ചരിത്രം

ഒമ്പതാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഓടനാടിന്റെയും, നന്ദൂഴിനാടിന്റെയും ഭാഗമായിരുന്നു ആലപ്പുഴ. ഇന്നത്തെ കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ കണ്ടിലൂര്‍ തലസ്ഥാനമായുള്ള ഓടനാടിന്റെയും തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ പ്രദേശങ്ങള്‍ നന്ദൂഴിനാടിന്റെയും ഭാഗമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ, ഇന്നത്തെ ആലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ ഉള്‍പ്പെടുന്ന ഭാഗം ചെമ്പകശ്ശേരി രാജാവിന്റെ ഭരണത്തിലും ചേര്‍ത്തല താലൂക്ക് ഉള്‍പ്പെടുന്ന കരപ്പുറം പ്രദേശം കൊച്ചി രാജവംശവുമായി ബന്ധപ്പെട്ട മൂത്തേടത്തിന്റെയും ഇളയേടത്തിന്റെയും ഭരണത്തിന്‍കീഴിലുമായിരുന്നു. 18-ാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ ഈ പ്രദേശം ആക്രമിച്ചുകീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിത്തീര്‍ത്തു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ശേഷം തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്ന ധര്‍മ്മരാജാവിന്റെ മന്ത്രിമാരില്‍ പ്രമുഖനായിരുന്ന രാജാകേശവദാസനാണ് ആലപ്പുഴ പട്ടണത്തെ കിഴക്കിന്റെ വെനീസ് ആക്കിമാറ്റിയത്. ആല്‍മരത്തെ ചുറ്റിയോ അല്ലെങ്കില്‍ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും രണ്ടു നിഗമനങ്ങള്‍ കേള്‍ക്കുന്നുണ്ട്. തുറക്കാത്ത നിലയിലുള്ള കക്കയുടെയും മറ്റു സമുദ്രജീവികളുടെയും അവശിഷ്ടങ്ങള്‍ ഇന്നും ഇവിടുത്തെ മണ്ണു കുഴിക്കുമ്പോള്‍ കണ്ടുകിട്ടുന്നുണ്ട്. ഇവിടം ഒരുകാലത്ത് സമുദ്രമായിരുന്നുവെന്നും പില്‍ക്കാലത്തെന്നോ കടല്‍ പിന്‍വാങ്ങി കരയായി മാറുകയായിരുന്നുവെന്നുമുള്ള വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. പ്രകൃതിരമണീയമായ കായലോരങ്ങള്‍കൊണ്ട് അനുഗ്രഹീതമായ ഗ്രാമങ്ങള്‍ നിറഞ്ഞതാണ് ആലപ്പുഴ ജില്ല. തലങ്ങും വിലങ്ങും തോടുകളുള്ള ആലപ്പുഴ പട്ടണം കിഴക്കിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് ആലപ്പുഴ തുറമുഖത്തിന് ഏറെ വാണിജ്യപ്രാധാന്യമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ കായലുകളിലൂടെയുള്ള ബോട്ടുയാത്ര വിനോദസഞ്ചാരികളെ ഹരം പിടിപ്പിക്കുന്നതാണ്. കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികളില്‍ ഏറിയ പങ്കും ആലപ്പുഴയുടെ പ്രകൃതിസൌന്ദര്യം ആസ്വദിക്കാതെ മടങ്ങിപ്പോകാറില്ല. കയര്‍വ്യവസായരംഗത്ത് കേരളത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങിയതും ഈ മണ്ണിലാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിനെതിരെ ഒട്ടേറെ സായുധസമരങ്ങള്‍ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. 1946 ഒക്ടോബര്‍ 24-ന് പുന്നപ്രയില്‍ പണിമുടക്കിയ തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്, സംഘടിച്ച് തിരിച്ചടിച്ച ജനങ്ങള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ നിരവധിയാളുകള്‍ രക്തസാക്ഷികളായി. സി.കേശവന്‍, റ്റി.കെ.മാധവന്‍, കെ.കെ.കുഞ്ചുപിള്ള, പാണ്ഡവത്തു ശങ്കരപ്പിള്ള തുടങ്ങിയ ഒട്ടനവധി സ്വാതന്ത്യ്രസമരസേനാനികള്‍ ഇവിടെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ രൂപീകൃതമായതും ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയില്‍ ആകാശവാണി നിലയവും ഒരു മെഡിക്കല്‍ കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എസ്.എസ് കോളേജ് പള്ളിപ്പുറം, ചേര്‍ത്തല എസ്.എന്‍ കോളേജ്, സെന്റ് ജോസഫ് കോളേജ്, എസ്.ഡി കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, എം.എസ്.എം കോളേജ് കായംകുളം, റ്റി.ഡി മെഡിക്കല്‍ കോളേജ്, രാജാ രവിവര്‍മ്മ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്സ്, മൂന്ന് പോളിടെക്നിക്കുകള്‍, മൂന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പറവൂര്‍ പബ്ളിക് ലൈബ്രറി, പി.കെ സ്മാരക ഗ്രന്ഥശാല, ആനന്ദപ്രദായനി ഗ്രന്ഥശാല തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വായനശാലകള്‍. പത്മഭൂഷന്‍ തകഴി ശിവശങ്കരപിള്ള, സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള, കാവാലം നാരായണപണിക്കര്‍, കേരള കാളിദാസന്‍ എന്നറിയപ്പെട്ടിരുന്നതും പ്രസിദ്ധമായ മയൂരസന്ദേശം എന്ന കൃതിയുടെ കര്‍ത്താവുമായ കേരളവര്‍മ്മ വലിയകോയിക്കല്‍ തമ്പുരാന്‍ എന്നിവര്‍ ആലപ്പുഴ ജില്ലയില്‍ ജനിച്ച പ്രമുഖ വ്യക്തികളാണ്. 1863-ല്‍ ആലപ്പുഴയില്‍ ഒരു ടെലിഗ്രാഫ് ഓഫീസ് സ്ഥാപിതമായി. സ്റേറ്റ് ഹൈവേയും, നാഷണല്‍ ഹൈവേയും, തീരദേശറെയില്‍വേയും, തിരുവനന്തപുരം-കോട്ടയം റെയില്‍പാതയും ഈ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന തുറമുഖനഗരമായ ആലപ്പുഴ വിദേശവിനോദസഞ്ചാരികളുടെ പറുദീസയാണ്. കയറും, കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, സമുദ്രോല്‍പന്നങ്ങളുടെ സംസ്ക്കരണവും കയറ്റുമതിയും, കൊപ്ര വ്യവസായവുമാണ് ആലപ്പുഴ ജില്ലയിലെ പ്രധാന വ്യവസായങ്ങള്‍. തോട്ടപ്പള്ളി സ്പില്‍വെ, സില്‍ക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകള്‍, സ്പിന്നിംഗ് മില്‍, കെ.എസ്.ഡി.പി, ഗ്ളാസ് ഫാക്ടറി, കയര്‍ കോര്‍പ്പറേഷന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന വ്യവസായസ്ഥാപനങ്ങള്‍. ഇന്നത്തെ പുറക്കാട് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന ഒരു തുറമുഖപട്ടണവും വ്യാപാരകേന്ദ്രവുമായിരുന്നു. എ.ഡി 52-ല്‍ മാല്യങ്കരയില്‍ കപ്പലിറങ്ങിയ സെന്റ് തോമസ്സ് (യേശുക്രിസ്തുവിന്റെ ശിഷ്യന്‍) സ്ഥാപിച്ച ഏഴരപള്ളികളില്‍ രണ്ടെണ്ണം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ കോക്കമംഗലം, നിരണം എന്നിവിടങ്ങളിലാണ്. ദക്ഷിണപളനി എന്നറിയപ്പെടുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കണ്ടിയൂര്‍ ശിവക്ഷേത്രം, തുറവൂര്‍ മഹാദേവക്ഷേത്രം തുടങ്ങിയ ഒട്ടനവധി ക്ഷേത്രങ്ങളും, ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, അര്‍ത്തുങ്കല്‍ പള്ളി, എടത്വാ പള്ളി തുടങ്ങിയ ഒട്ടേറെ ക്രിസ്ത്യന്‍ ദേവാലയങ്ങളും, പല്ലന ഹജൂര്‍, പുറക്കാട് എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലുള്ള മുസ്ളീം പള്ളികളുമാണ് ഈ ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. ഹരിപ്പാട് മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം, ദക്ഷിണേന്ത്യയിലെ തന്ന പ്രശസ്തമായ ക്ഷേത്രവും തീര്‍ത്ഥാടനകേന്ദ്രവുമാണ്. ആലപ്പുഴ പുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ആഗസ്റ് മാസം രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി ലോകപ്രസിദ്ധമാണ്. പ്രസ്തുത ജലമേള കണ്ടാസ്വദിക്കുന്നതിനായി ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ രാജഗോപുരവും അവിടത്തെ ചുവരെഴുത്തുകളും അനേകം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കായംകുളം കൃഷ്ണപുരം കൊട്ടാരം, വേമ്പനാട്ടുകായലിലെ പതിരാമണല്‍, പല്ലനയിലെ ആശാന്‍ സ്മാരകം തുടങ്ങിയവ അന്താരാഷ്ട്ര ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച സ്ഥലങ്ങളാണ്. പുന്നമടക്കായലിലൂടെയുള്ള ഹൌസ് ബോട്ടുയാത്ര സഞ്ചാരികളെ ഹരം പിടിപ്പിക്കുന്ന അനുഭവമാണ്. അമ്പലപ്പുഴ വേലകളി ചരിത്രപ്രസിദ്ധവും അന്തര്‍ദ്ദേശീയതലത്തില്‍ അറിയപ്പെടുന്ന കലാരൂപവുമാണ്. വലിയദിവാന്‍ജി രാജാകേശവദാസിന്റെ കാലത്ത് നിര്‍മ്മിച്ച കടല്‍പ്പാലം, വാടക്കനാല്‍ കൊമേഴ്സ്യല്‍ കനാല്‍, ലൈറ്റ് ഹൌസ് എന്നിവയെല്ലാം ചരിത്ര സ്മാരകങ്ങളെന്ന നിലയില്‍ ഇന്നും ആലപ്പുഴയുടെ അഭിമാനമായി നിലകൊള്ളുന്നു.