ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
അമരന്‍മാരുടെ അമ്പലം അഥവാ മരണമില്ലാത്ത ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്ന അമ്പലം എന്ന അര്‍ത്ഥത്തിലാണ്, ഈ പ്രദേശത്തിന് അമരമ്പലം എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. അമരമ്പലം കോവിലകത്തെ ഇപ്പോഴത്തെ കാരണവരായ മാനവല്ലഭന്‍ തിരുമുല്‍പാടിന്റെ മുന്‍ഗാമികള്‍ 300 വര്‍ഷം മുന്‍പ് എടവണ്ണ കോവിലകത്തു നിന്നും എത്തിയവരാണ്. തമ്പാന്‍, തിരുമുല്‍പ്പാട്, രാജ എന്നിങ്ങനെ പല പേരുകളിലും അവര്‍ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്നു. ആദിവാസികളായ മലമുത്തന്‍മാരും, പാതിനായ്ക്കന്‍മാരും, ചോലനായ്ക്കന്‍മാരും, പണിയന്‍മാരുമായിരുന്നു ഇവിടുത്തെ ആദിമജനവിഭാഗങ്ങള്‍. കോവിലകം ഇവിടെ വരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിന്റെ പ്രാധാന്യം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കടക്കമുള്ള കിഴക്കന്‍ പ്രദേശം മുഴുവന്‍ ഒരുകാലത്ത് അവരുടെ ജന്മമായിരുന്നു. അമരമ്പലം പുഴക്കരയില്‍ താമസിച്ചിരുന്ന നായര്‍ സമുദായത്തില്‍പ്പെട്ട മയ്യത്തമ്മായന്‍ എന്ന ജന്മിയെ ഭീഷണിപ്പെടുത്തിയാണ് തമ്പുരാന്മാര്‍ ഇവിടെ താമസമാക്കിയതെന്ന് പറയപ്പെടുന്നു. ക്രമേണ കൃഷി, കച്ചവടം, തൊഴില്‍ എന്നിവ വികസിപ്പിക്കുവാനും കോവിലകത്തെ ആവശ്യങ്ങള്‍ക്കുമായി നായന്‍മാര്‍, ചെട്ടിമാര്‍, കുമ്പാരന്‍മാര്‍ മുതലായവരെ കൂട്ടിക്കൊണ്ടു വന്ന്, അവര്‍ കോവിലകത്തിനു ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവരൊക്കെ ഈ പ്രദേശത്തെ വനസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും കണ്ട്, കൃഷിചെയ്തും തൊഴിലെടുത്തും ജീവിക്കാനായി ഇവിടെ കുടിയേറിപാര്‍ത്തവരാണ്. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും തമ്പുരാന്റെ അധികാരങ്ങളെയും തീരുമാനങ്ങളേയും എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലാണ് കുടിയേറ്റക്കാരായ ക്രിസ്ത്യാനികള്‍ ഇവിടെ വന്‍തോതില്‍ എത്തിച്ചേരുന്നത്. മണ്ണിനെ പൊന്നാക്കേണ്ടതെങ്ങനെയെന്ന് അധ്വാനശീലരായ അവരാണ് ഇന്നാട്ടുകാരെ പഠിപ്പിച്ചത്. റബ്ബര്‍കൃഷിയോടൊപ്പം, കപ്പകൃഷി കൊണ്ടും എങ്ങനെ വരുമാനമുണ്ടാക്കാമെന്ന് കുടിയേറ്റക്കാരാണ് കാട്ടിക്കൊടുത്തത്. അമരമ്പലം കോവിലകം, മഞ്ചേരി കോവിലകം, നിലമ്പൂര്‍ കോവിലകം, സാമൂതിരി കോവിലകം, ചെന്തിട്ട ദേവസ്വം എന്നീ വന്‍കിട ഭൂവുടമകള്‍ ചേര്‍ന്നായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ജന്മിത്വവും അയിത്തവും ഇവിടെ ശക്തമായി നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പ്രദേശം ചാലിയാറിന്റെ തീരത്ത്, കാടിന്റെ അതിരില്‍ സ്ഥിതിചെയ്തിരുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. അക്കാലത്ത് ഗ്രാമത്തിന്റെ പല ഭാഗത്തുനിന്നും കാട്ടാനകളുടെ ചിന്നംവിളി കേള്‍ക്കാമായിരുന്നുവെന്നു പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. പശ്ചിമഘട്ടനിരകളുടെ ഭാഗമാണ് ന്യൂ അമരമ്പലം റിസര്‍വ്വ് വനം. നീലഗിരിയിലെ ഇലമ്പേരി കുന്നുകളില്‍ നിന്നുത്ഭവിച്ച് അനേകം കൈവഴികള്‍ ഒരുമിച്ചു ചേര്‍ന്നാഴുകി നിലമ്പൂരിലെത്തുമ്പോഴാണ് ചാലിയാര്‍ പൂര്‍ണ്ണരൂപം കൈവരിക്കുന്നത്. 1921-ല്‍ നടന്ന മലബാര്‍ കലാപത്തില്‍ ഹിന്ദു സഹോദരന്‍മാരെ രക്ഷിക്കാന്‍, നിരവധി മുസ്ളീം ചെറുപ്പക്കാര്‍ കലാപകാരികളെ നേരിട്ട് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. പല സ്ഥലത്തും മുസ്ളീം കുടിയാന്‍മാര്‍ ഹിന്ദു ജന്മികള്‍ക്കെതിരായി തിരിഞ്ഞപ്പോള്‍ ലഹളക്കാലത്ത് നിലമ്പൂര്‍ കോവിലകക്കാരെ ഇവിടെ നിന്ന് ഒളിപ്പിച്ച് കൊണ്ടുപോയി രക്ഷപ്പെടുത്തിയത് മുസ്ളീം കുടിയാന്മാരായിരുന്നു. മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ഈ പ്രദേശങ്ങളില്‍ പട്ടാളക്യാമ്പുകളുണ്ടായിരുന്നു. ദേശീയസ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ച നിരവധി രാജ്യസ്നേഹികളെ സമ്മാനിച്ച മണ്ണാണിത്. കൊമ്മഞ്ചേരി രാരിച്ചന്‍ എന്ന രാമനുണ്ണിക്കുറുപ്പ്, പുളക്കന്‍ ഗോവിന്ദന്‍ നായര്‍, കോല്‍ക്കാടന്‍ രാമന്‍, ചീരു, അരയക്കാടന്‍ രാമന്‍ നായര്‍, പൂക്കുഞ്ഞി കോയ തങ്ങള്‍, മാഞ്ചീരി ഈശ്വരന്‍ നമ്പൂതിരി, മുഹമ്മദ് കുരിക്കള്‍, കുഞ്ഞുണ്ണി, പുള്ളിയോട് ചന്തുണ്ണി, കുപ്പിണി കുഞ്ഞന്‍, റ്റി.എം.രാമനാരായണന്‍, പൊറ്റക്കാട്ട് വേലായുധന്‍ നായര്‍, കുപ്പണി മാത്യു, തേയിലക്കുട്ടി കുന്നത്ത് ലക്ഷ്മി അമ്മ, ദേവകി അമ്മ, വടക്കമ്പാട്ട് ചിന്നന്‍ നായര്‍, മാധവിയമ്മ എന്നിവര്‍ അക്കൂട്ടത്തില്‍ ചിലര്‍ മാത്രം. 1941-42 കാലഘട്ടത്തില്‍ മലബാര്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍, സത്യകുമാര്‍ എസ്റ്റേറ്റിലേക്കും മറ്റു തരിശുഭൂമികളിലേക്കും കര്‍ഷകര്‍ മാര്‍ച്ചു നടത്തുകയുണ്ടായി. അയിത്തത്തിനും ജാതി വ്യവസ്ഥയ്ക്കും എതിരെ നിരവധി സമരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. 1921-ല്‍ ഉള്ളാട് എന്ന പ്രദേശത്ത് സ്ഥാപിച്ച ഉള്ളാട് ബോര്‍ഡ് ഓഫ് ബോയ്സ് സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍. നിലവില്‍ അഞ്ചു സര്‍ക്കാര്‍ സ്കൂളുകളും, മൂന്നു സ്വകാര്യ സ്കൂളുകളും, നാലു സ്വകാര്യ കോളേജുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങളൊന്നും ഈ ഗ്രാമത്തിലില്ലെങ്കിലും പരമ്പരാഗത വ്യവസായങ്ങളായ കൊട്ടനെയ്ത്ത്, മുറം നെയ്ത്ത്, കളിമണ്‍പാത്രനിര്‍മ്മാണം, കരകൌശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവ പഞ്ചായത്തില്‍ നടന്നുവരുന്നുണ്ട്. ഇടത്തരം വ്യവസായരംഗത്ത് റബ്ബര്‍ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 34 മസ്ജിദുകള്‍, 7 ക്രിസ്ത്യന്‍ദേവാലയങ്ങള്‍, 6 ക്ഷേത്രങ്ങള്‍ എന്നിവ ഗ്രാമത്തിലെ വിവിധ കേന്ദ്രങ്ങളിലായി സ്ഥിതി ചെയ്യുന്നു. ജാതിമതഭേദമെന്യേ ജനങ്ങള്‍ പരസ്പരം സഹകരിച്ചാണ് ഇവിടങ്ങളിലെ ആഘോഷങ്ങള്‍ നടത്താറ്. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, കേരള സന്തോഷ് ട്രോഫി ഫുട്്ബോള്‍ ടീം അംഗമായ ഒ.കെ.ജാവേദ് തുടങ്ങിയര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. പൂക്കോട്ടുപാടം സാംസ്കാരികനിലയം, കവളമുക്കട സാംസ്കാരികനിലയം, അമരമ്പലം സൌത്ത് സാംസ്കാരിക നിലയം മുതലായവ പഞ്ചായത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. കൂറ്റമ്പാറ ഗ്രന്ഥശാല, ഉള്ളാട് ഗ്രന്ഥശാല, അമരമ്പലം സൌത്ത് വായനശാല, പൂക്കോട്ട് പാടം വായനശാല എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഗ്രന്ഥശാലകളും വായനശാലകളും. അമരമ്പലം ക്ഷേത്രം പ്രസിദ്ധവും പുരാതനവുമായ ഹൈന്ദവ ആരാധനാലയമാണ്. നാക്കേക്കല്ല് പാറയുടെ ദൂരെ നിന്നുള്ള വീക്ഷണം മനോഹരവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്കതുമാണ്.