അമ്പലപ്പുഴ

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലാണ് അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത്. പറവൂര്‍, പുന്നപ്ര, അമ്പലപ്പുഴ, കരുമാടി, പുറക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അമ്പലപ്പുഴ ബ്ളോക്കിനു 68.63 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ആലപ്പുഴ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തും, തെക്കുഭാഗത്ത് ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. അലകളുടേയും, പുഴകളുടേയും മധ്യേ സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ ബ്ളോക്ക് പ്രദേശം ആലപ്പുഴ ജില്ലയിലെ ചെറിയ ബ്ളോക്കുകളില്‍ രണ്ടാം സ്ഥാനത്താണ്. ദേശീയ ജലപാത, ബ്ളോക്കുപ്രദേശത്തിന്റെ കിഴക്കുഭാഗത്തു കൂടിയും, നാഷണല്‍ ഹൈവേ-47 മധ്യഭാഗത്തു കൂടിയും കടന്നുപോകുന്നു. ഭൂപ്രകൃതിപരമായി തീരസമലമേഖലയിലാണ് അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്പുറം പൂഴിമണ്ണ്, കുട്ടനാടന്‍ എക്കല്‍മണ്ണ്, കരിമണ്ണ് എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം മണ്ണിനങ്ങളാണ് ബ്ളോക്ക് പ്രദേശത്ത് കണ്ടുവരുന്നത്. പെട്ടെന്ന് കുതിരുകയും അതുപോലെ ഉണങ്ങുകയും ചെയ്യുന്നതും നീര്‍വാര്‍ച്ച ഏറെ ഉള്ളതുമാണ് കടപ്പുറം മണ്ണ്. ജൈവസാന്ദ്രത വളരെ കുറവുള്ള ഈ മണ്ണില്‍ അമ്ളതയുടെ അംശം കൂടുതലുമാണ്. പ്രദേശത്തെ കാലാവസ്ഥ വളരെ ഊഷ്മളമെന്ന് പറയാന്‍ സാധിക്കുകയില്ല. ശരാശരി താപമാനം 32 ഡിഗ്രിക്കും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയം ഒഴിച്ചുനിര്‍ത്തിയാല്‍ വര്‍ഷം മുഴുവനും ലഘുവായോ മിതമായോ മഴ ലഭിയ്ക്കുന്നുണ്ട്. 1956-ലാണ് അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. പൌരാണികകേരളത്തിലുണ്ടായിരുന്ന മൂന്ന് പ്രധാന പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായിരുന്നു പുറക്കാട്. റോമാ സാമ്രാജ്യവുമായി പോലും ഈ തുറമുഖത്തിനു വാണിജ്യബന്ധം ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്.