ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

പുരാതനമായ ഒരുള്‍നാടന്‍ ഗ്രാമമാണ് കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്. കുന്നുകളും ചെരിവുകളും വയലുകളും സമതലങ്ങളും ഇടകലര്‍ന്ന ഒരു പ്രദേശമാണിത്. പുരാതനകാലം മുതല്‍ ഇവിടുത്തെ ഗ്രാമീണര്‍ മുഖ്യ ജീവനോപാധിയെന്ന നിലയില്‍ കൃഷിയെ ആശ്രയിച്ചു പോന്നു. പുനം കൃഷിയും വയല്‍കൃഷിയുമായിരുന്നു പ്രധാനം. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ജീവിതരീതിയായിരുന്നു ഇവിടുത്തേത്. അതുകൊണ്ടുതന്നെ മറ്റെവിടുത്തെയും പോലെ കൃഷിയുമായി ബന്ധപ്പെട്ട സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളാണ് ഇവിടെ നിലനിന്നിരുന്നത്. നാടുവാഴി-ജന്മി-ധനിക കര്‍ഷകവിഭാഗങ്ങളാണ് സമൂഹത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്നത്. ചിറക്കല്‍ രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത് ഇവിടം പയ്യന്നൂര്‍ ഊരിലെ ഒരു ഗ്രാമമായിരുന്നു. ജന്മിമാരും ധനിക കര്‍ഷകരും ചേര്‍ന്ന നാട്ടുപ്രമാണിമാരാണ് പ്രശ്നങ്ങള്‍ക്ക് തീര്‍പ്പു കല്‍പിച്ചിരുന്നത്. ജാതിമതഭേദമെന്യേ കാവുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ഒരുപോലെ ആരാധന നടത്തിവന്നിരുന്ന, നാനാജാതി മതസ്ഥരുള്‍പ്പെടുന്നതാണ് ഇവിടുത്തെ ജനവിഭാഗം. വീടുകളില്‍ കുലദൈവങ്ങളെ കെട്ടിയാടിക്കുന്ന പള്ളിയറകളും ഗ്രാമത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടുത്തെ ദേവിയോട്ട് കാവ് വളരെ പ്രശസ്തമാണ്. ഗ്രാമത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് കാങ്കോല്‍ ശിവക്ഷേത്രം. ഇവിടെ ദക്ഷയാഗം നടന്നുവെന്നാണ് സങ്കല്പം. ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂവാണെന്നാണ് ഐതീഹ്യം. നാടുവാഴി ജന്മിമേധാവിത്വമുള്ള കാര്‍ഷികബന്ധങ്ങളാണ് നിലനിന്നിരുന്നത്. പാട്ടക്കുടിയായ്മയും കാണം, കുഴിക്കാണം എന്നീ സമ്പ്രദായങ്ങളും അന്ന് നിലനിന്നിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ക്ഷേത്രങ്ങളും, ക്ഷേത്രസ്വത്തുകളില്‍ പലതും അവര്‍ കണ്ടുകെട്ടിയിരുന്നു. ടിപ്പുവിനെ ചെറുക്കുന്നതിനായി, ഈ പഞ്ചായത്തതിര്‍ത്തിയായ നല്ലൂര്‍ പ്രദേശത്ത് മണ്ണുകൊണ്ടുള്ള കോട്ട ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ക്ഷേത്രോത്സവങ്ങളും കളിയാട്ടങ്ങളും തെയ്യക്കോലങ്ങളും വിളവെടുപ്പ് ഉത്സവങ്ങളാണ്. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന കുറത്തിയാട്ടം, ഗന്ധര്‍വന്‍പാട്ട്, കോതാമുരി പനിയന്‍, കണ്ണേറുപാട്ട്, വടക്കന്‍പാട്ട്, തച്ചുമന്ത്രം, കളംപാട്ട് തുടങ്ങിയവ ഇവിടെ നിലനിന്നിരുന്ന അനുഷ്ഠാനകലാരൂപങ്ങളാണ്. പഞ്ചായത്തില്‍ അനൌപചാരിക വിദ്യാഭ്യാസ രീതിയാണ് ആദ്യകാലങ്ങളിലുണ്ടായിരുന്നത്. ഇന്നത്തെ വടശ്ശേരി റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മരങ്ങാട്ടില്ലം വക സംസ്കൃത വിദ്യാലയം, ആലപ്പടമ്പ തെക്കേമഠം വക എഴുത്തുശാല എന്നിവ ഇതില്‍ പ്രധാനമാണ്. 1915-ലാണ് ആദ്യത്തെ ഔപചാരിക വിദ്യാലയം, കാങ്കോലില്‍ ആരംഭിച്ചത്. 1926-ല്‍ വടശ്ശേരി എല്‍.പി.സ്കൂള്‍, 1927-ല്‍ സ്ഥാപിച്ച കുറുവേലി വിഷ്ണുശര്‍മ്മ എല്‍.പി.സ്കൂള്‍ എന്നിവ ഈ പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു. 1939-ല്‍ ആലക്കാട്ടെ ക്ടാരന്‍ ചന്തുവിനെ ഒഴിപ്പിച്ച മണിപ്പുഴ ഇല്ലം നമ്പൂതിരിയുടെ നടപടിക്കെതിരെ എ.വി.കുഞ്ഞമ്പുവിന്റ നേതൃത്വത്തില്‍ കൃഷിക്കാരെ സംഘടിപ്പിച്ച് കര്‍ഷകസമരത്തിന് തിരികൊളുത്തി. 1948-ല്‍ പയ്യന്നൂര്‍ ഫര്‍ക്കയില്‍ ആദ്യത്തെ നെല്ലെടുപ്പുസമരം മാവിലാ കുഞ്ഞമ്പുനമ്പ്യാരുടെ വീട്ടില്‍നിന്നാണാരംഭിച്ചത്.

സാമൂഹ്യസാംസ്കാരികചരിത്രം

ക്ഷേത്രോത്സവങ്ങളും കളിയാട്ടങ്ങളും തെയ്യക്കോലങ്ങളും വിളവെടുപ്പ് ഉത്സവങ്ങളാണ്. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന കുറത്തിയാട്ടം, ഗന്ധര്‍വന്‍പാട്ട്, കോതാമുരി പനിയന്‍, കണ്ണേറുപാട്ട്, വടക്കന്‍പാട്ട്, തച്ചുമന്ത്രം, കളംപാട്ട് തുടങ്ങിയവ ഇവിടെ നിലനിന്നിരുന്ന അനുഷ്ഠാനകലാരൂപങ്ങളാണ്. ഉത്തരകേരളത്തിന്റെ പട്ടത്താനമെന്ന് വിശേഷിപ്പിക്കാറുള്ള പൂരക്കളി പഠിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന പ്രതിഭകളായിരുന്നു ആലപ്പുരയില്‍ കണ്ണന്‍പണിക്കര്‍, കൂത്തൂര്‍ കോരന്‍ എന്നിവര്‍. കുറുവേലി ചെമ്മഞ്ചരി കൃഷ്ണന്‍ നമ്പ്യാര്‍, കൈപ്രവന്‍ തെക്കിനിയില്‍ ദേര്‍മന്‍ നായര്‍, ആലപ്പടമ്പ കൈപ്രവന്‍ കണ്ണന്‍നായര്‍, കുന്നുമ്മല്‍ ചിണ്ടന്‍, കൊഴുമ്മല്‍ നാരായണന്‍ നായര്‍, കേശവന്‍ ആചാരി തുടങ്ങിയവര്‍ കോല്‍ക്കളിരംഗത്ത് പ്രശംസാര്‍ഹമായ പങ്ക് വഹിച്ചവരായിരുന്നു. രാഷ്ട്രാന്തര പ്രശസ്തി നേടിയ കഥകളി ആചാര്യന്മാരുടെ കേളീരംഗമായിരുന്നു ആലപ്പടമ്പ. 1962-ല്‍ ആലപ്പടമ്പ തെക്കേമഠം കേന്ദ്രമാക്കി ആരംഭിച്ച കഥകളി വിദ്യാലയത്തിലെ കാനാകണ്ണന്‍ നായര്‍, സ്വാമി കണ്ണമാരാര്‍ ആശാന്‍ എന്നിവര്‍ കഥകളി രംഗത്തെ അതികായന്മാരാണ്. സംസ്കൃതത്തിന്റെയും, ജ്യോതിഷത്തിന്റെയും, തച്ചുശാസ്ത്രത്തിന്റെയും, വൈദ്യത്തിന്റെയും ഈറ്റില്ലമായി ഒരു കാലഘട്ടത്തില്‍ ഈ ഗ്രാമം പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു.ഹിന്ദു-മുസ്ളീം-ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇവിടെ പണ്ടുമുതല്‍ തന്നെ നിലവിലുണ്ട്. കാങ്കോല്‍ ശിവക്ഷേത്രത്തിലെ ആചാരങ്ങളുമായി മുസ്ളീം കുടുംബങ്ങള്‍ക്കുണ്ടായിരുന്ന ബന്ധം ഇന്നാട്ടിലെ സാമുദായിക ഐക്യത്തിന്റെ കൊടിയടയാളമാണ്. മീനച്ചൂടിന്റെ പൊള്ളുന്ന വെയിലില്‍ ആടിത്തിമര്‍ക്കുന്ന തെയ്യക്കോലങ്ങളില്‍ പലതും കീഴാളരുടെയും അവര്‍ണ്ണരുടെയും പ്രതിനിധികളാണ്. തെയ്യംകലയ്ക്കു സമൂര്‍ത്തമായ രൂപഭാവങ്ങള്‍ പകര്‍ന്നു കൊടുത്ത പ്രതിഭാധനരായ പണിക്കന്മാരും പെരുവണ്ണാന്മാരും ഈ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയവരാണ്. ഉത്തരകേരളത്തിലെ അനുഷ്ഠാന കലയായ പൂരക്കളിയാണ് ആയോധനകലകളില്‍ മുഖ്യം. കോല്‍ക്കളി പഞ്ചായത്തില്‍ ഇന്നും പ്രചാരത്തിലുണ്ട്. കുറത്തിയാട്ടം, ഗന്ധര്‍വ്വന്‍പാട്ട്, കോതാമൂരി, പനിയന്‍, കണ്ണേറുപാട്ട്, വടക്കന്‍പാട്ട്, തച്ചുമന്ത്രം, കളംപാട്ട് തുടങ്ങിയവ ഇവിടെ നിലനിന്നിരുന്ന അനുഷ്ഠാനകലാരൂപങ്ങളാണ്. പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും ജനങ്ങളില്‍ അവകാശബോധം ഉണ്ടാക്കുന്നതിനും കുണ്ടയംകൊവ്വല്‍ കേന്ദ്രമാക്കിക്കൊണ്ട് പുരോഗമനേച്ഛുക്കളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ 1940-ല്‍ ബാലഭാരതസംഘത്തിന് രൂപം നല്‍കി. ജന്മി നാടുവാഴിത്തത്തിന് എതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി കെ.സി.കുഞ്ഞാപ്പുമാസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍, ബാലഭാരതസംഘം എന്ന സാംസ്കാരികസ്ഥാപനം കുഞ്ഞാപ്പുമാസ്റ്റര്‍ സ്മാരക കലാസമിതിയായി രൂപാന്തരപ്പെട്ടു. പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഇവിടെ വായനശാലകള്‍ രൂപീകൃതമായിട്ടുണ്ട്. പഞ്ചായത്തിന്റെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ക്ളബ്ബുകളുടെയും സംഘടനകളുടെയും മേല്‍നോട്ടത്തില്‍ വായനശാലകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. പഞ്ചായത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഈ വായനശാലകളുടെ പങ്ക് നിസ്തുലമാണ്. ഇന്ന് പഞ്ചായത്തില്‍ 13 വായനശാലകള്‍ നിലവിലുണ്ട്.