ചരിത്രം

സാമൂഹിക സാംസ്കാരിക പശ്ചാത്തലം

1962 ല്‍ ജി.ഒ.എം.എസ്. 814/62 ഉത്തരവ് പ്രകാരം അമ്പലപ്പാറ ഒന്നും രണ്ടും വില്ലേജുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ചേര്‍ന്ന് അമ്പലപ്പാറ പഞ്ചായത്ത് രൂപീകൃതമായി. 10 വാര്‍ഡുകള്‍ ഉള്ള ഈ പഞ്ചായത്തില്‍ പഞ്ചായത്ത് ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്തി ആദ്യഭരണ സമിതി രൂപീകരിച്ചു. സവര്‍ണ ജന്മിമാരുടെയും നാടുവാഴികളുടെയും അധീനതയിലായിരുന്ന ജനതയായിരുന്നു ഈ പ്രദേശത്ത് വസിച്ചിരുന്നത്. സാമൂതിരി രാജാക്കന്‍മാരുടെ സാമന്തരില്‍ പ്രധാനിയായ വള്ളുവനാട് രാജാക്കന്‍മാരുടെയും ബ്രട്ടീഷുകാരുടെയും അധീനതയില്‍ പെട്ടതായിരുന്നു ഈ പ്രദേശം.അമ്പലങ്ങളും പാറകളും ധാരാളമുള്ള സ്ഥലമാണിത്. അമ്പലപ്പാറ എന്ന് ഈ ഗ്രാമത്തിന് പേര് വന്നതും ഈ കാരണത്താലാകം എന്ന് കരുതിപ്പോരുന്നു. ഐ.എന്‍.എ.യില്‍ അംഗങ്ങളായിരുന്ന വാരിക്കുഴിയില്‍ നാരായണന്‍ നായര്‍, നെല്ലിക്കുന്നത്ത് അയ്യപ്പന്‍, കേളത്തൊടി രാമന്‍, ചാക്കോട്ടില്‍ രാമപ്പണിക്കര്‍ എന്നിവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രധാനവ്യക്തികളാണ്.ഈ പഞ്ചായത്തിന്റെ സാംസ്കാരികപൈതൃകം ജൈനമത സംസ്കാരത്തിനോട് ബന്ധപ്പെട്ട് കിടക്കുന്നു.നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 8 ക്ഷേത്രങ്ങളും, അമ്പലപ്പാറ, മുരുക്കുംപറ്റ, വേങ്ങശ്ശേരി എന്നിവിടങ്ങളിലായി 8 മുസ്ളീം പള്ളികളും സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി  നിലനില്ക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ആരാധനാലയം കടമ്പൂരുള്ള പള്ളിയാണ്. ഗ്രാമത്തിലെ പ്രധാനപ്പെട്ട സാംസ്ക്കാരിക ഉത്സവങ്ങള്‍ എല്ലാം തന്നെ ഇത്തരം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.മുതലപ്പാറപൂരം, പനയൂര്‍കാവ് പൂരം, വാഴാനിക്കാവ്, വയങ്കാവ് എന്നിവിടങ്ങളിലെ പൂരം മുതലായവ  ജനബാഹുല്യം കൊണ്ട് വളരെ പ്രാധാന്യമുള്ളവയാണ്.പല വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന വായനശാലകളും ഗ്രന്ഥശാലകളുമാണ് ഗ്രാമത്തിന്റെ മറ്റൊരു സാംസ്കാരിക തട്ടകം.ചുനങ്ങാട് വായനശാല, യുവരശ്മി ആര്‍ട്സ് & സ്പേര്‍ട്സ് ക്ളബ്, പിലാത്തറ അംബേദ്കര്‍ സ്മാരകവായനശാല എന്നിവയാണ് ഇതില്‍ പ്രധാന കേന്ദ്രങ്ങള്‍.1962-ല്‍ ഡിസ്പെന്‍സറിയായി തുടങ്ങി പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രമായി ഉയര്‍ത്തപ്പെട്ട അമ്പലപ്പാറ പി.എച്ച്.സി യാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ആരോഗ്യസ്ഥാപനം.സര്‍ക്കാര്‍ മേഖലയില്‍ ഹോമിയോപ്പതിക്കും ആയുര്‍വ്വേദത്തിനുമായി കടമ്പൂരും മുരുക്കുംപറ്റയിലും രണ്ട് ആശുപത്രികള്‍ ഉണ്ട്.സ്വകാര്യരംഗത്തുള്ള ആശുപത്രികള്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. അശ്വതി ഹോസ്പിറ്റല്‍, വള്ളുവനാട് ഹോസ്പിറ്റല്‍, സെവന്‍ത്ഡേ ഹോസ്പിറ്റല്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.മൃഗസംരക്ഷണ രംഗത്ത് പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്.