാരം പ്രചുരപ്രചാരം നേടിയിരുന്ന ആദിമ നൂറ്റാണ്ടുകളില്‍, സുപ്രധാന ബുദ്ധമത കേന്ദ്രങ്ങളായിരുന്നു ഈ ബ്ളോക്കിലെ ഗ്രാമങ്ങളുമെന്ന് പറയപ്പെടുന്നു. എ.ഡി പത്താം ശതകം വരെ ഈ ബൌദ്ധകേന്ദ്രങ്ങള്‍ വളരെ പ്രശസ്തമായി തന്നെ നിലനിന്നിരുന്നതായി ചരിത്രരേഖകള്‍ സൂചന നല്‍കുന്നുണ്ട്. ഇന്ന് കരുമാടിയില്‍ സ്ഥാപിച്ചിരിക്കുന്നതും, തോട്ടപ്പള്ളിയ്ക്കു സമീപത്തു നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ളതുമായ “കരുമാടിക്കുട്ടന്‍” എന്ന ബുദ്ധപ്രതിമ മേല്‍പ്പറഞ്ഞ വസ്തുതയ്ക്ക് ശക്തമായ പിന്‍ബലമേകുന്നു. ബുദ്ധമതത്തിന്റെ ക്ഷയത്തിനു ശേഷം ഉദ്ദേശം മൂന്നു നൂറ്റാണ്ടോളം “ദേവനാരായണന്‍” എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന നമ്പൂതിരി രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു അമ്പലപ്പുഴ പ്രദേശം. രാജ്യഭരണത്തിനുപരിയായി സാഹിത്യാദികലാസമ്പത്തിനെ അളവറ്റു പരിപോഷിപ്പിച്ചുപോന്ന രാജാക്കന്മാരായിരുന്നു ചെമ്പകശ്ശേരിദേവനാരായണന്മാര്‍. ജാതിവിചാരങ്ങളും അയിത്താചാരങ്ങളും കത്തിനിന്ന കാലഘട്ടത്തിലും അവര്‍ണ്ണര്‍ക്കും അവരുടെ സര്‍ഗ്ഗശേഷിപ്രകടനങ്ങള്‍ക്കും ചെമ്പകശ്ശേരി രാജ്യത്ത് വിലക്ക് ഇല്ലായിരുന്നു എതിന്റെ തെളിവാണ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന പള്ളിപ്പാന എന്ന അനുഷ്ഠാനം. 1746-ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി പിടിച്ചടക്കിയതോടെ ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായി തീര്‍ന്നു. അയിത്തത്തിനും അനാചാരത്തിനുമെതിരെ കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ പോലെതന്നെ ശക്തമായ ജനമുന്നറ്റങ്ങള്‍ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. പിന്നോക്ക ജനവിഭാഗങ്ങളുടെ ഉള്ളിലെ പ്രതിഷേധങ്ങളെ കൊടുങ്കാറ്റാക്കി വളര്‍ത്തിയെടുത്ത ശ്രീനാരായണ-അയ്യന്‍കാളി പ്രസ്ഥാനങ്ങളെ ഇരുകൈകളും നീട്ടി ഏറ്റു വാങ്ങിയവരാണ് ഈ പ്രദേശത്തുകാര്‍. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സമര്‍ത്ഥരായിരുന്ന ഒരു നിര തന്നെ ഈ പ്രദേശത്തുണ്ടായിരുന്നു. കൊടുങ്കാറ്റുപോലെയുള്ള സമരങ്ങള്‍ അഴിച്ചുവിടാനും സര്‍ക്കാരിന്റെയും മുതലാളിമാരുടെയും മര്‍ദ്ദനങ്ങളെ നേരിടുവാനും തൊഴിലാളിവര്‍ഗ്ഗത്തെ അവര്‍ പ്രാപ്തരാക്കി. സര്‍.സി.പി.രാമസ്വാമി അയ്യര്‍ പ്രഖ്യാപിച്ച അമേരിക്കന്‍ മോഡല്‍ ഭരണ പരിഷ്ക്കാരത്തിനെതിരേയും, ഉത്തരവാദ ഭരണത്തിനു വേണ്ടിയും ഇവിടുത്തെ ഗ്രാമങ്ങളില്‍ അധികാരിവര്‍ഗ്ഗവുമായി ജനങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യഘടനയില്‍ അടിമുടി മാറ്റങ്ങള്‍ക്കു കളമൊരുക്കിയതും ഈ ബ്ളോക്കുപ്രദേശത്ത് അരങ്ങേറിയതുമായ പുന്നപ്ര-വയലാര്‍ സമരം ജനകീയസമരങ്ങളുടെ ചരിത്രത്തില്‍ ജീവന്‍ തുടിയ്ക്കുന്ന ഒരേടാണ്. ദിവാന്‍ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ, ഈ പ്രദേശത്തെ കയര്‍-കര്‍ഷക-മത്സ്യ തൊഴിലാളികള്‍ തോളോടുതോള്‍ ചേര്‍ന്ന് നടത്തിയ ഐതിഹാസികമായ ഈ സമരം ഒരു പുത്തന്‍ ജനാധിപത്യ ബോധം ജനങ്ങളില്‍ ഉണര്‍ത്തുവാന്‍ സഹായിച്ചു. തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ നിന്ന് തിരുവിതാംകൂറില്‍ വന്ന് സേച്ഛാധിപത്യം നടത്തിയ സി.പി.രാമസ്വാമി അയ്യരെ തിരുവിതാംകൂറില്‍ നിന്ന് പലായനം ചെയ്യിക്കുവാന്‍ കെ.സി.എസ്.മണി എന്ന മറ്റൊരു അയ്യര്‍ ഉദയം ചെയ്തതും അമ്പലപ്പുഴയുടെ മണ്ണില്‍ നിന്നാണ്. 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവത്തോടെ ബ്രീട്ടിഷ് ഭരണത്തിനെതിരെ കെ.കെ.കുഞ്ചുപിള്ള, എന്‍.ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഈ ബ്ളോക്ക് പ്രദേശത്തും പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു വന്നു. 1935-ല്‍ സ്ഥാപിതമായ കുട്ടനാട് ഡവലപ്പ്മെന്റ് ബ്ളോക്കാണ് 1956-ല്‍ അമ്പലപ്പുഴ എന്‍.ഇ.എസ് ബ്ളോക്കായി മാറിയത്. ബ്ളോക്കുപ്രദേശത്ത് പൊതുവിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ സ്ഥാപനത്തില്‍ ആദിമാതൃകകള്‍ സൃഷ്ടിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. ചരക്കുഗതാഗതരംഗത്ത് അടുത്തകാലം വരെ ജലഗതാഗതത്തിന് തന്നെയായിരുന്നു പ്രാധാന്യം. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ ഇവിടേക്ക് എത്തിക്കുന്നതിന് ജലഗതാഗതം പ്രയോജനപ്പെടുത്തിയിരുന്നു.പ്രാചീനകാലത്ത് പ്രധാന തുറമുഖമായ പുറക്കാട് തുറമുഖത്തേക്ക് ചരക്കുകള്‍ എത്തിച്ചിരുന്നതും മത്സ്യോല്‍പ്പന്നങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നതും ജലഗതാഗതത്തെ ആശ്രയിച്ചായിരുന്നു. പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട് തുടങ്ങിയ പഞ്ചായത്തുകളുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ പരമ്പരാഗതമായി തന്നെ ജലഗതാഗതത്തെ തന്നെയാണ് ആശ്രയിച്ചിരുന്നത് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഈ പ്രദേശത്തു കൂടി കടന്നുപോകുന്നു. ചരക്കുകളുമായി കമ്പോളങ്ങളില്‍ എത്തിയിരുന്ന കേവുവള്ളങ്ങള്‍ ഇന്ന് വിദേശ ടൂറിസ്റ്റുകളെ ഉന്നം വച്ച് രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നു. ഇന്ന് പ്രധാന ഗതാഗതമാര്‍ഗ്ഗം റോഡായി മാറിയിരിക്കുന്നു. ബ്ളോക്ക് പഞ്ചായത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ 21 കി.മീ വരുന്ന ഭാഗമാണ് പ്രധാന റോഡ്. അമ്പലപ്പുഴയ്ക്ക് വിപുലമായ വിനോദസഞ്ചാര വികസനസാധ്യതകളുണ്ട്. സുന്ദരമായ കടലോരം, കമനീയമായ കായലോരങ്ങള്‍, കുളിര്‍മ നല്‍കുന്ന തെങ്ങിന്‍തോപ്പുകള്‍, പ്രശാന്തമായ ഗ്രാമീണ ജീവിതം ഇവയെല്ലാം ഒരു വിനോദസഞ്ചാരിയെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.
സാംസ്കാരിക ചരിത്രം
കോലംതുള്ളല്‍, കാളികൂടംതുള്ളല്‍, ശാസ്താം പുറപ്പാട് തുടങ്ങിയവ അനുഷ്ഠാനകലാരൂപങ്ങള്‍ തുള്ളല്‍കലയുടെ ജന്മദേശമായ അമ്പലപ്പുഴയുടെ കലാപാരമ്പര്യത്തിന്റെയും സഹൃദയ സംസ്കാരത്തിന്റെയും അടിയുറവകളാണെന്ന് പറയാം. കൂത്തും, കൂടിയാട്ടവും, കഥകളിയും, തുള്ളലും, കൈകൊട്ടികളിയും, വേലകളിയും, കാക്കാരശ്ശിയും, പടയണിയും, കാറല്‍മാന്‍ ചവിട്ടു നാടകവും ഈ പ്രദേശത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ധന്യമാക്കിയിരുന്നു. രാജ്യഭരണത്തിനുപരിയായി സാഹിത്യാദികലാസമ്പത്തിനെ അളവറ്റു പരിപോഷിപ്പിച്ചുപോന്ന രാജാക്കന്മാരായിരുന്നു ചെമ്പകശ്ശേരി ദേവനാരായണന്മാര്‍. ജാതിവിചാരങ്ങളും അയിത്താചാരങ്ങളും കത്തിനിന്ന കാലഘട്ടത്തിലും അവര്‍ണ്ണര്‍ക്കും അവരുടെ സര്‍ഗ്ഗശേഷിപ്രകടനങ്ങള്‍ക്കും ചെമ്പകശ്ശേരി രാജ്യത്ത് വിലക്ക് ഇല്ലായിരുന്നു എതിന്റെ തെളിവാണ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന പള്ളിപ്പാന എന്ന അനുഷ്ഠാനം. ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തുമത ദേവാലയം പുറക്കാട്ട് സ്ഥാപിച്ചത് പോര്‍ച്ചുഗീസുകാരാണ്. അറബികളുമായി വ്യാപാരബന്ധം തുടങ്ങിയ കാലം മുതല്‍ക്ക് ഇസ്ളാം മതത്തിന്റെ സാന്നിധ്യം ഈ പ്രദേശത്തുമുണ്ടായി. ആലപ്പുഴ ജില്ലയിലെ പ്രാചീന മുസ്ളീം ആരാധനാലയങ്ങളില്‍ പ്രമുഖമായ കാക്കാഴം മുസ്ളിം പള്ളി രാജഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അമ്പലപ്പുഴ വേലകളി, ഓട്ടംതുള്ളല്‍ തുടങ്ങിയ മഹനീയ കലാരൂപങ്ങളുടെ ഉറവിടമായിരുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി മണ്ഡപം, കരുമാടിയിലെ ബുദ്ധവിഹാരം (കരുമാടിക്കുട്ടന്‍), ആണ്ടുനേര്‍ച്ചയായ ചന്ദനക്കുട മഹോത്സവം നടക്കുന്ന കാക്കാഴം മുസ്ളീം ജുമാ അത്ത് പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപമാണ് മറ്റൊരു ആകര്‍ഷണകേന്ദ്രം. കരുമാടിയിലെ ബുദ്ധവിഹാരം വിനോദസഞ്ചാരികളേയും ചരിത്രകുതുകികളേയും ഒരുപോലെ ആകര്‍ഷിക്കുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ “ചെമ്മീന്‍” എന്ന നോവലിന്റെ പശ്ചാത്തലം പുന്നപ്ര കടലോരമാണ്. 17-ാം ശതകത്തില്‍ ഗോവയില്‍ നിന്നും പുറക്കാട് എത്തിയ ഗൌഡ സാരസ്വത ബ്രാഹ്മണര്‍ നിര്‍മ്മിച്ചതാണ് വേണുഗോപാലസ്വാമി ക്ഷേത്രം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ചരിത്രപ്രസിദ്ധമാണ്. മണ്ണിന്റെ മണമുള്ള നാടന്‍ പാട്ടുകള്‍ ഏറെ പ്രചാരത്തിലുള്ള നാടാണിത്. കൂത്ത്, കൂടിയാട്ടം, പാഠകം, തുള്ളല്‍, വേലകളി, പടയണി, മുടിയാട്ടം, കാക്കാരിശ്ശി തുടങ്ങിയ നാടന്‍കലകള്‍ക്ക് ഇവിടം പുകള്‍പെറ്റിരുന്നു. പ്രാചീന കേരളത്തിന്റെ വീരപുളകമുണര്‍ത്തുന്ന വേലകളിയുടെ നാടാണ് അമ്പലപ്പുഴ. “അമ്പലപ്പുഴ വേലകണ്ടവനമ്മയും വേണ്ട” എന്നാരു ചൊല്ലു തന്നെയുണ്ട്. ആത്മീയ നവോത്ഥാന നായകനായിരുന്ന വാഗ്ഭടാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആത്മവിദ്യാ സംഘത്തിന്റെ സജീവ പ്രവര്‍ത്തന മേഖലയായിരുന്നു ഇവിടം. കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒരു സ്ഥാനമായിരുന്നു ചെമ്പകശ്ശേരിക്ക് അഥവാ ഇന്നത്തെ അമ്പലപ്പുഴയ്ക്ക്. ഈ നാട്ടുരാജ്യത്തിന്റെ അധിപന്മാരായിരുന്ന ചെമ്പകശ്ശേരി ദേവനാരായണന്മാരുടെ കാലം കലയുടേയും സാഹിത്യത്തിന്റേയും സുവര്‍ണ്ണ കാലമായിരുന്നു. നാടിന്റെ നാനാഭാഗത്തു നിന്നും സാഹിത്യകാരന്മാര്‍ ചെമ്പകശ്ശേരിയിലെത്തിയിരുന്നു. മേല്പത്തൂര്‍ നാരായണ ഭട്ടതിരി “പ്രക്രിയാ സര്‍വ്വസ്വം” എന്ന വ്യാകരണ ഗ്രന്ഥവും, എഴുത്തച്ഛന്‍ “അദ്ധ്യാത്മിക രാമായണ”വും, കുഞ്ചന്‍നമ്പ്യാര്‍ തന്റെ പ്രസിദ്ധങ്ങളായ തുള്ളല്‍ കൃതികളും രചിച്ചത് അമ്പലപ്പുഴയില്‍ വെച്ചാണ്.ഐതീഹ്യങ്ങളുടെ കലവറയായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മഹാക്ഷേത്രങ്ങളിലൊന്നാണ്. ഇവിടുത്തെ വേലകളിയും പാല്‍പായസവും വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കു മാറിയുള്ള കരുമാടിയിലെ ബുദ്ധവിഹാരം വിനോദസഞ്ചാരികളില്‍ കൌതുകം ഉണര്‍ത്തുന്ന ചരിത്രസ്മാരകമാണ്. 1945 സെപ്റ്റംബര്‍ 15-ന് നാല്‍പത്തിയേഴ് ഗ്രന്ഥശാലകളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം എന്ന ജനകീയ സാംസ്ക്കാരിക പ്രസ്ഥാനത്തിന് ജന്മം നല്‍കിയത് ഇവിടെ വച്ചാണ്.