പഞ്ചായത്തിലൂടെ
അമ്പലപ്പാറ - 2010
പാറക്കുന്നുകളും താഴ്വാരങ്ങളും ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ജലസേചനത്തിനുള്ള പ്രധാനമാര്‍ഗ്ഗങ്ങള്‍ തോടുകളും കുളങ്ങളുമാണ്. ആകെ കുന്നിന്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെ 60% ത്തോളം വരുന്ന പ്രദേശമാണ് കൃഷിക്ക് ഉപയുക്തമായുള്ളത്. മണ്ണിന് നേരിയ അമ്ളഗുണമുണ്ട്. സമതലങ്ങളില്‍ പ്രധാനമായ് നെല്‍കൃഷിയും, ചരിവുള്ളതും ഉയര്‍ന്നതുമായ പ്രദേശങ്ങളില്‍ മറ്റ് കൃഷികളും ചെയ്തുവരുന്നു. തെങ്ങ്, കവുങ്ങ്, റബ്ബര്‍ തുടങ്ങിയുള്ള ദീര്‍ഘകാലവിളകളും പയര്‍, പച്ചക്കറി, വാഴ, മരിച്ചീനി, കുരുമുളക് എന്നിവയുമാണ് പ്രധാനകൃഷികള്‍. മഴലഭ്യത കുറഞ്ഞതും കടുത്ത വേനല്‍ അനുഭവപ്പെടുന്ന പ്രദേശവുമാകയാല് മെച്ചപ്പെട്ട രീതിയിലുള്ള ശാസ്ത്രീയമായ ജലപരിപാലനം ആവശ്യമായതാണ് പഞ്ചായത്തിന്റെ കാര്‍ഷികരംഗം. 1962 നവംബര്‍ 7-ാം തീയതിയാണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കിന്റെ പരിധിയിലുള്ള ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്തിലാണ് 5008.25 ഹെക്ടര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുഴകളോ, കായലോ, തടാകങ്ങളോ ഇല്ലാത്ത ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് 25-ഓളം വരുന്ന പൊതു കിണറുകളും 15-ഓളം വരുന്ന കുളങ്ങളുമാണ്. പാര്‍ക്കുകളുടെയോ, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയോ അസാന്നിധ്യംകൊണ്ട് പ്രദേശത്തിന്റെ ഭൂപ്രകൃതി അതിന് യോജിക്കുന്നതല്ലയെന്ന് അനുമാനിക്കേണ്ടതില്ല. കാരണം വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധം രൂപാന്തരം നടത്താവുന്ന ധാരാളം കുന്നുകള്‍ പഞ്ചായത്തിലുണ്ട്. അനങ്ങന്‍മല, പാട്ടിമല, കൂനന്‍മല, തോണിമല, തളിമല എന്നിവ ഇതില്‍ ചിലതാണ്. പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 11 റേഷന്‍കടകളും 2 മാവേലി-നീതി സ്റ്റോറുകളുമാണ് പൊതുവിതരണം കാര്യക്ഷമമാക്കുന്നത്. ഗ്രാമത്തിലുടനീളം വെള്ളവും വെളിച്ചവും നല്‍കുന്നതിനായി 257 പൊതു ടാപ്പുകളും 768 വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. അമ്പലപ്പാറ പഞ്ചായത്തിന്റെ വ്യവസായികരംഗം പരിപോഷിപ്പിക്കുന്നത് ഇവിടുത്തെ പരമ്പരാഗത-ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്. ഓട്ടുപാത്ര നിര്‍മ്മാണവും മണ്‍പാത്ര നിര്‍മ്മാണവും, പ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മേഖലയാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. അരി, എണ്ണ തുടങ്ങിയവയുടെ ഉല്പാദനവുമായി ബന്ധപ്പെട്ട മില്ലുകള്‍, ബീഡി വ്യവസായം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം എന്നിവയുള്‍പ്പെട്ടതാണ് ചെറുകിട വ്യവസായം. നിത്യോപയോഗ വസ്തുക്കളായ സോപ്പ്, തീപ്പെട്ടി കെട്ടിട നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇഷ്ടികചൂളകള്‍ എന്നിവയാണ് ഇടത്തരം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറി വ്യവസായങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുള്ള ഒരു പഞ്ചായത്താണ് അമ്പലപ്പാറ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും വകയായി രണ്ടു ബങ്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനത്തിലുണ്ട്. 35000 ത്തോളം വരുന്ന ജനസംഖ്യയുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ നിറവേറ്റപ്പെടുന്നത് ഗ്രാമത്തിലെ 19 സ്കൂളുകളിലായാണ്. സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യകാല സ്ഥാപനമാണ് കടമ്പൂര് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എ.വി.എം.എച്ച്.എസ്.എസ്, ചുനങ്ങാട് എന്‍.എസ്.എസ്.എച്ച് എസ്, വേങ്ങശ്ശേരി മറ്റൊരു വിദ്യാലയമായ അവിടെത്തന്നെയുള്ള വി.കെ.എം.യുപി.എസ് ചെറുമുണ്ടശ്ശേരിയിലുള്ള എ.യു.പി.എസ്, എ.എല്‍.പി.എസ് അമ്പലപ്പാറ എ.എല്‍.പി.എസ് തുടങ്ങിയിട്ടുള്ള സ്കൂളുകള്‍ എയ്ഡഡ് മേഖലയില്‍ നിന്നുള്ളവയാണ്. സ്വകാര്യമേഖലയില്‍ നിന്ന് പറയത്തക്ക സംരംഭങ്ങളൊന്നും തന്നെ വിദ്യഭ്യാസ രംഗത്തുണ്ടായിട്ടില്ല. കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മുപ്പതില്പരം ബാലവാടികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ വാഹന സൌകര്യം പ്രധാനമായും രണ്ടു റോഡുകളെ ആശ്രയിച്ചാണ് നടക്കുന്നത്. ഒറ്റപ്പാലം-മണ്ണാര്‍ക്കാട് പാതയും ഒറ്റപ്പാലം-വേങ്ങശ്ശേരി പാതയുമാണ് ഇവ. ഒറ്റപ്പാലം-മേലൂര്‍, ഒറ്റപ്പാലം-മുളഞ്ഞൂര്‍, ഒറ്റപ്പാലം-മുന്നാര്ക്കോട് എന്നിവയാണ് മറ്റു റോഡുകള്‍. വേങ്ങശ്ശേരി, കാഞ്ഞിരക്കടവ് എന്നിവിടങ്ങളിലെ പാലങ്ങള്‍ റോഡ് ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത് ഒറ്റപ്പാലം, വേങ്ങശ്ശേരി, അമ്പലപ്പാറ എന്നിവിടങ്ങളിലാണ്. അടുത്തുള്ള വിമാനത്താവളവും, തുറമുഖവും യഥാക്രമം നെടുമ്പാശ്ശേരിയും, കൊച്ചിയുമാണ്. ഗ്രാമത്തിലേക്കുള്ള ഏക റെയില്‍വേ സ്റ്റേഷന് ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങള്‍ ഫാത്തിമാ കോംപ്ളക്സ്, സായി കോംപ്ളക്സ്, കൃഷ്ണ കോംപ്ളക്സ്, ഹജ്രി ടവര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 8 ക്ഷേത്രങ്ങളും, അമ്പലപ്പാറ, മുരുക്കുംപറ്റ, വേങ്ങശ്ശേരി എന്നിവിടങ്ങളിലായി 8 മുസ്ളീം പള്ളികളും നിലനില്ക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ആരാധനാലയം കടമ്പൂരുള്ള ക്രിസ്ത്യന്‍ ദേവാലയമാണ്. ഗ്രാമത്തിലെ പ്രധാനപ്പെട്ട സാംസ്ക്കാരിക ഉത്സവങ്ങള്‍ എല്ലാം തന്നെ ഇത്തരം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മുതലപ്പാറപൂരം, പനയൂര്‍കാവ് പൂരം, വാഴാനിക്കാവ്, വയങ്കാവ് എന്നിവിടങ്ങളിലെ പൂരം മുതലായവ പ്രാധാന്യമുള്ളവയാണ്. പല വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന വായനശാലകളും ഗ്രന്ഥശാലകളുമാണ് ഗ്രാമത്തിന്റെ മറ്റൊരു സാംസ്കാരിക തട്ടകം. ചുനങ്ങാട് വായനശാല, യുവരശ്മി ആര്‍ട്സ് & സ്പേര്‍ട്സ് ക്ളബ്, പിലാത്തറ അംബേദ്കര്‍ സ്മാരകവായനശാല എന്നിവയാണ് ഇതില്‍ പ്രധാന കേന്ദ്രങ്ങള്‍. 1962-ല്‍ ഡിസ്പെന്‍സറിയായി തുടങ്ങി പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രമായി ഉയര്‍ത്തപ്പെട്ട അമ്പലപ്പാറ പി.എച്ച്.സി യാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ആരോഗ്യസ്ഥാപനം.സര്‍ക്കാര്‍ മേഖലയില്‍ ഹോമിയോപ്പതിക്കും ആയുര്വ്വേദത്തിനുമായി കടമ്പൂരും മുരുക്കുംപറ്റയിലും രണ്ട് ആശുപത്രികള്‍ ഉണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതുജനാരോഗ്യം, അന്ധതാനിവാരണം, ക്ഷയരോഗ നിര്‍മ്മാര്‍ജനം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ പഞ്ചായത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സ്വകാര്യരംഗത്തുള്ള ആശുപത്രികള്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. അശ്വതി ഹോസ്പിറ്റല്‍, വള്ളുവനാട് ഹോസ്പിറ്റല്‍, സെവന്ത്ഡേ ഹോസ്പിറ്റല്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.മൃഗസംരക്ഷണ രംഗത്ത് പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്.