ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ഒരേ സമുദായത്തില്‍പ്പെടുന്നവര്‍ കൂട്ടം ചേര്‍ന്ന് ഒരിടത്തുതന്നെ താമസം ആരംഭിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഇവിടെ കാണപ്പെടുന്ന ഊരുകളും ചേരികളും. നായര്‍ തറകള്‍, ബ്രാഹ്മണരുടെ ഗ്രാമങ്ങള്‍, പണ്ടാരത്തറകള്‍, വടുകത്തറകള്‍, വാണിയര്‍വീഥി, കമ്മാന്തറ തുടങ്ങിയവ ഇതിന് നിദര്‍ശനങ്ങളാണ്. കച്ചവടാഭിമുഖ്യമുള്ള മുസ്ളീങ്ങള്‍ കൂടുതലും അങ്ങാടിയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്നും സാമുദായികാടിസ്ഥാനത്തിലാണ് താമസസ്ഥലവിഭജനം പണ്ട് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇന്ന് അങ്ങനെയൊരു വിഭജനം പഞ്ചായത്തില്‍ കാണാന്‍ കഴിയില്ല. ആലത്തൂര്‍ പഞ്ചായത്തില്‍ ഓരോ ജനവിഭാഗത്തിനും അവരുടേതായ ആരാധനാലയങ്ങളും അതിനോട് ബന്ധപ്പെട്ട് ഉല്‍സവങ്ങളുമുണ്ട്. വളരെ വീറോടും വാശിയോടും നടത്തപ്പെടുന്നതും വിഭിന്നസമുദായക്കാര്‍ക്ക് തുല്യാവകാശങ്ങള്‍ ഉള്ളതുമായ ഒരു മഹോല്‍സവമാണ് പുതിയങ്കം കാട്ടുശ്ശേരി വേല. പുതുകുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനമാസത്തിലെ അത്തം ദിവസമാണ് ഇത് ആഘോഷിക്കപ്പെടുന്നത്. പഞ്ചായത്തില്‍ എടുത്തുപറയാവുന്ന തനതു കലാരൂപം കണ്യാര്‍കളിയാണ്. ഇത് ഒരു അനുഷ്ഠാന കലകൂടിയാണ്. ഉല്‍സവത്തിന് ആരംഭമായി കൂറയിടല്‍ കഴിഞ്ഞാല്‍ കണ്യാറും, വേല കഴിഞ്ഞാല്‍ മലമക്കളിയും കണ്യാര്‍കളി ദേശത്ത് അനുഷ്ഠാനകലകളായി നടത്തപ്പെടുന്നു. വേലദിവസം ഗജവീരന്‍മാരുടെ എഴുന്നള്ളത്ത്, പഞ്ചവാദ്യം, വെടിക്കെട്ട് എന്നിവയൊക്കെ നടക്കാറുണ്ട്. പെരുങ്കളത്തെ നാലുഗ്രാമങ്ങളും ചേര്‍ന്ന് നടത്തുന്ന രഥോല്‍സവത്തിന് 500 വര്‍ഷത്തെ പഴക്കമുണ്ടന്ന് പഴമക്കാര്‍ പറയുന്നു. വരദരാജപ്പെരുമാളുടെയും മഹാലക്ഷ്മിയുടെയും പരിണയമാണ് രഥോല്‍സവമായി ആഘോഷിക്കപ്പെടുന്നത് എന്നാണ് സങ്കല്പം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലത്തൂര്‍ പ്രദേശം പൂമുള്ളി മന, കവളപ്പാറ നായര്‍ വീട്, കൊച്ചി പണ്ടാരം എന്നിവരുടെ അധീനതയിലായിരുന്നു എന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. പഞ്ചായത്ത് ഓഫീസിനു പുറകിലായി ഇന്നും നിലനില്‍ക്കുന്ന കവളപ്പാറ കൊട്ടാരം അതിനുള്ള തെളിവു നല്‍കുന്നു. ഭൂസ്വത്തില്‍ ഏറിയ പങ്കും ഇക്കൂട്ടര്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. പാട്ടസമ്പ്രദായമായിരുന്നു കാര്‍ഷികമേഖലയില്‍ നിന്നിരുന്നത്. ഈ സമ്പ്രദായത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കും പീഡനങ്ങള്‍ക്കുമെതിരായി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ സംഘടിതമായ സമരങ്ങള്‍ക്ക് ഈ പ്രദേശവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1930-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാട്ടവ്യവസ്ഥകള്‍ക്കെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ ആലത്തൂര്‍ ആര്‍.കൃഷ്ണന്‍ ആയിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരായി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടന്നതായി ചരിത്രരേഖകളില്‍ കാണുന്നു. 1920-കളുടെ തുടക്കത്തില്‍ കേരളമെമ്പാടും വ്യാപിച്ച ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും അലയടികള്‍ ഈ പ്രദേശത്തും ഉണ്ടായി. ജാതിഭേദത്തിനും അയിത്തത്തിനുമെതിരായി 1940-കളില്‍ ബ്രഹ്മാന്ദസ്വാമി ശിവയോഗി ആലത്തൂരില്‍ ഒരു ആശ്രമം സ്ഥാപിച്ചു. വീഴുമലയുടെ ചരിവില്‍ 1968-ല്‍ നടരാജ ഗുരുവിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുകുലം ഇന്നും ഒരു പഠനകേന്ദ്രമായി നിലനില്‍ക്കുന്നുണ്ട്. ദേശീയപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയിരുന്ന മഹാത്മജി, ബാബുരാജേന്ദ്രപ്രസാദ്, വിനോബാജി, ജവഹര്‍ലാല്‍നെഹ്റു എന്നിവര്‍ക്ക് ആതിഥ്യമരുളാനുള്ള സൌഭാഗ്യം ലഭിച്ച മണ്ണാണ് ആലത്തൂരിന്റേത്.  ഇന്നത്തെ എ.എസ്.എം.എം.എച്ച്.എസ്.എസ്-ല്‍ വച്ചാണ് മഹാത്മജിക്ക് സ്വീകരണം നല്‍കിയത്. ദേശീയതലത്തില്‍ പ്രശസ്തി നേടിയ പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്‍ (പ്രൊഫ: കെ.കെ.നീലകണ്ഠന്‍) പക്ഷിനിരീക്ഷണത്തിനായി തൃപ്പാളൂര്‍, വീന്തൂര്‍ എന്നീ പ്രദേശങ്ങളില്‍ ഗായത്രി പുഴയോരത്ത് ധാരാളം സമയം ചെലവഴിച്ചിരുന്നതായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാം. പ്രശസ്തസാഹിത്യകാരനായ മേതില്‍ രാധാകൃഷ്ണന്‍ ആലത്തൂരിലെ പുതിയങ്കം സ്വദേശിയാണ്. കായികരംഗത്ത് അന്തര്‍ദേശീയ പ്രശസ്തി നേടിയ ശ്രീമതി മുജീതിബീഗം ആലത്തൂരിന്റെ സംഭാവനയാണ്. നാനാജാതിമതസ്ഥര്‍ അധിവസിക്കുന്ന ഗ്രാമമാണിത് സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ ആലത്തൂരില്‍ പഞ്ചായത്ത് ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ നിലയിലുള്ള പഞ്ചായത്ത് രൂപം കൊണ്ടത് 1962-ലാണ്. ആലത്തൂരിലെ ഏക പരമ്പരാഗത കുടില്‍ വ്യവസായമാണ് ബീഡിതെറുപ്പ്.പഞ്ചായത്തിലെ മുഖ്യ തൊഴില്‍ കൃഷിയാണ്.