ചരിത്രം
സാമൂഹ്യചരിത്രം
പഴമ്പുരാണങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്നതും പുരാണ കഥാപാത്രങ്ങളുമായും കഥാസന്ദര്‍ഭങ്ങളുമായും ബന്ധപ്പെടുത്തി പറയപ്പെടുന്നതുമായ പ്രദേശങ്ങളാണ് ആലിപ്പറമ്പും, അയല്‍നാടുകളായ ഭീമനാടും, അരക്കുപറമ്പും, കുന്തിപ്പുഴയും, “പെരുംതല്ല് നടന്ന” പെരിന്തല്‍മണ്ണയും, വെട്ടത്ത് ഊരും, “തച്ചന് എട്ടു കര” എന്ന തച്ചനാട്ടുകരയും മറ്റും. “ആളച്ചാര്” എന്നു വിളിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗമായിരുന്നു ഇവിടുത്തെ ആദിമനിവാസികള്‍. ആളച്ചാര് ഗോത്രം വസിച്ചിരുന്ന പ്രദേശമായതിനാലാവാം ഈ നാടിനു ആലിപ്പറമ്പ് എന്ന പേരു ലഭിച്ചതെന്ന് ചില അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പ്രാചീനകാലം മുതല്‍ തന്നെ ആലിപ്പറമ്പും പരിസരപ്രദേശങ്ങളും ഇരുമ്പയിരു ഖനനത്തിനു പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. അതുകൊണ്ടുതന്നെ പണിയായുധങ്ങളും, യുദ്ധോപകരണങ്ങളും നിര്‍മ്മിച്ചിരുന്ന നിരവധി ആലകള്‍ ഇവിടെയും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നുവെന്നു വേണം അനുമാനിക്കാന്‍. ആലിപ്പറമ്പ് എന്ന സ്ഥലനാമവുമായി മുകളില്‍ പറഞ്ഞ വസ്തുതയ്ക്ക് ബന്ധമുണ്ടോയെന്നും ഉറപ്പില്ല. വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യം പുലര്‍ത്തുമ്പോള്‍ തന്നെ വള്ളുവനാടന്‍ സംസ്കാരത്തിന്റെ നേരവകാശികളുമാണ് ഇവിടുത്തെ ജനത. പഴയകാലത്ത് അവര്‍ണ്ണവിഭാഗങ്ങള്‍ അതാതു ജന്മിമാരുടെ മേല്‍വിലാസത്തില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നത്. സവര്ണ്ണജന്മിമാരെ, തീറ്റിപ്പോറ്റിയിരുന്ന “ചെറുമക്കള്‍” അറക്കല്‍ നായന്മാരുടെ ആശ്രിതരായിട്ടായിരുന്നു ഇവിടേക്ക് ആദ്യമെത്തിപ്പെട്ടത്. പഴയകാലത്ത് ഏലംകുളം കേന്ദ്രീകരിച്ചുള്ള വിരലിലെണ്ണാവുന്ന പ്രമാണിജന്മികുടുംബങ്ങളും അവരുടെ അടിയാളന്മാരും ഉള്‍പ്പെടുന്നതായിരുന്നു ഇവിടുത്തെ തദ്ദേശജനത. ജന്മി-കുടിയാന് സമ്പ്രദായത്തിലുള്ളതായിരുന്നു ഇവിടുത്തെ കാര്‍ഷികമേഖലയും സാമൂഹ്യജീവിതക്രമവും. തുടിപ്പാട്ടിലൂടെ നാടുണര്‍ത്തിയ പാണനെന്നും, കൈവേലയുടെ കരവിരുത് കാണിക്കുന്ന പറയനെന്നും, കാരിരുമ്പിന്റെ മഹത്വം പാടുന്ന കരുവാനെന്നുമൊക്കെ ഈ സാധുക്കളെ ആധുനിക സവര്‍ണ്ണചരിത്രകാരന്മാര്‍ പ്രീണന വിശേഷണങ്ങളില്‍ തളച്ചിടാറുണ്ടെങ്കിലും ഫ്യൂഡല്‍ ജന്മിമാരുടെ ആവശ്യങ്ങളുടെ ഉപകരണങ്ങള്‍ മാത്രമായിരുന്നു ഇവിടുത്തെയും അടിസ്ഥാനവര്‍ഗ്ഗം. പഴയകാലത്ത് ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും സവര്ണ്ണജന്മിമാരുടെ കീഴിലെ പാട്ടകുടിയാന്മാരായിരുന്നതിനാല് തന്നെ കൃഷിഭൂമി കൃഷിക്കാരനു കിട്ടുന്നതിനുവേണ്ടി നടന്ന പോരാട്ടങ്ങളില്‍ നിന്ന് വേറിട്ടു നില്ക്കുവാന് അവര്‍ക്കു കഴിയുമായിരുന്നില്ല. മിച്ചഭൂമി സമരത്തിലും ആലിപ്പറമ്പ് പഞ്ചായത്തില്‍ ശക്തമായ മുന്നറ്റങ്ങളുണ്ടായിട്ടുണ്ട്. മുസ്ളീം കര്‍ഷകര്‍ ഇവിടെ ആദ്യകാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. നൂറ്റാണ്ടു പഴക്കമുള്ളതാണ് ഇവിടുത്തെ പ്രധാന മുസ്ളീം ആരാധനാലയം. ഖിലാഫത്ത് പ്രസ്ഥാനം ഇവിടങ്ങളില്‍ സജീവമാകുന്നതിനു മുമ്പുതന്നെ ആലിപ്പറമ്പിനു ദേശീയപ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു. ഏലംകുളംമനയില്‍ ജനിച്ച്, പില്ക്കാലത്ത് കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ നെടുനായകനായി മാറിയ ഇ.എം.എസിന്റെ വരവോടെയാണ്, ദേശീയ പ്രസ്ഥാനത്തില്‍ ഏലംകുളവും അയല്‍ഗ്രാമമായ ആലിപ്പറമ്പും ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നത്. ഇ.എം.എസിന്റെ അറസ്റ്റും, ജയില്‍വാസവും, ജയില്‍വാസം കഴിഞ്ഞുള്ള ഏലംകുളത്തെ താമസവും ദേശീയ നേതാക്കന്മാരുടെ സ്ഥിരമായ സന്ദര്‍ശനവും 1932 മുതല്‍ തന്നെ ഈ കൊച്ചുഗ്രാമത്തെയും ഏറെ സ്വാധീനിച്ചു. തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരും, കെട്ടില്ലാത്തവരും, തമ്മിലുണ്ണാത്തവരുമായ ജാതിക്കോമരങ്ങള്‍ പുലര്‍ത്തിയിരുന്ന അയിത്തത്തെ ചോദ്യം ചെയ്തുകൊണ്ട്, താണജാതിക്കാര്ക്ക് ക്ഷേത്രപ്രവേശനം നല്കുന്നതിനു അയല്‍ഗ്രാമങ്ങളില്‍ നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന് ആലിപ്പറമ്പിലെ ഉല്പ്പതിഷ്ണുക്കളും നേതൃത്വം കൊടുത്തിരുന്നു. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത കരിക്കുംപുറത്ത് അഹമ്മദിനെ 1970-ല്‍ കേരള സര്‍ക്കാര്‍ താമ്രപത്രം നല്കി ആദരിച്ചു. കൂടാതെ എം.പി.നാരായണമേനോന്, എം.പി.ഗോവിന്ദ മേനോന് തുടങ്ങി ഒട്ടനവധി പേര് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1930-കളില്‍, സമീപപ്രദേശങ്ങളിലേക്കെല്ലാം തിരുവിതാംകൂറില്‍ നിന്നുമുണ്ടായ ക്രിസ്ത്യന്കുടിയേറ്റം ഈ പഞ്ചായത്തിന്റേയും വികസനപ്രക്രിയകളെ സഹായിച്ചിരുന്നുവെന്ന് കാണാം. ഈ പഞ്ചായത്തിലും അയല്‍നാടുകളിലും കാണുന്ന “അയിരു മട”കള്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശത്തു നടന്ന ഇരുമ്പുഖനനത്തിന്റെ ബാക്കിപത്രമാണ്. അക്കാലത്ത് പെരിന്തല്‍മണ്ണക്കും മണ്ണാര്‍ക്കാടിനും ഇടയില്‍ പുവ്വത്താണിയില് തിങ്കളാഴ്ച ദിവസം നടന്നിരുന്ന ആഴ്ചചന്ത പ്രസിദ്ധമായിരുന്നു. ഈ ആഴ്ചചന്തയിലേക്ക് ഇവിടെനിന്നുമുള്ള കാര്‍ഷികവിളകളും ഉല്‍പ്പന്നങ്ങളും ഒഴുകിയിരുന്നു. കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, ആലിപ്പറമ്പ് ഗ്രാമത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്തതും, പഴയകാലത്ത് കോഴിക്കോട് - പാലക്കാട് റോഡിലൂടെ ഓടിയിരുന്നതുമായ കരിവണ്ടി ഏറെ കൌതുകജനകമായ കാഴ്ചയായിരുന്നുവെന്ന് പഴമക്കാരുടെ മൊഴികളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. 1940-ല്‍ എന്‍.പി.നാരായണന് നായരാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ അരുമങ്ങാട് യു.പി.സ്കൂള്‍ സ്ഥാപിച്ചത്. 1973-ലാണ് പഞ്ചായത്തിലെ ആദ്യ ഹൈസ്കൂള്‍ നിലവില്‍ വന്നത്. 2010-ല്‍ എത്തിനില്ക്കുമ്പോള് വിദ്യാഭ്യാസമേഖലയില്‍ പുരോഗതിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പഞ്ചായത്താണിത്. സര്‍ക്കാര്‍ മേഖലയിലെ രണ്ട് ഹയര്‍ സെക്കന്ററി സ്കൂളുകള്‍ ആനമങ്ങാട്, ആലിപ്പറമ്പ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 15 സ്കൂളുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഇല്ലായെങ്കിലും ചെറുകിട വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പാലട നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും നിലനിന്നു പോരുന്നുണ്ട്. ഗതാഗതരംഗത്ത് വളരെയേറെ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്താണ് ആലിപ്പറമ്പ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപാത. ഒറ്റപ്പാലം-പെരിന്തല്‍മണ്ണ സംസ്ഥാനപാത, തൂത-വെട്ടത്തൂര്‍ റോഡ്, കാലിക്കടവ്-പൂവത്താണി റോഡ് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട റോഡുകള്‍. അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത റെയില്വേസ്റ്റേഷന്. പെരിന്തല്‍മണ്ണ, ചേര്‍പ്പുളശ്ശേരി എന്നിവിടങ്ങളാണ് തൊട്ടടുത്ത പ്രധാന വാണിജ്യകേന്ദ്രങ്ങള്‍. തൂതപാലം, ബിടാത്തിപാലം എന്നിവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്.
സാംസ്കാരികചരിത്രം
ഈ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും മാത്രം പ്രചാരത്തിലുള്ള തുയിലുണര്ത്തുപാട്ടും, തോറ്റംപാട്ടുകളും, നാടന്‍പാട്ടുകളുമുണ്ട്. ഇവിടുത്തെ പൂതംകളി, നായാടിക്കളി, ചെറുമക്കളി എന്നിവ ഏറെ പ്രത്യേകതകളുള്ളവയാണ്. കുറുപ്പന്മാരുടെ കളംപാട്ടും, കളമെഴുത്തുകലകളും തീരെ നാമാവശേഷമായിട്ടില്ല. നാഗാരാധനക്കാരായ പുള്ളുവന്‍ കുടുംബങ്ങളും ഇവിടെയുണ്ട്. ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ പാരമ്പര്യകലകള്‍ അന്യം നിന്നുപോകാതെ കാത്തുസൂക്ഷിച്ചിരുന്ന സംഘങ്ങള്‍ മുസ്ളീങ്ങളുടെയിടയില്‍ ഉണ്ടായിരുന്നു. വി.ടി.യുടെ “അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്” എന്ന നാടകം ഏലംകുളത്തെയും പരിസരപ്രദേശങ്ങളിലേയും മനകളിലെ അകത്തളങ്ങളില്‍ അരങ്ങേറുന്നതോടെയാണ് ഇവിടുത്തേയും സാംസ്കാരിക രംഗം സജീവമാകുന്നത്. സാംസ്കാരിക നവോത്ഥാനരംഗത്തെ കനല്‍ക്കട്ടയായി വി.ടി ജ്വലിച്ചപ്പോള്‍, ഈ ഗ്രാമത്തിനും അതിന്റെ ചൂടും വെളിച്ചവും പകര്‍ന്നുകിട്ടിയിട്ടുണ്ട്. ഇ.എം.എസിന്റെ രാഷ്ട്രീയപ്രവേശനം, ഈ ഗ്രാമത്തെയും സാംസ്ക്കാരികമായ ഒരു കുതിച്ചുചാട്ടത്തിനു പ്രേരിപ്പിച്ചു. ജന്മി-യാഥാസ്ഥിതിക കുടുംബത്തിലെ പ്രാമാണികനായ ഒരംഗം പൊതുപ്രവര്‍ത്തനരംഗത്തേക്ക് പരസ്യമായി പ്രവേശിക്കുക, ജയില്‍വാസം വരിക്കുക, ഭ്രഷ്ട് കല്‍പിക്കലിനെ പുല്ലുപോലെ അവഗണിച്ച് മനയില്‍ത്തന്നെ താമസിക്കുക, എല്ലാവരാലും ആദരിക്കപ്പെടുക എന്നീ കാര്യങ്ങളെല്ലാം ഈ ഗ്രാമത്തിലെയും ഓരോ ഇടത്തരക്കാരെയും വിദ്യാസമ്പന്നരെയും സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരാധകരും അനുയായികളുമാക്കി. കൃഷിഭൂമി കൃഷിക്കാരനു നല്കി ജന്മിത്തം അവസാനിപ്പിക്കുക, അയിത്തം അവസാനിപ്പിക്കാന്‍ “പന്തിഭോജനം” പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്നില്‍ നില്ക്കുന്നുവെന്നറിഞ്ഞതോടെ യാഥാസ്ഥിതികരായ പാട്ടകൃഷിക്കാരും അയിത്തക്കാരും എല്ലാം അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി. ഈ കാലാവസ്ഥ ഏലംകുളത്തോടൊപ്പം ആലിപ്പറമ്പിന്റേയും സാംസ്കാരിക മണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. നേര്‍ച്ചയും, താലപ്പൊലിയും, പെരുന്നാളും, ഓണവും, വായനശാലാ വാര്‍ഷികങ്ങളുമെല്ലാം പഞ്ചായത്തില്‍ സമുചിതം കൊണ്ടാടാറുണ്ട്. “ഭൂതവുംതിറയും”, മുടിയാട്ടം, കോല്‍ക്കളി, ചവിട്ടുകളി, അയ്യപ്പന്‍വിളക്ക്, കാക്കരശ്ശിനാടകം തുടങ്ങിയ പഴയ അനുഷ്ഠാനകലാരൂപങ്ങള്‍ ഇന്നും അന്യംനിന്നുപോകാതെ സംരക്ഷിക്കപ്പെടുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ തനിമ കലര്‍ന്ന കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതും വിരളമല്ല. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ശ്രീ കുന്നിന്മേല് ഭഗവതിക്ഷേത്രം, മഹാദേവ മംഗലക്ഷേത്രം, ശ്രീ പുന്നക്കാട് ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും, എടത്തറ ജുമാ അത്ത് പള്ളിയും ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവം, പള്ളിപെരുന്നാള് തുടങ്ങിയ ആഘോഷപരിപാടികളില്‍ നാനാജാതിമതസ്ഥര് പരസ്പരം സഹകരിക്കുകയും പങ്കുകൊള്ളുകയും ചെയ്യുന്നു. ഈ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തകരായിരുന്ന വ്യക്തികളാണ് കൃഷ്ണന് നായര്‍, ഇ.നാരായണന് നായര്‍, കഥകളി ആചാര്യനായ വാഴങ്കട കുഞ്ചുനായര്‍ എന്നിവര്‍. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം അംബിക, ചിത്രരചനയില്‍ പ്രഗത്ഭനായ ശ്യാമപ്രസാദ് എന്നിവര്‍ ഈ നാടിന്റെ യശസ്സുയര്‍ത്തിയ അഭിമാനഭാജനങ്ങളാണ്. 1987-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആനമങ്ങാട് പൊതുവായനശാലയാണ് പഞ്ചായത്തിലെ പ്രമുഖഗ്രന്ഥാലയം. കൂടാതെ പഞ്ചായത്തു ലൈബ്രറി ഉള്‍പ്പെടെ 5 വായനശാലകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. 1970-കളുടെ പകുതി വരെ കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇവിടുത്തെ ജനവിഭാഗങ്ങളില്‍ നല്ലൊരുപങ്കും ഇന്ന് ഗള്‍ഫു മേഖലയിലാണ് തൊഴിലെടുക്കുന്നത്. സാമ്പത്തികരംഗത്ത് ഗള്‍ഫുപണത്തിന്റെ സ്വാധീനം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ വന്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തില്‍ നിരവധി വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലെ തൊഴില്‍മേഖലയില്‍ പണിചെയ്യുന്നതും, പട്ടാളസേവനവും, വിദേശജോലിയും ജനങ്ങള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ സ്വാധീനം കടന്നത്താന് സഹായിച്ചതിനാല്‍ ഈ ഗ്രാമത്തിലെ നിരവധിയാളുകള്‍ക്ക് ഹിന്ദി, ഉറുദു, അറബിക്, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനറിയാം.