ചരിത്രം

പഞ്ചായത്ത് ചരിത്രം

പന്‍മന, വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത്, ചെറിയഴീക്കല്‍, ആലപ്പാട്, കുഴിത്തറ, പറയകടവ്,  ശ്രായിക്കാട്, അഴീക്കല്‍ എന്നീ തുറകള്‍  ഏകോപിപ്പിച്ച് 1946-ല്‍ പന്‍മന-അഴീക്കല്‍  വില്ലേജ് അപ്ലിഫ്റ്റ് കമ്മിറ്റി നിലവില്‍ വന്നു.  അതിന്റെ ആദ്യ പ്രസിഡന്റ് കുറ്റുമൂട്ടില്‍  ജനാര്‍ദ്ദനായിരുന്നു. 1951 ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്തു നിയമപ്രകാരം  1953-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ.ഭാസ്ക്കരന്‍ പ്രസിഡന്റായി ആദ്യ പഞ്ചായത്തു കമ്മിറ്റി നിലവില്‍ വന്നു. കെ.എ.ദാമോദരന്‍ (ആലപ്പാട്), ഇളയകൊച്ചു മുതലാളി (അഴീക്കല്‍), രാഘവന്‍ പുതുശ്ശേരില്‍  (ചെറിയഴീക്കല്‍), കൊച്ചയ്യത്തു കൊച്ചു പപ്പു (കുഴിത്തുറ-പറയകടവ്) എന്നിവരായിരുന്നു ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട  മറ്റ് അംഗങ്ങള്‍. കറുകയില്‍ കറുത്ത കൊച്ചു പണിക്കരാണ് പഞ്ചായത്ത് കെട്ടിടത്തിനാവശ്യമായ  സ്ഥലം സംഭാവന ചെയ്തത്. 1964 ല്‍ പി.ദയാനന്ദന്‍ (വെള്ള), ചെല്ലപ്പന്‍  (ചെറി-പണ്ടാരത്തുരുത്ത്), കെ.കെ. കൃഷ്ണന്‍ വൈദ്യര്‍  (ചെറി), പി. ലീലകൃഷ്ണന്‍ (ആല), കുട്ടന്‍ പണിക്കല്‍ (കുഴി-പറയ),  എം.എസ്.രുദ്രന്‍  (ശ്രായിക്കാട്), അഴീക്കല്‍ കൃഷ്ണന്‍ കുട്ടി( അഴീക്കല്‍), ശങ്കു (അഴീക്കല്‍), സുധര്‍മ്മ (ചെറി)  എന്നിവര്‍ അംഗങ്ങളായി  രണ്ടാമത്തെ പഞ്ചായത്തു കമ്മിറ്റി നിലവില്‍ വന്നു. ആലപ്പാട് ലീലാകൃഷ്ണന്‍ രാജി  വച്ച ഒഴിവില്‍  ഗോപാലന്‍  അംഗമായി.  ഈ കാലയളവില്‍  1964 ജനുവരി മുതല്‍  1966 ജൂലൈ വരെ എ.ശങ്കുവായിരുന്നു പ്രസിഡന്റ്. തുടര്‍ന്ന് ചെല്ലപ്പന്‍ മുതലാളി  പ്രസിഡന്റായി. 1975 ജനുവരിയില്‍ ചെല്ലപ്പന്‍ മുതലാളി മരണപ്പെട്ടു. തുടര്‍ന്ന് എ.ശങ്കു വീണ്ടും പ്രസിഡന്റായി.

സാമൂഹിക-സാംസ്കാരിക ചരിത്രം

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി  താലൂക്കിന്റെ തീര പ്രദേശത്ത് 17 ഓളം കിലോ മീറ്റര്‍ നീളത്തില്‍ തെക്കു വടക്കായി  സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട്.  അറബിക്കടലിനും  കായംകുളം കടലിനും മദ്ധ്യേ  നീണ്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശത്തെ ലോക പ്രശ്സതമാക്കുന്ന പല കാര്യങ്ങളില്‍ പ്രധാനമായത് ഇവിടുത്തെ കരിമണല്‍ നിക്ഷേപവും അമൃതാനാന്ദമയിയുടെ ആസ്ഥാനവുമാണ്. 1953-ല്‍ കുലശേഖരപുരം, ദേവികുളങ്ങര, കരുനാഗപ്പള്ളി വില്ലേജുകളിലായി  വ്യാപിച്ചു കിടന്നിരുന്ന പ്രദേശങ്ങള്‍  ചേര്‍ത്ത് ആലപ്പാട് പഞ്ചായത്ത് രൂപീകൃതമായി. എ.ഡി ഒന്നാം നൂറ്റാണ്ടോടു കൂടി കടലിന്റെ അപൂര്‍വ്വ പ്രതിഭാസമായ ചാകരയില്‍ നിന്നാണ് ഈ ഭൂപ്രദേശം രൂപം കൊണ്ടത് എന്ന് അനുമാനിക്കപ്പെടുന്നു. തമിഴ്നാട്ടിലെ കാവേരി പൂം പട്ടണത്തില്‍ നിന്നും ആറുകളുടെ തീരം വഴി സഹ്യന്റെ കിഴക്കു ഭാഗത്ത് എത്തി ആരുവാമൊഴി, കുമിളി, വാളയാര്‍, വൈത്തിരി തുടങ്ങിയ പാതകള്‍  വഴി  ഇന്നു കേരളമെന്നറിയപ്പെടുന്ന പ്രദേശത്തെ കായലോരങ്ങളിലും കടലോരങ്ങളിലും ആറ്റിറമ്പുകളിലും തങ്ങിയ ജനതയില്‍ ഒരു വിഭാഗമാണ് ഇന്നത്തെ ആലപ്പാട്ടു പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്നത് എന്നനുമാനിക്കുന്നു. ഈ ജനവിഭാഗത്തോടൊപ്പം എപ്പോഴോ എത്തിച്ചേര്‍ന്ന ശൈവ പിള്ളമാരും ഈഴവരും പുലയരും ക്രിസ്തീയ വിഭാഗക്കാരുമാണ്  ഇവിടുത്തെ ജനത.  എന്നാല്‍ ശൈവ പിള്ളമാര്‍ പില്‍ക്കാലങ്ങളില്‍  ഇവിടം വിട്ടു പോവുകയും ചെയ്തു. കാവേരി പൂംപുഹാര്‍ പ്രദേശത്തു നിന്നും യുദ്ധത്തെ തുടര്‍ന്നു പലായനം ചെയ്ത ഒരു രാജവംശത്തിന്റെ പരമ്പരയില്‍ പെട്ടവര്‍ തോണിയിലും പായ്കപ്പലുകളുമായി കന്യാകുമാരി മുനമ്പ് ചുറ്റി അറേബ്യന്‍ കടലിന്റെ  തീര പ്രദേശങ്ങളില്‍ പലയിടത്തായി  വാസമുറപ്പിച്ചുവെന്ന് മറ്റൊരു വിശ്വാസമുണ്ട്. ഈ വിഭാഗമാണ് ഇന്നത്തെ ആലപ്പാട് പഞ്ചായത്തിലെ മുന്‍ തലമുറക്കാര്‍ എന്നു കരുതപ്പെടുന്നു. അന്ന് പൂംപുഹാറില്‍  നിലവിലുണ്ടായിരുന്ന പല ആചാര രീതികളും ഈ വിഭാഗവും അതേപോലെ അനുവര്‍ത്തിച്ചു വന്നിരുന്നു.  സംസാര ഭാഷയില്‍ തമിഴ് സ്വാധീനം വളരെയധികം ഉണ്ടായിരുന്നുവെന്നും മാത്രമല്ല വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും നാമകരണം ചെയ്യുന്നതില്‍ പോലും ഈ തമിഴ് സ്വാധീനം  വളരെ പ്രകടമായിരുന്നു. പഞ്ചായത്തില്‍ മത്സ്യബന്ധ രംഗത്തെപ്പോലെതന്നെ ഒട്ടും അപ്രധാനമല്ലാത്ത  ഒരു മേഖലയായിരുന്നു കയര്‍ വ്യവസായം. ആലപ്പാടന്‍ കയര്‍ ലോക വിപണിയില്‍ തന്നെ ഏറ്റവും മുന്‍പന്തിയിലായിരുന്നു. പ്രസിദ്ധമായ ഈ കയര്‍ മൂലം ആലപ്പാടു പഞ്ചായത്തിലെ ലോഹ മണല്‍ ശ്രദ്ധിക്കപ്പെട്ടതോടെ പല വിദേശ കമ്പനികളും ലോഹമണലിന്റെ ഉറവിടം അന്വേഷിച്ച് ഈ പഞ്ചായത്തിലെത്തി. 1911-ല്‍ ഒരു ജര്‍മ്മന്‍ കമ്പനിയാണ് ലോഹ മണല്‍ ഖനനം  ഇവിടെ ആരംഭിച്ചത്. 1932 മുതല്‍ എഫ്.എക്സ്. പെരേര  സണ്‍സ്  എന്ന സ്ഥാപനവും 1959 വരെ ഹോപ് കിന്‍സ് & വില്യംസ് എന്ന  വിദേശ കമ്പനിയും ഖനനം നടത്തി വന്നിരുന്നു. ആലപ്പാട് അറത്തില്‍ റ്റി.എന്‍.പി കമ്പനിയുടെ  കരിമണല്‍  സെപ്പറ്റേഷന്‍ പ്ളാന്റ് ഉണ്ടായിരുന്നു. 42 കരകള്‍ ചേര്‍ന്ന് നടത്തുന്ന ഓച്ചിറ ഉത്സവത്തില്‍ ഒമ്പതാം ഉത്സവം നടത്തുവാനുള്ള അവകാശവും ഈ പഞ്ചായത്തിലുള്ളവര്‍ക്കാണ് (ആലപ്പാട്ടു മുതല്‍ അഴീക്കല്‍ വരെ). സാംസ്ക്കാരിക കലാരംഗങ്ങളില്‍ ഉന്നതമായ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നതരായ വ്യക്തികള്‍ ഈ പഞ്ചായത്തില്‍ ജീവിച്ചിരുന്നു. പണ്ഡിറ്റ് കുഞ്ഞുപിള്ള പണിക്കര്‍, ഡോ.വേലുക്കുട്ടി അരയന്‍, അഴീക്കല്‍ കൃഷ്ണന്‍ കുട്ടി തുടങ്ങിയ സംസ്കൃത കലാ ആചാര്യന്മാരും തെക്കയ്യത്തു രാമന്‍ കുഞ്ഞാശാന്‍ എന്ന കഥകളി ആചാര്യനും, ചാലിതെക്കതില്‍ ദാമോദരന്‍  ആശാന്‍ എന്ന തായമ്പക വിദഗ്ധനും,  ഭാഷാ പണ്ഡിതനായ പി. അരുമനായക പണിക്കര്‍ എന്നിവരാണവര്‍. ഡോ. വേലുക്കുട്ടി അരയന്റെ  ചരിത്രം  ഈ പഞ്ചാത്തിന്റേയും  സമുദായത്തിന്റേയും  കൂടി ചരിത്രമാണ്. ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം രചിച്ച  പണ്ഡിതനാണ് ശ്രീ.കെ.കെ പണിക്കര്‍ എന്ന കുഞ്ഞുപിള്ള പണിക്കര്‍.    അസുര വാദ്യമായ ചെണ്ടവായന റേഡിയോയിലൂടെ  കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ദാമോദരനാശാനാണ്.

വിദ്യാഭ്യാസ രംഗത്ത് ഏറേ മുന്നില്‍ പോയ ഒരു പഞ്ചായത്താണിത്. സമ്പൂര്‍ണ്ണ സാക്ഷരരായി കേരളം പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പുതന്നെ ഇവിടുത്തെ സാക്ഷരത 89%  ആയിരുന്നു.     കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ഏതാണ്ട് ആദ്യത്തെ മലയാളം സ്കൂള്‍ അഴീക്കല്‍ ആയിരുന്നു. ചെറിയഴിക്കലെ എല്‍.എം.എസ് മിഷ്യന്‍ ഹോസ്പിറ്റലാണ് ആതുര ശ്രുശ്രൂഷ രംഗത്തു കടന്നുവന്ന ആദ്യത്തെ സ്ഥാപനം. ഇന്നു മയിലാടുംകുന്ന് എന്നു വിളിക്കുന്ന പ്രദേശത്താണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ശ്രായിക്കാട് 1954-ല്‍ ഒരു ആയൂര്‍വേദ ഡിസ്പന്‍സറിയും 1968 ല്‍ ആലപ്പാടു ഗവ.അലോപ്പതി ഡിസ്പെന്‍സറിയും പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ഉപദ്വീപായി കിടക്കുന്ന ഈ പഞ്ചായത്തിന് മറ്റു കരയുമായി ബന്ധിപ്പിച്ച് പാലം വരുന്നത് 1977 -ല്‍ ആണ് (പണിക്കര്‍ കടവ് പാലം).

കടലിനും കായലിനും മദ്ധ്യേയുള്ള പഞ്ചായത്തിന്റെ  പ്രകൃതി വളരെയധികം  ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നു.  നിരവധി സാഹിത്യകാരന്മാരും  സാമൂഹിക നായകന്മാരും  സാഹിത്യ സംവാദത്തിനും നര്‍മ്മ സല്ലാപത്തിനും പഞ്ചായത്തിന്റെ കടലോരത്തില്‍ സന്ദര്‍ശകരായിരുന്നു. കുമാരനാശാന്‍, ശൂരനാട് കുഞ്ഞന്‍ പിള്ള, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, തോപ്പില്‍ ഭാസി, കാമ്പിശ്ശേരി കരുണാകരന്‍, ഒ.എന്‍.വി  തുടങ്ങിയ എത്രയോ സാഹിത്യകാരന്‍മാര്‍ ഇവിടുത്തെ സന്ദര്‍ശകര്‍ ആണ്. സി.കേശവന്‍, ശ്രീകണ്ഠന്‍നായര്‍, ബേബിജോണ്‍, കെ.ബാലകൃഷ്ണന്‍, പട്ടം താണുപിള്ള, ഡോ.പല്‍പ്പു തുടങ്ങി അനവധി രാഷ്ട്രീയ  സാമൂഹിക നേതാക്കള്‍ ഇവിടെ  രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒളിവുവാസത്തിനും എത്തിയിരുന്നു. 1978 ല്‍ ചെറിയഴീക്കലേക്കാണ് ആദ്യമായി പഞ്ചായത്തിന്റെ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു  1954 ല്‍ ഈ പ്രദേശം  സന്ദര്‍ശിച്ചിരുന്നു. വിപ്ളവ പ്രസ്ഥാനങ്ങളിലെ  പല നേതാക്കന്‍മാര്‍ക്കും ഒളിതാവളമായി ഈ പഞ്ചായത്ത് വര്‍ത്തിച്ചിട്ടുണ്ട്. ഡോ:വേലുകുട്ടി അരയന്റെ പത്രാധിപത്യത്തില്‍  തുടങ്ങിയ ‘അരയന്‍ ‘ പത്രം  സംസ്ഥാനത്തൊട്ടൊകെ  തന്നെ ജനങ്ങളില്‍ ദേശീയ ബോധവും  സ്വാതന്ത്ര്യസമരാവേശവും വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.