പഞ്ചായത്തിലൂടെ

കാങ്കോല്‍ ആലപ്പടമ്പ - 2010

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ പയ്യന്നൂര്‍ ബ്ളോക്കിലാണ് കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1952-ലാണ് കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 42.07 ച.കി.മി വിസ്തൃതിയിലുള്ള ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍  കിഴക്ക് എരമം കുറ്റൂര്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത്, തെക്ക് പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, വടക്ക്  കയ്യൂര്‍ ചീമേനി പഞ്ചായത്ത് എന്നിവയാണ്. പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 20000 ആണ്. അതില്‍ 9,436 പേര്‍ സ്ത്രീകളും 10,564 പേര്‍ പുരുഷന്‍മാരുമാണ്. കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിന്റെ സാക്ഷരത നിരക്ക് 81.30% എന്നത് അഭിമാനാര്‍ഹമാണ്. കുന്നുകളും താഴ്വരകളും ചേര്‍ന്ന് ദൃശ്യഭംഗിയാര്‍ന്ന ഒരു പ്രദേശമാണ് കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത്. ഇടനാടിന്റെയും മലനാടിന്റെയും ഭൂപ്രകൃതി സമ്മിശ്രമായി വരുന്ന മേഖലയിലാണ് കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ചെരിവുകള്‍, താഴ്വരകള്‍, സമതലങ്ങള്‍, പാറക്കെട്ടുകള്‍ എന്നിങ്ങനെ പ്രദേശത്തെ നാലായി തരംതിരിക്കാം. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, പച്ചക്കറി, മരച്ചീനി, വാഴ, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. ധാരാളം അരുവികളും കുളങ്ങളും കൊണ്ട് സമ്പന്നമാണ്  ഈ പ്രദേശം. 75 കുളങ്ങള്‍ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. 81 പൊതുകിണറുകളും 4 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. മുക്കാലി കുന്ന്, ആലപ്പടമ്പ കുന്ന് എന്നിവ പഞ്ചായത്തിലെ പ്രധാന കുന്നുകളാണ്. 189 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ മംഗലാപുരം തുറമുഖമാണ്  പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത്. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ്, പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ്, ചെറുവത്തൂര്‍ ബസ്സ്റ്റാന്റ്, ചെറുപുഴ ബസ്സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനസ്ഥലങ്ങള്‍. വെള്ളൂര്‍-പുളിങ്ങോം റോഡ്, കാങ്കോല്‍-ചീമേനി റോഡ്, തൃക്കരിപ്പൂര്‍-മാത്തില്‍ റോഡ്, പുല്ലാമണ്ണി വെളിച്ചംതോട് റോഡ്, ആലക്കാട്-കാളീശ്വരം-കോറോം റോഡ്, വടശ്ശേരി പ്രാന്തംചാല്‍ റോഡ് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. വടവന്തൂര്‍ പാലം, കരിങ്കുഴി പാലം, വെള്ളൂര്‍ പാലം (കുളയിക്കര പാലം), കാങ്കോല്‍ പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും ചൂരല്‍ ഈസ്റ്റേണ്‍ വുഡ് ഇന്‍ഡസ്ട്രീസ്, ചൂരല്‍ റാഷിദ് വുഡ് ഇന്‍ഡസ്ട്രീസ്, വി.സി.ആര്‍ ഇന്‍ഡസ്ട്രീസ്, ചൂരല്‍ ഫ്രന്‍സ് ഹോളോബ്രിക്സ്, കാങ്കോല്‍ മലബാര്‍ ഇന്‍ഡസ്ട്രീസ് തുടങ്ങി വിവിധ ഇനം ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പരമ്പരാഗത മേഖലയില്‍ കേരള ദിനേശ് ബീഡി നിര്‍മ്മാണം, ചൂരല്‍, ആലക്കാട്, വടശ്ശേരി, ഏറ്റുകൂടുക്ക എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഖാദി വ്യവസായം എന്നിവ പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റ്റോറും പൊതുവിതരണ രംഗത്തുണ്ട്. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളാണ് കാങ്കോല്‍, മാത്തില്‍  എന്നീ സ്ഥലങ്ങള്‍. കാങ്കോല്‍ ബാങ്ക് ഷോപ്പിംഗ് കോംപ്ളക്സ് ആണ് പഞ്ചായത്തിലെ  പ്രധാന ഷോപ്പിംഗ് കോംപ്ളക്സ്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കാങ്കോല്‍ ശിവക്ഷേത്രം, വടശ്ശേരി അമ്പലം, മാത്തില്‍ അമ്പലം, വടവന്തൂര്‍ അമ്പലം, ആലപ്പടമ്പ അമ്പലം എന്നീ ക്ഷേത്രങ്ങളും മാത്തില്‍ പള്ളി, കാങ്കോല്‍ മസ്ജിദ്, കുണ്ടയം കൊവ്വല്‍ പള്ളി തുടങ്ങിയവയും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്ന ആരാധനാലയങ്ങളാണ്. തെയ്യം, പെരുന്നാള്‍, പൂരം, ക്ഷേത്ര ഉത്സവം എന്നീ വിവിധ ആഘോഷപരിപാടികള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ്. രാഷ്രീയപ്രവര്‍ത്തകനായ എം.വി.എം.കുഞ്ഞുവിഷ്ണു നമ്പീശന്‍, സ്വാതന്ത്ര്യസമര സേനാനികളായിരുന്ന സി.കെ.കുഞ്ഞിരാമന്‍ നായര്‍, കെ.സി.കുഞ്ഞപ്പു മാസ്റ്റര്‍, ആയുര്‍വേദ ചികിത്സാരംഗത്തെ പയ്യന്‍ വലിയകേളു വൈദ്യര്‍ എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളാണ്. സ്വാതന്ത്ര്യസമര സേനാനികളായ ഇ.വി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കാനാ കണ്ണന്‍ നായര്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ എ.കുഞ്ഞിരാമന്‍ മാഷ് എന്നിവര്‍ പഞ്ചായത്തിലെ പ്രഗല്‍ഭരാണ്. നിരവധി കലാകായിക സാംസ്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭഗത് സിംഗ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, യുവചേതന കുറുക്കൂട്ടി, ഫൈന്‍ സ്റ്റാര്‍ വെളിച്ചം തോട്, ആതിര കലാക്ഷേത്രം, ഗ്രാമീണ കായിക വേദി, വൈ.എസ്.സി കാങ്കോല്‍, ടി.ആര്‍.സി മാത്തില്‍, വടശ്ശേരി സാംസ്കാരിക വേദി, യുവധാര കൂട്ടപുന്ന, നവഭാവന ആലക്കാട്, പൌരസമിതി ആലക്കാട് എന്നിങ്ങനെ നിരവധി കലാകായിക സാംസ്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ആലപ്പടമ്പ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍, കുണ്ടയം കൊവ്വല്‍ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍, കാങ്കോല്‍ ആയുര്‍വേദ നഴ്സിംഗ് ഹോം, സ്വാമിമുക്ക് വിഷ ചികിത്സാകേന്ദ്രം, കുണ്ടയം കൊവ്വല്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, കാങ്കോല്‍ ഹോമിയോ ക്ളിനിക്ക് എന്നിവ പഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളാണ്. പ്രാഥമിക ആരോഗ്യ രംഗത്ത് മാത്തില്‍ ഗവ.റൂറല്‍ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇതിന്റെ ഉപകേന്ദ്രങ്ങള്‍ കാങ്കോല്‍, കുണ്ടയം കൊവ്വല്‍, ആലപ്പടമ്പ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ബി.കെ.എം ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, ജില്ലാസര്‍ക്കാര്‍ ആശുപത്രി, മുകുന്ദ ആശുപത്രി, സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് പഞ്ചായത്തിന് ആംബുലന്‍സ് സേവനം ലഭ്യമാകുന്നത്. മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ മാത്തില്‍ ഒരു മൃഗാശുപത്രിയും, കാങ്കോല്‍, ചൂരല്‍, കാളീശ്വരം എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് വളരെക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രദേശമാണ് കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്. ഔപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ നിരവധി അനൌപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാങ്കോല്‍ പ്രദേശത്ത് അനൌപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ സംരംഭം കുണ്ടയം കൊവ്വലില്‍ ആരംഭിച്ച വിദ്യാകേന്ദ്രമാണ്. പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ കാങ്കോല്‍ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത് 1915-ലാണ്. തുടര്‍ന്ന് എ.എല്‍.പി സ്കൂള്‍ വടശ്ശേരി(1926), വിഷ്ണു ശര്‍മ എ.എല്‍.പി സ്കൂള്‍ കുറുവേലി(1927), എസ്.വി.എല്‍.പി സ്കൂള്‍ ആലക്കാട് (1934) എന്നിവയും ആരംഭിച്ചു. ലോവര്‍പ്രൈമറി വിദ്യാഭ്യാസരംഗത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലെ   ആദ്യത്തെ സംരംഭം യശ:ശരീരനായ പി.ബാലന്‍ മാസ്റ്റര്‍ അദ്ധ്യാപകനായി കുണ്ടയം കൊവ്വല്‍ വായനശാലയില്‍ ആരംഭിച്ച ഏകാദ്ധ്യാപക വിദ്യാലയമാണ്. എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശന്റെ മാനേജ്മെന്റിലുള്ള ഹയര്‍ എലിമെന്ററി സ്കൂള്‍-മാത്തില്‍ സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുന്നതോടു കൂടിയാണ് ഈ പഞ്ചായത്തില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. 1957-ല്‍ നിലവില്‍ വന്ന സര്‍ക്കാരാണ് ഹൈസ്കൂള്‍ അനുവദിച്ചത്. ഈ പഞ്ചായത്തില്‍ ഒരു ഹൈസ്കൂളും രണ്ട് യു.പി.സ്കൂളും ഏഴ് എല്‍.പി സ്കൂളുകളുമുണ്ട്. ഗുരുദേവ് കോളേജ് മാത്തിലും ശ്രീനാരായണ എഞ്ചിനീയറിംഗ് കോളേജ് കോറോത്തും സ്ഥിതിചെയ്യുന്നു. കുറുക്കൂട്ടിയിലെ അഗതി മന്ദിരം, മാത്തിലെ ബ്ളോക്ക് പഞ്ചായത്ത് വക വൃദ്ധസദനം എന്നിവ പഞ്ചായത്തിലെ പ്രധാന സാമൂഹ്യസേവനരംഗത്തെ സ്ഥാപനങ്ങളാണ്. മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ, കാങ്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളാണ്. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാത്തില്‍ പ്രവര്‍ത്തിക്കുന്നു. വള്ളത്തോള്‍ സ്മാരക ഗ്രന്ഥാലയം, എം.വി.എം കുഞ്ഞിവിഷ്ണു നമ്പീശന്‍ സ്മാരക ഗ്രന്ഥാലയം എന്നിവ ഉള്‍പ്പെടെ 5 ഗ്രന്ഥശാലകളും, വടശ്ശേരി, കാങ്കോല്‍, കാളീശ്വരം, കക്കിരിയാട്, ആലപ്പടമ്പ, ചെറുപാറ, വടവന്നൂര്‍ എന്നിവിടങ്ങളിലായി എട്ട് വായനശാലകളും പഞ്ചായത്തിലുണ്ട്. മാത്തിലും കാങ്കോലിലുമായി രണ്ട് ഓഡിറ്റോറിയം പഞ്ചായത്തിലുണ്ട്. പഞ്ചായത്ത് വക ഓഡിറ്റോറിയവും മഞ്ചുനാഥ് ഓഡിറ്റോറിയവുമാണവ. വൈദ്യുതി ബോര്‍ഡ് ഓഫീസ് കാങ്കോലിലും, വില്ലേജ് ഓഫീസുകള്‍ കാങ്കോല്‍, കുണ്ടയം കൊവ്വല്‍ എന്നിവിടങ്ങളിലും കൃഷിഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ മാത്തിലും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ മൂന്ന് തപാല്‍ ഓഫീസുകള്‍ ഉണ്ട്. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പഞ്ചായത്തീരാജ് അവാര്‍ഡ് നേടിയ പഞ്ചായത്താണ് കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്.