കാങ്കോല്‍-ആലപ്പടമ്പ

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാങ്കോല്‍, ആലപ്പടമ്പ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന് 42.07 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് എരമം കുറ്റൂര്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, വടക്കുഭാഗത്ത് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുമാണ്. 1936-ലാണ് കാങ്കോല്‍ പഞ്ചായത്ത് രൂപീകൃതമായത്. പുരാണത്തില്‍ പറയുന്ന ദക്ഷയാഗവുമായി ബന്ധപ്പെട്ട പ്രദേശമാണ് കാങ്കോല്‍-ആലപ്പടമ്പ ഗ്രാമം എന്നാണൈതിഹ്യം. കപിലമഹര്‍ഷി നേതൃത്വം നല്‍കിയ ഈ യാഗവുമായി ബന്ധപ്പെട്ടാണത്രെ കാങ്കോല്‍-ആലപ്പടമ്പ എന്ന സ്ഥലനാമം ഉടലെടുത്തത്. കപിലമഹര്‍ഷി യാഗത്തിന് തെരഞ്ഞെടുത്ത കോവില്‍ കപിലന്‍കോവില്‍, പില്‍ക്കാലത്ത് കാങ്കോല്‍ ആയും, ചോറുവെച്ച് ഊറ്റിയ സ്ഥലം ഊറ്റിത്തടമായും, യാഗശാലയുടെ വടക്കേചേരി വടശ്ശേരിയായും, ഊട്ടുപുരയുണ്ടായ കൊവ്വല്‍ ഉണ്ടകൊവ്വല്‍ കുണ്ടയംകൊവ്വലായും, ഗോക്കളെ പാര്‍പ്പിച്ച ആല കെട്ടിയ സ്ഥലം ആലക്കാടായും, യാഗത്തിനു ശേഷം കരിയും ചാരവും കൊണ്ടിട്ട സ്ഥലം കരിങ്കുഴിയായും, പൂപറിക്കാന്‍ കൊട്ടവെച്ച സ്ഥലം കൊട്ടകച്ചാല്‍ ആയും, മഹത്വ്യക്തികള്‍ താമസിച്ചിരുന്ന സ്ഥലം മഹദില്‍മാത്തിലായും കുറിവെച്ച സ്ഥലം കുറിവേലിയായും ആലുവെച്ച പറമ്പ് ആലപ്പടമ്പായും ദാഹത്തിന് വെള്ളം ഏറ്റുകുടിച്ച സ്ഥലം ഏറ്റുകുടുക്കയായും സ്ഥലനാമങ്ങളായി രൂപപ്പെട്ടുവെന്നാണ് ഐതീഹ്യം. കുന്നുകളും, താഴ്വരകളുമെല്ലാമുള്ള പ്രകൃതിരമണീയമായ പ്രദേശമാണ് കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്ത്. പേരു സൂചിപ്പിക്കുന്നതു പോലെ കാങ്കോല്‍-ആലപ്പടമ്പ വില്ലേജുകള്‍ ചേര്‍ത്താണ് ഈ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. അപൂര്‍വ്വമായ സസ്യവൈവിധ്യം കൊണ്ടനുഗൃഹീതമാണ് ഈ നാട്. അത്യപൂര്‍വ്വമായ പരന്ന രുദ്രാക്ഷം  ഇവിടെ കണ്ടുവരുന്നു.