വസ്തുനികുതി റിട്ടേണ്‍ - പൊതു നോട്ടീസ്
2011 ഏപ്രില്‍ ഒരു മുതല്‍ പ്രാബല്യത്തില്‍ വരുന്നകെട്ടിടങ്ങളുടെ വസ്തുനികുതി നിര്‍ണ്ണയം/ പുനര്‍ നിര്‍ണ്ണയം നടത്തേണ്ട ആവശ്യത്തിലേക്കായി ഓരോ ഇനം കെട്ടിടത്തിനും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച അടിസ്ഥാന വസ്തുനികുതി നിരക്കുകളും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മേഖലകളാക്കി തരം തിരിച്ചതിന്റെ വിവരങ്ങളും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ റോഡുകള്‍ തരം തിരിച്ചതിന്റെ വിവരങ്ങളും 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം യഥാക്രമം 26/08/2011, 28/10/2011 എന്നീ തീയ്യതികളില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. മേല്‍ പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം, ഒരു കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തെ അതത് ഇനം കെട്ടിടത്തിന് ബാധകമായ അടിസ്ഥാനവസ്തുനികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്നതുക (അതിന്റെ തൊട്ടടുത്ത ഉയര്‍ന്ന പൂര്‍ണ്ണസംഖ്യയിലേയ്ക്ക് ക്രമീകരിച്ചത്). ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തുനികുതിയായിരിക്കുന്നതും അതിന്‍മേല്‍ ചട്ടം 6ന് കീഴിലുള്ള പട്ടികകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം ഇളവുകളും വര്‍ദ്ധനവുകളും വരുത്തിയ പ്രകാരമുള്ള തുക പൂര്‍ണ്ണസംഖ്യയില്‍) കെട്ടിടത്തിന്റെവാര്‍ഷികവസ്തുനികുതിയായിരിക്കുന്നതുമാണ്.എല്ലാ ഇനങ്ങളിലുമായി അടിസ്ഥാനവസ്തുനികുതിയുടെ 75 ശതമാനത്തില്‍ അധികം ഇളവ് അനുവദനീയമല്ല.കൂടാതെ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍, വസ്തുനികുതി പുനര്‍നിര്‍ണ്ണയം മൂലം നിലവിലുള്ള വാര്‍ഷിക വസ്തുനികുതിയുടെ 60 ശതമാനത്തില്‍ അധികം വര്‍ദ്ധന ഉണ്ടാകുന്നുവെങ്കില്‍, വര്‍ദ്ധന 60 ശതമാനമായി പരിമിതപ്പെടുത്താവുന്നതാണ്.എന്നാല്‍ ഏറ്റവും ഒടുവില്‍ നടത്തിയ വസ്തുനികുതി നിര്‍ണ്ണയത്തിനോ പുനര്‍നിര്‍ണ്ണയത്തിനോ ശേഷം കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗക്രമത്തില്‍ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കില്‍ മേല്‍പറഞ്ഞ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹു നില കെട്ടിടങ്ങളുടെ കാര്യത്തില്‍, ഭൂനിരപ്പിലുള്ള നിലയ്ക്ക് മുകളിലൂള്ള ഓരോ നിലയ്ക്കും 5 ശതമാനം വീതം പരമാവധി 25 ശതമാനം) നികുതി ഇളവ് അനുവദനീയമാണ്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി സ്വയം നിര്‍ണ്ണയിച്ച് മേല്‍പറഞ്ഞ ചട്ടങ്ങള്‍ പ്രകാരമുള്ള ഫാറം -2 ല്‍ ഉള്ള വസ്തുനികുതി റിട്ടേണ്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം അതായത് 9/06/2012 തീയതിക്കകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്. വസ്തുനികുതി റിട്ടേണിന്റെ ഫാറം അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് സൌജന്യമായി ലഭിക്കുന്നതാണ്. റിട്ടേണ്‍ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫാറത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ദാരിദ്യ്ര രേഖക്ക് താഴെയുള്ളവരുടെ 30 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍്ണ്ണമുള്ള, സ്വന്തം താമസത്തിനുള്ള വാസഗൃഹങ്ങളുടെ കാര്യത്തില്‍ വസ്തുനികുതി ഒഴിവിന് അര്‍ഹതയുണ്ടായിരിക്കുന്നതും കെട്ടിട ഉടമകള്‍ ഫാറം-2 എ ല്‍ ഉള്ള വസ്തുനികുതി റിട്ടേണ്‍ മേല്‍ പറഞ്ഞ സമയ പരിധിക്കകം സമര്‍പ്പിക്കേണ്ടതുമാണ്.മേല്‍ പറഞ്ഞ സമയപരിധിക്കകം വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയോ, സമര്‍പ്പിക്കുന്നറിട്ടേണ്‍ വാസ്തവ വിരുദ്ധമായതോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ ആയ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മേല്‍പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 11 പ്രകാരമുള്ള പിഴ നല്‍കാന്‍ കെട്ടിടഉടമ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്. വസ്തുനികുതി നിര്‍ണ്ണയം സംബന്ധിച്ച കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് 1994- ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും, സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെബന്ധപ്പെട്ടചട്ടങ്ങളും കാണേണ്ടതാണ്.
ഫാറം-1 ചട്ടം-10(3) കാണുക നമ്പര്‍ - എ4- 4074/11 തീയതി- 10/4/2012