ജില്ലയിലൂടെ

അറബിക്കടലിനും വേമ്പനാട്ട് കായലിനുമിടയില്‍ നെടുനീളത്തില്‍ കിടക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ് കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴ. വിസ്തീര്‍ണ്ണത്തില്‍ ഏറ്റവും ചെറുതെങ്കിലും ജനസാന്ദ്രതയില്‍ കേരളത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയാണിത്. കിഴക്കുഭാഗത്ത് കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളും, വടക്കുഭാഗത്ത് എറണാകുളം ജില്ലയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് കൊല്ലം ജില്ലയുമാണ് ആലപ്പുഴ ജില്ലയുടെ അതിര്‍ത്തികള്‍. തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം എന്നീ ബ്ളോക്കുപഞ്ചായത്തുകളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിലുള്‍പ്പെടുന്നത്. ഈ ജില്ലാ പഞ്ചായത്തിലെ 12 ബ്ളോക്കുകളിലായി 73 ഗ്രാമപഞ്ചായത്തുകളും 79 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. ആലപ്പുഴ, ചെങ്ങന്നൂര്‍, ചേര്‍ത്തല, മാവേലിക്കര, കായംകുളം എന്നിങ്ങനെ 5 മുനിസിപ്പാലിറ്റികള്‍ ആലപ്പുഴ ജില്ലയിലുണ്ട്. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിങ്ങനെ ആറ് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. 1361.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആലപ്പുഴ ജില്ലാപഞ്ചായത്തില്‍ ആകെ 23 ഡിവിഷനുകളുണ്ട്. 1957 ആഗസ്റ്റ് 17-നാണ് ആലപ്പുഴ ജില്ല നിലവില്‍ വന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പെന്നോ കടല്‍ പിന്‍വാങ്ങിയുണ്ടായ കരയാണ് ആലപ്പുഴ ജില്ലയില്‍ ഇന്നു കാണുന്ന ഭൂപ്രദേശങ്ങളില്‍ ഭൂരിഭാഗവും. സമുദ്രനിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമായ കുട്ടനാടിന്റെ ഏറിയ ഭാഗവും ആലപ്പുഴ ജില്ലയിലാണ് ഉള്‍പ്പെടുന്നത്. കേരളത്തിന്റെ നെല്ലറയായാണ് കുട്ടനാട് വിശേഷിപ്പിക്കപ്പെടുന്നത്. ആലപ്പുഴ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളും ഒപ്പം തന്നെ ഇടനാട് ഭൂപ്രകൃതി മേഖലയിലുള്‍പ്പെടുന്ന പ്രദേശങ്ങളുമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഈ ജില്ലയെ ഓണാട്ടുകര മേഖല, തെക്കന്‍ ഇടനാട് മേഖല, കുട്ടനാടന്‍ മേഖല, തീര മണല്‍ മേഖല എന്നിങ്ങനെ നാലായി തരം തിരിക്കാം. ഏറ്റവും ഫലസമ്പുഷ്ടമായ ഭൂപ്രകൃതിയും മണ്ണുമാണ് ആലപ്പുഴ ജില്ലയില്‍ പൊതുവേ കാണപ്പെടുന്നതെങ്കിലും ശുദ്ധജലത്തിന് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന പ്രദേശവുമാണിത്. ലാറ്ററൈറ്റ് മണ്ണ്, നീര്‍വാഴ്ച കുറവുള്ള ഫലഭൂയിഷ്ഠമായ ചെളിമണ്ണ്, മണല്‍മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. തുറക്കാത്ത നിലയിലുള്ള കക്കയുടെയും മറ്റു സമുദ്രജീവികളുടെയും അവശിഷ്ടങ്ങള്‍ ഇന്നും ഇവിടുത്തെ മണ്ണു കുഴിക്കുമ്പോള്‍ കണ്ടുകിട്ടുന്നുണ്ട്. ഇവിടം ഒരുകാലത്ത് സമുദ്രമായിരുന്നുവെന്നും പില്‍ക്കാലത്തെന്നോ കടല്‍ പിന്‍വാങ്ങി കരയായി മാറുകയായിരുന്നുവെന്നുമുള്ള വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. പ്രകൃതിരമണീയമായ കായലോരങ്ങള്‍കൊണ്ട് അനുഗ്രഹീതമായ ഗ്രാമങ്ങള്‍ നിറഞ്ഞതാണ് ആലപ്പുഴ ജില്ല. തലങ്ങും വിലങ്ങും തോടുകളുള്ള ആലപ്പുഴ പട്ടണം കിഴക്കിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് ആലപ്പുഴ തുറമുഖത്തിന് ഏറെ വാണിജ്യപ്രാധാന്യമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ കായലുകളിലൂടെയുള്ള ബോട്ടുയാത്ര വിനോദസഞ്ചാരികളെ ഹരം പിടിപ്പിക്കുന്നതാണ്. കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികളിലേറിയ പങ്കും ആലപ്പുഴയുടെ പ്രകൃതിസൌന്ദര്യം ആസ്വദിക്കാതെ മടങ്ങിപ്പോകാറില്ല. കയര്‍വ്യവസായരംഗത്ത് കേരളത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങിയതും ഈ മണ്ണിലാണ്.