പഞ്ചായത്തിലൂടെ

ആലത്തൂര്‍ - 2010
 

1960-ലാണ് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 19.46 ച.ക.മീറ്റര്‍ വിസ്തൃതിയാണ് പഞ്ചായത്തിനുളളത്. 24796 വരുന്ന ജനസംഖ്യയില്‍ 13054 പേര്‍ സ്ത്രീകളും, 11752 പേര്‍ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 92% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് ആലത്തൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗം  കുന്നില്‍ ചരിവുകളും തെക്കുഭാഗം വന പ്രദേശങ്ങളടങ്ങിയ കുന്നുകളും, കിഴക്കും പടിഞ്ഞാറും സമതല പ്രദേശങ്ങളുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 20% ത്തോളം ചരിവു പ്രദേശങ്ങളാണ്. ചരല്‍മണ്ണും കളിമണ്ണും കലര്‍ന്ന മണ്ണാണ് ഇവിടെ കൂടുതലായും കണ്ടുവരുന്നത്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്. സമതല പ്രദേശങ്ങളില്‍ പ്രധാനമായും നെല്ലാണ് കൃഷി ചെയ്യുന്നത്. നെല്‍കൃഷിക്ക് പുറമെ റബ്ബര്‍, വാഴ, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തു വരുന്നു. മലയോര പ്രദേശങ്ങളിലാണ് റബ്ബര്‍ കൃഷി കണ്ടുവരുന്നത്. കിഴക്കുഭാഗത്ത് നിന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തേക്കൊഴുകുന്ന ഗായത്രിപ്പുഴ ഈ സമതല പ്രദേശങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. കൃഷിക്ക് പ്രധാനമായും ജലം ലഭിക്കുന്നത് ചേരാമംഗലം കനാലിലൂടെയാണ്. പോത്തുണ്ടി, മലമ്പുഴ പദ്ധതികളിലൂടെയും ചിലഭാഗങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. 109 കുളങ്ങളും പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ പെടുന്നു. 169 പൊതുകിണറുകളാണ് പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ്. കൂടാതെ 1036 പൊതുകുടിവെള്ള ടാപ്പുകളും ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ചിലയിടങ്ങളില്‍ കുഴല്‍കിണറുകളും ജനങ്ങള്‍ ജലത്തിനായി ഉപയോഗിക്കുന്നു. വീഴുമലയാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് 585 ഓളം തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ വീഴുമല വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ്. വ്യോമഗതാഗതത്തിന് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂര്‍ വിമാനത്താവളവും കരിപ്പൂര്‍ വിമാനത്താവളവുമാണ്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനാണ് റെയില്‍ ഗതാഗതത്തിന് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. ആലത്തൂര്‍ ബസ് സ്റ്റാന്റിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ഗതാഗത മാര്‍ഗ്ഗം റോഡുകളാണ്. ആലത്തൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്ന എന്‍.എച്ച് 47 പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള വടക്കാഞ്ചേരി പഞ്ചായത്തിനെയും കിഴക്കെ അതിര്‍ത്തിയിലുള്ള എരിമയൂര്‍ പഞ്ചായത്തിനെയും ഈ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. കുനിശ്ശേരി, തൃപ്പാളൂര്‍, നെന്‍മാറ റോഡുകളും പഞ്ചായത്തിലൂടെ കടന്നു പോകുന്നു. താലൂക്ക് കേന്ദ്രമായ പഞ്ചായത്തിലെ ടൌണിനെ ബന്ധപ്പെടുത്തി ഉള്‍പ്രദേശങ്ങളിലേക്ക് റോഡുകള്‍ ഉണ്ട്. കോര്‍ട്ട് റോഡ്, ലിങ്ക് റോഡ്, ഗാന്ധി ജംഗ്ഷന്‍ വരെയുള്ള ബാങ്ക് റോഡ് എന്നിവ പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്. ആലത്തൂര്‍ ടൌണിനെ വെങ്ങന്നൂരുമായി ബന്ധിപ്പിക്കുന്ന വെങ്ങന്നൂര്‍പുഴപ്പാലവും, തൃപ്പാളൂര്‍ ഗായത്രിപുഴപ്പാലവും പഞ്ചായത്തിലെ രണ്ട് പ്രധാന പാലങ്ങളാണ്. ആലത്തൂര്‍ പഞ്ചായത്തില്‍ വന്‍കിട വ്യവസായങ്ങളോ വിപുലമായ തോതില്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളോ ഇല്ല. പഞ്ചായത്തില്‍ നിലവില്‍ ഉള്ളത് പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളുമാണ്. അച്ചാറ്, മിക്സ്ചര്‍, പപ്പട നിര്‍മ്മാണം എന്നീ കുടില്‍ വ്യവസായങ്ങള്‍ ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നു. തീപ്പെട്ടി വ്യവസായം, ബീഡി നിര്‍മ്മാണം, അരിമില്ലുകള്‍ എന്നിവയാണ് പഞ്ചായത്തിലുള്ളത്.പൊതുവിതരണമേഖലയില്‍ 10 റേഷന്‍ കടകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും ഒരു നീതി സ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണരംഗത്തുണ്ട്. ആലത്തൂരാണ് പഞ്ചായത്തിലെ പ്രധാനവ്യാപാരകേന്ദ്രം. പഞ്ചായത്തിന്റെ ഒരു മാര്‍ക്കറ്റും ചന്തയും ആലത്തൂരുണ്ട്. ആലത്തൂര്‍ പഞ്ചായത്തിലെ ഓരോ ജനവിഭാഗത്തിനും അവരുടേതായ ആരാധനാലയങ്ങളും അതിനോട് ബന്ധപ്പെട്ട് ഉത്സവങ്ങളും ഉണ്ട്. ഹിന്ദുക്രിസ്ത്യന്‍ മുസ്ളീം വിഭാഗത്തില്‍ പെട്ടവര്‍ വസിക്കുന്ന പ്രദേശമാണ് ആലത്തൂര്‍. 6 മുസ്ളീംപള്ളികളും, 5 ക്ഷേത്രങ്ങളും ഒരു ക്രിസ്ത്യന്‍ പള്ളിയും പഞ്ചായത്തിലുണ്ട്. ഹോളിഫാമിലി ചര്‍ച്ച് ആണ് പ്രധാന ക്രിസ്ത്യന്‍ ആരാധനാലയം. ആലത്തൂര്‍ ജുമാ മസ്ജിദ്, ആലത്തൂര്‍ സുന്നി മസ്ജിദ്, വെങ്ങന്നൂര്‍ ജുമാ മസ്ജിദ് എന്നിവയാണ് പ്രധാന മുസ്ളീംപള്ളികള്‍. പുതുക്കുളങ്ങര ഭഗവതിയുടെ ജന്‍മദിനമായ അത്തംദിവസം ആഘോഷിക്കപ്പെടുന്ന പുതിയങ്കം കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രധാന ഉല്‍സവമാണ്. പെരുങ്കുളത്തെ നാല് ഗ്രാമങ്ങളും ചേര്‍ന്ന് നടത്തപ്പെടുന്ന രഥോല്‍സവത്തിന് 500 വര്‍ഷത്തെ പഴക്കമുണ്ട്. ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം, മൂലക്കാവ് ഭഗവതി ക്ഷേത്രം, പെരുങ്കുളം ലക്ഷ്മി ക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ക്ഷേത്രങ്ങള്‍. പള്ളിപെരുന്നാളുകളും മുസ്ളീങ്ങളുടെ ചെറിയ പെരുനാള്‍, വലിയപെരുനാള്‍ തുടങ്ങിയവയും പഞ്ചായത്തില്‍ ആഘോഷിക്കാറുണ്ട്. 1893-ല്‍ ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച സിദ്ധാശ്രമം ആലത്തൂരിലുണ്ട്. വീഴുമലയില്‍ നടരാജഗുരുവിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ശ്രീനാരായണഗുരുകുലവും ആലത്തൂരിലുണ്ട്. അയിത്തത്തിനും ജാതിവ്യവസ്ഥക്കും പാട്ടവ്യവസ്ഥക്കുമെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ആലത്തൂരിന്റേത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആലത്തൂര്‍ ആര്‍.കൃഷ്ണനെ ആലത്തൂരിലെ കൃഷിക്കാരും ബീഡിതൊഴിലാളികളും അവശവിഭാഗക്കാരും മനസ്സില്‍ സൂക്ഷിക്കുന്നു. പ്രശസ്തസാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ ആലത്തൂരിലെ പുതിയങ്കം സ്വദേശിയാണ്. കായികരംഗത്ത് അന്തര്‍ദേശീയ പ്രശസ്തിനേടിയ മുജീദി ബീഗം ആലത്തൂരിന്റെ സംഭാവനയാണ്. പ്രസിദ്ധ പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്‍ പക്ഷിനിരീക്ഷണത്തിനായി തൃപ്പാളൂര്‍, വാനൂര്‍ പ്രദേശങ്ങളില്‍ ഗായത്രിപുഴയോരത്ത് ധാരാളം സമയം ചെലവഴിച്ചിരുന്നതായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാം. ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധി, രാജേന്ദ്രപ്രസാദ്, നെഹ്റു, വിനോബാജി എന്നിവര്‍ക്ക് ആതിഥ്യമരുളിയ മണ്ണാണ് ആലത്തൂര്‍. ആരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ആലത്തൂര്‍ പഞ്ചായത്തിലെ പ്രധാന ആരോഗ്യസ്ഥാപനം ഗവ.താലൂക്ക് ആശുപത്രിയാണ്. ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും, സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും പഞ്ചായത്തിലെ ആതുരശുശ്രൂഷാരംഗത്തുണ്ട്. ഇവ കൂടാതെ സ്വകാര്യമേഖലയിലുള്ള ആശുപത്രികളും ക്ളിനിക്കുകളും പഞ്ചായത്തിലുണ്ട്. ആലത്തൂര്‍ ഗവ. ആശുപത്രിയില്‍ നിന്നും സ്വകാര്യ രംഗത്തെ ക്രസന്റ്, മനോജ് ആശുപത്രികളില്‍ നിന്നും പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്. 1950 മെയ് 26-ന് ആലത്തൂര്‍ പഞ്ചായത്തില്‍ മൃഗസംരക്ഷണത്തിനായുള്ള ഒരു ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചു. 1964-ല്‍ ഇത് വെറ്റിനറി ആശുപത്രിയാക്കി മാറ്റി. 79-ല്‍ വെറ്റിനറി പോളിക്ളിനിക്കായി ഉയര്‍ത്തിയ ഈ സ്ഥാപനമാണ് പഞ്ചായത്തില്‍ മൃഗസംരക്ഷണത്തിന്റെ കേന്ദ്രം. ആലത്തൂര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് എന്‍.ഇ.ഹൈസ്ക്കൂളിന്റെ ആരംഭത്തോടെയാണ്. പണ്ടായി നെല്ലിക്കലിടം രാജകുടുംബത്തിന്റെ വകയായിട്ടാണ് ആലത്തൂരില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമായത്. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.പി.കേശവമേനോന്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. ആലത്തൂര്‍ ആര്‍.കൃഷ്ണന്‍, മുന്‍. എം.പി. വി.എസ്.വിജയ രാഘവന്‍ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഇന്ന് പഞ്ചായത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 5 സ്കൂളുകളും, സ്വകാര്യ മേഖലയില്‍ 7 സ്കൂളുകളും ഉണ്ട്. സ്വകാര്യമേഖലില്‍ 3 കോളേജുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. എസ്.ബി.ടി, പഞ്ചായത്ത് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലാ സഹകരണബാങ്കിന്റെ ശാഖ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമാണ്. സ്വകാര്യമേഖലയില്‍ ധനലക്ഷ്മി ബാങ്കും പഞ്ചായത്തിലുണ്ട്. ആലത്തൂര്‍ താലൂക്ക് ലൈബ്രറിയാണ് പ്രധാന ഗ്രന്ഥശാല. ഫെഡറേഷന്‍ ക്ളബ്, റെഡ്സ്റ്റാര്‍ ക്ളബ്, വിജയ് ക്ളബ് എന്നിവ കലാകായിക മേഖലയില്‍ ഇന്നും പ്രോല്‍സാഹനമായി നിലകൊള്ളുന്നു. പഞ്ചായത്തില്‍ ഒരു കമ്മ്യൂണിറ്റി ഹാളും മൂന്നു കല്യാണ മണ്ഡപങ്ങളും പൊതുപരിപാടികള്‍ക്കും കല്യാണച്ചടങ്ങുകള്‍ക്കുമായി ജനങ്ങള്‍ ഉപയോഗിക്കുന്നു. ആലത്തൂര്‍ ബാങ്ക് റോഡിലാണ് പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. സെയില്‍സ് ടാക്സ് ഓഫീസ്, തപാല്‍ ഓഫീസ് എന്നിവയടക്കം മൂന്നു കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തിലുണ്ട്. താലൂക്ക് ഓഫീസ്, ആര്‍.ടി.ഒ. ഓഫീസ്, എ.ഇ.ഒ. ഓഫീസ് എന്നിവ ഉള്‍പ്പെടെ എട്ടോളം സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ആലത്തൂര്‍ സ്വാതിനഗറിലാണ് വാട്ടര്‍ അതോറിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍ താലൂക്ക് ഓഫീസിനു സമീപമാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമാണ് കൃഷി ഭവന്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ മല്‍സ്യഭവന്‍ പ്രവര്‍ത്തിക്കുന്നത് ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ്. ക്രമസമാധാനത്തിനും നിയമപരിപാലനത്തിനുമായി ആലത്തൂരില്‍ ഒരു പോലീസ് സ്റ്റേഷനും ഉണ്ട്. പഞ്ചായത്തില്‍ 4 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും ആലത്തൂരുണ്ട്. കുടുംബശ്രീയുടെ 175 യൂണിറ്റുകള്‍ ആലത്തൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 3 അക്ഷയകേന്ദ്രങ്ങളും പഞ്ചായത്തില്‍ ഉണ്ട്