പഞ്ചായത്തിലൂടെ

ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി

ഭൂപ്രകൃതി അനുസരിച്ചുള്ള വിഭജനത്തില്‍ കേരളത്തെ മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതില്‍ തീരപ്രദേശത്തില്‍ ഉള്‍പ്പെടുന്നതാണ് ആലപ്പാട് പഞ്ചായത്ത്. പ്രസ്തുത പഞ്ചായത്തിന് സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 7 മീറ്റര്‍ ഉയരം മാത്രമേയുള്ളൂ. ഈ പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 7.38 ചതു.കി.മീ ആണ്. കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ആലപ്പുഴ ജില്ലയുടെ തെക്കേ അതിര്‍ത്തിയിലാണ്. ഇതിന്റെ വടക്കു വശം  കായംകുളം പൊഴിയും, വടക്കുകിഴക്കായി ക്ളാപ്പന, കുലശേഖരപുരം പഞ്ചായത്ത് എന്നിവയും, തെക്കുഭാഗത്തായി പന്‍മന പഞ്ചായത്തും  ചുറ്റപ്പെട്ടിരിക്കുന്നു. സുമദ്ര നിരപ്പില്‍ നിന്ന് ഏകദേശം 7 മീറ്ററനുള്ളില്‍ മാത്രം ഉയര്‍ച്ചയുള്ള പ്രദേശമാണിവിടെ. ഇവയെ പൊതുവായി  തീരസമതലം (കോസ്റ്റല്‍ പ്ളയിന്‍) ആയിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. നിമ്ന്നോന്നത സ്ഥിതിയനുസരിച്ച് ഈ പ്രദേശത്തിന് ഉയര്‍ന്ന ഭാഗങ്ങള്‍ കുറവാണ്. ഇവിടെ മിശ്രിത കൃഷിയാണ് കാണപ്പെടുന്നതെങ്കിലും തൊണ്ടു കൃഷിയാണ് പ്രധാനം. കേരളത്തെ 13 കാര്‍ഷിക മേഖലയായി തിരിച്ചിട്ടുള്ളതില്‍ ആലപ്പാട് പഞ്ചായത്ത്, ഓണാട്ടുകര വിഭാഗത്തില്‍പ്പെടുന്നു. അവസാദങ്ങള്‍ അടിഞ്ഞുണ്ടായ ഉപരിതല മണ്ണ് ഈ പഞ്ചായത്തിലുടനീളം കാണപ്പെടുന്നു. ഇത്തരം  മണ്ണിനങ്ങളെ പ്രാദേശികമായി ഒണാട്ടുകര എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നതും. ഫലയഭൂയിഷ്ഠമായ ഇത്തരം എക്കല്‍ മണ്ണുകള്‍ തെങ്ങുകൃഷിക്ക്  വളരെ അനുയോജ്യമാണ്.

കേരളത്തില്‍ കടലോര പഞ്ചായത്തുകളില്‍ വച്ച് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതും പഠനവിധേയമായിട്ടുള്ളതുമായ ഒരു പഞ്ചായത്താണ് ആലപ്പാട്. പ്രസ്തുത പഞ്ചായത്തില്‍ പടിഞ്ഞാറുവശം ലക്ഷദ്വീപ് സമുദ്രവും (അറേബ്യന്‍ കടല്‍) മറ്റു ഭാഗങ്ങള്‍ കായംകുളം കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന റ്റി.എസ്.കനാല്‍ ഭൂവിഭാഗവുമാണ്. സമുദ്രവും കായലും തൊട്ടു തലോടുന്ന ഇപ്രദേശം കാലക്രമേണ ഭീഷണിയെ നേരിടുന്നു. ജലലഭ്യതയെ അടിസ്ഥാനമാക്കി ആലപ്പാട് പഞ്ചായത്തിലെ ജലപ്രകൃതിയെ പ്രധാനമായി ആറു വിഭാഗങ്ങളിലായി തരം തിരിക്കാം. പ്രധാന സ്രോതസ്സായ  ലക്ഷദ്വീപ് കടല്‍ (അറേബ്യന്‍ കടല്‍) ഏകദേശം 17 കി.മീറ്ററോളം  ദൈര്‍ഘ്യത്തിലുള്ള കടലോരം പഞ്ചായത്തിന് സമ്മാനിച്ചിരിക്കുന്നു.   കുളങ്ങള്‍, തോടുകള്‍, കുഴല്‍ കിണറുകള്‍, ജലസംഭരണികള്‍, ശ്രായിക്കാട്, പണ്ടാരത്തുരുത്ത്, ആലപ്പാട്, അഴീക്കല്‍ എന്നീ ഉള്‍ഭാഗ ജലാശയങ്ങളില്‍പ്പെടുന്ന കായല്‍ പ്രദേശം എന്നിവയാണ് മറ്റ് ജലപ്രകൃതികള്‍. ഏകദേശം 502 കി.മീറ്ററില്‍ അധികം വ്യാപിച്ചു കിടക്കുന്ന ഉള്‍ഭാഗ ജലാശയമാണിത്. ഇത് പഞ്ചായത്തിന്റെ വടക്കുഭാഗം മുതല്‍ തെക്കു കിഴക്കു ഭാഗം വരെ വ്യാപിച്ചു കിടക്കുന്ന വലിയ ജലസമ്പത്താണ്. കായംകുളം കായല്‍ ഈ പ്രദേശത്തെ മറ്റു സമീപ പഞ്ചായത്തുകളില്‍ നിന്നും വേര്‍തിരിക്കുന്നതോടൊപ്പം ഗതാഗത സൌകര്യവും സൃഷ്ടിച്ചിരിക്കുന്നു. കടത്തുകള്‍ ഏറെ ഉള്ള പല തുരുത്തുകള്‍ക്കു സ്ഥലനാമങ്ങള്‍ വരെ  വെള്ളവുമായി  ബന്ധപ്പെട്ട് കാണപ്പെടുന്നു. ഉദാഹരണമായി പണക്കര്‍കടവ്, തുറയില്‍കടവ്, കാട്ടില്‍കടവ്, ആലുംകടവ്, കല്ലുംമൂട്ടില്‍ കടവ് എന്നിവ. ഈ പഞ്ചായത്തിലുട നീളം കാണപ്പെടുന്ന ഒരു സവിശേഷതയാണിത്. 1,2,3 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെട്ട അഴീക്കല്‍  പ്രദേശത്തുള്ള ആയിരം തെങ്ങ് ഒരു പ്രധാന ചതുപ്പു നിലമാണ്. ഇവിടെ പ്രശ്സതമായ  ആയിരം തെങ്ങ് ഫിഷ്ഫാം സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍  നിന്നും ആലപ്പാടിനെ വേര്‍തിരിക്കുന്ന കടലിന്റെയും കായലിന്റെയും  സംഗമമാണ് കായംകുളം പൊഴി. ഇതൊരു  പ്രധാന മത്സ്യ ബന്ധന കേന്ദ്രമാണ്. സമീപ പഞ്ചായത്തുകളായ ദേവികുളങ്ങര, ക്ളാപ്പന, ഓച്ചിറ തുടങ്ങിയ പഞ്ചായത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ നിത്യേന ഇവിടെ മത്സ്യബന്ധനം നടത്തുന്നു. ആലപ്പാട് പഞ്ചായത്തിന്റെ കാലവസ്ഥയെ ബാധിക്കുന്ന അവിഭാജ്യ ഘടകം തന്നെയാണ് ലക്ഷദ്വീപ് സമുദ്രം. കരക്കാറ്റും കടല്‍ക്കാറ്റും ഇവിടുത്തെ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ആലപ്പാട് പഞ്ചായത്തിന് മഴ ലഭിക്കുന്നത് പ്രധാനമായും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ മൂലവും വടക്ക് കിഴക്കന്‍ തുലാവര്‍ഷം മണ്‍സൂണ്‍ കാറ്റുകള്‍ മൂലവുമാണ്. ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനവും മുഖ്യകൃഷി തെങ്ങുമാണ്. ഇടവിളയായി  കിഴങ്ങു വര്‍ഗ്ഗങ്ങള്‍, വാഴ, കമുക്, കുരുമുളക്, മരച്ചീനി, ഫലവൃക്ഷങ്ങള്‍ മുതലായവയും കൃഷി ചെയ്തു വരുന്നു. ഒരു ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ബഹുഭൂരിപക്ഷം. പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 747.7 ഹെക്ടറാണ്. തീരപ്രദേശങ്ങളില്‍  മണല്‍മണ്ണും കിഴക്കന്‍ പ്രദേശങ്ങളില്‍ ചെളിമണ്ണു കലര്‍ന്ന മണല്‍ മണ്ണും കാണപ്പെടുന്നു. പഞ്ചായത്തില്‍ 57 തോടുകളുണ്ട്. കിഴക്കേ അതിര്‍ത്തിയിലുള്ള റ്റി.എസ്.കനാല്‍ (കായംകുളം കായല്‍ ) വളരെ ആഴവും പരപ്പും ഉള്ളതാണ്.  17 കി.മീ നീളവും ശരാശരി 250 മീറ്റര്‍ വീതിയുമുള്ള പഞ്ചായത്തിന്റെ  നീളത്തില്‍ പടിഞ്ഞാറ് ഭാഗം അറേബ്യന്‍ കടലും കിഴക്ക് ഭാഗം റ്റി.എസ് കനാലും (കായംകുളം കായല്‍ എന്നു പറയുന്നു) വടക്കേയറ്റം കായംകുളം പൊഴിയുമായി ജലസമ്പത്താല്‍ സമൃദ്ധമാണ്. സ്വകാര്യ മത്സ്യബന്ധനമായിരുന്നു നിലനിന്നിരുന്നത്.

വ്യവസായം

കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ സ്ഥാനം പിടിക്കുവാന്‍ കഴിഞ്ഞ പഞ്ചായത്ത് ആണ് ആലപ്പാട് പഞ്ചായത്ത്. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന കയര്‍ “ആലപ്പാടന്‍ കയര്‍” എന്ന പേരില്‍  രാജ്യാന്തര വിപണികള്‍ പോലും പിടിച്ചടക്കിയിരുന്നു. കയറില്‍ പറ്റിയിരുന്ന കരിമണല്‍ കണ്ടാണ് വിദേശീയര്‍ ധാതുമണല്‍ സാധ്യത  മനസ്സിലാക്കിയത് എന്ന് പറയപ്പെടുന്നു. 15 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യബന്ധന മേഖലയിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇവിടുത്തെ 90%  തൊഴിലാളികളും ജോലി ചെയ്യുന്ന മേഖല എന്ന നിലയില്‍ ഇതിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്.

വിദ്യാഭ്യാസം

ഉദ്ദേശം 100 വര്‍ഷങ്ങള്‍ക്കു മുമ്പ് അഴീക്കലില്‍ ഏഴാം ക്ളാസ് വരെയുള്ള ഒരു മലയാളം മീഡിയം സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. കുഴിത്തുറയില്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച നാലു ക്ളാസ്സുകള്‍ വരെയുള്ള ഒരു സ്കൂള്‍ ഇന്ന് ഹൈസ്കൂള്‍ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ് എച്ച് എസ് സ്കൂളായി തുടരുന്നു. 1934-ല്‍ ചെറിയഴീക്കല്‍ ഒരു മിഡില്‍ സ്കൂള്‍ തുടങ്ങുകയും ഹൈസ്കൂള്‍  നിലവാരത്തില്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഇന്ന് വളരുകയും ചെയ്തു. നിലവില്‍ പഞ്ചായത്തില്‍ 13 സ്കൂളുകള്‍ ഉണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലില്ല. എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ചെറിയഴീക്കല്‍ വി.എച്ച്.എസ്.എസ്, ആലപ്പാട്ട് ജി.ആര്‍.എഫ്.ടി.എച്ച്.എസ്.  എന്നിവയുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് അദ്ധ്യാപനത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നു.

പൊതുസ്ഥിതി

70 കൊല്ലം മുമ്പു വരെ എവിടെ കുഴിച്ചാലും നല്ല വെള്ളം  ലഭിക്കുമായിരുന്നു. കുളവും  കിണറും നിരവധി ഉണ്ടായിരുന്നു.  കടലാക്രമണം മൂലവും കരകവിഞ്ഞുള്ള കടലൊഴുക്കുമൂലവും  ഇന്ന് ‘വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാനില്ലത്രെ’ എന്നതാണ് സ്ഥിതി. റൂറല്‍ വാട്ടര്‍ സ്പൈ സ്കീം 1969-ല്‍  ആദ്യമായി ശ്രായിക്കാടു നടപ്പിലാക്കിയതു വഴിയാണ് ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നും പൈപ്പുവഴി ജലവിതരണം തുടങ്ങിയത്. 1968 ല്‍ ആലപ്പാട് ഒരു ഹെല്‍ത്തു സെന്ററും 1975-ല്‍ അഴീക്കല്‍ ഫിഷറീസ് ഡിസ്പന്‍സറിയും നിലവില്‍ വന്നു. സ്വകാര്യ മേഖലയില്‍ അഴീക്കലും ശ്രായിക്കാടും ഓരോ അലോപ്പതി ചികില്‍സാ കേന്ദ്രങ്ങളും അഴീക്കല്‍ ഒരു ഹോമിയോ ആശുപത്രിയും പറയക്കടവില്‍ മാതാ അമൃതാനന്ദമയി ആശ്രമത്തിന്റെ സൌജന്യ ചികില്‍സാ കേന്ദ്രവും പ്രവര്‍ത്തിച്ചു തുടങ്ങി. കായലും തോടുകളും പാടശേഖരങ്ങളും നിറഞ്ഞിരുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ പണ്ട് കാലം മുതല്‍ ജലമാര്‍ഗ്ഗ ഗതാഗതത്തെയാണ് ആശ്രയിച്ചിരുന്നത്. 1977-ല്‍ പണിക്കര്‍ കടവ് പാലം സ്ഥാപിതമായ ശേഷമാണ് വെള്ളാനതുരുത്ത്, ചെറിയഴീക്കല്‍ വരെയും  തുടര്‍ന്ന് 1982 ആയപ്പോള്‍  അഴീക്കല്‍ പൊഴിമുഖം വരെയും പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലൂടെയും കടന്ന് പോകുന്ന ഒരു പഞ്ചായത്ത്  റോഡ് സ്ഥാപിതമായത്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ഏറ്റവും അറിയപ്പെട്ടിരുന്ന ‘അഴീക്കല്‍ ചന്ത’ ആലപ്പാട് പഞ്ചായത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ശ്രീമൂലം പ്രജാസഭയില്‍ മെമ്പറായിരുന്ന  അഴീക്കല്‍ കാളിശ്ശേരില്‍ വേലായുധന്‍ പണിക്കര്‍ അവര്‍കളാണ് അഴീക്കല്‍ ചന്ത സ്ഥാപിച്ചത്. കയര്‍ പിരിച്ച് ഉപജീവന മാര്‍ഗ്ഗം നടത്തി വന്ന ആലപ്പാടന്‍ കയര്‍ തൊഴിലാളികളുടെ ഉല്പന്ന വിപണന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത് ഈ മാര്‍ക്കറ്റ് തന്നെ ആയിരുന്നു. സംസ്ഥാനത്തെ   ഏറ്റവും ജനസാന്ദ്രതയുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ആലപ്പാട് പഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാന തൊഴില്‍ മേഖല മത്സ്യബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വരുമാനത്തിലെ അനിശ്ചിതത്വം  ഉറപ്പുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ  പണം സമാഹരിക്കുന്നതിന് പ്രധാന തടസ്സമാണ്.

സംസ്ക്കാരം

കലാ സാംസ്ക്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി മഹാരഥന്‍മാര്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. സാമൂഹിക സാംസ്ക്കരിക സാഹിത്യ രംഗങ്ങളിലാകെ ഒന്നുപോലെ ശോഭിച്ചിരുന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ  ഉടമയായിരുന്നു ഡോക്ടര്‍ വേലുക്കുട്ടി അരയന്‍. ‘പത്രാധിപര്‍’ എന്ന പേരില്‍ പ്രശ്സതനായിരുന്ന അദ്ദേഹം  നിരവധി പത്രമാസികകളുടെ  പത്രാധിപരായും ഉടമസ്ഥനായും  പ്രവര്‍ത്തിച്ചിരുന്നു. 1917-ല്‍  ആരംഭിച്ച  അരയന്‍ പത്രം  പിന്നോക്ക സമുദായങ്ങളുടെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ജിഹ്വയായി  പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മാസികയായ സ്ത്രീജന മാസികയും അദ്ദേഹമാണ് തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ  ഫിഷറീസ് മാഗസിന്‍, സിനിമ മാസികയായ ഫിലിം ഫാന്‍, തീരദേശം, ധര്‍മ്മ പോഷിണി തുടങ്ങിയവ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലായിരുന്നു. അപാരമായ സംസ്കൃത  പാണ്ഡിത്യം കൊണ്ടും വാഗ്വിലാസം കൊണ്ടും അനുഗ്രഹീതനായിരുന്ന പണ്ഡിറ്റ് കുഞ്ഞുപിള്ള പണിക്കര്‍ കേരളത്തിലെ മുന്‍നിര സാഹിത്യകാരന്‍മാരില്‍ ഒരാളായിരുന്നു. ഭഗവാന്‍ വേദവ്യാസന്‍ എന്ന ഒറ്റകൃതി കൊണ്ടുതന്നെ സാഹിത്യ നഭോ മണ്ഡലത്തില്‍ കടന്നു ചെന്ന് സ്ഥിര പ്രതിഷ്ഠ നേടിയ  ഭാഷാ പണ്ഡിതനാണ് പണ്ഡിറ്റ് സി.പി.അരുമനായക പണിക്കര്‍. മുള്ളും പൂവും, എന്റെ അച്ഛന്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവും അറിയപ്പെട്ട ഒരു ഹോമിയോ ഡോക്ടറുമായിരുന്നു ഡോക്ടര്‍ രാഘവന്‍. അദ്ദേഹത്തിന്റെ മകനാണ് പ്രശസ്ത എഴുത്തുകാരനായ കുഴിത്തുറ രാജന്‍. എന്‍.വി.പുതുമണ്ണേല്‍ സാഹിത്യകാരനും സാമൂഹികപരിഷ്കര്‍ത്താവുമായിരുന്നു. വയലാര്‍, തിരുനെല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവരുടെ സമകാലീനനായിരുന്ന അഴീക്കല്‍ കൃഷ്ണന്‍ കൂടി നരവധി കൃതികളുടെ കര്‍ത്താവും കൌമുദി ആഴ്ചപതിപ്പിലെ സ്ഥിരം എഴുത്തുകാരനുമായിരുന്നു. ഡോക്ടര്‍  വി.വി.വേലുക്കുട്ടി അരയന്റെ പുത്രനായ ഇദ്ദേഹം നല്ലൊരു എഴുത്തുകാരനാണ്. വെളിച്ചം, അനന്തന്‍  തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. പഞ്ചായത്തില്‍ പ്രധാനമായി  എട്ട് ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ തന്നെ ഇതൊരു റെക്കോര്‍ഡാണ്. താലൂക്കിലെ 13 എ  എ ഗ്രേഡ് ഗ്രന്ഥശാലകളില്‍ മൂന്ന് എ ഗ്രേഡ് ഗ്രന്ഥശാലകള്‍ ഈ പഞ്ചായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി സാംസ്കാരിക സമിതികളും കലാകായിക സംഘടനകളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.