പഞ്ചായത്തിലൂടെ

ആലിപ്പറമ്പ് -2010

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ പെരിന്തല്‍മണ്ണ ബ്ളോക്കിലുള്‍പ്പെടുന്ന  പഞ്ചായത്താണ് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. 1963-ലാണ് ആലിപ്പറമ്പ് രൂപീകൃതമായത്. 35.67 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് താഴെക്കോട് ഗ്രാമപഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, കിഴക്ക് പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, ഏലംകുളം പഞ്ചായത്തും, തെക്കുഭാഗത്ത് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, നെല്ലായ ഗ്രാമപഞ്ചായത്തുകളുമാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 37038 വരുന്ന ജനസംഖ്യയില്‍  19105 സ്ത്രീകളും 17933 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച പഞ്ചായത്താണ് ആലിപ്പറമ്പ്. പഞ്ചായത്തിന്റെ മുഖ്യ കുടിനീര്‍  സ്രോതസ്സ് കിണറുകളാണ്. 35 പൊതു കിണറുകളും നിരവധി സ്വകാര്യ കിണറുകളും 57 കുഴല്‍ കിണറുകളും പഞ്ചായത്തു നിവാസികള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ പൊതു വിതരണ മേഖലയില്‍ 10 റേഷന്‍ കടകളും ഒരു നീതിസ്റ്റോറും പ്രവര്‍ത്തിച്ചു വരുന്നു. 933 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് ആലിപ്പറമ്പ്. പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളില്‍ ചിലതാണ്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതോപാധി കൃഷി ആയിരുന്നു. 1060 ഹെക്ടറോളം സ്ഥലത്ത് തെങ്ങും, 608 ഹെക്ടര്‍ പ്രദേശത്ത് നെല്ലും, 300 ഹെക്ടറിനടുത്ത് റബ്ബര്‍ കൃഷിയും ഇന്ന് ഇവിടെ കാണാം. വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയാണ് ഇവിടെ കൃഷിചെയ്തുവരുന്ന മറ്റു വിളകള്‍. 22 പൊതുകുളങ്ങളും നിരവധി സ്വകാര്യ കുളങ്ങളും തോടുകളും ഈ പഞ്ചായത്തിലെ ജല സ്രോതസ്സുകളാണ്. പഞ്ചായത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന തൂതപ്പുഴയും പഞ്ചായത്തിന്റെ ജലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
വ്യാവസായികം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഇല്ലായെങ്കിലും ചേതനാ ഫോര്‍മുലേഷന്‍സ്, ലോഹശില്പി, ലോഹാപാക്ക്സ്, ലോഹമെഷീന്‍സ് എന്നിവ ചെറുകിട വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. പാലട നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും നിലനിന്നു പോരുന്നുണ്ട്. ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണിത്. ഇന്ത്യന്‍ ഓയിലിന്റെ ഒരു പെട്രോള്‍ ബങ്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിദ്യാഭ്യാസരംഗം
2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പഞ്ചായത്താണിത്. സര്‍ക്കാര്‍ മേഖലയിലെ രണ്ട് ഹയര്‍ സെക്കന്ററി സ്കൂളുകള്‍ ആനമങ്ങാട്, ആലിപ്പറമ്പ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 15 സ്കൂളുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ആനമങ്ങാട്, ആലിപ്പറമ്പ് എന്നിവിടങ്ങളിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളും വനിതാ സഹകരണ ബാങ്കും പഞ്ചായത്തിലെ സഹകരണമേഖലയിലെ സ്ഥാപനങ്ങളാണ്.
കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തിന്റെ  കമ്മ്യൂണിറ്റിഹാള്‍ ആനമങ്ങാട് സ്ഥിതിചെയ്യുന്നു. വൈദ്യൂതി ബോര്‍ഡിന്റെ ഓഫീസുകള്‍ പെരിന്തല്‍മണ്ണ, താഴെക്കോട്, ചേര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ നിലകൊള്ളുന്നു. ആനമങ്ങാട് പ്രവര്‍ത്തിക്കുന്ന സബ്പോസ്റ്റാഫീസ്, ബി.എസ്.എന്‍. എല്‍ എക്സ്ചേഞ്ച് എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഏറോപോളിസ്, ചേതനാ ഫോര്‍മുലേഷന്‍സ്, ലോഹശില്‍പി, ലോഹശില്‍പി പാക്ക്സ് തുടങ്ങിയവ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ജലവിതരണ മേഖലയുടെ ഓഫീസ് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ആലിപ്പറമ്പ്, ആനമങ്ങാട് എന്നിവിടങ്ങളില്‍ വില്ലേജ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്നു. കാര്‍ഷികമേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍ പാറല്‍ എന്ന സ്ഥലത്ത് നിലകൊള്ളുന്നു. പെരിന്തല്‍മണ്ണയിലാണ് പോലീസ് സ്റ്റേഷനും, സബ്ജയിലും പ്രവര്‍ത്തിച്ചുവരുന്നത്. പഞ്ചായത്തിലെ തപാല്‍, കൊറിയര്‍ സര്‍വ്വീസുകളുടെ എണ്ണം 6 ആണ്.
ഗതാഗതം
ഗതാഗതരംഗത്ത്  വളരെയേറെ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്താണ് ആലിപ്പറമ്പ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തില്‍ കൂടി കടന്നുപോകുന്നു. ഒറ്റപ്പാലം-പെരിന്തല്‍മണ്ണ സംസ്ഥാനപാത, തൂത-വെട്ടത്തൂര്‍ റോഡ്, കാലിക്കടവ്-പൂവത്താണി റോഡ് എന്നിവയും പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളാണ്. പഞ്ചായത്തു റോഡുകള്‍ ഗതാഗത സൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിലെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യം അത്യന്താപേക്ഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. പെരിന്തല്‍മണ്ണ, ചേര്‍പ്പുളശ്ശേരി എന്നീ ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിന്റെ ബസ്ഗതാഗതം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നവയാണ് ഇവിടുത്തെ പാലങ്ങള്‍. തൂതപാലം, ബിടാത്തിപാലം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ് ആനമങ്ങാട്, തൂത, ആലിപ്പറമ്പ് എന്നീ സ്ഥലങ്ങള്‍. ആനമങ്ങാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ ഷോപ്പിംഗ് കോംപ്ളക്സ് പഞ്ചായത്തില്‍ നിലവിലുണ്ട്.
സാംസ്കാരികം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ശ്രീ കുന്നിന്‍മേല്‍ ഭഗവതിക്ഷേത്രം, മഹാദേവ മംഗലക്ഷേത്രം, ശ്രീ പുന്നക്കാട് ശിവക്ഷേത്രം തുടങ്ങിയ  ക്ഷേത്രങ്ങളും എടത്തറ ജുമാ അത്ത് പള്ളിയും ഈ പഞ്ചായത്തിലെ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവം, പള്ളി പെരുന്നാള്‍ തുടങ്ങിയ ആഘോഷപരിപാടികള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഈ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തകരായിരുന്ന കൃഷ്ണന്‍ നായര്‍, ഇ.നാരായണന്‍ നായര്‍, കഥകളി ആചാര്യനായ വാഴങ്കട കുഞ്ചു നായര്‍ എന്നിവര്‍ ഈ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ സവിശേഷ വ്യക്തിത്വങ്ങളാണ്. നര്‍ത്തകി ആയ കലാമണ്ഡലം അംബി, ചിത്രരചനയില്‍ പ്രഗത്ഭനായ ശ്യാംപ്രസാദ് എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാരംഗത്തെ പരിവേഷണത്തിനായി  ഒരു ക്ളബ്ബ് ആനമങ്ങാട് പ്രവര്‍ത്തിച്ചു വരുന്നു. 1987-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആനമങ്ങാട് പൊതുവായനശാല പഞ്ചായത്തിലെ ഒരു ഗ്രന്ഥാലയം കൂടിയാണ്. കൂടാതെ പഞ്ചായത്ത് ലൈബ്രറി ഉള്‍പ്പെടെ 5 വായനശാലകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു.
ആരോഗ്യരംഗം
ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. മൂന്ന് സ്വകാര്യ ആയുര്‍വദ ഡിസ്പെന്‍സറികളും തൂത ആനമങ്ങാട് എന്നിവിടങ്ങളില്‍ അലോപ്പതി മേഖലയിലെ രണ്ട് സ്വകാര്യ ആശുപത്രികളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പി.എച്ച്.സി. യുടെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം ആലിപ്പറമ്പില്‍ സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ എടയ്ക്കല്‍, പാറല്‍, മണലായ, പരിയാപുരം, കാമ്പ്രം എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു.