ആളൂര്‍

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മാള ബ്ലോക്കിലാണ് ആളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആളൂര്‍, താഴെക്കാട്, കല്ലേറ്റുംകര എന്നീ വില്ലേജുകളിലായി വ്യാപിച്ചു സ്ഥിതി ചെയ്യുന്ന ആളൂര്‍ പഞ്ചായത്തിന് 34.39 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് ചാലക്കുടി മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് മാള പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വേളൂര്‍ക്കര പഞ്ചായത്തും, വടക്കുഭാഗത്ത് മുരിയാട്, കൊടകര പഞ്ചായത്തുകളുമാണ്. കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയുടെ ഏതാണ്ട് തെക്കുഭാഗത്തായി കിടക്കുന്ന ഒരു പഞ്ചായത്താണ് ആളൂര്‍. ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന്‍ (കല്ലേറ്റുംകര) ഈ പഞ്ചായത്തിലാണ്. ഈ പഞ്ചായത്തില്‍പെടുന്ന പല പ്രദേശങ്ങളും ജനവാസം കുറഞ്ഞതും വന്യമൃഗങ്ങള്‍ വിഹരിച്ചിരുന്നവയുമാണ്. ആലുകള്‍ ധാരാളമുള്ള സ്ഥലമായിരുന്ന ഇവിടം ആലൂര്‍ എന്നു വിളിക്കപ്പെട്ടിരുന്നതായും പില്‍ക്കാലത്ത് ആലൂര്‍ ലോപിച്ച് ആളൂര്‍ എന്ന സ്ഥലനാമമുണ്ടായെന്നും ഒരഭിപ്രായമുണ്ട്. സമീപമുള്ള ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ആളുകള്‍ കൂടുതലായി വസിച്ചിരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ ആളൂര്‍ എന്നറിയപ്പെടുന്നുവെന്നും അഭിപ്രായമുണ്ട്. ആനത്തടം, ആനപ്പാറ, പുലിപ്പാറകുന്ന്, മാനാട്ട്കുന്ന് (മാനുകളുള്ള കാട്ടുകുന്ന്) എന്നീ പേരുകളും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടവയാണ്. ദേവരുകാട്, കിഴക്കേകാട്, പതിക്കാട് എന്നീ കരപ്പേരുകളും കാടിന്റെ ആധിക്യത്തെ സൂചിപ്പിക്കുന്നവയാണ്. ആദിദ്രാവിഡരുടെ ഒരു പ്രധാന സങ്കേതമായിരുന്നു ഈ പ്രദേശം. കല്ലേറ്റുംകര കേന്ദ്രീകരിച്ച് പഞ്ഞപ്പിള്ളി പ്രദേശത്തായി അയ്യന്‍ തിരുകണ്ടന്‍ എന്ന ദേശവാഴി ഈ ദേശം വാണിരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിക്കപ്പെടുന്ന നാറാണത്തു മഹാവിഷ്ണുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. നാറാണത്തുകുളവും നാറാണത്തുപാടവും ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 210 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആളൂര്‍ പഞ്ചായത്ത്. ചാലക്കൂടിപ്പുഴയുടെ അടുത്തുകിടക്കുന്ന തിരുത്തിപ്പറമ്പ്, കാരൂര്‍-വെള്ളാഞ്ചിറ തുടങ്ങിയ പ്രദേശങ്ങളും കുറുമാലിപ്പുഴയുടെ തടപ്രദേശങ്ങളായ ചെമ്മീന്‍ചാലും സമതലപ്രദേശങ്ങളാണ്. കളിമണ്ണും, മണല്‍ കലര്‍ന്ന മണ്ണുമാണ് അവിടെയുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളും ചെമ്മണ്ണാണ്. വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ സമൃദ്ധിയായി വളരുന്നു. പാടങ്ങള്‍ ഫലപുഷ്ടിയുള്ളതാണ്. കാരൂര്‍, തിരുത്തിപ്പറമ്പ്, ചെമ്മീന്‍ചാല്‍, ആളൂര്‍ പ്രദേശങ്ങളിലാണ് പാടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ആളൂര്‍ ഗ്രാമപഞ്ചായത്ത് ചെറിയ കുന്നുകളും താഴ്വരകളും നെല്‍പാടങ്ങളും കുളങ്ങളും ഇടകലര്‍ന്ന പ്രദേശമാണ്. പാടങ്ങളില്‍ മണല്‍ കലര്‍ന്ന ചെളിയാണുള്ളത്. കിഴക്കും വടക്കും ഭാഗങ്ങള്‍ കുന്നുകളാണ്. തെക്കു പടിഞ്ഞാറു ദിശയില്‍ ചെരിവു കാണപ്പെടുന്നു. പ്രകൃതിദത്തമായ വലിയ ജലസ്രോതസ്സുകളില്ലാത്ത ഒരു വരള്‍ച്ചാപ്രദേശമാണിത്.