പഞ്ചായത്തിലൂടെ
അമരമ്പലം - 2010
1961-ലാണ് അമരമ്പലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ ബ്ളോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മൊത്തം 140.15 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 60.7% വനമേഖലയാണ്. 31,374 വരുന്ന ജനസംഖ്യയില്‍ 16,168 പേര്‍ സ്ത്രീകളും, 15,206 പേര്‍ പുരുഷന്‍മാരുമാണ്. 87% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് അമരമ്പലം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ് പഞ്ചായത്തിലെ പാട്ടക്കരീസ്, ടി.കെ കോളനി എന്നിവ. ടി.കെ കോളനിമല പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ്. പഞ്ചായത്തിന്റെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. നിരവധി പൊതു കിണറുകളേയും 180 പൊതു കുടിവെള്ള ടാപ്പുകളെയും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 15 റേഷന്‍ കടകളും, ഒരു മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നു. 360 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വഴികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് അമരമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അമരമ്പലം പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-കരുളായി, മൂത്തേടം പഞ്ചായത്തുകളും, കിഴക്ക്-നീലഗിരി ജില്ല (തമിഴ്നാട്), കരുളായി, പുതൂര്‍ (പാലക്കാട്) പഞ്ചായത്തുകളും, തെക്ക്വണ്ടൂര്‍, ചോക്കാട്, കരുവാരക്കുണ്ട്, പുതൂര്‍ (പാലക്കാട്) പഞ്ചായത്തുകളും, പടിഞ്ഞാറ്-നിലമ്പൂര്‍, മൂത്തേടം, വണ്ടൂര്‍ പഞ്ചായത്തുകളുമാണ്. തെങ്ങ്, കവുങ്ങ്, നെല്ല്, റബ്ബര്‍, വാഴ മുതലായവയാണ് പഞ്ചായത്തിലെ മുഖ്യ കാര്‍ഷിക വിളകള്‍. കോട്ടപ്പുഴ, കരിമ്പുഴ, ടി.കെ കോളനിപ്പുഴ എന്നിവ പഞ്ചായത്തിന്റെ പ്രധാന ജലസേചന സ്രോതസ്സുകളാണ്. കൂടാതെ 179 പൊതുകുളങ്ങളും, പഞ്ചായത്തിന്റെ മറ്റു ജലസ്രോതസ്സുകളാണ്.
വ്യവസായ രംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും പരമ്പരാഗത വ്യവസായങ്ങളായ കൊട്ടനെയ്ത്, മുറം നെയ്ത്ത്, കളിമണ്‍ പാത്ര നിര്‍മ്മാണം, കരകൌശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവ പഞ്ചായത്തില്‍ നിലവിലുണ്ട്. ഇടത്തരം വ്യവസായമായ റബ്ബര്‍ ഫാക്ടറിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഐ.സി.പിയുടെ പെട്രോള്‍ പമ്പും പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് അമരമ്പലം.
വിദ്യാഭ്യാസരംഗം
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അമരമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 5 സര്‍ക്കാര്‍ സ്കൂളുകളും, 3 സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളും, 4 സ്വകാര്യ കോളേജുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ഹോസ്പിറ്റല്‍ അമരമ്പലത്ത് സ്ഥിതിചെയ്യുന്നു. വൈദ്യുതിബോര്‍ഡ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, കൃഷിഭവന്‍, വില്ലേജോഫീസ്, വാട്ടര്‍ അതോറിറ്ററി ഓഫീസ്, ഏഴ് തപാലോഫീസുകള്‍ എന്നിവയാണ് അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക്, റൂറല്‍ ബാങ്ക് തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതം
നിലമ്പൂര്‍-പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേ അമരമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനകേന്ദ്രമാണ് ചന്തകുന്ന് ബസ് സ്റ്റാന്റ്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. വിദേശ യാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. ബേപ്പൂര്‍ തുറമുഖമാണ് അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തുറമുഖം. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടത്തെ പാലങ്ങള്‍. കോട്ടപ്പുഴപ്പാലം, കുതിരപ്പുഴപ്പാലം എന്നിവ പഞ്ചായത്തിലെ പ്രധാനപാലങ്ങളാണ്.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 34 മസ്ജിദുകള്‍, 7 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, 6 ക്ഷേത്രങ്ങള്‍ എന്നിവ പഞ്ചായത്തില്‍ പലയിടങ്ങളിലായി നിലകൊള്ളുന്നു. ജാതിമതഭേതമെന്യേ എല്ലാ ഗ്രാമവാസികളും ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ് പഞ്ചായത്തിലെ ആഘോഷങ്ങള്‍. അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യ പ്രസിഡന്റും പഴയകാല ഗ്രാമത്തലവനുമായിരുന്ന പുല്‍ക്കോട് രാവുണ്ണിക്കുട്ടി നായര്‍, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മണ്ണാത്തിപൊയ്യില്‍ രായിന്‍കുട്ടി എന്നിവര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്ന മഹാരഥന്‍മാരാണ്. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, കേരള സന്തോഷ് ട്രോഫി ഫുട്ബോള്‍ ടീം അംഗമായ ഒ.കെ.ജാവേദ് തുടങ്ങിയര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. പൂക്കോട്ട് പാടം സാംസ്കാരികനിലയം, കവളമുക്കട സാംസ്കാരികനിലയം, അമരമ്പലം സൌത്ത് സാംസ്കാരികനിലയം മുതലായവ പഞ്ചായത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്ന പ്രധാനസ്ഥാപനങ്ങളാണ്. കൂറ്റമ്പാറ ഗ്രന്ഥശാല, ഉള്ളാട് ഗ്രന്ഥശാല, അമരമ്പലം സൌത്ത് വായനശാല, പൂക്കോട്ട് പാടം വായനശാല എന്നിവ അമരമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളും വായനശാലകളുമാണ്. പൂക്കോട്ടും പാടത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മ്യൂണിറ്റിഹാളും, ഹോളിഫാമിലി കല്യാണ മണ്ഡപവും സ്ഥിതിചെയ്യുന്നു.
ആരോഗ്യരംഗം
ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി പറമ്പ, ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറി ചുള്ളിയോട് എന്നിവ പ്രഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. തേള്‍ പാറയില്‍ പ്രഥമിക ആരോഗ്യകേന്ദ്രവും, ഉപ്പുവള്ളി, ചെട്ടിപ്പാടം, പൊട്ടിക്കല്ല്, ഉള്ളാട്, അമരമ്പലം സൌത്ത്, കൂറ്റമ്പാറ എന്നിവിടങ്ങളില്‍ പ്രഥമികാരോഗ്യ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന് സമീപമുള്ള വണ്ടൂരില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാണ്.