ആലപ്പാട്

കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആലപ്പാട്  പഞ്ചായത്ത് ആലപ്പുഴ ജില്ലയുടെ തെക്കേ അതിര്‍ത്തിയിലാണ്. ഈ പഞ്ചായത്തിന്റെ വടക്കുവശം കായംകുളം പൊഴി കൊണ്ടും,  കിഴക്കുവശം കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയാലും പടിഞ്ഞാറുവശം  ലക്ഷദ്വീപ് കടലാലും, തെക്ക്  വട്ടക്കായല്‍ (വെള്ളാനാതുരുത്ത്) കൊണ്ടും ചുറ്റപ്പെട്ടു കിടക്കുന്നു. പൊഴിമുഖത്തു കാണുന്ന പക്ഷികള്‍, പറയകടവു മുതല്‍ അഴീക്കല്‍ പൊഴി വരെ  കായലിന്റെ തീരങ്ങളില്‍  സ്ഥാപിച്ചിരിക്കുന്ന ചീന വലകള്‍, മത്സ്യബന്ധനത്തിന്  പോകുന്ന വള്ളങ്ങള്‍, ജലമാര്‍ഗ്ഗം  സാധനങ്ങള്‍ കൊണ്ടുപോകുന്ന  കേവു വള്ളങ്ങള്‍, കക്ക വാരുവാന്‍ ഉപയോഗിക്കുന്ന ചെറിയ വള്ളങ്ങള്‍, കായല്‍ പരപ്പിനെ പച്ചപിടിപ്പിക്കുന്ന ചക്കര മുള്ളുകള്‍, കണ്ടല്‍ കാടുകള്‍, തെങ്ങിന്‍  തോപ്പുകള്‍, വിശാലമായ കടല്‍, കടലില്‍ നിന്നു കരയ്ക്കോട്ടടിക്കുന്ന ഇളം കാറ്റ്, സന്ധ്യക്ക് പടിഞ്ഞാറേ ചക്രവാളം ചുമക്കുന്ന കാഴ്ചകള്‍, കടലിന് അഭിമുഖമായിരിക്കുന്ന കടല്‍  വള്ളങ്ങള്‍,  ആലും കടവിലുള്ള ഹൌസ്ബോട്ടുകള്‍  എല്ലാം കൊണ്ടും  ഈ പഞ്ചായത്തിന്റെ പ്രകൃതിഭംഗി വാക്കുകള്‍ക്കതീതമാണ്. ഇതുകൂടാതെ 10 ക്ഷേത്രങ്ങള്‍, ലോകപ്രശസ്തി ആര്‍ജ്ജിച്ച മാതാ അമൃതാനന്ദമയി ആശ്രമം എല്ലാം ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. കായലിനും കടലിനുമിടയില്‍ ഒരു വരമ്പു പോലെ കിടക്കുന്ന ആലപ്പാട് പഞ്ചായത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാണ്. മൂന്നു സോണുകളായി വിഭജിച്ചിട്ടുള്ള തീരദേശത്തിന്റെ സി ആര്‍ എച്ച് 3 യില്‍ വരുന്ന പ്രദേശമാണ് തീരദേശം.  പൂര്‍ണ്ണമായും  നിയന്ത്രണ വിധേയമാകുന്ന പ്രദേശമായിരിക്കും പഞ്ചായത്തിന്റെ അതിര്‍ത്തി.