ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്തെ മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബ്ളോക്ക് പ്രദേശം. കവളപ്പാറ, നെല്ലിക്കലിടം, പുഴയ്ക്കലിടം, പൂമുള്ളിമന, തരൂര്‍ ഇടം (നടുവിലിടം) തുടങ്ങിയ നാടുവാഴി പ്രഭുക്കന്മാരുടെ കീഴിലായിരുന്നു ബ്ളോക്കിലുള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് ബ്രിട്ടീഷിന്ത്യയിലെ പഴയ മദ്രാസ് സംസ്ഥാനത്തിലുള്‍പ്പെട്ടിരുന്ന മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ഇന്ന് ആലത്തൂര്‍ ബ്ളോക്കിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍. ഭൂപരിഷ്കരണനിയമം നടപ്പിലാകും വരെ ഈ ബ്ളോക്കിലെ ഭൂരിഭാഗം ഭൂസ്വത്തുക്കളും കവളപ്പാറ, നെല്ലിക്കലിടം, പുഴയ്ക്കലിടം, പൂമുള്ളിമന, തരൂര്‍ ഇടം (നടുവിലിടം) തുടങ്ങിയ നാടുവാഴി പ്രഭുക്കന്മാര്‍ കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. നാടുവാഴിത്വത്തിനും, ജന്മി-കുടിയാന്‍ വ്യവസ്ഥിതിയ്ക്കും, ജാതിവ്യവസ്ഥക്കും, സാമൂഹികനാചാരങ്ങള്‍ക്കും എതിരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന ഭൂപ്രദേശമാണ് ഈ ബ്ളോക്ക്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാല്‍ തമിഴു സംസ്ക്കാരം ഇഴചേര്‍ന്നു കിടക്കുന്നുവെങ്കിലും അടിസ്ഥാനപരമായി പാലക്കാടന്‍ കാര്‍ഷിക സംസ്കാരത്തില്‍ അധിഷ്ഠിതമായ ഒരു പൈതൃകമാണ് ഈ ബ്ളോക്കിലെ ഗ്രാമങ്ങള്‍ക്കുള്ളത്. പല അനുഷ്ഠാന കലാരൂപങ്ങളിലും ഇവിടുത്തെ പ്രാദേശിക ഭാഷയിലും തമിഴ് കലര്‍ന്ന മലയാളത്തിന്റെ സങ്കരരൂപം കാണാം. പൂര്‍ണ്ണമായും തമിഴ് ഗാനങ്ങള്‍ അകമ്പടിയായുള്ള നാടന്‍കലകളും ഇവിടെ പ്രചാരത്തിലുണ്ട്. വിഭിന്ന സമുദായങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങളും വിളവെടുപ്പുത്സവങ്ങളും മതപരമായ ആഘോഷങ്ങളും സാംസ്കാരികമണ്ഡലത്തെ പരിപോഷിപ്പിക്കുന്നു. കലാ-സാംസ്ക്കാരിക സംഘടനകളുടെ ആവിര്‍ഭാവം സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി. ദേശീയപ്രസ്ഥാനം, കര്‍ഷക, ബഹുജന, പുരോഗമന പ്രസ്ഥാനങ്ങള്‍ എന്നിവ ഈ രംഗത്തെ കൂടുതല്‍ ചലനാത്മകമാക്കി. ക്ളബുകളുടെയും വായനശാലകളുടെയും വേലിയേറ്റം അറുപതുകളില്‍ ദൃശ്യമായി. വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനന്മാരായ മഹത് വ്യക്തികള്‍ സാംസ്ക്കാരികരംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ടു. ഇക്കൂട്ടത്തില്‍ പ്രഥമ ഗണനീയനാണ് തരൂര്‍ സ്വദേശിയും ഇന്ത്യയൊട്ടുക്ക് പ്രശസ്തനുമായിരുന്ന കെ.പി.കേശവമേനോന്‍. ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞനായിരുന്ന ഇന്ദുചൂഢന്‍ എന്നറിയപ്പെട്ടിരുന്ന പ്രൊഫ.നീലകണ്ഠന്‍ ഈ ബ്ളോക്കിലെ കാവശ്ശേരി സ്വദേശിയായിരുന്നു. കര്‍ണ്ണാടക സംഗീതത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായിരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തി, എം.ഡി.രാമനാഥന്‍ തുടങ്ങിയവര്‍, മൃദംഗവായന രംഗത്ത് ഏറെ പ്രശസ്തനായിരുന്ന പി.എസ്.കൃഷ്ണന്‍, പ്രശസ്ത ഗാന്ധിയനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഭീമന്‍ ഗുരുജി, മൃദംഗ വിദ്വാന്‍ കനിശ്ശേരി മണി അയ്യര്‍, ഓണത്തല്ല് എന്ന കായിക കലയ്ക്ക് പുതിയ മാനങ്ങള്‍ ചാര്‍ത്തിയ കുഞ്ഞുക്കുട്ടി തണ്ടാന്‍ ആശാന്‍, താളവാദ്യത്തിലെ കുലപതിയുമായ പല്ലാവൂര്‍ അപ്പുമാരാര്‍ തുടങ്ങിയ അപൂര്‍വ്വ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയത് ഈ പ്രദേശത്തുള്ള വിവിധ ഗ്രാമങ്ങളാണ്. മലമക്കളി, കണ്യാര്‍കളി, പൊന്നാനികളി, പൊറാട്ടുകളി, തോറ്റംപാട്ട്, പൂതന്‍തിറ, പരിചമുട്ട്, കോല്‍ക്കളി, തിരുവാതിരക്കളി, നാവരുപാടല്‍, കതിര്‍ക്കൂട്ടക്കളം തുടങ്ങി അസംഖ്യം ക്ഷേത്രകലാരൂപങ്ങളും, അനുഷ്ഠാനകലാരൂപങ്ങളും വിവിധ ആരാധനാലയങ്ങളോടനുബന്ധിച്ചും സമുദായങ്ങളുടെ ആചാരനുഷ്ഠാനങ്ങളോട് ബന്ധപ്പെട്ടും നിലവിലുണ്ട്. അസംഖ്യം ജനങ്ങളെ ആകര്‍ഷിക്കുന്ന മഹാ ഉത്സവങ്ങളാണ് കാവശ്ശേരി പൂരം, കണ്ണമ്പ്രവേല, കുനിശ്ശേരി കുമ്മാട്ടി, തരൂര്‍ പള്ളിനേര്‍ച്ച തുടങ്ങിയവ. വിദ്യാഭ്യാസതല്‍പരരായ വ്യക്തികളും, സ്ഥാപനങ്ങളും മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇവിടുത്തെ വിദ്യാഭ്യാസമേഖല 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ തന്നെ വികാസം പ്രാപിക്കാനാരംഭിച്ചിരുന്നു. 1872-ല്‍ വടക്കഞ്ചേരിയില്‍ സ്ഥാപിതമായ വിദ്യാലയമാണ് ഇന്നത്തെ എ.യു.എല്‍.പി സ്കൂള്‍. വിദ്യാലയങ്ങളാരംഭിക്കുന്നതില്‍ വണ്ടാഴി നെല്ലിക്കലിടത്തുകാര്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സേവനതല്‍പരരായ ചില സ്വകാര്യവ്യക്തികളുടെയും, മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെയും, ക്രിസ്ത്യന്‍ മിഷണറിമാരുടെയും പങ്കും സ്തുത്യര്‍ഹമാണ്. ആലത്തൂരിലെ എന്‍.ഇ ഹൈസ്കൂള്‍ (ഇന്നത്തെ എ.എസ്.എം.എം.എച്ച്.എസ് സ്കൂള്‍) ബ്ളോക്കതിര്‍ത്തിയിലെ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ആശ്രയമായ പഠനകേന്ദ്രമായിരുന്നു. ആയക്കാട് ശര്‍മ്മാമാസ്റ്ററുടെ സി.എ.ഹൈസ്കൂളും ഈ രംഗത്ത് എടുത്തുപറയേണ്ടുന്ന ഒരു സ്ഥാപനമായിരുന്നു. സവര്‍ണ്ണരില്‍ മാത്രമൊതുങ്ങിയിരുന്ന വിദ്യാഭ്യാസം എല്ലാ വിഭാഗക്കാരിലുമെത്തുന്നത് ആയിരത്തി തൊള്ളായിരത്തി അമ്പതുകളോടെയാണ്. അതിശക്തമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ സാമൂഹികാഘാതങ്ങള്‍ ഈ മേഖലയിലും ശക്തമായി പ്രതിഫലിച്ചിരുന്നു. ദേശീയ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം, സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കായി അറിവിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുകൊടുത്തു. എങ്കിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഒരു ദശാബ്ദം കഴിഞ്ഞു മാത്രമാണ് വിദ്യാഭ്യാസരംഗത്ത് അവര്‍ണ്ണര്‍ വന്‍തോതില്‍ കടന്നുവരാനാരംഭിച്ചത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണ്ണായസ്ഥാനമുള്ള കെ.പി.കേശവമേനോന്‍, കോമ്പുക്കുട്ടി മേനോന്‍ തുടങ്ങിയ ദേശസ്നേഹികള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികളാല്‍ പ്രചോദിതരായി ചരിത്രത്താളുകളിലേക്ക് നടന്നുകയറിവരില്‍ ഈ പ്രദേശത്തുനിന്നും വേറെയും ധാരാളമാളുകളുണ്ട്. മേതില്‍ ഗംഗാധരന്‍ നായര്‍, കുനിശ്ശേരി കല്ലായില്‍ നാരായണന്‍ നായര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. ജില്ലയിലെ കര്‍ഷക ബഹുജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ അമരക്കാരനായി  വര്‍ത്തിച്ചിരുന്ന ആര്‍.കൃഷ്ണന്‍ ആലത്തൂര്‍ സ്വദേശിയാണ്. കര്‍ഷക പുരോഗമന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം സമ്പദ്ഘടനയിലും സാമൂഹിക ബന്ധങ്ങളിലും വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കി. 1957-ല്‍ നടപ്പിലായ ഭൂപരിഷ്ക്കരണ നിയമം ഇതിനു ആക്കംകൂട്ടി. നവീകരിച്ച സാങ്കേതികവിദ്യയും ഉല്‍പ്പാദനക്ഷമതയുള്ള വിത്തിനങ്ങളുടെ പ്രചാരവും കാര്‍ഷികമേഖലയുടെ കുതിച്ചുചാട്ടത്തിന് കളമൊരുക്കി. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടില്‍ കിടന്നിരുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ പൊതുധാരയിലേക്ക് പ്രവേശനം ലഭിക്കാന്‍ ഇതു കാരണമായി. ആലത്തൂര്‍ ബ്ളോക്ക് പ്രധാനമായും കാര്‍ഷിക മേഖലയാണ്. ഇവിടുത്തെ മുഖ്യവിളയായ നെല്ലിന്റെ ഉല്‍പ്പാദനം ലാഭകരമല്ലാത്തതുകൊണ്ടും ജലസേചനത്തിന്റെ അപര്യാപ്തത കൊണ്ടും, തൊഴിലാളികളുടെ ലഭ്യതക്കുറവു കൊണ്ടും കൃഷിക്കാര്‍ നെല്‍കൃഷി ഉപേക്ഷിച്ച് ഇന്ന് മറ്റു ദീര്‍ഘകാല കൃഷികളെ ആശ്രയിച്ചു വരുന്നു. ഇതിന്റെ ഭാഗമായി നെല്ലുല്‍പ്പാദന രംഗത്തുണ്ടായിരുന്ന സ്വയംപര്യാപ്തത ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിഹാസത്തിലെ ഉപകഥയുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യത്തിന്റെ സുഗന്ധവും പേറി പരിലസിക്കുന്ന വീഴുമല ആലത്തൂരിന്റെ പ്രകൃതിമനോഹാരിതയ്ക്ക് തിലകക്കുറിയായി നിലകൊള്ളുന്നു. ഇന്ദ്രജിത്തിന്റെ അസ്ത്രപ്രയോഗത്താല്‍ നിശ്ചേഷ്ടനായി കിടന്നിരുന്ന ലക്ഷ്മണനെ പുനരുജ്ജീവിപ്പിക്കുവാനായി ഹിമാലയസാനുക്കളില്‍ നിന്നും മൃതസഞ്ജീവനി കൊണ്ടുവരികയാണ് വായുപുത്രനായ ഹനുമാന്‍. വലതുകരത്തില്‍ പര്‍വ്വതമാകെ എടുത്തുകൊണ്ട് ലങ്കയിലേക്ക് പറക്കുകയായിരുന്ന മാരുതിയുടെ വിരലുകള്‍ക്കിടയില്‍ നിന്നും ഊര്‍ന്നുവീണ പൊട്ടാണ് വീഴുമല എന്നാണ് ഐതിഹ്യം. സുപ്രധാനഗതാഗതപാതയായ എന്‍.എച്ച്-47 ബ്ളോക്കിന്റെ ഹൃദയഭാഗത്തുകൂടെയാണ് കടന്നുപോകുന്നത്.