ആമുഖം

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കിലാണ് ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂര്‍, വണ്ടാഴി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ ഒന്‍പതു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്ത്. വടക്കഞ്ചേരി, ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, പുതുക്കോട്, കിഴക്കഞ്ചേരി, തരൂര്‍, വണ്ടാഴി, കണ്ടാണശ്ശേരി, കണ്ണമ്പ്ര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 371.17 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 16 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കുഴല്‍മന്ദം ബ്ളോക്കും, കിഴക്കുഭാഗത്ത് നെന്മാറ, കുഴല്‍മന്ദം ബ്ളോക്കുകളും, തെക്കുഭാഗത്ത് നെന്മാറ, ഒല്ലൂക്കര (തൃശൂര്‍ ജില്ല) ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂര്‍, ഒല്ലൂക്കര (തൃശൂര്‍ ജില്ല) ബ്ളോക്കുകളുമാണ് ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ആലത്തൂര്‍ ബ്ളോക്ക് പാലക്കാട് ജില്ലയുടെ തെക്കു-പടിഞ്ഞാറു ഭാഗത്തായി തൃശ്ശൂര്‍ ജില്ലയോട് ചേര്‍ന്നു കിടക്കുന്നു. മലമ്പ്രദേശം, സമതലപ്രദേശങ്ങള്‍ എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ രണ്ടായി തരം തിരിക്കാം. ഫലഭൂയിഷ്ഠമായ മണ്ണാണ് ഈ പ്രദേശത്ത് പൊതുവേ കാണപ്പെടുന്നത്. പശിമരാശി മണ്ണ്, ചരല്‍ മണ്ണ്, ചെമ്മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങള്‍. മംഗലം ഡാം, കുഞ്ചാര്‍പതി, പാലക്കുഴി എന്നീ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രകൃതിരമണീയമായ പ്രദേശങ്ങളാണ്. 1952-ലാണ് ആലത്തൂര്‍ ബ്ളോക്ക് നിലവില്‍ വന്നത്. 1952-ലാണ് ആലത്തൂര്‍ ബ്ളോക്ക് രൂപീകൃതമായത്. ആരംഭകാലത്ത് ആലത്തൂര്‍ ബ്ളോക്കിന്റെ പരിധിയില്‍ ആലത്തൂര്‍, എരമിയൂര്‍, മേലാര്‍ക്കോട്, കാവശ്ശേരി, തരൂര്‍, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി എന്നിങ്ങനെ പത്തു പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്നു. പില്‍ക്കാലത്ത് ബ്ളോക്കുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി മേലാര്‍ക്കോട് പഞ്ചായത്ത് നെന്മാറ ബ്ളോക്കിന്റെ കീഴില്‍ ചേര്‍ക്കപ്പെട്ടു. കുന്നുകളും, മലകളും, പുഴകളും, തോടുകളും നിറഞ്ഞ ആലത്തൂര്‍ ബ്ളോക്കു പ്രദേശം പ്രകൃതിരമണീയമാണ്. പശിമരാശിമണ്ണ്, ചരല്‍മണ്ണ്, ചെമ്മണ്ണ്, ലാറ്ററൈറ്റ് മണ്ണ് തുടങ്ങിയ വളക്കൂറുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് ഈ പ്രദേശത്ത് കണ്ടുവരുന്നത്. റബ്ബര്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ ധാരാളമായി ഈ പ്രദേശത്ത് കൃഷി ചെയ്യപ്പെടുന്നു. അങ്ങിങ്ങായി കശുവണ്ടി കൃഷിയും ചെയ്തുവരുന്നു. ഈ പ്രദേശത്തുള്ള ലാറ്ററൈറ്റ് മണ്ണ് നെല്‍കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായതാണ്. കരിമ്പനകളുടെ നാടെന്ന് അറിയപ്പെടുന്ന പാലക്കാടു ജില്ലയുടെ ഭാഗമായ ബ്ളോക്കുപ്രദേശത്ത് കരിമ്പനകള്‍ കുറഞ്ഞുവരുകയാണ്. പ്രകൃതിരമണീയമായ മലനിരകള്‍ക്ക് തിലകകുറിയായി നില്‍ക്കുന്ന മംഗലം ഡാം റിസര്‍വ്വോയര്‍ ബ്ളോക്കു പ്രദേശത്തെ പ്രധാന ജലസേചന സ്രോതസ്സാണ്. മംഗലം ഡാം മലനിരകളുടെ സമീപത്തുള്ള കുഞ്ചാര്‍പതി, പാലക്കുഴി എന്നിവ ഈ പ്രദേശത്തെ പ്രകൃതിരമണീയമായ പ്രദേശങ്ങളാണ്.