അമ്പലപ്പാറ

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിന്റെ പരിധിയിലുള്ള ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്തിലാണ് 50.08 ച.കിമി വിസ്തൃതിയുള്ള അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962 നവംബര്‍ 7-ാം തീയതിയാണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി  നിലവില്‍ വന്നത്. 2008-ലെ കണക്ക് പ്രകാരം പഞ്ചായത്തിന്റെ സാക്ഷരത നിരക്ക് 89% മാണ്.  പുഴകളോ, കായലോ, തടാകങ്ങളോ  ഇല്ലാത്ത ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍  25-ഓളം വരുന്ന പൊതു കിണറുകളും 15-ഓളം വരുന്ന കുളങ്ങളുമാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധം രൂപപ്പെടുത്താവുന്ന ധാരാളം കുന്നുകള്‍ പഞ്ചായത്തിലുണ്ട്. അനങ്ങന്‍മല, പാട്ടിമല, കൂനന്‍മല, തോണിമല, തളിമല എന്നിവ ഇതില്‍ ചിലതാണ്. പാറക്കുന്നുകളും താഴ്വാരങ്ങളും ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ജലസേചനത്തിനുള്ള പ്രധാനമാര്‍ഗ്ഗങ്ങള്‍ തോടുകളും കുളങ്ങളുമാണ്. ആകെ കുന്നിന്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെ 60% ത്തോളം വരുന്ന പ്രദേശമാണ് കൃഷിക്ക് ഉപയുക്തമായുള്ളത്. മണ്ണിന് നേരിയ അമ്ളഗുണമുണ്ട്.സമതലങ്ങളില്‍ പ്രധാനമായി നെല്‍കൃഷിയും, ചരിവുള്ളതും ഉയര്‍ന്നതുമായ പ്രദേശങ്ങളില്‍ മറ്റ് കൃഷികളും ചെയ്തുവരുന്നു. തെങ്ങ്, കവുങ്ങ്, റബ്ബര്‍ തുടങ്ങിയുള്ള ദീര്‍ഘകാലവിളകളും പയര്‍, പച്ചക്കറി, വാഴ, മരിച്ചീനി, കുരുമുളക് എന്നിവയുമാണ് പ്രധാനകൃഷികള്‍.മഴലഭ്യത കുറഞ്ഞതും കടുത്ത വേനല്‍ അനുഭവപ്പെടുന്ന പ്രദേശവുമാകയാല്‍ മെച്ചപ്പെട്ട രീതിയിലുള്ള ശാസ്ത്രീയമായ ജലപരിപാലനം ആവശ്യമായതാണ് പഞ്ചായത്തിന്റെ കാര്‍ഷികരംഗം.അമ്പലപ്പാറ പഞ്ചായത്തിന്റെ വ്യവസായികരംഗം പരിപോഷിപ്പിക്കുന്നത് ഇവിടുത്തെ പരമ്പരാഗത-ചെറുകിട-ഇടത്തരം വ്യവസായങ്ങളായ ഓട്ടുപാത്ര നിര്‍മ്മാണവും മണ്‍പാത്ര നിര്‍മ്മാണവുംആണ്. പ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മേഖലയാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം.അരി, എണ്ണ തുടങ്ങിയവയുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ട മില്ലുകള്‍, ബീഡി വ്യവസായം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം എന്നിവയുള്‍പ്പെട്ടതാണ് ചെറുകിട വ്യവസായ മേഖല. നിത്യോപയോഗ വസ്തുക്കളായ സോപ്പ്, തീപ്പെട്ടി കെട്ടിട നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇഷ്ടികചൂളകള്‍ എന്നിവയാണ് ഇടത്തരം വ്യവസായത്തില്‍ ഉള്‍പ്പെടുന്നവ. ക്വാറി വ്യവസായങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുള്ള ഒരു പഞ്ചായത്താണ് അമ്പലപ്പാറ.ഇവിടുത്തുകാര്‍ക്ക്  വിദ്യാഭ്യാസ സൌകര്യങ്ങള്‍ നിറവേറ്റപ്പെടുന്നത് ഗ്രാമത്തിലെ 19 സ്കൂളുകളിലായാണ്. സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യകാല സ്ഥാപനമാണ് കടമ്പൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എ.വി.എം.എച്ച്.എസ്.എസ് ചുനങ്ങാട്, എന്‍.എസ്.എസ്.എച്ച് എസ് വേങ്ങശ്ശേരി  മറ്റൊരു വിദ്യാലയമായ വി.കെ.എം.യു.പി.എസ്, ചെറുമുണ്ടശ്ശേരിയിലുള്ള എ.യു.പി.എസ്, എ.എല്‍.പി.എസ് അമ്പലപ്പാറ തുടങ്ങിയ സ്കൂളുകള്‍ എയ്ഡഡ് മേഖലയില്‍ നിന്നുള്ളവയാണ്. കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മുപ്പതില്‍പരം ബാലവാടികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.6 തപാല്‍ ഓഫീസുകളും ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചുമുള്‍പ്പെടെ ഏഴ് സ്ഥാപനങ്ങളാണ് പഞ്ചായത്തിന്റെ വാര്‍ത്താവിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഗ്രാമത്തിന്റെ വാട്ടര്‍ അതോറിറ്റി ഓഫീസും പോലീസ് സ്റ്റേഷനും സ്ഥാപിതമായിരിക്കുന്നത് ഒറ്റപ്പാലത്താണ്.മറ്റു പ്രധാന ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളായ വില്ലേജ് ആഫീസ്, വൈദ്യുതി ആഫീസ് എന്നിവ സ്ഥിതിചെയ്യുന്നത് അമ്പലപ്പാറയിലാണ്.പഞ്ചായത്തിലെ വാഹന ഗതാഗതസൌകര്യം പ്രധാനമായും രണ്ടു റോഡുകളെ ആശ്രയിച്ചാണ് നടക്കുന്നത്. ഒറ്റപ്പാലം-മണ്ണാര്‍ക്കാട് പാതയും ഒറ്റപ്പാലം-വേങ്ങശ്ശേരി പാതയുമാണ് ഇവ. ഒറ്റപ്പാലം-മേലൂര്‍, ഒറ്റപ്പാലം-മുളഞ്ഞൂര്‍, ഒറ്റപ്പാലം-മുന്നാര്‍ക്കോട് എന്നിവയാണ് മറ്റു റോഡുകള്‍.വേങ്ങശ്ശേരി, കാഞ്ഞിരക്കടവ് എന്നിവിടങ്ങളിലെ പാലങ്ങള്‍ റോഡ് ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത് ഒറ്റപ്പാലം, വേങ്ങശ്ശേരി, അമ്പലപ്പാറ എന്നിവിടങ്ങളിലാണ്. അടുത്തുള്ള വിമാനത്താവളവും, തുറമുഖവും യഥാക്രമം നെടുമ്പാശ്ശേരിയും, കൊച്ചിയുമാണ്. ഗ്രാമത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്നു.

president