ആമുഖം
കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആലപ്പാട് പഞ്ചായത്ത് ആലപ്പുഴ ജില്ലയുടെ തെക്കേ അതിര്‍ത്തിയിലാണ്. ഈ പഞ്ചായത്തിന്റെ വടക്കുവശം അഴീക്കല്‍ പൊഴി കൊണ്ടും , കിഴക്കുവശം കൊല്ലം -ആലപ്പുഴ ദേശീയ ജലപാതയാലും പടിഞ്ഞാറുവശം ലക്ഷദ്വീപ് കടലും , തെക്ക് വട്ടക്കായല്‍ (വെള്ളാനാതുരുത്ത്) കൊണ്ടും ചുറ്റപ്പെട്ടു കിടക്കുന്നു. പൊഴിമുഖത്തു കാണുന്ന പക്ഷികള്‍ , പറയകടവു മുതല്‍ അഴീക്കല്‍ പൊഴി വരെ കായലിന്റെ തീരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചീന വലകള്‍ , മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ , ജലമാര്‍ഗ്ഗം സാധനങ്ങള്‍ കൊണ്ടുപോകുന്ന കേവു വള്ളങ്ങള്‍ , കക്ക വാരുവാന്‍ ഉപയോഗിക്കുന്ന ചെറിയ വള്ളങ്ങള്‍ , കായല്‍ പരപ്പിനെ പച്ചപിടിപ്പിക്കുന്ന ചക്കര മുള്ളുകള്‍ , കണ്ടല്‍ കാടുകള്‍ , തെങ്ങിന്‍ തോപ്പുകള്‍ , വിശാലമായ കടല്‍ , കടലില്‍ നിന്നു കരയ്ക്കോട്ടടിക്കുന്ന ഇളം കാറ്റ്, സന്ധ്യക്ക് പടിഞ്ഞാറേ ചക്രവാളം ചുമക്കുന്ന കാഴ്ചകള്‍ , കടലിന് അഭിമുഖമായിരിക്കുന്ന കടല്‍ വള്ളങ്ങള്‍ , ആലും കടവിലുള്ള ഹൌസ്ബോട്ടുകള്‍ എല്ലാം കൊണ്ടും ഈ പഞ്ചായത്തിന്റെ പ്രകൃതിഭംഗി വാക്കുകള്‍ക്കതീതമാണ്. ഇതുകൂടാതെ 10 ക്ഷേത്രങ്ങള്‍ , ലോകപ്രശ്സതി ആര്‍ജ്ജിച്ച മാതാ അമൃതാനന്ദമയി ആശ്രമം എല്ലാം ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. കായലിനും കടലിനുമിടയില്‍ ഒരു വരമ്പു പോലെ കിടക്കുന്ന ആലപ്പാട് പഞ്ചായത്തിന്റെ നിലനില്‍പ് തന്ന അപകടത്തിലാണ്. മൂന്നു സോണുകളായി വിഭജിച്ചിട്ടുള്ള തീരദേശത്തിന്റെ സി ആര്‍ എച്ച് 3 യില്‍ വരുന്ന പ്രദേശമാണ് തീരദേശം. പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകുന്ന പ്രദേശമായിരിക്കും പഞ്ചായത്തിന്റെ അതിര്‍ത്തി.