ആലിപ്പറമ്പ്

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ പെരിന്തല്‍മണ്ണ ബ്ളോക്കിലാണ് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലിപ്പറമ്പ് വില്ലേജുപരിധിയിലുള്‍പ്പെടുന്ന ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിന് 35.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് താഴെക്കോട് പഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പാലക്കാട് ജില്ലയിലെ നെല്ലായ, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, ഏലംകുളം പഞ്ചായത്തുമാണ്. 1963-ലാണ് ആലിപ്പറമ്പ് പഞ്ചായത്ത് രൂപീകൃതമായത്. 1962 ഫെബ്രുവരി 23-ാം തിയതിയാണ് ആദ്യ പഞ്ചായത്തുഭരണസമിതി നിലവില്‍ വന്നത്. 2001-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം, 37038 ആണ് പഞ്ചായത്തിലെ ജനസംഖ്യ. മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളില്‍ ചിലതാണ്. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതോപാധി കൃഷിയാണ്. 1060 ഹെക്ടറോളം സ്ഥലത്ത് തെങ്ങും, 608 ഹെക്ടര്‍ പ്രദേശത്ത് നെല്ലും, 300 ഹെക്ടറിനടുത്ത് റബ്ബര്‍ കൃഷിയും ഇന്ന് ഇവിടെ കാണാം. വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകള്‍. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകള്‍ നിറഞ്ഞും, പടിഞ്ഞാറന്‍ ഭാഗങ്ങള്‍ നദീതീരസമതലങ്ങള്‍ നിറഞ്ഞും, മധ്യഭാഗങ്ങളില്‍ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിന്‍പ്രദേശങ്ങളിലും, ചെരിവുകളിലും, ഉയര്‍ന്ന പീഠഭൂമികളിലും വന്‍തോതില്‍ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. പ്രാചീനകാലം മുതല്‍ തന്നെ ആലിപ്പറമ്പും പരിസരപ്രദേശങ്ങളും ഇരുമ്പയിരു ഖനനത്തിനു പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. അതുകൊണ്ടുതന്നെ പണിയായുധങ്ങളും, യുദ്ധോപകരണങ്ങളും നിര്‍മ്മിച്ചിരുന്ന നിരവധി ആലകള്‍ ഇവിടെയും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നുവെന്നു വേണം അനുമാനിക്കാന്‍. ആലിപ്പറമ്പ് എന്ന സ്ഥലനാമവുമായി മുകളില്‍ പറഞ്ഞ വസ്തുതയ്ക്ക് ബന്ധമുണ്ടോയെന്നും ഉറപ്പില്ല. ആലിപ്പറമ്പിലുള്ള തളിക്ഷേത്രം, പുരണ്ടമണ്ണ ക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൂത, ചെനാര്‍കുശി തുടങ്ങിയ പള്ളികളും എടത്തറ, മണലായ തുടങ്ങിയ മഹല്ലുപള്ളികളുമാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍. വാഴേങ്കട, കോട്ടയില്‍ ക്ഷേത്രം നിലനില്‍ക്കുന്ന 5 ഏക്കറോളം വരുന്ന കിടങ്ങുകളാല്‍ ചുറ്റപ്പെട്ട സ്ഥലം ടൂറിസം വികസനത്തിന് അനുയോജ്യമാണ്.