പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

ഭൂമിശാസ്ത്രപരമായി “മലനാട്ടില്‍” സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ജില്ലയുടെ മറ്റു ഭാഗങ്ങളുമായി  റോഡുമാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു. അഞ്ചല്‍‍, മീങ്കുളം, ചണ്ണപ്പേട്ട, ആനക്കുളം റോഡ് എന്നിവ ഇവിടത്തെ പ്രധാന ജനാധിവാസ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ശരാശരി സമുദ്ര നിരപ്പില്‍  നിന്നും 50 മീറ്റര്‍  വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ 69%  വിസ്തൃതിയില്‍ ചെമ്മണ്ണും 15% വിസ്തൃതിയില്‍ നദീജന്യ എക്കലും ബാക്കിയുള്ള പ്രദേശങ്ങളില്‍ ജൈവാംശം കൂടിയ ചെമ്മണ്ണും കാണപ്പെടുന്നു. വടക്കു പടിഞ്ഞാറ് - തെക്കു കിഴക്ക് ദിശയിലായി 10.5 കി.മീ നീളത്തിലും, ശരാശരി 3.3 കി.മീ വീതിയിലും സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ വിലയിരുത്തുമ്പോള്‍ വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്കോട്ട് പോകുംതോറും ശരാശരി സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരവും ഭൂവിഭാഗങ്ങളുടെ ചരിവും പടിപടിയായി വര്‍ദ്ധിക്കുന്നതായി കാണാം. ആകെ വിസ്തീര്‍ണ്ണത്തിന്റെ 16 ശതമാനത്തോളം സ്ഥലം മാത്രം നിക്ഷിപ്ത വനങ്ങളായി അവശേഷിക്കുന്നു. കുന്നുകളും, ചരിവുകളും, താഴ്വരകളും, അരുവികളും ഇടകലര്‍ന്ന  ശാന്തസുന്ദരമായ  ഈ ഭൂവിഭാഗത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ചണ്ണപ്പേട്ട, മീങ്കുളം, കരുകോണ്‍‍, അലയമണ്‍‍, കുറവന്തേരി, ആനക്കുളം  എന്നിവയാണ്.

ജലവാഹിനികള്‍

പഞ്ചായത്തിന്റെ  വടക്കുപടിഞ്ഞാറ് - തെക്കുകിഴക്ക് അതിര്‍ത്തിയില്‍ 18.92 കി.മീറ്ററോളം  നീളത്തില്‍ ഒഴുകുന്ന ഇത്തിക്കരയാര്‍ (കല്ലാര്‍‍) ആണ് ഇവിടത്തെ പ്രധാന ജലവാഹിനി. ഏരൂര്‍ നിക്ഷിപ്ത വനത്തിലെ ചീനിക്കാല, മടത്തറ എന്നിവിടങ്ങളില്‍ നിന്നുത്ഭവിക്കുന്ന കല്ലാര്‍ ഇറയില്‍ തോടും, കടവറത്തു തോടുമായി  യോജിച്ച് ഇത്തിക്കര ആറായി മാറുന്നു. ഏരൂര്‍ നിക്ഷിപ്ത വന മേഖലയിലെ അമ്പലക്കുന്ന് (തെക്ക്), കുടുക്കത്ത് പാറ (തെക്ക്), ആനക്കുളം (തെക്ക്), കൊല്ലംചിറ (തെക്ക്),  എണ്ണപ്പന തോട്ടങ്ങളുടെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പെയ്തേല്‍ക്കുന്ന വെള്ളം ഇത്തിക്കര ആറ്റിലെത്തിച്ച് കല്ലാര്‍ അത്രയും പ്രദേശത്തെ നീര്‍വാര്‍ച്ചാ തോടായി വര്‍ത്തിക്കുന്നു. ആനക്കുളം തെക്കു ഭാഗത്തു നിന്നുത്ഭവിക്കുന്ന ആനക്കുളം-കൊല്ലംചിറ തോട്, ആനക്കുളം, ചണ്ണപ്പേട്ട (തെക്ക്), മണക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നീര്‍വാര്‍ച്ചാ തോടായി വര്‍ത്തിച്ച് മണക്കോടു വച്ച് ഇത്തിക്കര ആറുമായി യോജിക്കുന്നു. ഇത്തിക്കര  ആറിന്റെ  പ്രധാന കൈവഴിയായ ഇറയില്‍ തോട് ആനക്കുളം വടക്കു പ്രദേശത്തു നിന്നുത്ഭവിച്ച് വടക്കോട്ടൊഴുകി 7 കി.മീ നീളത്തില്‍ വടക്കു പടിഞ്ഞാറ് - തെക്കുകിഴക്ക് ദിശയില്‍ സഞ്ചരിച്ച്, ചണ്ണപ്പേട്ട (വടക്ക്), മീങ്കുളം (വടക്ക്), കുറവന്തേരി, മുളപ്പമണ്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധപ്പെടുത്തി, കരുകോണ്‍‍, മുളപ്പമണ്‍ എന്നീ സ്ഥലങ്ങളുടെ പടിഞ്ഞാറു ഭാഗത്തു വച്ച് ഇത്തിക്കര ആറുമായി യോജിക്കുന്നു. മറ്റൊരു പ്രധാന കൈവഴിയായ കടവറത്തുതോട് ഏരൂര്‍ നിക്ഷിപ്ത വന മേഖലയിലെ  ‘കല്ലായനി’ കുന്നില്‍ നിന്നുത്ഭവിച്ച് കടവറത്തു വച്ചാണ് ഇത്തിക്കര ആറില്‍ ചേരുന്നതെങ്കിലും പഞ്ചായത്തതിര്‍ക്കുള്ളില്‍  4.22 കി.മീ നീളത്തില്‍  മാത്രമേ ഒഴുകുന്നുള്ളൂ. ഇത് കരുകോണ്‍ (വടക്ക്), കടവറം, കുറവന്തേരി (വടക്ക്) തുടങ്ങിയ പ്രദേശങ്ങളിലെ  നീര്‍വാര്‍ച്ചാ തോടായി വര്‍ത്തിക്കുന്നു. അഞ്ചല്‍, ആലഞ്ചേരി, അലയമണ്‍‍, പാണയം, മുതലാറ്റ്, കടവറം (പടിഞ്ഞാറ്) തുടങ്ങിയ പ്രദേശങ്ങളിലെ  നീര്‍വാര്‍ച്ചാ തോടായ  അലയമണ്‍ തോട് പാണയത്തു (പടിഞ്ഞാറ്) വച്ച് ഇത്തിക്കര ആറില്‍ ചേരുന്നു. കുടാതെ 1.55 കി.മീ നീളമുള്ള തെക്കന്‍ മീങ്കുളം തോടും, മറ്റു ചെറു തോടുകളും  ഇത്തിക്കര ആറുമായി യോജിച്ച് ഈ പ്രദേശത്തിന്റെ നീര്‍വാര്‍ച്ചയില്‍ അവയുടേതായ പങ്കു വഹിക്കുന്നു.

നിക്ഷിപ്ത വനങ്ങള്‍

മറ്റെല്ലാ മലയോര പ്രദേശങ്ങളേയും പോലെ തന്നെ ജനസംഖ്യയുടെ താങ്ങാനാവാത്ത ഭാരം ഇവിടെയും ഏറ്റുവാങ്ങേണ്ടി വന്നത് വനപ്രദേശങ്ങള്‍ക്കാണ്. പഞ്ചായത്തിന്റെ  ഇന്ന് നിലവിലുള്ള വിസ്തീര്‍ണ്ണത്തില്‍ (3591 ഹെ.) ഏകദേശം 1144.30 ഹെക്ടര്‍ (31.86%) പ്രദേശവും  ഏരൂര്‍ വനമായിരുന്നു. അതില്‍ 554 ഹെക്ടര്‍ പ്രദേശം (15.43%)  മാത്രം കുടുക്കത്തു പാറ, അമ്പലക്കുന്ന് തുടങ്ങിയ പഞ്ചായത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏരൂര്‍ (മീങ്കുളം) നിക്ഷിപ്ത വനങ്ങളായി അവശേഷിക്കുന്നു. ബാക്കി വരുന്ന 590.30 ഹെക്ടര്‍ വനപ്രദേശവും എണ്ണപ്പന കൃഷിക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും, മറ്റു നാണ്യവിളകള്‍ കൃഷി ചെയ്യുന്നതിനും വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

കൃഷി - ജലസേചനം

1920 കള്‍ തൊട്ട് പഞ്ചായത്തിലെ പ്രധാന വിളയായിരുന്നു നെല്ല്. എന്നാല്‍ ഇന്ന് നെല്ല്  ഉത്പാദനം  ഒരോവര്‍ഷം കഴിയുന്തോറും സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ് വരികയാണ്.  ഉള്ള നിലങ്ങള്‍ ചുരുങ്ങി വരുന്നതും, ജൈവവള പ്രയോഗത്തിന്റെ  അഭാവവും  കൃഷി ചെയ്യുന്നതിനുണ്ടായ  വര്‍ദ്ധിച്ച ചെലവും ജലസേചന സൌകര്യമില്ലായ്മയും ഈ കൃഷിയെ അനുദിനം ക്ഷീണിപ്പിക്കുന്നു.   സംസ്ഥാന ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് ഇവിടുത്തെ നാളികേര ഉത്പാദനം. ശാസ്ത്രീയമായ  കൃഷിരീതി അവലംബിക്കാത്തതും തെങ്ങുകള്‍ക്ക് ഉണ്ടാകുന്ന കാറ്റ് വീഴ്ച, ഓല ചീയല്‍ തുടങ്ങിയ രോഗങ്ങളും ജലസേചന സൌകര്യമില്ലായ്മയും ഈ കൃഷിയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പരമ്പരാഗത കൃഷികളില്‍ ഒന്നായ മരച്ചീനി കൃഷി ഇന്ന് നികത്തിയ പാടങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. സംസ്ഥാന ശരാശരിയേക്കാള്‍ അല്പം മുന്നിലാണ്  ഉത്പാദനം.

വിദ്യാഭ്യാസം

ഏകദേശം ഒരു നൂറ്റാണ്ടിനപ്പുറം കരുകോണിലാരംഭിച്ച പ്രൈമറി സ്കൂളിലൂടെയാണ് ഔപാചാരിക വിദ്യാഭ്യാസം ഇവിടെ ആരംഭിച്ചത്. തുടര്‍ന്നിങ്ങോട്ട് ക്രിസ്ത്യന്‍ മിഷനറിമാരും  അവരുടെ ഉത്സാഹത്തിലാരംഭിച്ച സ്കൂളുകളും നാവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും അലയടികള്‍ക്കനുസൃതമായി  ജനങ്ങളുടെ ബോധനിലവാരത്തിനുണ്ടായ വമ്പിച്ച പരിവര്‍ത്തനവും കൂടിചേര്‍ന്ന് നവീന വിദ്യാഭ്യാസ സമ്പ്രദായത്തിനിവിടെ ബീജാവാപം  നല്‍കി. തല്‍ഫലമുണ്ടായതാണ് ചണ്ണപ്പേട്ട എം.റ്റി.എച്ച്.എസ്, മൂങ്ങോട്ട് എം.റ്റി.എസ്.എസ്. എല്‍.പി.എസ്., അലയമണ്‍ ഗവ: ന്യൂ എല്‍.പി.എസ് തുടങ്ങിയവ. ഈ പഞ്ചായത്തില്‍ മൂന്ന് ഹൈസ്കൂളുകളും അഞ്ച് യു.പി സ്കൂളുകളും ഒരു അണ്‍ എയിഡഡ് ഉള്‍പ്പെടെ ആറ് എല്‍.പി സ്കൂളുകളും നിലവിലുണ്ട്. തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന ഒരു മാനേജ്മെന്റ് ഐ.റ്റി.ഐ യും ഒരു നഴ്സിംഗ് സ്കൂളും മൂന്ന് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും മൂന്ന് കമ്പ്യൂട്ടര്‍  സെന്ററുകളും  പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ ആകെ ജനസംഖ്യയില്‍ 80.66%  പുരുഷന്മാരും, 76.02%  സ്ത്രീകളും സാക്ഷരാണെന്നു കാണാം.

പൊതുജനാരോഗ്യം

ഈ പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും നാല് ഉപകേന്ദ്രങ്ങളുമാണ് ഗവണ്‍മെന്റ് തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍. സ്വകാര്യ മേഖലയില്‍ മൂന്ന് ആശുപത്രികള്‍  നിലവിലുണ്ടെങ്കിലും എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു സ്ഥാപനവും ഇപ്പോഴില്ല. അവികസിത പ്രദേശങ്ങളും ഹരിജന്‍ കോളനികളും, ലക്ഷം വീടുകളും, കൂലിവേലക്കാരും, ഒട്ടനവധിയുള്ള ഇവിടെ ചികിത്സാ രംഗം  വളരെ പിന്നിലാണ്. പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രം നിലനില്‍ക്കുന്നത് കരുകോണിലാണ്. നാല് ഉപകേന്ദ്രങ്ങള്‍ കുടിയുള്ള ഇവിടെ ഒരു ഡോക്ടറുള്‍പ്പെടെ ആകെ പതിനാറ് ജീവനക്കാരാണുള്ളത്.

വ്യവസായം

അലയമണ്‍ ഗ്രാമപഞ്ചായത്ത് വ്യാവസായികമായി പിന്നിലാണ്.  കശുവണ്ടി മേഖലയില്‍ കരുകോണ്‍, ചണ്ണപ്പേട്ട, മീന്‍കുളം, ചോറാട്ടുകുഴി  എന്നിവിടങ്ങളിലായി  4 കശുവണ്ടി ഫാക്ടറികള്‍  പ്രവര്‍ത്തിച്ചു വരുന്നു. പ്രദേശത്തെ താഴ്ന്ന വരുമാനക്കാരായ സ്ത്രീകളുടെ തൊഴില്ലായ്മ വളരെയധികം പരിഹരിക്കുന്നതിന് സാധ്യതയുള്ള ഒരു വ്യവസായമാണെങ്കിലും  കശുവണ്ടിയുടെ ദൌര്‍ലഭ്യം ഈ വ്യവസായത്തെ പീഢിത വ്യവസായമാക്കി മാറ്റുന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമായി 25 ഓളം നാടന്‍ ഇഷ്ടിക നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന കെട്ടിടങ്ങളുടെ  അളവനുസരിച്ച് ഇഷ്ടിക വ്യവസായം പുഷ്ടിപ്പെട്ടിട്ടില്ല. അസംസ്കൃത വസ്തുവായ പശിമയാര്‍ന്ന മണ്ണ് പഞ്ചായത്തിലെ പല സ്ഥലത്തും ഉണ്ടെങ്കിലും പ്രധാനമായും ഒരുപ്പൂ നിലങ്ങളെയാണ് ഇതിനാല്‍  ഉപയോഗിക്കുന്നത്. മലയോര ഗ്രാമപ്രദേശമായ അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വ്യവസായ യൂണിറ്റാണ് തടിമില്ല്. എന്‍ജീനിയറിംഗ് രംഗത്ത് 7 യൂണിറ്റുകള്‍ നിലവില്‍  പ്രവര്‍ത്തിക്കുന്നു. കുടില്‍ വ്യവസായ രംഗത്ത് ഫര്‍ണീച്ചര്‍ മേഖലയില്‍ ആറ് യൂണിറ്റുകളിലായി 33 പേര്‍ ജോലി ചെയ്യുന്നു. ചൂരലധിഷ്ഠിത വ്യവസായത്തില്‍ 5ാം വാര്‍ഡില്‍ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. തയ്യല്‍ രംഗത്ത് വികേന്ദ്രീകൃതമായി ഒട്ടനവധി യൂണിറ്റുകള്‍ ഉണ്ടെങ്കിലും റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ രംഗത്ത് ഒരു യൂണിറ്റ് മാത്രമേ ഉള്ളൂ. തഴപ്പായ് നിര്‍മ്മാണം, ഈറ നെയ്ത്, മണ്‍പാത്ര നിര്‍മ്മാണം എന്നിവ അസംഘടിത മേഖലയിലുണ്ട്. കറിപൌഡര്‍ നിര്‍മ്മാണത്തിലും ധാന്യപ്പൊടി നിര്‍മ്മാണ രംഗത്തും  പ്രവര്‍ത്തിച്ചു വരുന്ന അശ്വതി ഇന്‍ഡസ്ട്രീസ് 50-ല്‍  അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റാണ്.