പഞ്ചായത്തിലൂടെ
പൊതുസ്ഥിതി
ആകെയുള്ള കൃഷി ഭൂമികളില്‍ മൂന്നില്‍ ഒരു ഭാഗം നെല്‍വയലുകളാണ്. നാലുചാലുകളും ഒരു പുഴയുടെ ഭാഗവും ഉള്‍പ്പെടെ ഏതാണ്ട് 50 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ ജലാശയവും ഈ ജലാശയങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന തോടുകളുള്ള വിശാല നെല്‍ പാടങ്ങളോടുകൂടിയ ഒരു പഞ്ചായത്ത് ആണ് ആല. അച്ചന്‍കോവിലാറ്റിലും, പമ്പയാറ്റിലും, വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഇരു നദികളിലെയും വെള്ളം ഈ പ്രദേശത്ത് കയറിയിറങ്ങുന്നു. കാര്‍ഷികവൃത്തികൊണ്ടുമാത്രം ജീവിതം നയിച്ചു വന്നിരുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കരഭൂമിയിലും, നെല്‍വയലുകളിലും ഒരുപോലെ കൃഷിചെയ്തു വന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം താഴ്ന്ന പ്രദേശത്ത് നെല്ലും തകിടി പ്രദേശത്ത് തെങ്ങും കവുങ്ങും ഇടവിളയായി വാഴയും കിഴങ്ങുവര്‍ഗ്ഗങ്ങളും മലഞ്ചെരിവുകളില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക് മലമ്പുരയിടങ്ങളില്‍ മരച്ചീനിയുമായിരുന്നു കൃഷിചെയ്തിരുന്നത്. റബ്ബര്‍ കൃഷി മലമുകളിലും മലഞ്ചെരുവിലും സ്ഥാനംപിടിച്ചു. കരഭൂമിക്ക് നല്ല വില ലഭിക്കുമെന്നു വന്നതോടെ നിലം നികത്തി കരഭൂമികളാക്കിത്തുടങ്ങി. ആവശ്യഘടകങ്ങളായ സ്ഥലം, ജലം, വൈദ്യുതി, തൊഴിലാളികള്‍ എന്നിവ ഈ പഞ്ചായത്തില്‍ സുലഭമാണെങ്കിലും വ്യാവസായികമായി ഇപ്പോഴും പിന്നോക്കം നില്ക്കുന്നു. പാരമ്പര്യ കൈത്തൊഴിലുമായി ബന്ധപ്പെട്ട ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യാപാര സ്ഥാപനങ്ങളുമാണ് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതിലധികവും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആല പഞ്ചായത്ത് ഉള്‍പ്പെടുന്ന ആല-പെണ്ണുക്കര-കോടുകുളഞ്ഞി എന്നീ നാമമാത്രമായ റോഡുകള്‍ മാത്രമേ ഉണ്ടായിരുന്നുളളു. ആദ്യകാലത്ത് ചെങ്ങന്നൂര്‍ - കായംകുളം ഗ്രാവല്‍ റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാഞ്ഞിരത്തുംമൂടു മുതല്‍ കോടുകുളഞ്ഞിവഴി കെച്ചുതറപടിവരെയുള്ള പി ഡബ്യൂ. ഡി റോഡ് ഒഴിച്ചാല്‍ ബഹുഭൂരിപക്ഷം റോഡുകളും ജനങ്ങള്‍ സംഘടിച്ച് ശ്രമദാനങ്ങളിലൂടെ നിര്‍മ്മിച്ചവയാണ്. നെല്‍സണ്‍ മോട്ടോര്‍ സര്‍വ്വീസിന്റെ ഒന്നുരണ്ടു ബസ്സുകള്‍ ഈ റോഡിലൂടെ ഓടിയിരുന്നു. ഇന്ന് 86 കി.മീറ്ററില്‍ അധികം റോഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഭൂപ്രദേശത്തിന്റെ മൂന്നില്‍ ഒരു ഭാഗം മലപ്രദേശങ്ങളും മൂന്നില്‍ ഒരു ഭാഗം സമതല പ്രദേശങ്ങളും ആണ്. ബാക്കി നീര്‍തടപ്രദേശങ്ങളുമാണ്. ഈ രണ്ട് പ്രദേശത്തും മാവ്, പ്ളാവ്, ആയിനി (ആഞ്ഞിലി) തെങ്ങ്, കമുങ്ങ്, പൂവണ്ണ്, പുളി, കശുമാവ്, ശീലാന്തി തുടങ്ങിയ വൃക്ഷങ്ങളും അല്ലാത്ത കുറ്റിച്ചെടികളുംകൊണ്ട് നിബിഡമായിരുന്നു. ഈ അടുത്തകാലത്തായി മലഞ്ചരിവുകളിലും മലമുകള്‍ പ്രദേശത്തിലും റബ്ബര്‍കൃഷി വ്യാപിച്ചിട്ടുണ്ട്. ഇടതൂര്‍ന്ന് വളര്‍ന്ന വൃക്ഷങ്ങളില്‍ നിബിഡമായ കാവുകള്‍ അങ്ങിങ്ങായി ഉണ്ടായിരുന്നു. കാവുകളുടെ എണ്ണവും വിസ്തൃതിയും കുറഞ്ഞു. ആല വില്ലേജിലുളളവര്‍ തഴക്കരയിലുണ്ടായിരുന്ന സംസ്കൃത സ്ക്കൂളിലും പില്‍ക്കാലത്ത് പോയി കോടുകുളഞ്ഞികാരോട് സംസ്കൃത കോളേജിലും പഠിച്ചിരുന്നു. സ്ക്കൂളില്‍ പഠിക്കാന്‍ വേണ്ടി തിരുവല്ലാ വരെ ദിവസേന നടന്നുപോയി പഠിച്ചവര്‍ ഇവിടെയുണ്ട്, (പേരിശ്ശേരി) പോയി പഠിച്ചിരുന്നവരും ഉണ്ട്. ഇങ്ങനെ വിദൂര സ്ഥലങ്ങളില്‍പോയി പഠിക്കുക എന്നതായിരുന്നു വിദ്യാഭ്യാസം ആവശ്യമെന്ന് തോന്നിവയവരുടെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം വരെ ഇതായിരുന്നു സ്ഥിതി. വില്ലേജിലും ക്രൈസ്തവ സഭയുടെ മിഷണറിമാരാണ് കോടുകുളഞ്ഞി കേന്ദ്രീകരിച്ച് പൊതുവിദ്യാഭ്യാസം പ്രചരിപ്പിച്ചത്. പള്ളിക്കൂടം എന്നപദം തന്നെ മിഷനറിമാരുടെയും ക്രൈസ്തവ സഭയുടെയും സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി രണ്ടാം ക്ളാസുവരെയുള്ള ഒരു പ്രത്യേക സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനുള്ള സാമൂഹ്യ സാഹചര്യം അന്നും ഉണ്ടായിരുന്നില്ല.
സാംസ്കാരിക രംഗം
പമ്പാനദിയുടേയും അച്ചന്‍കോവിലാറിന്റെയും മദ്ധ്യത്തില്‍ ഇടനാടിന്റെ എല്ലാ സവിശേഷതകളും ഉള്ള ഒരു കൊച്ചുഗ്രാമം. പച്ചപിടിച്ച നെല്‍പാടങ്ങളും ഫലഭൂയിഷ്ടമായ പശിമരാശി മണ്ണും ചരല്‍ നിറഞ്ഞ കൊച്ചുകൊച്ചു കുന്നുകളും ഇട കലര്‍ന്നുള്ള ഭൂപ്രകൃതി. ജലസമ്പത്തിനാല്‍ അനുഗ്രഹീതമായ ഒരു നാട്ടിന്‍പുറമാണ് ആല ഗ്രാമപഞ്ചായത്ത്. ആല, പെണ്ണുക്കര, കോടുകുളഞ്ഞി എന്നീ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കുതിരവട്ടം, പെണ്ണുക്കര ക്ഷേത്രങ്ങളിലേക്ക് എണ്ണകൊടുക്കുവാനുള്ള അവകാശം രണ്ട് ക്രൈസ്തവ കുടുംബങ്ങള്‍ക്കായിരുന്നുവെന്നത് പഞ്ചായത്തിലെ മതമൈത്രിക്ക് ഉദാഹരണമാണ്. ചരിത്രമുറങ്ങുന്ന കുതിരവട്ടം ശാസ്താക്ഷേത്രവും പെണ്ണുക്കര ഭഗവതീക്ഷേത്രവും, നെടുവരംകോട് ശിവക്ഷേത്രവും, ആലാക്കാവില്‍ ഭഗവതിക്ഷേത്രവും ഈ പ്രദേശത്തെ പുരാതന ഹൈന്ദവ ക്ഷേത്രങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രസ്തീയ ദേവാലയം മിഷനറിമാരാല്‍ സ്ഥാപിക്കപ്പെട്ട കോടുകുളഞ്ഞി സി എം എസ്സ് പള്ളിയാണ്. പെണ്ണുക്കര മാര്‍ത്തോമാ പള്ളിയും, ആലായിലെ സി എം എസ്സ് ചര്‍ച്ചും കോടുകുളഞ്ഞിയിലെ സാല്‍വേഷന്‍ ആര്‍മിയുടെ പ്രാര്‍ത്ഥനാലയവും, കോടുകുളഞ്ഞി പ്രകാശ ഗിരി ഓര്‍ത്തോഡോക്സ് പള്ളിയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടി സ്ഥാപിക്കപ്പെട്ടവയാണ്. പുകള്‍പെറ്റ ഉത്സവങ്ങളോ, പെരുന്നാളുകളോ ഈ ആരാധനാലയങ്ങളില്‍ ഇല്ല. കളരിപ്പയറ്റ് കളരി, തകിലുവായന പഠനം, കഥകളിക്കളരി എന്നിവ നൂറ്റാണ്ടുനുമുമ്പ് ഇവിടെ നിലനിന്നിരുന്നു. നാടക സമിതികള്‍ നാല്പതുകളില്‍ ഇവിടെ ഉണ്ടായിരുന്നു. ഗുരു ചെങ്ങന്നൂര്‍ കഥകളികളരിയിലെ ഒരു അദ്ധ്യാപകനായിരുന്നു. കുഞ്ഞുകുഞ്ഞു ഭാഗവതര്‍ സംവിധാനം ചെയ്ത സംഗീത നാടകവും ഇവിടെ പഠിച്ച് അരങ്ങേറിയിട്ടുണ്ട്. അക്ഷരശ്ളോക ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. തേവര കോളേജില്‍ വിദ്യാഭ്യാസം നടത്തിയിരുന്ന ഉല്പതിഷ്ണുക്കളായ ഏതാനും യുവാക്കള്‍ ആലായില്‍ വായന ശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും അതിന് ആരംഭംകുറിക്കുകയും ചെയ്തു.