ചരിത്രം

ആലങ്ങാട് എന്ന വാക്കിന്റെ ഉത്പത്തി ആലം എന്ന വാക്കില്‍ നിന്നാകാം. ആലം എന്ന വാക്കിന് കരിമ്പ് എന്ന അര്‍ത്ഥമുണ്ട്. ആലൈ എന്ന തമിഴ് വാക്കിന് ചക്ക്, കരിമ്പ് എന്നൊക്കെ അര്‍ത്ഥമുണ്ട്. ആലങ്ങാട് എന്നതിന് കരിമ്പിന്റെ കാട് എന്നാണര്‍ത്ഥം. വളരെയധികം കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കരയുണ്ടാക്കിയിരുന്ന കേന്ദ്രം എന്ന നിലയില്‍ ആലങ്ങാടിന് ഏറെ പ്രശസ്തിയുണ്ടായിരുന്നു.  ‘ആലങ്ങാടന്‍ ശര്‍ക്കരയുണ്ടകള്‍ നാലഞ്ചങ്ങുകഴിച്ചീടുകിലതി- കോലാഹലമായ്..’ എന്ന് സാക്ഷാല്‍  കുഞ്ചന്‍ നമ്പ്യാര്‍ തന്നെ പാടിയിട്ടുണ്ട്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ആലങ്ങാട്. ആലുവായ്ക്കും പറവൂരിനും ഇടയ്ക്കു കിടക്കുന്ന ഈ സ്ഥലം കൊച്ചി രാജാവിന്റെ മേല്‍ക്കോയ്മയിലുള്ള സാമന്ത രാജ്യമായിരുന്നു. മങ്ങാട്ട് കൈമള്‍ എന്നാരു നായര്‍ പ്രഭുവായിരുന്നു അവിടം ഭരിച്ചിരുന്നത്. ആലപ്പുഴയുടെ സമീപമുള്ള ഈ രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തി മലയാറ്റൂര്‍ ആയിരുന്നു. ആലങ്ങാട്, അയിരൂര്‍, ചെങ്ങമനാട്, കോതകുളങ്ങര, മണപ്പാറ, പാറക്കടവ് എന്നീ ഗ്രാമങ്ങള്‍ ഈ രാജ്യത്തില്‍പ്പെട്ടിരുന്നു. ആലങ്ങാട് രാജവംശം കറുത്ത തായ് വഴി, വെളുത്ത തായ് വഴി എന്നു രണ്ടായിപിരിഞ്ഞു. അങ്കമാലിക്കു വടക്കുള്ള കോതകുളങ്ങര കറുത്ത തായ് വഴിയുടെയും ആലങ്ങാട്-കോട്ടപ്പുറം വെളുത്ത തായ് വഴിയുടെയും  രാജധാനികളായിരുന്നു. 1735-ല്‍ കറുത്ത തായ് വഴി വള്ളുവനാട് രാജവംശത്തില്‍ നിന്ന് ഏതാനും പേരെ ദത്തെടുത്തതായും, ആലങ്ങാട് രാജ്യത്തു നിന്ന് പ്രതിവര്‍ഷം 30 ടണ്‍ കുരുമുളക് ഡച്ച് കമ്പനിക്ക് കിട്ടിവരുന്നതായും ഗൊളാനസ്സി എന്ന ഡച്ച് ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി.1701 നോടടുത്ത് വെളുത്ത തായ് വഴിയില്‍ ആളുകള്‍ ഇല്ലാതെ വരികയും കൊച്ചി രാജാവിന്റെയും ഡച്ച് കമ്പനിയുടെയും അനുവാദത്തോടെ വള്ളുവനാട് രാജവംശത്തില്‍ നിന്ന് ഏതാനും പേരെ ദത്തെടുക്കുകയും ചെയ്തു. മങ്ങാട്ടുകൈമള്‍ 1730-ാം ആണ്ടിനിടയ്ക്ക് മരിയനാട്ടുനമ്പ്യാര്‍, കൊരട്ടികൈമള്‍ എന്നിവരുടെ കുടുംബത്തില്‍ നിന്ന് ദത്തെടുത്തതായും ആ ദത്ത് കൊച്ചിരാജാവിന്റെ അനുവാദത്തോടെയല്ലാതിരുന്നതിനാല്‍ കൊച്ചിരാജാവ് യുദ്ധത്തിനൊരുങ്ങിയതായും ഡച്ചുകാര്‍ ഇരുകൂട്ടരേയും സമാധാനപ്പെടുത്തിയതായും ആ ദത്ത് അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മേലില്‍ കൊച്ചിരാജാവിന്റേയും കൊച്ചിക്കോട്ടയിലെ ലന്തഗവര്‍ണറുടേയും അനുവാദമില്ലാതെ ദത്തെടുക്കുകയോ കൊടുക്കുകയോ ചെയ്യുന്നതല്ലെന്ന് ആലങ്ങാട് രാജാവ് സമ്മതിച്ചതായും രേഖപ്പെടുത്തിക്കാണുന്നു. ആ കാലമായപ്പോഴേക്കും മൂത്ത കൈമള്‍, ഇളയകൈമള്‍ എന്ന സ്ഥാനങ്ങളുപയോഗിച്ച് മങ്ങാട്ട് സ്വരൂപത്തില്‍ മൂത്തേരിപ്പാട്ട് (മൂത്ത തിരുമുല്‍പ്പാട്ട്) (എളേരിപ്പാട്ട് ഇളയതിരുമുല്‍പ്പാട്ട്) എന്നീ സ്ഥാനങ്ങള്‍ സ്വീകരിച്ചതായി കാണുന്നു. 1756-ല്‍ സാമൂതിരി ആലങ്ങാട് ആക്രമിച്ച് പിടിച്ചു. 1762-ല്‍ തിരുവിതാംകൂര്‍ സൈന്യം സാമൂതിരിയെ അവിടെ നിന്നും തോല്പിച്ചോടിച്ചു. അതിനു പ്രതിഫലമായിട്ടാണ് കൊച്ചിരാജാവ് തന്റെ വകയായിരുന്ന പറവൂരും, ആലങ്ങാടും തിരുവിതാംകൂറിനു സമ്മാനിച്ചത്. അന്നുമുതല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ ആലങ്ങാട് തിരുവിതാംകൂറില്‍ തന്നെ ഒതുങ്ങിയിരുന്നു. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള സ്ഥലമാണ് ആലങ്ങാട്. 1790 ഏപ്രില്‍ 15-ാം തിയതി ടിപ്പു നെടുങ്കോട്ട ഭേദിച്ചു കൊടുങ്ങല്ലൂര്‍ കുരിയാപ്പിള്ളി പള്ളിപ്പുറം കോട്ടകള്‍ പിടിച്ചടക്കി പറവൂരെത്തി. പറവൂരും, ആലങ്ങാടും കീഴടക്കി. രണ്ടു ദിക്കിലും കാവല്‍ സൈന്യത്തെ പാര്‍പ്പിച്ച് ആലുവയില്‍ എത്തി. എന്നാല്‍ കേണല്‍ ഹാര്‍ഡിലിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടേണ്ടിവരുമെന്ന ഘട്ടത്തില്‍ പടയോട്ടം അവസാനിപ്പിച്ച് ടിപ്പു തിരിച്ചുപോയി. പണ്ടുകാലത്ത് ഹൈന്ദവ യാഥാസ്ഥിതികതയിലധിഷ്ഠിതമായ ഒരു സംസ്ക്കാരമാണ് ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നത്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും ഇന്നത്തെപ്പോലെ പണ്ടുകാലത്തും ഉത്സവങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. 600 വര്‍ഷങ്ങള്‍ക്കു മുമ്പ് ആലങ്ങാട് സ്ഥാപിച്ച സെന്റ് മേരീസ് പള്ളിയിലെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വിവിധ കലാസാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ബൈബിള്‍ നാടകങ്ങളും ചവിട്ടുനാടകങ്ങളും, മാര്‍ഗ്ഗം കളിയും ആദ്യകാലങ്ങളില്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. പ്രശസ്തമായ ആലങ്ങാട് കുന്നേല്‍പള്ളി തിരുനാളിനോടനുബന്ധിച്ചും വിവിധ കലാസാംസ്ക്കാരിക പരിപാടികള്‍ നടത്തിപ്പോരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലങ്ങാട് മുസ്ളീം പള്ളിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരാധകര്‍ എത്തുന്നു. പാനായിക്കുളം, മേത്താനം എന്നീ പ്രദേശങ്ങളിലും മുസ്ളീം ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. നബിദിനത്തില്‍ നടത്തുന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുക്കുന്നു. വിവാഹം നടക്കുന്ന മുസ്ളീം വീടുകളില്‍ നടക്കുന്ന ഒപ്പനയും, കോല്‍കളിയും, പരിചമുട്ടും ഏവരെയും ആകര്‍ഷിക്കുന്നു.