ചരിത്രം
സാമൂഹിക സംസ്കാരിക ചരിത്ര പശ്ചാത്തലം
പമ്പയുടേയും അച്ചന്‍ കോവിലാറിന്റേയും ഇടയ്ക്ക് ചെറിയമലകളും കുന്നുകളും വിശാലമായ നീര്‍ത്തടാകങ്ങളും പുഞ്ചനിലങ്ങളും ഇരിപ്പൂ നിലങ്ങളും സമതല പ്രദേശവും ചേര്‍ന്ന പ്രകൃതി രമണീയവും ഫലഭൂയിഷ്ഠവുമായ ഒരു പ്രദേശമാണ് ആല ഗ്രാമപഞ്ചായത്ത്. വടക്ക് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും കിഴക്ക് മുളക്കുഴ, തെക്ക് വെണ്മണി, തെക്ക് പടിഞ്ഞാറ് ചെറിയനാട്, പടിഞ്ഞാറ് പുലിയൂര്‍ എന്നീ പഞ്ചായത്തുകളും അതിരു പങ്കിടുന്നു. ഒരു കാലത്ത് തെക്കുമുതല്‍ വടക്കോട്ട് നെടുകെയും തുടര്‍ന്ന് പടിഞ്ഞാറോട്ട് കുറുകേയും പ്രദേശത്തെ ആകമാനം അനുഗ്രഹിച്ചുകൊണ്ട് അച്ചന്‍കോവിലാറ് ഒഴുകിയിരുന്നു. തെക്ക് വെണ്മണി പഞ്ചായത്തില്‍ ബണ്ടുകെട്ടി (മുല്ലേലിച്ചിറ) അച്ചന്‍കോവിലാറ് ഗതി തിരിച്ചു വെട്ടിയാറുവഴി വിട്ടതിനാല്‍ കാലാന്തരത്തില്‍ നീരൊഴുക്ക് തടയപ്പെട്ട് കാലഹരണം വന്നതായി കരുതാം. രാജകോപത്താല്‍ ഗതി തിരിച്ചുവിട്ടതാണെന്നും അതല്ല വെണ്മണി മുതല്‍ താഴോട്ട് ബുധനൂര്‍ വരെയും ഉള്ള പ്രദേശങ്ങളില്‍ നിരന്തരമായുണ്ടായിരുന്ന വെള്ളപ്പൊക്കക്കെടുതി തടയാന്‍ മുല്ലേലിച്ചിറ തീരത്ത് ആറിന്റെ ഗതിമാറ്റിയതാണെന്നും രണ്ട് പക്ഷമുണ്ട്. നദികള്‍ ഒഴുകിപ്പോകുന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരുകള്‍ ഉണ്ടായിട്ടുള്ളതുപോലെ ഇവിടെ ഒട്ടെറെ കടവുകളും തറകളും നിലനില്ക്കുന്നു. അത്തലക്കടവ്, പൂത്തറക്കടവ്, മരുവന്തറക്കടവ് എന്നിവയും ആറ്റുകണ്ടവും ആറിന്റെ മായാത്ത അവശിഷ്ടങ്ങളാണ്. ഇന്ന് 8 വാര്‍ഡുകളില്‍ ഉളളതില്‍ 7 വാര്‍ഡുകളും ബന്ധപ്പെട്ടാണ് ഈ പുഴ ഒഴുകിയിരുന്നത്.
പ്രാദേശിക ചരിത്രം
“ആല”യെന്ന് വിളിക്കുന്ന സ്ഥലം വെള്ളക്കെട്ട് പ്രദേശമെന്ന അര്‍ത്ഥം ശബ്ദതാരാവലിയില്‍ ഉണ്ട്. എന്നാല്‍ പാണ്ടി (തമിഴ്) നാട്ടില്‍ നിന്നും ഒരു കൊല്ലകുടുംബം ഉത്തരപ്പള്ളിയാറിന്റെ വടക്കേ തീരത്തോടടുത്തുള്ള തറയില്‍ താമസമാക്കി. ആ തറ ഇന്ന് “പാണ്ടിയാന്‍ തറ”യെന്ന് അറിയപ്പെടുന്നു. തിരുവിതാംകൂര്‍ രാജഭരണത്തില്‍ കീഴിലായിരുന്ന ആല പ്രദേശം ഇടവനമഠം, ഇടപ്പള്ളി, വാഴൂര്‍ , വഞ്ഞിപ്പുഴ എന്നീ മഠങ്ങളുടെ അധീനതയിലായിരുന്നു. ഭൂപരിഷ്കരണം വരുന്നതു വരെ ഇവിടെ മിച്ചവാരം പിരിക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് ബ്രാഹ്മണര്‍ അധിവസിച്ചിരുന്നതിന്റെ തെളിവുകള്‍ ധാരാളം ഇവിടെയുണ്ട്. ഇന്ന് അബ്രാഹ്മണന്‍ താമസിക്കുന്ന “മഠത്തില്‍ “, “മഠത്തിലയ്യത്ത്”, “മഠത്തില്‍ പറമ്പില്‍ “, “ഇല്ലത്ത്” എന്നിവ അവയില്‍ ചിലതു മാത്രമാണ്. പില്‍കാലത്ത് ജന്മിത്തറവാടുകള്‍ ഉയര്‍ന്നുവരികയും ജാതി ജന്മി കുടിയാന്‍ ബന്ധം നിലവില്‍ വരികയും ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും അന്‍പതുവരെ ഇവിടെ ശക്തമായിരുന്നു. ഫലഭൂയിഷ്ഠ പ്രദേശങ്ങളായ സമതലങ്ങളില്‍ ജന്മി കുടുംബങ്ങളുടെ താമസ സൌകര്യങ്ങളായിരുന്നുവെങ്കില്‍ കുന്നിന്‍ ചരുവുകളിലും മലമുകളിലും കാടുവെട്ടിതിരിച്ച് കുടില്‍കെട്ടി അടിയാളര്‍ താമസിച്ചിരുന്നു. കന്നിക്കൊയ്ത്തും മകരകൊയ്ത്തും നാട്ടിലെ വിളവെടുപ്പുല്‍സവമാണ്. കൊയ്ത്തുപാട്ടുകളും നടിച്ചില്‍പാട്ടും പാടങ്ങളില്‍ മുഴങ്ങിയിരുന്നു. അവയില്‍ കീഴാളരുടെ ദയനീയതയും മേലാളരുടെ ക്രുരതയും താളാത്മകമായി അവതരിപ്പിക്കും. ആലയിലും നെടുവരംകോടും ഉമ്മാത്തിലും ചെറുമക്കുന്നിലും ഓരോ നിശാപാഠശാലയും പെണ്ണുക്കര കോയിത്തറ കേന്ദ്രമാക്കി രവിവാര പാഠശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇത് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഒരായുധം മാത്രമല്ല രാജ്യത്തെമ്പാടും വിദ്യാഭ്യാസ പരിപാടിയുടെ ഭാഗവും ആശയവുമായിരുന്നു. ഈ കാലഘട്ടത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഒരു ഘടകം ആല, ചെറിയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സര്‍ സി പി യെ തുരത്താന്‍ ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്തെ സമ്മേളനവും വെടിവെയ്പ്പും ചരിത്ര സംഭവമാണ്. തുടര്‍ന്ന പോലീസ് ആക്രമണകേസില്‍ നിരവധി പേരുടെ കൂട്ടത്തില്‍ പ്രതികളായ പെണ്ണുക്കര കഴുവന്തറയില്‍ ജോണ്‍ യോഹന്നാന്‍ , മറ്റത്തേത്ത് കിഴക്കേതില്‍ കുര്യന്‍ ചാക്കോ, മറ്റേത്തത് കിഴക്കേതില്‍ ഉമ്മന്‍ വര്‍ഗ്ഗീസ്, താനഞ്ചേരില്‍ യോഹന്നാന്‍ മത്തായി, ചക്കാലപ്പൊയ്കയില്‍ തോമസ്, മലയില്‍ മാമ്മന്‍ വൈലിപ്പുരേത്ത് ജോണ്‍ ചെറിയാന്‍ എന്നിവര്‍ കൊല്ലം കൊട്ടാരക്കര കോടതികളില്‍ കയറി ഇറങ്ങുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തു. കുടികിടപ്പിനും കൈവശഭൂമിക്കുംവേണ്ടി നിരവധി പോരാട്ടങ്ങള്‍ ആല നിവാസികള്‍ നടത്തിയിട്ടുണ്ട്. കാര്‍ഷിക രംഗത്തു കൂലികൂടുതലിനും പതത്തിനും തീര്‍പ്പിനും വേണ്ടിയുള്ള കര്‍ഷക തൊഴിലാളി മല്‍സരം പലപ്പോഴും സംഘര്‍ഷത്തില്‍വരെ എത്തിയിട്ടുണ്ട്.
സംസ്കാരിക ചരിത്രം
ആല, പെണ്ണുക്കര, നെടുവരംകോട്, കുതിരവട്ടം എന്നീ ക്ഷേത്രങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുളളവയാണ്. വൈഷ്ണവാഭിമുഖ്യത്തിന്റേയും ഭക്തിപ്രസ്ഥാനത്തിന്റേയും അനുബന്ധമായി ഈ നൂറ്റാണ്ടില്‍ പുന:പ്രതിഷ്ട നടത്തുകയും പുതുക്കിപണിയുകയും പൂജാദികര്‍മ്മങ്ങളും ആണ്ടിനാല്‍ ഉത്സവങ്ങളും നടത്തിവരുന്നു. പടയണിയും കോലംതുള്ളലും കെട്ടുകാഴ്ചയും കാക്കരിശിനാടകവും പാരമ്പര്യ ഉത്സവ ഇനങ്ങളായിരുന്നു. പഴയ ആചാരമായ കലം പൂജ ഇന്നും നടന്നുവരുന്നു. ഉമ്മാത്തില്‍ ഒരു പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടം ഇന്നും കാണാം. അവര്‍ണ്ണരുടേതാണെന്ന് അവകാശപ്പെടാന്‍ ഇലവും ചുവട്ടില്‍ ഒരു ക്ഷേത്രവും പുല്ലാന്താഴ ഒരു മൂര്‍ത്തിക്കാവും ഉണ്ട്. ഉമ്മാത്തിലെ ക്ഷേത്രാവശിഷ്ടവും, കുതിരവട്ടം, നെടുവരംകോട് ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങള്‍ ആയിരുന്നുവെന്ന ഒരു പക്ഷവുമുണ്ട്. എന്നാല്‍ ഉമ്മാത്തിലെ ക്ഷേത്രം ശിവക്ഷേത്രമാണെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്നു. മാവേലിക്കര സി എം എസ് മിഷ്യനറി മേധാവി പീറ്റ് സായിപ്പിനെ സമീപിക്കുകയും അദ്ദേഹം കോടുകുളഞ്ഞിയില്‍ ഒരു പള്ളി സ്ഥാപിക്കാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വിദ്യാലയവും സ്ഥാപിച്ചു. അതാണിന്നിവിടെ കാണുന്ന സി എസ് ഐ ചര്‍ച്ചും സി എം എസ് യു പി സ്ക്കൂളും. ആലാകാവ് കേന്ദ്രമാക്കി മുഴങ്ങത്തില്‍ കൊച്ചുകുഞ്ഞ് കാര്‍ണവരുടെ നേതൃത്വത്തില്‍ ഒരു കഥകളിക്കളരി രൂപീകരിച്ച് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ കളരിയില്‍ പ്രമുഖനായ ഗുരു ചെങ്ങന്നൂര്‍ അദ്ധ്യാപകനായിരുന്നു. ഇതേക്കാലത്തുതന്നെ കോടുകുളഞ്ഞി കുമ്പഴത്തറവാട്ടില്‍ തകില്‍ അഭ്യാസം നടന്നിരുന്നു. കുമ്പഴ പണിക്കര്‍ ഒരു തകില്‍ വിദഗ്ധനായിരുന്നു. കോടുകുളഞ്ഞിയില്‍ പ്രസിദ്ധമായ ഒരു കളരിപ്പയറ്റ് കേന്ദ്രം പ്രവര്‍ത്തച്ചിരുന്നു. ആ വീടാണ് കളരിയില്‍ എന്ന് അറിയപ്പെടുന്നത്. പെണ്ണുക്കരയില്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ പരിശീലനത്തില്‍ ഒരു നാടകഗ്രൂപ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗത്തോടുകൂടി ആരംഭിച്ച സി എം എസ് യു പി സ്ക്കൂളും നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ആരംഭിച്ച പെണ്ണുക്കര പ്രൈമറി സ്ക്കൂളും ആലാ ശങ്കര വിലാസം സര്‍ക്കാര്‍ പ്രൈമറി സ്ക്കൂളും നാടിനെ വിദ്യാഭ്യാസപരമായി വളര്‍ത്തിയെടുക്കാന്‍ ഒട്ടെറെ സഹായിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ആലാ ശങ്കരവിലാസം പ്രൈമറി സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഏതാണ്ടിതിനു തൊട്ടുമുമ്പ് കോടുകുളഞ്ഞിയില്‍ ജെ എം എച്ച് എസ് എന്നപേരില്‍ ഒരു സ്വകാര്യ വിദ്യാലയവും ആരംഭിച്ചു. ഒരു ഹൈസ്കൂള്‍ ഉണ്ടാക്കുന്നതിനും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പ്രോത്സാഹനം നല്‍കാനും നെടുവന്ത്രയില്‍ സി കെ കൃഷ്ണക്കുറുപ്പ് നല്‍കിയ സംഭാവന ആലായുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു രജതരേഖയാണ്.